ക്രൂശിതനെ ചുംബിച്ചമാത്രയിൽ ക്രൂശിതൻ ചുംബിച്ച ഒരു 34 കാരിയുടെ ജീവിമാണിത്. മാധ്യമങ്ങളും മദ്യവും വിനോദയാത്രകളും മാത്രം ഇഷ്ടപ്പെട്ട ഒരു കൗമാരക്കാരിയെ വെറുമൊരു ചുംബനത്തിലൂടെ തന്നിലേക്കടുപ്പിച്ച ക്രൂശിതന്റെ ചുംബനത്തിന്റെ കഥ. സി. ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ഒരു യാത്ര. തുടർന്ന് വായിക്കുക.
ജനനവും ജീവിതവും
വടക്കൻ അയർലൻഡിലെ ഡെറിയിൽ 1982 നവംബർ 14 നാണ് ക്രോക്കറ്റ് ജനിച്ചത്. ചുറുചുറുക്കുള്ള ക്രോക്കറ്റിന് തന്റെ കൗമാരപ്രായത്തിൽ തന്നെ മാധ്യമശ്രദ്ധ നേടാൻ സാധിച്ചു. അങ്ങനെ തന്റെ 15-ാം വയസ്സിൽ ഒരു ബ്രിട്ടീഷ് നെറ്റ്‌വർക്ക് ചാനലിലെ പരിപാടി നയിക്കാൻ തുടങ്ങി. തികച്ചും സ്വതന്ത്രമായ ജീവിതം നയിച്ചിരുന്ന ക്രോക്കറ്റ് 18-ാം വയസ്സായപ്പോഴേക്കും പാർട്ടികളും മദ്യവുമൊക്കെയായി ചങ്ങാത്തത്തിലായി.
വഴിത്തിരിവിന്റെ വിനോദയാത്ര
അന്നാളുകളിൽ അവളുടെ ഒരു സുഹൃത്ത് സ്പെയിനിലേക്കുള്ള ഒരു സൗജന്യയാത്രയ്ക്കായി ക്രോക്കറ്റിനെ ക്ഷണിച്ചു. പാർട്ടികളും ബീച്ച് യാത്രകളുമെല്ലാം അടങ്ങുന്ന ഒരു ഉല്ലാസയാത്രയാകും എന്നു കരുതിയാണ് ക്രോക്കറ്റ് ഇറങ്ങിപ്പുറപ്പെട്ടത്. എന്നാൽ, മരിയൻ ആത്മീയതയിലൂന്നിയ യുവജനങ്ങൾക്കുവേണ്ടിയുള്ള ആ യാത്രയിൽ പരിശുദ്ധ കുർബാനയും മറ്റു പ്രാർഥനകളുമെല്ലാമായിരുന്നു പ്രധാന ഘടകങ്ങൾ. 1982 ൽ സ്ഥാപിതമായ ഒരു സന്യാസിനീ സമൂഹമായ സെർവന്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോം ഓഫ് മദർ നടത്തുന്ന പത്തു ദിവസത്തെ വിശുദ്ധവാര ധ്യാനത്തോടുകൂടിയാണ് ക്രോക്കറ്റിന്റെ ആ യാത്ര സമാപിച്ചത്. അത് ക്രോക്കറ്റിന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു.
കുരിശിലെ ചുംബനം
വിശുദ്ധവാര ധ്യാനത്തിലെ ദുഃഖവെള്ളിയാഴ്ച ദിനം. വിശ്വാസികൾ കുരിശുരൂപത്തിനരികിൽ എത്തുന്നതും വിശ്വാസപൂർവം ചുംബിക്കുന്നതും ക്രോക്കറ്റിന് ഒരു പുതിയ കാഴ്ചയായിരുന്നു. മുറ പോലെ അവളുടെ ഊഴം വന്നപ്പോൾ അവളും കുരിശുരൂപം ചുംബിച്ചു. ഏതാനും പത്തു സെക്കന്റുകൾ മാത്രമുള്ള ആ ചുംബനമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ക്രോക്കറ്റ് തന്നെ പങ്കുവയ്ക്കുന്നു. “കുരിശിൽ ചുംബിക്കുക എന്ന തീർത്തും ലളിതമായ ആ സംഭവം പത്തു മിനിറ്റേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, വളരെ നിസ്സാരമെന്ന് തോന്നിയ ആ അനുഭവം എന്നിൽ ശക്തമായ സ്വാധീനം ചെലുത്തി.” എന്താണ് തനിക്ക് കൃത്യമായി സംഭവിച്ചതെന്ന് പറയാൻ കഴിഞ്ഞില്ലെങ്കിലും ക്രോക്കറ്റ് തന്റെ അനുഭവത്തെക്കുറിച്ച് ഇപ്രകാരം വെളിപ്പെടുത്തി: മാലാഖമാരുടെ വ്യൂഹങ്ങളോ വെള്ള പ്രാവോ എന്നിൽ ഇറങ്ങി വന്നതായി എനിക്ക് അനുഭവപ്പെട്ടില്ല. പക്ഷേ കർത്താവ് എനിക്കുവേണ്ടി കുരിശിലാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ബോധ്യത്തിൽ എന്റെ ഉള്ളിൽ വലിയ സങ്കടം അനുഭവപ്പെട്ടു. എനിക്കുവേണ്ടി ജീവൻ നൽകിയ എന്റെ ദൈവത്തിനു വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് എന്നോടു മന്ത്രിച്ചു കൊണ്ടിരുന്നു.”
വൈകാതെയുള്ള പ്രത്യുത്തരം
ക്രോക്കറ്റിന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു അവൾ ക്രൂശിതനെ കണ്ടുമുട്ടിയത്. വിനോദയാത്രയ്ക്കൊടുവിൽ വീട്ടിൽ തിരിച്ചെത്തിയ ക്രോക്കറ്റ് ഒരു വർഷത്തിനൊടുവിൽ ദൈവത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തന്റെ മനസ്സിന്റെ ദിവ്യമായ പ്രചോദനത്തിന് ആമേൻ പറഞ്ഞുകൊണ്ട് ജീവിതം പൂർണ്ണമായും ക്രൂശിതന് സമർപ്പിക്കാൻ തീരുമാനമെടുത്തു. അങ്ങനെ 2001-ൽ സെർവൻ്റ് സിസ്റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് മദറിലെ അർഥിനിയായി ചേർന്നു. 2006 ഫെബ്രുവരി 18-ന് തന്റെ ആദ്യവ്രതവും 2010 സെപ്തംബർ 8-ന് തന്റെ നിത്യവ്രതവും അനുഷ്ഠിച്ചുകൊണ്ട് സിസ്റ്റർ ക്ലെയർ ക്രോക്കറ്റ് തന്റെ ജീവിതം പൂർണ്ണമായും ക്രൂശിതനും സമർപ്പിച്ചു. സ്പെയിനിലെ ക്യൂൻകയിലെ ബെൽമോണ്ടിലെ ഒരു സമൂഹത്തിലായിരുന്നു ക്രോക്കറ്റിന്റെ ആദ്യ നിയമനം. അവിടെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന നിരവധി പെൺകുട്ടികൾക്കുവേണ്ടി അവൾ ശുശ്രൂഷ ചെയ്തു.
യുവത്വം സമർപ്പിച്ചവൾ
2012 ഒക്ടോബറിലാണ് ഇക്വഡോറിലേക്ക് ക്രോക്കറ്റിന് രണ്ടാമത്തെ നിയമനം ലഭിക്കുന്നത്. യുവാക്കളുടെ ഇടയിൽ സുവിശേഷം പ്രഘോഷിക്കാനുള്ള വിശാലമായ ഒരു വാതായനം അവൾക്കു മുൻപിൽ ഇക്വഡോറിൽ തുറക്കപ്പെട്ടു എന്നു പറയാം. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ധ്യാനങ്ങളും സമ്മർ ക്യാമ്പുകളും നടത്തി ക്രിസ്തുവിനെ യുവഹൃദയങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യം ക്രോക്കറ്റ് മനോഹരമായി നിറവേറ്റി. ദരിദ്രരായ കുട്ടികൾക്കും മനുഷ്യർക്കും ദൈവവചനം മാത്രമല്ല, അവർക്ക് ആവശ്യമായ പരിചരണങ്ങളും മരുന്നും ഭക്ഷണസാധനങ്ങളും കൊണ്ടെത്തിക്കാനും ക്രോക്കറ്റും സഹോദരിമാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഗിറ്റാർ വായിക്കുന്ന സിസ്റ്റർ
സുവിശേഷവൽക്കരണ ദൗത്യത്തിൽ യുവജനങ്ങളുടെ ഹൃദയം കവരുവാൻ തക്ക മാർഗങ്ങളും സ്വായത്തമാക്കാൻ ക്രോക്കറ്റ് മറന്നില്ല. എപ്പോഴും കൂടെ കൊണ്ടു നടന്നിരുന്ന ഗിറ്റാർ ഉപയോഗിച്ച് ചൂടിനെയും ക്ഷീണത്തെയും കടുത്ത തലവേദനയെയും മറന്നുകൊണ്ട് തന്റെ ശബ്ദം നഷ്ടപ്പെടുന്നതുവരെയും കർത്താവിനെ മഹത്വപ്പെടുത്തിക്കൊണ്ട് അവൾ ഗിത്താർ വായിച്ച് പാട്ടുകൾ പാടി. അനിതര സാധാരണമായ നർമ്മബോധവും ക്രോക്കറ്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
2016 ഏപ്രിൽ 16-ന് ഇക്വഡോർ പ്രവിശ്യയായ മനാബിയിൽ 600 ഓളം പേർ മരണമടഞ്ഞ ഭൂകമ്പത്തിൽ ക്രോക്കറ്റും തന്റെ ആത്മനാഥനായ ക്രൂശിതന്റെ ഹൃദയത്തിലേക്ക് ചേക്കേറി.
വിവർത്തനം: സി. നിമിഷറോസ് CSN