ഒൻപതുവൃന്ദം മാലാഖമാരെക്കുറിച്ച് അറിയാമോ?

മാലാഖമാരുടെ സാന്നിധ്യം ക്രൈസ്തവർ ഉൾപ്പെടെ പല മതവിശ്വാസികളും അംഗീകരിക്കുന്ന ഒന്നാണ്. ഈ ഭൂമിയിലെ ആപത്തുകളിൽ നിന്നും രക്ഷിക്കാനും നമ്മെ സഹായിക്കാനും അവർ കൂടെയുണ്ടെന്ന ചിന്ത ആത്മവിശ്വാസം നൽകുന്നു. ‘ആഞ്ചലോസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ‘ദൂതൻ’ എന്ന വാക്കിന്റെ ഉത്ഭവം. മധ്യകാല ലാറ്റിൻ പദമായ ‘ഏഞ്ചലസ്’ എന്നതിന്റെ അർഥം ഒരു സ്വർഗ്ഗീയ സൃഷ്ടിയായി അതിന്റെ അർഥം കണക്കാക്കുന്നു.

കൂടാതെ ഹീബ്രു പദം മലാഖ് (Mal’akh) ഒരു സന്ദേശവാഹകനായും ദൈവിക മനുഷ്യനെ സൂചിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു. ദൂതന്മാരെ ‘ദൈവത്തിൻ്റെ പരിചാരകർ’ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. ദൈവത്തിൻ്റെ ചില മാലാഖമാർ ഭൂമിയുടെയും മനുഷ്യരുടെയും കാവൽക്കാരാണ്. ക്രിസ്ത്യൻ ഏഞ്ചലോളജി (മാലാഖമാരെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖ) അനുസരിച്ച്, മാലാഖമാരെ മൂന്ന് തലങ്ങളായും ഒൻപത് ഓർഡറുകളായും തരം തിരിച്ചിരിക്കുന്നു.

1. സെറാഫുകൾ

സ്വർഗത്തിലെ ഏറ്റവും ഉയർന്ന മാലാഖമാരാണ് സെറാഫുകൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ ദൈവത്തോട് ഏറ്റവും അടുത്തവരാണ്. കർത്താവിനെ മാത്രം ആരാധിക്കുകയും അവനു നന്ദി പറയുകയും ചെയ്യുക എന്നതാണ് അവരുടെ ചുമതല. സെറാഫുകൾക്ക് ആറു ചിറകുകൾ ഉണ്ടെന്നാണ് വിശ്വാസം. അത് യഥാർത്ഥത്തിൽ ഉണ്ടെന്നു സൂചിപ്പിക്കുകയല്ല, മറിച്ച്, അവരുടെ അമാനുഷികത്വത്തെക്കുറിച്ചു സൂചിപ്പിക്കാനാണ്.

സെറാഫിനു ആറ് ചിറകുകളുണ്ട്, രണ്ടെണ്ണം കൊണ്ട് അവർ മുഖം മൂടുന്നു, രണ്ട് പാദങ്ങൾ മൂടുന്നു, രണ്ടെണ്ണം അവർ പറക്കാൻ ഉപയോഗിക്കുന്നു. പഴയ നിയമത്തിൽ ഏശയ്യാ പ്രവാചൻ സെറാഫുകളെക്കുറിച്ചു വിവരിച്ചിട്ടുള്ള ഭാഗമാണ് ചുവടെ നൽകിയിരിക്കുന്നത്.

ഉസിയാരാജാവു മരിച്ചവർഷം കർത്താവ് ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതു ഞാൻ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവൻ നിറഞ്ഞുനിന്നു.

അവിടുത്തെ ചുററും സെറാഫുകൾ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകൾവീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകൾകൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകൾ പറക്കാനുള്ളവയായിരുന്നു.

അവ പരസ്പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു. (ഏശയ്യാ 6: 1 – 3)

2. കെരൂബുകൾ

സ്വർഗ്ഗത്തിലെ മാലാഖമാരുടെ വൃന്ദത്തിൽ രണ്ടാമത്തേതാണ് കെരൂബുകൾ. കുലീനരായ മാലാഖമാർ എന്നാണു വിശുദ്ധ ഗ്രന്ഥം ഇവരെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നത്. ദൈവത്തിൻ്റെ സിംഹാസനത്തെ വലയം ചെയ്യുന്ന ശക്തരായ മാലാഖാമാരാണിവർ. ബൗദ്ധികമായ ജ്ഞാനം ഇവരിൽ മുന്നിട്ടുനിൽക്കുന്നു എന്നാണ് ഏഞ്ചലോളജി പറയുന്നത്. വെളിപാടിന്റെ (4: 7 -8 ) പുസ്തകത്തിൽ കെരൂബുകളുടെ രൂപത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്.

സിംഹാസനത്തിന്റെ മധ്യത്തിലും ചുററിലുമായി നാലു ജീവികൾ; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകൾ.

ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേ തു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റേത്പോലുള്ള മുഖം. നാലാമത്തേതുപറക്കുന്ന കഴുകനെപ്പോലെ.

ഈ നാലു ജീവികൾക്കും ആറു ചിറകുകൾ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകൾ, രാപകൽ ഇടവിടാതെ അവ ഉദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.

3. ത്രോണോസ് അഥവാ ഭദ്രാസനന്മാർ

ദൈവത്തിന്റെ നീതി നടത്തിപ്പിക്കുകയാണ് ഇവരുടെ ദൗത്യം. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് എപ്പോഴും ദൈവ സന്നിധിയിലായിരിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്റെ എല്ലാ സാർവത്രിക നിയമങ്ങളിലും ഇവർ ഐക്യപ്പെടുന്നു. ഇവർക്ക് താഴെയുള്ള മാലാഖവൃന്ദങ്ങൾക്കും ദൈവത്തിനുമിടയിലെ സന്ദേശവാഹകരായി വർത്തിക്കുന്നത് ഇവരാണ്. അനേകം കണ്ണുകളും പലമുഖങ്ങളുമുള്ള ഈ മാലാഖാമാരെക്കുറിച്ചു എസക്കിയേൽ (1 3:19) പ്രവാചകൻ പറയുന്നത് ഇപ്രകാരമാണ്:

‘കൽദായദേശത്ത് കേബാർ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കർത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കർത്താവിന്റെ കരം അവന്റെ മേൽ ഉണ്ടായിരുന്നു.

ഞാൻ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവിൽ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.

നാലു ജീവികളുടെ രൂപങ്ങൾ അതിന്റെ മധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.

എന്നാൽ, ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു.

അവയുടെ കാലുകൾ നിവർന്നതും കാലടികൾ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചു മിനുക്കിയ ഓടുപോലെ അവ തിളങ്ങി.

അവയുടെ നാലുവശത്തും ചിറകുകൾക്കു കീഴിൽ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.

അവയുടെ ചിറകുകൾ പരസ്പരം സ്പർശിച്ചിരുന്നു. ഓരോന്നും ഇടംവലം തിരിയാതെ നേരേ മുമ്പോട്ടു നീങ്ങിയിരുന്നു.

അവയുടെ മുഖങ്ങൾ ഇപ്രകാരമായിരുന്നു – നാലിനും മുൻഭാഗത്ത് മനുഷ്യന്റെ മുഖം; വലത്തുവശത്ത് സിംഹത്തിന്റെ മുഖം; ഇടത്തുവശത്ത് കാളയുടെ മുഖം; പിൻഭാഗത്ത് കഴുകന്റെ മുഖം,

അവയുടെ മുഖങ്ങൾ അങ്ങനെ. ചിറകുകൾ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നിൽക്കുന്ന ജീവിയുടെ ചിറകുകളെ സ്പർശിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു.

അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അങ്ങോട്ട് അവ പോയി; ഇടംവലം തിരിഞ്ഞില്ല.

ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനൽ പോലെ ആയിരുന്നു. അവയ്ക്കിടയിൽ തീപ്പന്തം പോലെ എന്തോ ഒന്ന് ചലിച്ചിരുന്നു. ആ അഗ്‌നി ശോഭയുള്ളതായിരുന്നു. അതിൽ നിന്നു മിന്നൽപ്പിണർ പുറപ്പെട്ടിരുന്നു.

ആ ജീവികൾ ഇടിമിന്നൽ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.

ഞാൻ ആ ജീവികളെ സൂക്ഷിച്ചു നോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്ത് ഭൂമിയിൽ ഓരോ ചക്രം.

അവയുടെ രൂപവും ഘടനയും: അവ ഗോമേദകം പോലെ ശോഭിച്ചിരുന്നു. അവയ്ക്കു നാലിനും ഒരേ രൂപമായിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊന്ന് എന്ന വിധമായിരുന്നു അവയുടെ ഘടന.

അവ ചരിക്കുമ്പോൾ നാലിൽ ഏതു ദിക്കിലേക്കും ഇടംവലംതിരിയാതെ പോകാമായിരുന്നു.

അവയുടെ പട്ടകൾ ഭയമുളവാക്കത്തക്കവിധം ഉയരമുള്ളതായിരുന്നു.

നാലിന്റെയും പട്ടകൾക്കു ചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികൾ നടന്നപ്പോൾ ചക്രങ്ങളും അവയോടുചേർന്നു നീങ്ങിയിരുന്നു. ജീവികൾ നിലത്തുനിന്ന് ഉയരുമ്പോൾ ചക്രങ്ങളും ഉയരും.

അവ എവിടെ പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അവിടെയെല്ലാം അവ പോയി. അവയോടൊപ്പം ചക്രങ്ങളും പോയി, എന്തെന്നാൽ ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.

ജീവികൾ ചലിക്കുമ്പോൾ ചക്രങ്ങളും ചലിച്ചിരുന്നു. അവനിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ ഭൂമിയിൽനിന്ന് ഉയർന്നപ്പോൾ ചക്രങ്ങളും ഉയർന്നു. കാരണം, ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.

ആ ജീവികളുടെ തലയ്ക്കു മുകളിൽ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാന മുണ്ടായിരുന്നു. അത് അവയുടെ തലയ്ക്കു മുകളിൽ വിരിഞ്ഞുനിന്നു.’

4. ഡൊമിനിയൻ അല്ലെങ്കിൽ അധികാരികൾ

മാലാഖമാരുടെ ക്രമത്തിൽ ഡൊമിനിയൻസ് (ബഹുവചനം) നാലാം സ്ഥാനത്താണ്. സ്വർഗ്ഗീയ സൈന്യങ്ങളുടെ നേതൃത്വം ഇവർക്കാണ്. അവർ നീതി നൽകുന്നു, കരുണ കാണിക്കുന്നു, മറ്റു മാലാഖമാരെ നയിക്കുന്നു. പലപ്പോഴും വലതുകൈയിൽ ഒരു സ്വർണ്ണ വടിയും ഇടതുവശത്ത് ദൈവത്തിൻ്റെ മുദ്രയും പിടിച്ചിരിക്കുന്നതായി പ്രതിനിധീകരിക്കുന്നു.

5. താത്വകൻമ്മാർ

മാലാഖമാരുടെ അഞ്ചാമത്തെ ക്രമത്തിലുള്ളവരാണ് താത്വകൻമ്മാർ. അത്ഭുതങ്ങൾ, അനുഗ്രഹങ്ങൾ, കൃപ, വീര്യം, പ്രോത്സാഹനം എന്നീ സദ്ഗുണങ്ങളാണിവരുടെ മുഖമുദ്ര. വിശ്വാസവുമായി ബന്ധപ്പെട്ടു ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുന്നവരാണ് ഇവർ. തിളങ്ങുന്ന മാലാഖാമാർ എന്നും ഇവർ അറിയപ്പെടുന്നു.

6. ബലവാൻമാർ

പൈശാചിക തിന്മകളിൽ നിന്ന് നമ്മുടെ ആത്മാക്കളെ സംരക്ഷിക്കുന്നതിനും സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള അതിർത്തി സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള മാലാഖാവൃന്ദമാണിവർ. നന്മയും തിന്മയും തമ്മിലുള്ള സ്വർഗ്ഗീയ യുദ്ധത്തിൻ്റെ പ്രധാന സംരക്ഷണം നൽകുന്നത് ഇവരാണ്. നമ്മുടെ മരണശേഷം, നമ്മുടെ ആത്മാവിനെ സ്വർഗത്തിലേക്കുള്ള പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തികളാണെന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം പൈശാചിക ശക്തികൾക്ക് പേടിസ്വപ്നമായ ഇവർ ദൈവം അനുവദിക്കുന്നതിനപ്പുറം പൈശാചിക ശക്തികൾ മനുഷ്യരെ പേടിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു.

7. പ്രിൻസിപ്പാലിറ്റികൾ അഥവാ പ്രാഥമികൻമാർ

ലോക നേതാക്കളുടെമേൽ ദൈവിക മാർഗനിർദേശവും രക്ഷാകർതൃത്വവും നടത്തുന്നതിന് ഉത്തരവാദിത്വമുള്ള മാലാഖാമാരാണിവർ. ഇവർ ഒരു പട്ടാളക്കാരൻ്റെ യൂണിഫോം പോലെ തോന്നിക്കുന്ന വസ്ത്രം ധരിക്കുന്നതായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു, ഗോലിയാത്തിനെ വധിക്കാൻ ദാവീദിനെ സഹായിച്ച മാലാഖാമാരാണിവർ.

8. മുഖ്യദൂതന്മാർ

വിശ്വാസികളിൽ ഏറ്റവുമധികം പ്രചാരമുള്ള മാലാഖാമാരാണ് മുഖ്യദൂതർ. പ്രധാനമായും ഏഴു മുഖ്യദൂതൻമാരാണുള്ളത്. അവർക്ക് ഏഴുപേർക്കും വ്യത്യസ്തങ്ങളായ ദൗത്യങ്ങളുമുണ്ട്. രോഗശാന്തി മുതൽ മരണത്തിന്റെ വരെ ഉത്തരവാദിത്വം ഇവർക്കുണ്ട്.

9. കാവൽ മാലാഖമാർ

സ്വർഗ്ഗവും ഭൂമിയുമായി ഏറ്റവും അടുപ്പമുള്ള ഇവരെയായിരിക്കും നമുക്കേവർക്കും ഏറ്റവുംകൂടുതൽ പരിചയം. അവർ ഒരു വ്യക്തിയുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു. കാവൽമാലാഖമാരെ വിളിക്കുന്നവരെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കുന്നു. കാവൽ മാലാഖമാരും പ്രധാന ദൂതന്മാരും ഭൂമിയുമായും ദൈനംദിന ജീവിതവുമായും ഏറ്റവും കൂടുതൽ ഇടപഴകുന്നു.

വിവർത്തനം: സുനീഷാ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.