ദൈവാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത

ആരാധനാലയങ്ങൾ പ്രചോദനത്തിന്റെയും സമാധാനത്തിന്റെയും സങ്കേതങ്ങളാണ്. ഈ വിശുദ്ധ ഇടങ്ങളിൽ സമയം ചെലവഴിക്കുന്നത് നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ആത്മാവിനെയും ആഴത്തിൽ സ്വാധീനിക്കും. വാസ്തുവിദ്യയിലും ന്യൂറോ സയൻസിലുമുള്ള സമീപകാല പഠനങ്ങൾ ഇത് കൂടുതൽ സ്ഥിരീകരിക്കുന്നു. ദൈവാലയങ്ങളുടെ മതപരമായ വാസ്തുവിദ്യ നമ്മുടെ ആത്മീയവും മാനസികവുമായ ക്ഷേമത്തെ രൂപപ്പെടുത്തുന്നു.

ഈ പുണ്യസ്ഥലങ്ങളിൽ ആയിരിക്കുവാനുള്ള മൂന്നു പ്രചോദനങ്ങൾ

ധ്യാനിക്കാനുള്ള മാർഗം

മനസ്സിനെ ഉയർത്താനും ആത്മാവിനെ ശാന്തമാക്കാനുമുള്ള രീതിയിലാണ് ദൈവാലയ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഘടനകൾ ധ്യാനത്തിനു സമാനമായ രീതിയിൽ നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുന്നുവെന്ന് അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ധ്യാനാത്മക വാസ്തുവിദ്യയിൽ വിദഗ്ധനായ ഡോ. ജൂലിയോ ബെർമൂഡെസ് കണ്ടെത്തി. ന്യൂറോ ഇമേജിംഗ് ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം, അത്തരം ഇടങ്ങളിൽ ആയിരിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും ആന്തരിക സമാധാനം ലഭിക്കുന്നതിനും കഴിയുമെന്ന് തെളിയിക്കുന്നു.

പ്രചോദനത്തിന്റെയും ഉയർച്ചയുടെയും ഉറവിടം

വലിയ ദൈവാലയങ്ങളും കത്തീഡ്രലുകളും വിശ്വാസത്തിന്റെയും അസ്തിത്വത്തിന്റെയും നിഗൂഢതകളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്ന കലാസൃഷ്ടികളാണ്. വിശുദ്ധ ഇഗ്നേഷ്യസ് ഓഫ് ലയോളയുടെ കമ്പോസിഷൻ ഡി ലുഗർ, ക്രിസ്തുവിന്റെ ജീവിതത്തിന്റെ ദൃശ്യങ്ങളോ മറ്റ് വിശുദ്ധ നിമിഷങ്ങളോ വിഭാവനം ചെയ്തുകൊണ്ട് പ്രാർഥനയിൽ നമ്മുടെ ഭാവനയെ ഉപയോഗിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

ദൈവാലയങ്ങളിൽ കാണപ്പെടുന്ന  കൊത്തുപണികൾ, ഫ്രെസ്കോകൾ, ഐക്കണോഗ്രാഫി എന്നിവ രക്ഷാചരിത്രത്തിന്റെ കഥകൾ ദൃശ്യവൽക്കരിക്കാനും ദൈവവുമായുള്ള ബന്ധം അനുഭവിക്കാനും നമ്മെ സഹായിക്കുന്നു. അത് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും ദൈവത്തിങ്കലേക്ക് ഉയർത്തുന്നു. ഒരു പ്രത്യേക വിശ്വാസ പാരമ്പര്യമില്ലാത്തവർക്കുപോലും, ഈ ഇടങ്ങൾ വിസ്മയവും സർഗ്ഗാത്മകതയും നൽകുന്നു.

ശബ്ദായമാനമായ ലോകത്ത് നിശബ്ദതയുടെ ഒരിടം

പ്രാർത്ഥനയ്ക്ക് നിശബ്ദത അനിവാര്യമാണെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം രേഖപ്പെടുത്തുന്നു. അതിനെ ‘വരാനിരിക്കുന്ന ലോകത്തിൽ അല്ലെങ്കിൽ നിശബ്ദ സ്നേഹത്തിന്റെ പ്രതീകം’ (CCC 2717) എന്ന് വിശേഷിപ്പിക്കുന്നു. ശാന്തമായ അന്തരീക്ഷമുള്ള ഒരു പള്ളിയിലേക്ക് ചുവടുവയ്ക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കുന്നകാര്യങ്ങളിൽ നിന്ന് മനസിനെ വിച്ഛേദിക്കാനും പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മെ സഹായിക്കുന്നു.

ഡോ. ബെർമൂഡെസിന്റെ ഗവേഷണം എടുത്തുകാണിക്കുന്നതുപോലെ, ഈ ഇടങ്ങളുടെ രൂപകൽപ്പന നമ്മെ ധ്യാനത്തിലേക്കും കൂട്ടായ്മയിലേക്കും  ശാരീരികവും ആത്മീയവുമായ നേട്ടങ്ങളിലേക്കും നയിക്കുന്നു

ദൈവാലയങ്ങളിൽ കൂടുതൽ സമയം പ്രാർഥിക്കാനോ, ആരാധിക്കാനോ, അല്ലെങ്കിൽ നിശബ്ദമായി ഇരിക്കാനോ നാം ആഗ്രഹിക്കുമ്പോൾ, ആധുനിക ലോകത്തെ നാവിഗേറ്റ് ചെയ്യാൻ ആവശ്യമായ എല്ലാ വ്യക്തതയും ശാന്തതയും നമുക്ക് ലഭിക്കുന്നു.

അതിനാൽ, അടുത്ത തവണ നിങ്ങൾ ഒരു ദൈവാലയത്തിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ, അകത്തേയ്ക്ക് കടക്കുക. അതിന്റെ സൗന്ദര്യവും സമാധാനവും നിശ്ശബ്ദതയും നിങ്ങളുടെ ആത്മാവിൽ നിറയട്ടെ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.