മഹാനായ വി. ബസേലിയോസ്

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

സേസറിയായിലെ ബസേലിയോസ് എന്ന മഹാനായ വി. ബസേലിയോസ് ആദിമസഭയിലെ സത്യവിശ്വാസത്തിന്റെ കാവൽഗോപുരമായി നിലകൊണ്ട ദൈവശാസ്ത്രജ്ഞനാണ്. ‘വലിയ ദൈവീകരഹസ്യങ്ങൾ വെളിപ്പെടുത്തിയവൻ’ എന്ന അർഥത്തിലുള്ള ‘ഔറാനോഫാന്തോർ’ എന്ന അഭിധാനവും അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേർക്കപ്പെട്ടിട്ടുണ്ട്. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ സംരക്ഷകനായ വി. അത്തനേഷ്യസിന്റെ കാൽപാടുകൾ പിൻചെന്നുകൊണ്ട് സത്യവിശ്വാസ സംരക്ഷകനായി ബസേലിയോസ് പൗരസ്ത്യസഭയിൽ നിലകൊണ്ടു. ആര്യൻ പാഷണ്ഡതയെ അനുധാവനം ചെയ്ത ചക്രവർത്തിയുടെ ആജ്ഞയെപ്പോലും ഭയക്കാതെ ധീരതയോടെ അദ്ദേഹം സഭയെ നയിച്ചു. തന്റെ വിജ്ഞാനവും വിശുദ്ധിയുംകൊണ്ട് പ്രതിബന്ധങ്ങളെ മറികടന്ന ബസേലിയോസിന് ചരിത്രം ചാർത്തിക്കൊടുത്ത അഭിധാനമാണ് ‘മഹാൻ’ എന്നത്.

പൗരസ്‌ത്യസഭയിലെ സമൂഹ സന്യാസജീവിത സ്ഥാപകൻ എന്ന് ക്രിസ്തീയചരിത്രത്തിൽ അറിയപ്പെടുന്ന ബസേലിയോസ് എഴുതിയുണ്ടാക്കിയ നിയമങ്ങളിൽനിന്നും (Asketikon) പ്രചോദനം ഉൾക്കൊണ്ടാണ് പല സന്യാസ സമൂഹങ്ങളും ഇന്നും നയിക്കപ്പെടുന്നത്. പാശ്ചാത്യസഭയിൽ സന്യാസ സമൂഹനിയമങ്ങൾ രൂപപ്പെടുത്തിയ വി. ബെനഡിക്ട് തന്റെ പ്രചോദനമായി സ്വീകരിച്ചത് വി. ബസേലിയോസിനെയായിരുന്നു. പൗരസ്ത്യ ക്രിസ്തീയസഭയിലെ ഏറ്റം ശ്രേഷ്ഠനായിരിക്കുന്ന ബസേലിയോസിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമല്ല, സുഹൃത്തുക്കൾപോലും വിശുദ്ധരാണ്. തന്റെ സഹോദരൻ നീസായിലെ ഗ്രിഗോറിയോസ്, ആത്മമിത്രം നസിയാൻസസിലെ ഗ്രിഗോറിയോസ് എന്നിവരോടൊത്ത് ‘കപ്പദോസിയൻ പിതാക്കന്മാർ’ എന്നറിയപ്പെടുന്ന ഇവരുടെ സംഭാവനകൾ പകരംവയ്ക്കാനാവാത്തവിധം വിലയേറിയതാണ്. ആഗോളസഭയിലെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഈ പൗരസ്ത്യ സഭാപണ്ഡിതനെ അടുത്തറിയുന്നത് നമ്മുടെ വിശ്വാസജീവിതത്തെയും കൂടുതൽ പ്രകാശമാനമാക്കും.

ജനനം, ബാല്യം, വിദ്യാഭ്യാസം

ഇന്നത്തെ തുർക്കിയുടെ ഭാഗമായ പ്രാചീന കപ്പഡോഷ്യ പ്രദേശത്തെ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിൽ എ. ഡി. 330 ൽ ബസേലിയോസ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ബസേലിയോസ് (Basil the Elder) എന്നും അമ്മയുടെ പേര് (സേസറിയായിലെ) എമ്മേലിയ എന്നും ആയിരുന്നു. ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ചു ജീവിച്ച ഇവർക്ക് മാക്സിനൂസ് ചക്രവർത്തിയുടെ (305-314) ഭരണ കാലയളവിൽ വിശ്വാസത്തിനുവേണ്ടി പീഡനം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പിതാവ് ബസേലിയോസ് നിയമവും പ്രഭാഷണകലയും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. അദ്ദേഹത്തിന് പൊന്തൂസ്, കപ്പഡോഷ്യ, അർമേനിയ എന്നിവിടങ്ങളിൽ വസ്തുവകകൾ ഉണ്ടായിരുന്നു. എമ്മേലിയായ്ക്കും ബസേലിയോസിനും പത്തു മക്കളുണ്ടായിരുന്നു. അതിൽ ആൺമക്കളിൽ മൂന്നുപേർ – വി. ബസേലിയോസ്, വി. ഗ്രിഗറി, സെബാസ്‌തേയിലെ വി. പീറ്റർ – എന്നിവർ ബിഷപ്പുമാരായി സഭയിൽ സേവനമനുഷ്ഠിച്ചു. മൂത്ത മകൾ വി. മക്രീനാ ഒരു മഠം സ്ഥാപിച്ച് സന്യാസജീവിതം നയിച്ചു (ബസേലിയോസിന്റെ വല്യമ്മയുടെ പേരും ഇതുതന്നെ ആയിരുന്നു; അവരും സഭയിലെ വിശുദ്ധയാണ്).

തന്റെ വല്യമ്മ വി. മക്രീനായുടെ സംരക്ഷണത്തിലാണ് ബസേലിയോസ് വളരുന്നത്. ഈ സ്വാധീനം പിന്നീട് സന്യാസവഴിയിലൂടെ സഞ്ചരിക്കുന്നതിന് ബസേലിയോസിന് പ്രേരകമാവുകയും ചെയ്തു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയോസ് കോൺസ്റ്റാന്റിനോപ്പിളിൽ ഉപരിപഠനത്തിനായി പോകുന്നു. അതിനുശേഷം അഞ്ചുവർഷത്തോളം പുരാതന ലോകത്തിലെ വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്ന ഗ്രീസിലെ ആതൻസിൽ ഉപരിവിദ്യാഭ്യാസം നേടി. ഇവിടെയെല്ലാം അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്ന ഗ്രിഗറി നസ്യാൻസനും ഒപ്പമുണ്ടായിരുന്നു. ആതൻസിൽ ബസേലിയോസിന്റെ സഹപാഠി ആയിരുന്ന വിദ്യാർഥിയാണ് പിന്നീട് ചക്രവർത്തിയായിത്തീർന്ന ജൂലിയൻ. ഇന്ന് ചരിത്രത്തിൽ ഈ ചക്രവർത്തി അറിയപ്പെടുന്നത് ‘മതത്യാഗിയായ ജൂലിയോസ്‌’ എന്നാണ് (എ. ഡി. 361 ൽ ക്രിസ്തുമതവിശ്വാസം ഉപേക്ഷിച്ച് പേഗൻ വിശ്വാസം സ്വീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെയൊരു പേരുണ്ടായത്). വി. ഗ്രിഗറി നസ്യാൻസൻ തന്റെ സഹപാഠി ബസേലിയേസിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് അദ്ദേഹം പഠനം പൂർത്തിയാക്കിയപ്പോൾ ഒരു മനുഷ്യന് അറിയാൻ സാധിക്കുന്നതെല്ലാം പഠിച്ചിരുന്നു എന്നാണ്.

തീർഥാടനം, ദാനധർമം, സന്യാസം

ആതൻസിലെ പഠനം വിജയകരമായി പൂർത്തിയാക്കിയ ബസേലിയോസ് സേസറിയായിൽ തിരികെയെത്തി നിയമവും പ്രഭാഷണകലയും പഠിപ്പിച്ചു. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ ഇളയ സഹോദരൻ നൗക്രാത്തിയൂസും മൂത്ത സഹോദരിയും അകാലത്തിൽ മരണപ്പെടുന്നത്. ഇത് ബസേലിയോസിന് വലിയ ദുഃഖം സമ്മാനിച്ചെങ്കിലും തന്റെ ക്രിസ്തീയ വിശ്വാസവെളിച്ചത്തിൽ ഈ പ്രതിസന്ധിയെ അദ്ദേഹം തരണം ചെയ്തു.

ഉന്നതവിദ്യാഭ്യാസം നേടി ജീവിതവിജയങ്ങൾ കൈവരിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ബസേലിയോസിനു മുൻപിൽ പ്രത്യക്ഷപ്പെട്ട ചില മഹത് വ്യക്തികളുടെ സാക്ഷ്യജീവിതങ്ങൾ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ആത്മീയദിശയിലൂടെ ആയിരിക്കാൻ പ്രചോദിപ്പിച്ചു. അതിൽ പ്രധാനപ്പെട്ടത് സേസറിയായിലെ ബിഷപ്പായിരുന്ന ദിയായൂസ് പിതൃവാത്സല്യത്തോടെ ബസേലിയോസിനെ കൈകാര്യം ചെയ്തതാണ്. ഈ ബിഷപ്പ് തന്നെ ആയിരിക്കണം അദ്ദേഹത്തെ മാമോദീസ മുക്കിയതും ദൈവാലയത്തിലെ വായനക്കാരനായി നിയമിച്ചതും.

സെബാസ്‌തയിൽ നിന്നുള്ള ബിഷപ്പ് എവുത്താത്തിയൂസിനെ ഇക്കാലയളവിൽ ബസേലിയോസ് കണ്ടുമുട്ടുന്നു. ബസേലിയോസും മക്രീനയും സന്യാസജീവിതത്തിലേക്ക് ആകൃഷ്ടരാകുന്നത് ഇദ്ദേഹത്തിന്റെ സ്വാധീനത്തിലാണ്. സന്യാസിയാകാൻ തീരുമാനമെടുത്തശേഷം അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു: “എന്റെ സമയം വ്യാമോഹങ്ങളിലും എന്റെ യൗവനകാലം വ്യർഥമായ കാര്യങ്ങൾക്കായും ദൈവതിരുമുമ്പിൽ അർഥശൂന്യമായി കാണപ്പെടുന്ന ലോകവിജ്‍ഞാനത്തിന്റെ ഭക്തിയിലും ഞാൻ ദുർവ്യയം ചെയ്തു. പെട്ടെന്ന് ഞാൻ ഒരു ഗാഢനിദ്രയിൽനിന്നും ഉണരുകയും സുവിശേഷസത്യത്തിന്റെ പരമമായ വെളിച്ചത്തിൽ ഈ ലോകവിജ്ഞാനത്തിന്റെ ശൂന്യത വിവേചിച്ചറിയുകയും ചെയ്തു.”

സന്യാസജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനായി ബസേലിയോസ് ഈജിപ്ത്, പാലസ്തീന, സിറിയ, മെസപ്പൊട്ടേമിയ പ്രദേശങ്ങൾ സന്ദർശിച്ചു. ഇവിടെയൊക്കെ കണ്ട ക്രിസ്തീയസന്യാസിമാരുടെ ലളിതജീവിതത്തിലും ഭക്തിയിലും അദ്ദേഹത്തിന് വലിയ മതിപ്പ് തോന്നി. ഇക്കാലത്ത്, നിശയിലെ കൂരിരുട്ടിൽനിന്നും പ്രഭാതത്തിൽ പ്രസരിക്കുന്ന മനോഹരവെളിച്ചത്തിലേക്ക് ഉണരുന്നവനെപ്പോലെ, സുവിശേഷസത്യങ്ങൾ തനിക്കുമുമ്പിൽ അനാവരണം ചെയ്യപ്പെട്ടുവെന്ന് ബസേലിയോസ് എഴുതുന്നു: “ഞാൻ സുവിശേഷം വായിക്കുകയും അതിന്റെ പ്രചോദനത്താൽ പൂർണ്ണത പ്രാപിക്കാൻ എന്റെ സ്വത്തുക്കൾ പാവങ്ങൾക്ക് വിഭജിച്ചുനൽകുകയും ചെയ്തു. എന്റെ ജീവിതത്തെക്കുറിച്ചുള്ള ആകുലതകൾ ഉപേക്ഷിക്കുകയും ഈ ലോകത്തിലെ ഏതെങ്കിലും വസ്തുക്കളിലേക്ക് എന്റെ ആത്മാവ് ആകർഷിക്കപ്പെടാതിരിക്കാനും ഞാൻ ശ്രദ്ധിച്ചു.”

വിശുദ്ധ നാട്ടിലേക്കുള്ള യാത്രയ്ക്കുശേഷമാണ് തന്റെ ദേശത്ത് തിരികയെത്തി ഐറിസ് നദിയുടെ സമീപത്തായി അന്നേസി എന്ന സ്ഥലത്ത് പരിത്യാഗത്തിന്റെയും ഏകാന്തതയുടെയും ഒരു ജീവിതം നയിക്കാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്. തന്റെ സമ്പാദ്യമെല്ലാം മറ്റുള്ളർക്കു നൽകി, രാത്രിയിൽ ചാക്കുടുത്തു, പകൽ ഒരു കുപ്പായം ധരിച്ചു, തറയിൽ കിടന്നുറങ്ങി, ലളിതമായ ഭക്ഷണം കഴിച്ചു, ജീവിതം തുടങ്ങി. ഈ ജീവിതം കണ്ടുകൊണ്ട് അനേകർ അദ്ദേഹത്തെ അനുകരിക്കാൻ തയ്യാറായി. ഒരു സന്യാസിയായി, വിശുദ്ധജീവിതം നയിക്കുന്നവനായി മാറുന്നതിനായി ബസേലിയോസ് തന്നെത്തന്നെ ദൈവത്തിന് പൂർണ്ണമായും വിട്ടുകൊടുത്തു.

ഏകാന്ത സന്യാസത്തിലേക്കുള്ളതല്ല തന്റെ വിളി എന്ന് വളരെവേഗം ബസേലിയോസ് തിരിച്ചറിയുന്നു. എ. ഡി. 358 ആകുമ്പോഴേക്കും തന്റെ സഹോദരൻ പീറ്റർ ഉൾപ്പെടെയുള്ള സമാനമനസ്ക്കരായ ശിഷ്യന്മാരുടെ ഒരു ഗണം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായി. അമ്മ എമ്മേലിയയും സഹോദരി മക്രീനയും മറ്റനേകം സ്ത്രീകളും സന്യാസപാത തിരഞ്ഞെടുക്കുകയും ചെയ്തു (ചില ചരിത്രഗ്രന്ഥങ്ങളിൽ, മക്രീന ഒരു ആശ്രമം സ്ഥാപിച്ച് സമാനമനസ്കരായ സ്ത്രീകളുമായി സന്യാസജീവിതം തുടങ്ങിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്).

സന്യാസനിയമ രൂപീകരണം

സന്യാസം സമൂഹമായി ജീവിക്കുന്നതിന് നിയതമായ നിയമങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ബസേലിയോസ് തന്റെ നിയമ ക്രോഡീകരണം ആരംഭിക്കുന്നത്. പൗരസ്ത്യസഭയിൽ പിന്നീട് വലിയ സ്വാധീനം ചെലുത്തിയ ഈ നിയമങ്ങൾ ആശ്രമജീവിതത്തിന്റെ ആരംഭത്തിൽതന്നെ ബസേലിയോസ് രൂപകൽപന ചെയ്തതാണ്. പൊന്തൂസിലായിരുന്ന സമയത്ത് ആശ്രമനിയമങ്ങൾ ചെറുതായി രൂപപ്പെടുത്തുകയും സേസറിയായിലെ വാസകാലത്ത് അത് വിപുലപ്പെടുത്തുകയും ചെയ്തു. ബസേലിയോസ് കുട്ടികളെ ക്രിസ്തീയവിശ്വാസത്തിൽ വളർത്തുന്നതിന് പാഠശാലകൾ തുടങ്ങുകയും അവിടെനിന്ന് സന്യാസ അഭിരുചിയുള്ളവരെ പിന്നീട് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

എ. ഡി. 358 മുതൽ 364 വരെയുള്ള കാലയളവിൽ അദ്ദേഹം രൂപപ്പെടുത്തിയ ഈ നിയമങ്ങൾ ‘ബസീലിയൻ നിയമങ്ങൾ’ എന്ന പേരിലും അറിയപ്പെടുന്നു. തെബൈദിലെ വി. പക്കോമിയോസിന്റെ ആശ്രമജീവിതവും ഈ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ ബസേലിയോസിനെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ലളിതവും കർശനവുമായ നിയമങ്ങളനുസരിച്ച് ഒന്നിച്ചുജീവിക്കുന്ന സന്യാസികളുടെ കൂട്ടായ്മയായിരുന്നു ഇത്. മരുഭൂമിയിലെ ഏകാന്തജീവിതം നയിച്ചിരുന്ന വി. അന്തോണിയോസിനെപ്പോലെയുള്ളവർ അനുഷ്ഠിച്ചിരുന്ന കർശന താപസശൈലി അദ്ദേഹം ഒഴിവാക്കി.

രണ്ടു ഭാഗങ്ങളായാണ് ഈ നിയമങ്ങൾ എഴുതിയിരിക്കുന്നത്. ‘റെഗുള ഫൂസിയൂസ് ത്രക്താത്തേ’യിൽ അൻപത്തിയഞ്ചും ‘റെഗുള ബ്രേവിയൂസ് ത്രക്താത്തേ’യിൽ മുന്നൂറ്റിപ്പതിമൂന്നും നിയമങ്ങൾ കണ്ടെത്തുന്നു. ചോദ്യോത്തര രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ നിയമങ്ങൾ ഒരു സന്യാസിക്ക് ദൈവപ്രീതിയിൽ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്നു പറയുന്നു. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ അനുഷ്ടിച്ച്, ആരാധനക്രമമനുസരിച്ചുള്ള പ്രാർഥനയിൽ ജീവിച്ച്, ശാരീരിക-ബൗദ്ധിക ഉദ്യമത്തിൽ ഏർപ്പെടുന്നതിന് ഈ നിയമങ്ങൾ സന്യാസിയെ സഹായിക്കുന്നു.

സഭാകൗൺസിലുകൾ

എ. ഡി. 359 ൽ റോമൻ ചക്രവർത്തി കോൺസ്റ്റാൻസിയൂസ് കോൺസ്റ്റാന്റിനോപ്പിളിൽ വിളിച്ചുചേർത്ത കൗൺസിലിൽ ബസേലിയോസ് സംബന്ധിച്ചു. ഈ സമയത്ത് അദ്ദേഹം വൈദികപട്ടം സ്വീകരിക്കാത്ത ഒരു സന്യാസി മാത്രമായിരുന്നു. സന്യാസത്തിൽ തന്റെ വഴികാട്ടിയായ സെബാസ്‌തേയിലെ എവുസ്താത്തിയൂസിനെ അനുകൂലിക്കുന്ന നിലപാട് ഈ കൗൺസിലിൽ ബസേലിയോസ് സ്വീകരിച്ചു. ഇത് ആര്യനിസത്തെ എതിർക്കുന്നതായിരുന്നുവെങ്കിലും പൂർണ്ണമായും നിഖ്യാ സൂനഹദോസിന്റെ തീരുമാനത്തിന് അനുകൂലവുമായിരുന്നില്ല. ബസേലിയോസ് വിശദമായ പഠനത്തിനുശേഷം നിഖ്യാ വിശ്വാസപ്രമാണത്തിന്റ വലിയ വക്താവായി മാറുകയും എവുസ്താത്തിയൂസിന്റെ ചില നിലപാടുകളോട് വിജോയിക്കുകയും ചെയ്തു.

സഭയിലെ രണ്ടാം എക്കുമെനിക്കൽ സൂനഹദോസായ ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് എ. ഡി. 381 ലാണ് സമ്മേളിക്കുന്നത്. റോമൻ ചക്രവർത്തിയായ തിയഡോഷ്യസ് വിളിച്ചുകൂട്ടിയ ഈ സമ്മേളനത്തിന് അന്ത്യോഖ്യൻ പാത്രിയർക്കീസ് മെലേത്തിയൂസും അദ്ദേഹത്തിന്റെ മരണശേഷം കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് നിസ്സായിലെ ഗ്രിഗറിയും പിന്നീട് നെക്ത്താറിയൂസും ആധ്യക്ഷം വഹിച്ച ഒരു സഭാകൗൺസിലായിരുന്നു ഇത്. ബസേലിയോസ് അന്തരിച്ചതിന് രണ്ടുവർഷങ്ങൾക്കു ശേഷമാണ് ഇത് കൂടുന്നതെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വലിയ പ്രാമുഖ്യം ലഭിച്ച ഒരു എക്കുമെനിക്കൽ സൂനഹദോസ് കൂടിയായിരുന്നു ഇത്.

സേസറിയായിലെ ബിഷപ്പ്

എ. ഡി. 362 ൽ അന്ത്യോഖ്യയിലെ ബിഷപ്പായിരുന്ന മെലെത്തിയൂസ്‌ ബസേലിയോസിനെ ഒരു ശെമ്മാശ്ശനായി അഭിഷേകം ചെയ്തു. മൂന്നു വർഷങ്ങൾക്കുശേഷം ബിഷപ്പ് എവുസേബിയസ് അദ്ദേഹത്തെ സേസറിയായിലേക്ക് വിളിച്ചുവരുത്തുകയും വൈദിനായി അഭിഷേചിക്കുകയും ചെയ്തു. പൗരസ്ത്യസഭയിൽ പലയിടത്തും ഇക്കാലയളവിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആര്യൻ പാഷണ്ഡതയെ പ്രതിരോധിക്കുന്നതിന് ബസേലിയോസ് മുന്നിട്ടിറങ്ങി. സഭയിൽ പാഷണ്ഡികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് തന്റെ സുഹൃത്തായ ഗ്രിഗറി നസ്യാൻസനെയും ഒപ്പം കൂട്ടി. ഇവർ ഒരുമിച്ച് ആര്യൻ ദൈവശാസ്ത്രജ്ഞന്മാരുമായി സംവാദത്തിന് മുതിരുകയും എല്ലായിടത്തും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. പൂർണ്ണമായും സന്യാസജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ച ഈ പുണ്യപിതാക്കൾക്ക് അങ്ങനെ സാഹചര്യത്തിന്റെ സമ്മര്‍ദം കാരണം സഭയുടെ അനുദിന ഭരണകാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ടിവന്നു.

അധികം താമസിയാതെ ബസേലിയോസ് സേസറിയ നഗരത്തിന്റെയും ഭരണച്ചുമതല ഏറ്റെടുത്തു. എ. ഡി. 370 ൽ സേസറിയായിലെ ബിഷപ്പ് മരിക്കുമ്പോൾ ബസേലിയോസിനെ അടുത്ത ബിഷപ്പായി തിരഞ്ഞെടുക്കുകയും അദ്ദേഹം 370 ജൂൺ 14 ന് അഭിഷിക്തനാവുകയും ചെയ്തു. അഞ്ചു സാമന്ത രൂപതകളാണ് സേസറിയായുടെ കീഴിൽ അക്കാലത്ത് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പല കാരണങ്ങളാൽ എതിർത്തിരുന്ന കുറെപ്പേർ ഉണ്ടായിരുന്നുവെങ്കിലും ബസേലിയോസിന്റെ കഴിവും സാമര്‍ഥ്യവും വിശുദ്ധിയും ഇവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തി.

ആര്യനിസത്തെ നേരിടുക എന്നത് അദ്ദേഹത്തിന്റെ മെത്രാൻ ജീവിതത്തിലെ വലിയ വെല്ലുവിളി ആയിരുന്നു. യേശുക്രിസ്തു ദൈവപിതാവിന് സമനല്ല എന്ന വാദഗതിക്ക് ഒരുപാട് അനുയായികളുണ്ടായി. ഇത് സഭയുടെ ഐക്യത്തിന് വലിയ വെല്ലുവിളി ഉയർത്തി. പാശ്ചാത്യസഭയുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് അത്തനാസിയൂസിന്റെ സഹായം തേടുകയും ചെയ്തു. ഡമാസൂസ് മാർപാപ്പയുമായി കത്തിടപാടുകൾ നടത്തി അദ്ദേഹത്തിന്റെ സഹായവും തേടി.

പാവങ്ങളുടെ പക്ഷം ചേർന്നവൻ

തന്റെ നഗരത്തിലെ കള്ളന്മാരെയും വേശ്യകളെയും നന്മയുടെ പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ബസേലിയോസ് ആരംഭിച്ചു. തന്റെ വൈദികരോട് സമ്പത്തിന്റെ ആകർഷണത്തിൽപെടുകയോ, തെറ്റായ മാർഗത്തിലൂടെ സഞ്ചരിക്കുകയോ, ജോലിചെയ്യാതെ വെറുതെ നടക്കുകയോ ചെയ്യരുത് എന്ന് ഉപദേശിച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതി. ബിഷപ്പ് തന്നെ വ്യക്തിപരമായി വൈദികാർഥികളെ കാണുകയും യോഗ്യരായവർ മാത്രമേ വൈദികവൃത്തിയിലേക്ക് വരുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പരാജയപ്പെടുന്ന പൊതുസേവകരെ വിമർശിക്കുന്നതിൽ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. സെസാറിയ നഗരത്തിനു പുറത്ത് ‘ബസീലിയ’ എന്നപേരിൽ ഒരു വലിയ ജനസേവനകേന്ദ്രം പണിതുയർത്തുകയും പാവങ്ങളെയും അനാഥരെയും അവിടെ സംരക്ഷിക്കുകയും ചെയ്തു. അതുകൂടാതെ, രോഗികളെ ശുശ്രൂഷിക്കുന്ന പ്രത്യേക ഭവനങ്ങളും ആശുപത്രിയും പണിയുകയും അതിന്റെ മേൽനോട്ടം നേരിട്ട് നിർവഹിക്കുകയും ചെയ്തു. ഗ്രിഗറി നസ്യാൻസൻ ‘ലോകത്തിലെ മഹാത്ഭുതങ്ങളിൽ ഒന്ന്’ എന്നാണ് ‘ബസീലിയ’ സംവിധാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

വളരെ തിരക്കുള്ള ജോലികളിൽ മുഴുകുമ്പോഴും തന്റെ മതാചാരനിഷ്ഠയിൽ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹം വരുത്തിയില്ല. കർക്കശ്യത്തോടെ പെരുമാറുമ്പോഴും തന്റെ പ്രതിയോഗികളിലുള്ള നന്മകൾ അംഗീകരിക്കാനും അദ്ദേഹം തയ്യാറായിരുന്നു. സത്യം ബലികഴിക്കാതെ ചില സമയങ്ങളിലൊക്കെ സഭയിൽ സമാധാനം പുലരുന്നതിനായി അദ്ദേഹം വലിയ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു.

മൊഡെസ്തൂസിന്റെ ഭീഷണികൾ

ആര്യൻ അനുഭാവി ആയിരുന്ന വാലെൻസ് ചക്രവർത്തി തന്റെ പ്രീഫെക്റ്റ് ആയിരുന്ന മോഡസ്തൂസിനെ ബസേലിയോസിനെ അനുനയിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു. മൊഡെസ്തൂസിനോട് വളരെ സൗമ്യതയോടെ പെരുമാറിയ ബസേലിയോസ് അദ്ദേഹത്തിന്റെ കൂടെ വന്ന ആര്യൻ പക്ഷപാതികളായ ബിഷപ്പുമാരോട് സംസാരിക്കാൻ വിസമ്മതിച്ചു. പകരം ദൈവാലയത്തിലേക്ക് അവരെ ആനയിച്ചു പ്രാർഥിക്കുകയും ആര്യൻ പാഷണ്ഡതയ്‌ക്കെതിരെ അവരോടു സംസാരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായി മൊഡെസ്തൂസിനെ അനുധാവനം ചെയ്തവർ ചക്രവർത്തിയെ ധിക്കരിച്ച ബസേലിയോസിനെ ശിക്ഷിക്കണമെന്നു വാദിച്ചു. മൊഡെസ്തൂസ് പ്രീഫെക്റ്റ് ആണെങ്കിലും ദൈവസൃഷ്ടി മാത്രമാണെന്നും തന്റെ ഏതൊരു വിശ്വാസിയെയും പോലെയെ അദ്ദേഹത്തെയും കാണാൻ കഴിയൂ എന്നും ബസേലിയോസ് നിലപാടെടുത്തു. ഇതിൽ പ്രകോപിതനായി മൊഡെസ്തൂസ് തന്റെ ഇരിപ്പിടത്തിൽനിന്നും ചാടിയെഴുന്നേറ്റ് ബസേലിയോസ് തന്റെ അധികാരത്തെ ഭയക്കുന്നില്ലേ എന്ന് ആരാഞ്ഞു. തനിക്ക് അദ്ദേഹത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാനും നാടുകടത്താനും കൊല്ലാനും അധികാരമുണ്ട് എന്ന് അദ്ദേഹം ആക്രോശിച്ചപ്പോൾ ബസേലിയോസ് ഇപ്രകാരം പ്രത്യുത്തരിച്ചു:

“ഇപ്പറഞ്ഞ വാക്കുകൾ എന്നിൽ യാതൊരു ഭയവും ജനിപ്പിക്കാൻ പര്യാപ്തമല്ലാത്തതിനാൽ താങ്കൾ മറ്റെന്തെങ്കിലും ഭീഷണികൾ ഉപയോഗിക്കുക. കുറെ പുസ്തകങ്ങളും ഉടുത്തിരിക്കുന്ന വസ്ത്രവും മാത്രം നഷ്ടപ്പെടാനുള്ള എനിക്ക് സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഒരു നഷ്ടമല്ല. നാട് കടത്തുന്നതിനെക്കുറിച്ചു ഞാൻ ഭയക്കുന്നില്ല. കാരണം, ഏതെങ്കിലും ഒരു സ്ഥലത്തോട് എനിക്ക് പ്രത്യേക താൽപര്യങ്ങളില്ല. എല്ലായിടവും ദൈവത്തിന്റെ വാസസ്ഥലമായതുകൊണ്ട് ഞാൻ പോകുന്ന ഇടങ്ങളെല്ലാംതന്നെ എന്റെ ഭവനമാണ്. ഈ ലോകത്തിൽ താൽകാലിക വാസത്തിനുവന്ന ഒരു തീർഥാടകൻ മാത്രമാണ് ഞാൻ. ആദ്യ പ്രഹരത്തിൽതന്നെ തകർന്നുപോകുന്ന എന്റെ ബലഹീനമായ ഈ ശരീരത്തെ പീഡകർക്ക് അധികനേരം ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നെ ഒരു പ്രാവശ്യം പ്രഹരിക്കുക, മരണം നേട്ടമായി ഞാൻ ഏറ്റെടുക്കും. ആർക്കുവേണ്ടി ഞാൻ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുവോ അവന്റെ സന്നിധിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് അപ്പോൾ എനിക്ക് സാധിക്കും. ഈ ലോകത്തിൽ ജീവിക്കുന്നതിനെക്കാൾ ദൈവസന്നിധിയിലേക്കു യാത്രയാകുന്നതിനായി അനേക നാളായി ഞാൻ ഒരുങ്ങുന്നവനാണ്.”

ഈ വാക്കുകൾ കേട്ട് കൂടുതൽ പ്രകോപിതനായി തന്നോട് ആരും ഇതുവരെ ഈ രീതിയിൽ സംസാരിച്ചിട്ടില്ല എന്ന് മൊഡെസ്തൂസ് പ്രത്യുത്തരിച്ചു. അതിന് മറുപടിയായി ശാന്തനായി ബസേലിയോസ് ഇപ്രകാരം പ്രതിവചിച്ചു: “ഒരുപക്ഷെ മൊഡെസ്തൂസ് ഒരു ബിഷപ്പിനോട് ഇതുവരെ സംസാരിച്ചിട്ടുണ്ടാവില്ല.”

ചക്രവർത്തിയുടെ സന്ദർശനം

മൊഡെസ്തൂസ്, ചക്രവർത്തിയുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു: “നമ്മൾ സഭയുടെ ഈ ബിഷപ്പിനാൽ അപമാനിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം നമ്മുടെ ഭീഷണികൾക്കും ഉപരിയാണ്. തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവനാണ്. യാതൊരു തരത്തിലുള്ള പ്രലോഭനത്തിനും വശംവദനാകാത്തവനാണ്. നമ്മൾ ചില അനുചിതമായ മാർഗങ്ങൾ അനുവർത്തിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷെ, ബലപ്രയോഗത്തിലൂടെ മാത്രമേ അദ്ദേഹത്തെ കീഴ്‌പ്പെടുത്താൻ സാധിക്കുകയുള്ളൂ.”

ഇത് കേട്ടപ്പോൾ ബസേലിയോസിനെ എങ്ങനെയെങ്കിലും വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെ ചക്രവർത്തി രണ്ടു പ്രതിനിധികളെ അയക്കുന്നു. ഒന്നാമത്തെ ആൾ അദ്ദേഹത്തെ പ്രശംസിക്കുകയും അതുവഴി ബസേലിയോസിന്റെ പ്രീതി സമ്പാദിച്ച് മനസ്സ് മാറ്റുന്നതിന് ശ്രമിക്കണം. ഈ പരിശ്രമം പരാജയത്തിൽ കലാശിക്കുന്ന പക്ഷം രണ്ടാമത്തെ ആൾ വാളുകൊണ്ട് അദ്ദേഹത്തെ കീഴ്‌പ്പെടുത്താൻ ശ്രമിക്കണം. എന്നാൽ ബസേലിയോസിന്റെ അരികിലെത്തിയ ഇവർ രണ്ടുപേരും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനു മുൻപിൽ പരാജയപ്പെട്ട് തിരികെ പോകേണ്ടിവന്നു.

അവസാനം ചക്രവർത്തി തന്നെ കപ്പഡോസിയയിലെ സേസറിയായിൽ നേരിട്ട് ചെല്ലുന്നതിന് തീരുമാനിച്ചു. എ. ഡി. 372 ൽ എപ്പിഫനി തിരുനാൾ ദിനത്തിൽ വാലെൻസ് ചക്രവർത്തി പരിവാരസമേതം ബസേലിയോസിനെ കാണാനെത്തി. ബസേലിയോസ് ദൈവാലയത്തിൽ ആരാധന നടത്തുന്ന സമയത്ത് ചക്രവർത്തി എത്തുന്നത് നാടകീയമുഹൂർത്തങ്ങൾ സൃഷ്ടിച്ചു. ആരാധനയിൽ ലയിച്ചിരിക്കുന്ന ബിഷപ്പും വൈദികരും വിശ്വാസികളും ചക്രവർത്തിയെയും കൂടെയുള്ളവരെയും ശ്രദ്ധിച്ചില്ല. ബിഷപ്പ് ഭക്തിയോടും സമചിത്തതയോടും അൾത്താരയിൽ നിന്നുകൊണ്ട് ആരാധനയ്ക്ക് നേതൃത്വം നല്കി. ദൈവാലയത്തിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ പുരോഹിതരും ദൈവജനവും ഒന്നിച്ച് ദൈവത്തെ ആരാധിക്കുന്നത് ചക്രവർത്തിക്ക് മനോഹരമായ ഒരു അനുഭവം സമ്മാനിച്ചു. ആരാധന കഴിഞ്ഞ് ബസേലിയോസ് ചക്രവർത്തിയെ ബഹുമാനത്തോടെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു. എന്നാൽ വിശ്വാസകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ബസേലിയോസിന്റെ ഭക്തിയിലും കാരുണ്യപ്രവർത്തനങ്ങളിലും മതിപ്പ് തോന്നിയ ചക്രവർത്തി അദ്ദേഹത്തിനു വസ്തുവകകളും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടാണ് അവിടെനിന്നും തിരികെപ്പോയത്.

പിന്നീട് ആര്യനിസത്തിന്റെ വക്താക്കളുടെ സ്വാധീനത്തിൽപെട്ട് വാലൻസ് ചക്രവർത്തി ബസേലിയോസിനെ നാടുകടത്താൻ ആലോചിക്കുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ ഒരുമ്പെടുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആറു വയസ്സുള്ള മകൻ, ഗലാത്തസ് രോഗബാധിതനാകുന്നത്. ചക്രവർത്തി ബസേലിയോസിനെ വിളിച്ചുവരുത്തി അവനുവേണ്ടി പ്രാർഥിപ്പിക്കുകയും അങ്ങനെ മകൻ സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ തന്റെ മകനെ സത്യവിശ്വാസത്തിൽ മാമോദീസാ മുക്കാം എന്ന വാഗ്ദാനം മറന്ന് ആര്യൻ വിശ്വാസത്തിൽ മാമോദീസ നല്കി. അധികം കഴിയുന്നതിനുമുൻപ് കുട്ടി മരിക്കുന്നു. ചക്രവർത്തി വീണ്ടും ബസേലിയോസിനെ നാടുകടത്താനായി ഉത്തരവ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഒപ്പിടുന്നതിനായി പേന കൈയിലെടുത്തപ്പോൾ അത് താഴെവീണ് മൂന്നായി ഒടിഞ്ഞു എന്ന ഒരു കഥയും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.

ബിഷപ്പുമാർക്കൊരു മാതൃക

വി. അത്തനേഷ്യസിനുശേഷം പൗരസ്ത്യ റോമൻ സാമ്രാജ്യത്തിൽ ആര്യൻ പാഷണ്ഡതകൾക്കെതിരെ വിശ്രമമില്ലാതെ പോരാടിയ സത്യവിശ്വാസത്തിന്റെ മുന്നണിപ്പോരാളിയായ ബസേലിയോസ് എല്ലാ നന്മകളുടെയും സംഗ്രഹമായിരുന്നു. ഒരു പണ്ഡിതനായ ദൈവശാസ്ത്രജ്ഞൻ, സംഘാടകൻ, ഇരുത്തം വന്ന പ്രസംഗകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വിളങ്ങി. വ്യക്തിജീവിതത്തിൽ സന്യാസചൈതന്യം നിലനിർത്തുകയും പാവങ്ങളോടുള്ള സ്നേഹത്തിൽ തനിക്കുള്ളതെല്ലാം അവർക്ക് നൽകുകയും ചെയ്തു. സമ്പന്നരോട് അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: “നമ്മുടെ അത്യാവശ്യജീവിതത്തിന് വേണ്ടതെല്ലാം കഴിഞ്ഞുള്ളത് ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ ഒരുമ്പെടുമ്പോൾ നമ്മുടെ ഇടയിൽ പാവപ്പെട്ടവനോ, പണക്കാരനോ എന്ന വ്യത്യാസം ഇല്ലാതാകും.”

എല്ലാത്തിലുമുപരിയായി വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ പ്രബോധങ്ങളെല്ലാം തന്നെ. എന്നിരുന്നാലും സഭാപിതാക്കന്മാരിൽ ആദ്യമായി പുറജാതികളുടെ ഇതിഹാസകൃതികൾ പഠിക്കണമെന്നു നിർദേശിച്ച അദ്ദേഹത്തിന്റെ തുറവി കാലത്തിന് അതീതവുമായിരുന്നു.

വലിയ പ്രതിസന്ധികളെ സഭയ്ക്കകത്തും പുറത്തും നേരിട്ടപ്പോഴും ഭക്തജീവിത പ്രോത്സാഹനവും ആരാധനക്രമ നവീകരണവും സഭയിൽ അച്ചടക്കം നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളും തന്റെ അജപാലന ശുശ്രൂഷയിൽ വരുന്ന വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളുടെ നടത്തിപ്പും ബസേലിയോസ് അതീവശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോയി. കേവലം ഒൻപതു വർഷം മാത്രമാണ് അദ്ദേഹം മേൽപട്ടസ്ഥാനം അലങ്കരിച്ചത്. എന്നിരുന്നാലും കത്തോലിക്കാ വിശ്വാസത്തിന്റെ മാതൃകയാക്കി തന്റെ രൂപതയെ അദ്ദേഹം പരിവർത്തനപ്പെടുത്തി. എക്കാലത്തെയും മെത്രാന്മാരുടെ ഒരു മാതൃകയായിട്ടാണ് വി. ബസേലിയോസിനെ സഭ അവതരിപ്പിക്കുന്നത്.

മരണം, വിശുദ്ധൻ, വേദപാരംഗതൻ

കഠിനാധ്വാനിയായിരുന്ന ബസേലിയോസിന്റെ ജീവിതത്തിൽ ധാരാളം സഹനങ്ങളും കൂടെപ്പിറപ്പായി ഉണ്ടായിരുന്നു. ആര്യനിസത്തെ പരാജയപ്പെടുന്നതിന് നേതൃത്വം നൽകിയ വി. അത്തനേഷ്യസ് 373 ലും, നീസായിലെ ഗ്രിഗറി (Gregory of Nazianzus the Elder) 374 ലും ഈ ലോകത്തിൽനിന്നും യാത്രയായത് ബസേലിയോസിനെ വല്ലാതെ ഉലച്ചു. അന്ത്യോഖ്യൻ സഭയിലെ വിശ്വാസ സംബന്ധപ്രശ്നങ്ങളും ഗോത്തിക്ക് വംശജർ റോമൻ സാമ്രാജ്യത്തെ അക്രമിച്ചതും തന്റെ ആവശ്യങ്ങളോടുള്ള റോമൻ സഭയുടെ തണുത്ത പ്രതികരണങ്ങളും അദ്ദേഹത്തിന് ദുഃഖം സമ്മാനിച്ചിട്ടുണ്ട്. തന്റെ സഭയ്ക്കുവേണ്ടിയുള്ള നീണ്ട അധ്വാനങ്ങൾ വൃഥാവിലായോ എന്ന ചിന്ത അവസാനകാലങ്ങളിൽ അദ്ദേഹത്തെ അലട്ടിയിരുന്നു.

എ. ഡി. 379 ജനുവരി ഒന്നിന് സഭയുടെ എക്കാലത്തെയും ജ്വലിക്കുന്ന താരങ്ങളിലൊരാളായ മഹാനായ വി. ബസേലിയോസ് തന്റെ നാല്പത്തിയൊൻപതാം വയസ്സിൽ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. അദ്ദേത്തിന്റെ ഭൗതീകശരീരം ദർശിക്കുന്നതിനായി സഭാവിശ്വാസികൾ കൂടാതെ യഹൂദന്മാരും പുറജാതികളും വിദേശികളും ഉൾപ്പെടുന്ന അനേകം ജനങ്ങൾ വന്നു എന്ന് ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പൗരസ്ത്യസഭകളിൽ ജനുവരി ഒന്നിനും പാശ്ചാത്യസഭയിൽ ജനുവരി രണ്ടിനുമാണ് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. ഇതുകൂടാതെ പൗരസ്ത്യസഭകളിൽ വി. ബസേലിയോസ്, വി. ഗ്രിഗോറിയോസ്, വി. ജോൺ ക്രിസോസ്റ്റം എന്നിവരുടെ തിരുനാൾ ജനുവരി മുപ്പതിന് സംയുക്തമായി ആഘോഷിക്കപ്പെടുന്നു.

ബസീലിയൻസ്, ഗ്രിഗോറിയൻസ്, ഇവാനിയൻസ് എന്നീ മൂന്ന്ന്നു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി എ. ഡി. 1081 ൽ ജോൺ മവ്‌റോപൂസ് (പിന്നീട് ബിഷപ്പ്) എന്ന വിശുദ്ധനായ സന്യാസി തനിക്ക് ഇവർ മൂന്നുപേരും പ്രത്യക്ഷപ്പെട്ട് സ്വർഗത്തിൽ തുല്യസ്ഥാനീയരാണെന്ന് വെളിപ്പെടുത്തി എന്ന് അവകാശപ്പെടുകയും അങ്ങനെ മൂന്നുപേരുടെയും തിരുനാൾ ഒരുമിച്ച് ആഘോഷിക്കാൻ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ജോൺ മുകൈയ്യെടുക്കുകയും ചെയ്തു. എ. ഡി. 1568 ൽ പിയൂസ് അഞ്ചാമൻ മാർപാപ്പ ജോൺ ക്രിസോസ്റ്റം, നിസ്സായിലെ ഗ്രിഗറി, അലക്‌സാൻഡ്രിയായിലെ അത്തനേഷ്യസ് എന്നിവരോടൊപ്പം മഹാനായ വി. ബസേലിയോസിനെയും സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തി.

ദൈവശാസ്ത്ര സംഭാവനകൾ

വി. ബസേലിയോസിന്റെ രചനകളെ പഠനസൗകര്യത്തിനായി താഴെപ്പറയുന്ന രീതിയിൽ വിഭജിച്ചിരിക്കുന്നു.

1. പ്രാമാണിക പഠനങ്ങൾ

2. വ്യാഖ്യാനകൃതികൾ

3. താപസജീവിതം

4. പ്രസംഗങ്ങൾ

5. ലേഖനങ്ങൾ

6. ആരാധനക്രമ രചനകൾ

വി. ബസേലിയോസിന്റെ കൃതികൾ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ ക്രിസ്തീയവിശ്വാസികളെ കൂടാതെ പുറജാതികളും ധാരാളമായി വായിച്ചിരുന്നു. ആശയസമ്പുഷ്ടവും രചനാശൈലിയിലും ഉന്നതനിലവാരം പുലർത്തിയ ഈ കൃതികൾ തന്റെ സഭ നേരിട്ടിരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള മാർഗങ്ങളായിരുന്നു. ഇതിൽ ഏറ്റം പ്രധാനമായത് ആര്യൻ പാഷണ്ഡതയെ പ്രതിരോധിക്കുന്ന പുസ്തകങ്ങൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവ ആയിരുന്നു. കൂടാതെ, സാധാരണ ക്രിസ്തീയവിശ്വാസികളുടെ ധാർമികനിലവാരം ഉയർത്തുന്ന തരത്തിലുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്ന കൃതികളും അദ്ദേഹം രചിച്ചു. ഒരിജിന്റെ കൃതികളെ ബസേലിയോസ് വളരെയധികം ആദരിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ആധ്യാത്മികമാനം വെളിവാക്കുന്ന ഭാഷ്യങ്ങൾ തയ്യാറാക്കിയത്.

പരിശുദ്ധാത്മാവിനെ സംബന്ധിച്ചുള്ള കൃതികളാണ് വി. ബസേലിയോസിന്റെ ഏറ്റവും പ്രധാന ഗ്രന്ഥങ്ങൾ. ആര്യനിസത്തിന്റെയും അതിനുശേഷവും ഉടലെടുത്ത ദൈവശാസ്ത്ര പ്രശ്നങ്ങൾക്കുള്ള ഉത്തരമായി പരിശുദ്ധാത്മാവിന്റെ ദൈവത്വം വെളിവാക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടവയാണ് ഇവ. ആര്യനിസത്തിന്റെ കടുത്ത വക്താവായിരുന്ന സിസിക്കൂസിലെ എവ്ണോമിയൂസിനെതിരെ എഴുതിയ മൂന്ന് ഗ്രന്ഥങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഈ പുസ്തകം എഴുതിയത് മാസിഡോണിയൻ ദൈവശാസ്ത്രജ്ഞർ പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിക്കുന്ന പ്രബോധനങ്ങൾ നടത്തിയപ്പോഴാണ്. “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ” എന്ന പ്രാർഥന അദ്ദേഹം മിക്കപ്പോഴും ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ കൃതിയിൽ പരിശുദ്ധാത്മാവിന്റെ ദൈവത്വം അദ്ദേഹം അടിവരയിട്ടു സമർഥിക്കുന്നു.

ബസേലിയോസ് ഒരു പേരുകേട്ട പ്രസംഗകൻ കൂടി ആയിരുന്നു. ‘ആറു ദിനങ്ങളിലെ സൃഷ്ടി’ (Hexaëmeron) എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നോമ്പുകാല പ്രസംഗങ്ങൾ, സങ്കീർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയിരിക്കുന്ന വിചിന്തനങ്ങൾ തുടങ്ങിയവ വളരെ പ്രധാനപ്പെട്ടതാണ്. ഇവയിൽ ബസേലിയോസിന്റെതായ 24 പ്രസംഗങ്ങൾ പിൽക്കാല തലമുറയ്ക്ക് ലഭ്യമാണ്. ഇത് ക്രിസ്തീയപ്രസംഗരിൽ ഒരു പ്രമുഖസ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുത്തു. ധനത്തെക്കുറിച്ചും പുറജാതി സാഹിത്യത്തെക്കുറിച്ചും അദ്ദേഹം തന്റെ ജനത്തെ ബോധവത്ക്കരിച്ചിട്ടുണ്ട്.

വി. ജോൺ ക്രിസോസ്റ്റത്തെപ്പോലെ പാവങ്ങൾക്കുവേണ്ടി എപ്പോഴും വാദിച്ചിരുന്ന ബിഷപ്പായിരുന്നു വി. ബസേലിയോസും. ഒരിക്കൽ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു: “നിങ്ങൾ കരുതിക്കൂട്ടി വച്ചിരിക്കുന്ന ഉപയോഗിക്കാത്ത അപ്പം പാവങ്ങളുടേതാണ്; നിങ്ങളുടെ പെട്ടിയിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന വസ്ത്രം നഗ്നരുടേതാണ്; നിങ്ങളുടെ സ്വകാര്യമുറിയിൽ പൊടിപിടിച്ചിരിക്കുന്ന പാദരക്ഷകൾ ചെരുപ്പില്ലാതെ നടക്കുന്നവരുടേതാണ്; ഭൂമിയിൽ നിങ്ങൾ കുഴിച്ചിട്ടിരിക്കുന്ന സ്വർണ്ണം പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്.”

എ. ഡി. 368 ലെ ക്ഷാമ കാലത്ത് എഴുതപ്പെട്ട കൊള്ളപലിശയ്ക്ക് എതിരെയുള്ള ലേഖനം ധാർമികവിഷയങ്ങളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രബോധനമാണ്. അദ്ദേഹം രക്തസാക്ഷികളെക്കുറിച്ചും തിരുശേഷിപ്പുകളെക്കുറിച്ചും ആധികാരികമായി എഴുതിയിട്ടുണ്ട്. ചെറുപ്പക്കാരോട് സാഹിത്യകൃതികൾ വായിക്കണമെന്ന് പറഞ്ഞ് എഴുതുത്തിയിരിക്കുന്നത് തന്റെതന്നെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

‘മഹാനായ വി. ബസേലിയോസിന്റെ ആരാധനക്രമം’ പൗരസ്ത്യ കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിൽ ഇന്നും ഉപയോഗത്തിലിരിക്കുന്നതാണ്. ബസേലിയോസിന്റെ പേരിലുള്ള പല അനാഫൊറകളും ഉണ്ട്. ബൈസന്റീൻ, കോപ്റ്റിക്ക് സഭകളിലാണ് ഇവ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ജോൺ ക്രിസോസ്റ്റത്തിന്റെ ആരാധനക്രമം കൂടുതലായി ഉപയോഗിക്കുന്ന ബൈസന്റീൻ സഭകളിലും ആരാധനക്രമ വർഷത്തിൽ പത്തുപ്രാവശ്യമെങ്കിലും ബസേലിയോസിന്റെ ആരാധനക്രമം ഉപയോഗിക്കുന്നു. ബസേലിയോസിന്റെ തിരുനാൾ ദിനമായ ജനുവരി ഒന്ന്, വലിയ നോമ്പിലെ ഞായറാഴ്‌ചകൾ, പെസഹാവ്യാഴം, ദുഃഖശനി, ക്രിസ്തുമസ് രാവ്, എപ്പിഫനി എന്നീ ദിനങ്ങളാണ് ഇത് ഉപയോഗിക്കുന്നത്. അനുതാപപരമായ പ്രാർഥനകൾ അദ്ദേഹത്തിന്റെ രചനയിൽ കൂടുതലായി കാണുന്നതുകൊണ്ടാണ് നോമ്പുകാലത്ത് അത് ഉപയോഗിക്കുന്നത്.

അദ്ദേഹത്തിന്റെ രചനകൾ നമ്മോടു പറയുന്നത് ഒരു നല്ല ക്രിസ്തീയ ബിഷപ്പിന്റെ ജീവിതകഥയാണ്. ദൈവീക കർമങ്ങൾക്ക് അനുയോജ്യരല്ലാത്തവരെ പൗരോഹിത്യത്തിലേക്ക് അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. ഒരു പുരോഹിതൻ എങ്ങനെ ആയിരിക്കണമെന്ന് പരിശീലനകാലത്തു തന്നെ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികൾ അദ്ദേഹം ആവിഷ്ക്കരിച്ചു. തന്റെ സാമന്തരൂപതകളിലെ ബിഷപ്പുമാർ കൈക്കൂലിയുടെ പ്രലോഭങ്ങളിൽ വീഴാതിരിക്കാൻ അവരെ താക്കീത് ചെയ്തിരുന്നു. തെറ്റുകാരെ ശാസിക്കുകയും വീഴുന്നവരെ പിടിച്ചെഴുന്നേൽപിക്കുകയും പശ്ചാത്തപിക്കുന്നവരോട് കരുണ കാട്ടുകയും ചെയ്തിരുന്ന അസാധാരണ ദൈവീക വ്യക്തിത്വമായിരുന്നു ബസേലിയോസിന്റേത്.

ഉപസംഹാരം

വിജയകരമായി ബസേലിയോസിനെ എതിർക്കുന്നതിന് ആർക്കും സാധിക്കുമായിരുന്നില്ല. അതിന്റെ കാരണം അദ്ദേഹം ശാന്തനും നിഷ്‌ഠയോടെ ജീവിക്കുന്നവനും ഭയമില്ലാത്തവനും പ്രമാണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തവനും ആയിരുന്നു. ചക്രവർത്തിയുടെ മുൻപിൽ വിശ്വാസകാര്യങ്ങളിൽ തലകുനിക്കാൻ തയ്യാറല്ലാതിരുന്ന ബസേലിയോസിന്റെ മുൻപിൽ മറ്റുള്ളവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല. അന്നുവരെ നിലവിലിരുന്നതിൽനിന്നും വ്യത്യസ്തമായ ഒരു ജീവിതശൈലിയിലൂടെ ക്രിസ്തീയജീവിതത്തിന്റെ അന്തസത്ത ലോകത്തിനു കാട്ടിക്കൊടുത്ത വിശുദ്ധനാണ് ബസേലിയോസ്.

പ്രാർഥനയിൽ വിശുദ്ധ ജീവിതം നയിച്ച സന്യാസികൾ ബസേലിയോസിന്റെ നേതൃത്വത്തിൽ അജപാലനദൗത്യവും ഏറ്റെടുത്തു. ആശുപത്രി നടത്തിപ്പും രോഗീസന്ദർശനവും വിദ്യാഭ്യാസപ്രവർത്തനങ്ങളും സന്യാസ ദൈവവിളിയുടെ ഭാഗമായി മാറി. സത്യവിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളി ആയിരുന്നപ്പോഴും അദ്ദേഹം എഴുതി: “ക്രിസ്തുവിനെ സേവിക്കുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിഭജിതസഭകൾ തമ്മിലുള്ള ഐക്യത്തിനായി പരിശ്രമിക്കുക എന്നതാണെന്നാണ് എന്റെ ചിന്ത.”

വി. ബസേലിയോസ് നിരന്തരം ചൊല്ലിയിരുന്ന ഈ പ്രാർഥന നമ്മെയും ബലപ്പെടുത്തും: “ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. കാറ്റിൽ ഇളകിയാടുന്ന ഞങ്ങളുടെ ആത്മാക്കളുടെ ജീവിതവഞ്ചി ശാന്തതയുടെ തുറമുഖമായ അങ്ങിലേക്ക് ആനയിക്കുക. മുമ്പോട്ടുള്ള യാത്രയിൽ ഞങ്ങൾ തിരഞ്ഞെടുക്കേണ്ടുന്ന വഴി അവിടുന്ന് കാണിക്കുക. അങ്ങയുടെ ആത്മാവിന്റെ വശ്യതയിൽ ഞങ്ങളെ നവീകരിച്ച് ഞങ്ങളുടെ ആത്മാവിന്റെ ചാഞ്ചല്യത്തെ നിയന്ത്രിക്കുക. നന്മയായതു ചെയ്യാൻ ഞങ്ങളെ ബലപ്പെടുത്തുക. അങ്ങനെ അങ്ങയുടെ കൽപനകൾ പാലിച്ച് അവിടുത്തെ മഹത്വപൂണ്ണവും സജീവവുമായ സാന്നിധ്യത്തിൽ ഞങ്ങൾ നിരന്തരം ആനന്ദിക്കട്ടെ. സ്തുതിയും സ്തോത്രവും എന്നേക്കും അങ്ങേയ്ക്കുള്ളതാകുന്നു. ആമ്മേൻ.”

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.