ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് വെടിയേറ്റ ദിനം: സങ്കടകരമായ ആ ഓർമകളിലൂടെ

1981 മെയ് 13, വസന്തകാലത്തിലെ ശാന്തമായ ഒരു മധ്യാഹ്നം. തുര്‍ക്കി വംശജനായ മെഹ്മത് അലി അഗ്ക (Mehmet Ali Agka) എന്ന 23 വയസ്സുകാരന്‍ കാസ്റ്റല്‍ സെന്റ് ആഞ്ചലോയ്ക്കു സമീപമുള്ള പെന്‍സിയോണെ ഇസ (Pensione Isa) യില്‍നിന്ന് പുറത്തിറങ്ങി. വി. പത്രോസിന്റെ ചത്വരത്തില്‍ ജോണ്‍ പോള്‍ പാപ്പയെ സന്ദര്‍ശിക്കാനെത്തിയ 20,000 പേരില്‍ ഒരുവനായിട്ടാണ് നാം അയാളെ തുടര്‍ന്നു കാണുന്നത്. അഗ്കയെ നാം ശ്രദ്ധിക്കാന്‍ കാരണം മറ്റ് 20,000 പേരിൽ ഒരുവനല്ല ഇദ്ദേഹം എന്നതാണ്.

രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് 1979 ഫെബ്രുവരി ഒന്നാം തീയതി ഇസ്താംബുളിലെ മില്ലിയെറ്റ് (The Milliyet) ദിനപ്പത്രത്തിന്റെ എഡിറ്ററായ അബ്ദി ഇപെക്ചിയെ (Abdi Ipekci) കൊല ചെയ്തയാളായിരുന്നു ഇയാള്‍. എന്നാല്‍ 1979 ലെ വിചാരണയില്‍ അദ്ദേഹം കുറ്റം നിരസിച്ചിരുന്നു. നവംബര്‍ 23 ന് വിചാരണ തീരുംമുമ്പേ കാര്‍ട്ടല്‍ മള്‍ട്ടെപ്പെ തടവറയുടെ അതീവസുരക്ഷ ഭേദിച്ച് ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ അയാള്‍ പുറത്തുചാടുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം മില്ലിയറ്റ് ദിനപ്പത്രത്തിന് ഒരു കത്ത് പോസ്റ്റ് ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം നവംബര്‍ 28 നുള്ള തുര്‍ക്കി സന്ദര്‍ശനമെന്ന സാഹസത്തിനു മുതിര്‍ന്നാല്‍ അത് അവിവേകമായിരിക്കുമെന്ന ഭീഷണിയായിരുന്നു ഈ കത്തില്‍.

ഈ അവസരത്തില്‍ 1980 ഏപ്രില്‍ മാസം  കുറ്റവാളിയുടെ അഭാവത്തില്‍ നടന്ന വിചാരണയില്‍ തുര്‍ക്കി കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. തുര്‍ക്കി അധികാരികള്‍ക്കോ, അന്താരാഷ്ട്ര സുരക്ഷാസേനകള്‍ക്കോ അദ്ദേഹത്തെ കണ്ടെത്താനായില്ല. തികച്ചും ദരിദ്രമായ കുടുംബത്തില്‍പ്പിറന്ന അഗ്ക പക്ഷേ ഇറാന്‍, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലണ്ട്, ജർമനി, ടുണിഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സോവിയറ്റ് യൂണിയന്‍ പ്രദേശത്തും സന്ദര്‍ശനം നടത്തിയിരിക്കണമെന്ന സൂചനകളുണ്ട്.

മെയ് ഒൻപതിന് പെന്‍സിയോണെ ഇസയില്‍ എത്തുന്നതിനുമുമ്പ് അഗ്കയ്ക്കുവേണ്ടി മുറി ബുക്ക് ചെയ്തുകൊണ്ട് ഒരു ഫോണ്‍ സന്ദേശം എത്തിയിരുന്നു. മെയ് 11 നും 12 നും അയാള്‍ സെന്റെ പീറ്റേഴ്സ് സ്ക്വയര്‍ സന്ദര്‍ശിച്ച് സ്ഥലസാഹചര്യങ്ങളെക്കുറിച്ചു  മനസ്സിലാക്കി. 13 ന് ഉച്ചയോടെ ആയിരക്കണക്കിന് തീർഥാടകരിലൊരുവനായി ‘സമാശ്വാസത്തിന്റെ പാത’ എന്ന അർഥമുള്ള ‘വിയ ദെല്ല കോൺചെല്ലസിയോനെ’ (Via della Concillazione) തെരുവിലൂടെ നടന്ന് മരംകൊണ്ടു നിർമ്മിച്ച ചെറിയ ബാരിക്കേഡുകള്‍ സ്ഥാപിച്ച വി. പത്രോസിന്റെ ചത്വരത്തില്‍ പരിശുദ്ധ പിതാവിന്റെ വരവ് കാത്ത് ആദ്യത്തെ നിര തീർഥാടകര്‍ക്ക് തൊട്ടുപിറകില്‍ മാര്‍പാപ്പ സഞ്ചരിക്കുന്നതിന് ഏകദേശം പത്തടി ദൂരത്തില്‍ മാത്രം അയാള്‍ നിന്നു.

1981 മെയ് മാസം കരോള്‍ വോയ്റ്റിവ ക്രാക്കോ യൂണിവേഴ്സിറ്റിയിലായിരിക്കുമ്പോള്‍ സ്ഥാപിച്ച സ്രോദോവിസ്കോ (Srodowisko) എന്ന യുവസംഘടനയില്‍ ദീര്‍ഘകാലം അംഗങ്ങളായിരുന്ന തെരെസ ഹെയ്ഡല്‍ സിസ്കോവ്സകയും (Teresa Heydel Zyczkowskis) ഭര്‍ത്താവും അന്ന് തങ്ങളുടെ പ്രിയസുഹൃത്തിനെ കാണാന്‍ എത്തിയിരുന്നു. മെയ് ഒൻപതിനും 12 നും അവര്‍ മാര്‍പാപ്പയോടൊപ്പം പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. അദ്ദേഹം പതിവ് പോലെ പ്രസന്നവദനനായി കാണപ്പെട്ടു. വൈകുന്നേരം അഞ്ചുമണി ആകുന്നതിനുമുമ്പേ തെരേസ മാര്‍പാപ്പയുടെ പൊതുസന്ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ വി. പത്രോസിന്റെ ചത്വരത്തിലെത്തി.

മെയ് 13 ജോണ്‍ പോള്‍ പാപ്പ ഉച്ചഭക്ഷണം കഴിച്ചത് പ്രൊഫ. ജെറോം ലെഴൂണിനും (Jérôme Lejeune) പത്നിക്കുമൊപ്പമായിരുന്നു. ലെയൂണ്‍ ഒരു ഫ്രഞ്ച് ജനിതകശാസ്ത്രജ്ഞനാണ്. ഡൗണ്‍ സിന്‍ഡ്രോമിനു കാരണാകാവുന്ന ക്രോമോസോമിലുള്ള അസ്വഭാവികതകളെക്കുറിച്ച് കണ്ടെത്തിയത് അദ്ദേഹമാണ്. പ്രോ-ലൈഫ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയുമായിരുന്നു പ്രൊഫസർ. മെയ് 13 വൈകുന്നേരം അഞ്ചു മണി. പാപ്പ മൊബൈല്‍, ഒരു ചെറിയ തുറന്ന ജീപ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കു പ്രവേശിച്ചു. പുഞ്ചിരിക്കുന്ന മുഖവുമായി, നിവര്‍ന്നുനിന്ന് കൈകള്‍ വീശി തന്നെ കാത്തിരിക്കുന്ന തീർഥാടകരുടെ നടുവിലേക്ക് പാപ്പയെ വഹിച്ചുകൊണ്ട് വാഹനം കടന്നുവന്നു. ബാരിക്കേഡുകള്‍ക്കിടയിലൂടെ മാര്‍പാപ്പ കുഞ്ഞുങ്ങളെ ആശീര്‍വദിക്കാനായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്കിടയിലൂടെ വാഹനം സാവധാനത്തില്‍ നീങ്ങിക്കൊണ്ടിരുന്നു. ഒരു കുഞ്ഞിനെ കൈകളിലെടുത്ത് ആശീര്‍വദിച്ച് മാതാപിതാക്കളുടെ കൈകളില്‍ തിരിച്ചേല്പിച്ചതിനുശേഷം പാപ്പ മൊബൈല്‍ മുന്നോട്ടുനീങ്ങി.

സമയം 5.13. തീർഥാടകര്‍ക്കൊപ്പം നിന്നിരുന്ന തെരേസ ഒരു ശബ്ദം കേട്ടു. പൊടുന്നനെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നൂറുകണക്കിന് പ്രാവുകള്‍ ഭീതിയുണര്‍ത്തുന്നവിധം ചിറകടിച്ച് സായാഹ്നസൂര്യന്റെ വിജനതയിലേക്ക് പറന്നകന്നു. മെഹ്മത് അലി അഗ്ക കയ്യിലിരുന്ന 9 എം. എം. ബ്രൗണിങ് സെമി-ഓട്ടൊമാറ്റിക് പിസ്റ്റളില്‍നിന്ന് രണ്ട് വെടിയുണ്ടയാണ് ഉതിര്‍ത്തത്. വെടിയുണ്ടയേറ്റ് ജോണ്‍ പോള്‍ പാപ്പ, സെക്രട്ടറി മോണ്‍സിഞ്ഞോര്‍ ജ്വിവിസിന്റെ (Monsignor Dziwisz) കൈകളിലേക്ക് മറിഞ്ഞുവീണു. ഒരു നിമിഷം പുഞ്ചിരിച്ച് ജനങ്ങള്‍ക്കരികിലേക്കു കടന്നുവന്ന പാപ്പ തൊട്ടടുത്ത നിമിഷം ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴ്ച തീർഥാടകരെ നടുക്കി.

അടുത്ത നിമിഷംതന്നെ അദ്ദേഹത്തെ അവര്‍ ആംബുലന്‍സില്‍ കയറ്റി. നാലു മൈല്‍ ദൂരമുള്ള ജെമെല്ലി ക്ലിനിക്കായിരുന്നു ലക്ഷ്യം. സാധാരണഗതിയില്‍ 25 മിനിറ്റോളമെടുക്കുന്ന ദൂരം അന്ന് എട്ടു മിനിറ്റിനുള്ളില്‍ ആംബുലന്‍സിലെത്തി. ആശുപത്രിയിലെത്തുന്നതുവരെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. അവിടെക്കിടന്ന് അദ്ദേഹം പ്രാർഥിച്ചുകൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ അദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിയപ്പോഴും ആകെ സംശയാവസ്ഥയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായിരുന്നില്ല. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽനിന്ന് ജമെല്ലി ആശുപത്രിയിൽ എത്തിയ സന്ദേശം, “Il Papa è stato colpito” (The Pope had been ‘hit’) എന്നുമാത്രമാണ്. എന്നാല്‍ ഇത് അപകടമാണോ, ഹൃദയസ്തംഭനമാണോ, മര്‍ദനമേറ്റതാണോ എന്നൊന്നും തീര്‍ച്ചയില്ലായിരുന്നു. അതിനാല്‍ പത്താം നിലയിലാണ് അദ്ദേഹത്തിന് അവര്‍ ചികിത്സയൊരുക്കിയിരുന്നത്. എന്നാല്‍ അപകടാവസ്ഥയില്‍ അദ്ദേഹത്തെ അവിടെ എത്തിക്കാനാകില്ലെന്ന് കരുതിയതിനാല്‍ ഒമ്പതാം നമ്പര്‍ മുറിയിലേക്കുമാറ്റി. മോണ്‍സിഞ്ഞോര്‍ ജ്വിവിറ്റ്സ് അദ്ദേഹത്തിന് രോഗിലേപനം നല്‍കി.

ജെമെല്ലി ക്ലിനിക്കിലെ പ്രധാന സര്‍ജന്മാരിലൊരാളായ ഡോ. ഫ്രാന്‍ചെസ്ക, വിയ ഔറേലിയയിലെ മറ്റൊരു ആശുപത്രിയിലായിരിക്കുമ്പോഴാണ് മാര്‍പാപ്പയ്ക്ക് വെടിയേറ്റെന്ന് കേള്‍ക്കുന്നത്. അദ്ദേഹം പുറത്തേക്കോടി തന്റെ കാറില്‍ക്കയറി, രണ്ട് വരിപ്പാതയില്‍ റോങ് സൈഡിലൂടെ കുതിച്ചുപാഞ്ഞു. അപകടാവസ്ഥയില്‍ വരുന്ന തന്റെ വാഹനത്തിനുനേര്‍ക്ക് സബ്മെഷീന്‍ ഗണ്ണുമായി പ്രകോപിതനായി പാഞ്ഞെത്തിയ ഒരു പൊലീസുദ്യോഗസ്ഥനോട് അലറിവിളിച്ച് പറഞ്ഞ് ആശുപത്രിയിലേക്കു കുതിച്ചു. അപ്പോള്‍ അദ്ദേഹംതന്നെ പറഞ്ഞതനുസരിച്ച്, ദൈവികജ്ഞാനം നിറഞ്ഞ ഏതോ ഒരു അജ്ഞാതൻ തന്റെ വരവ് കാത്ത് താഴത്തെ നിലയിലേക്ക് എല്ലാ എലവേറ്ററുകളും എത്തിക്കാൻ മേല്‍നോട്ടക്കാരോട് ഫോണ്‍ ചെയ്ത് ക്രമീകരിച്ചിരുന്നു. ഒമ്പതാം നിലയിലെത്തി ദേഹം വൃത്തിയാക്കുന്ന സമയത്തിനുള്ളില്‍ സഹായികള്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, നഴ്സുമാര്‍ സര്‍ജിക്കല്‍ ഗൗണും ഷൂസും ധരിപ്പിച്ചു. മാര്‍പാപ്പയ്ക്കരികില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍ സ്ഥിതി വ്യക്തമാക്കി. പ്രഷര്‍ 80-70 ഇനിയും താഴ്ന്നുകൊണ്ടിരിക്കുന്നു. ഡോ. ഫ്രാന്‍ചെസ്കോ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ അനസ്തേഷ്യ നല്‍കി കിടത്തിയിരിക്കുന്ന മാര്‍പാപ്പയ്ക്കരികിലെത്തി.

അഗ്കയുടെ തോക്കില്‍ നിന്നുതിര്‍ന്ന ബുള്ളറ്റ് ജോണ്‍ പോള്‍ പാപ്പയുടെ ഉദരം താറുമാറാക്കിയിരുന്നു. ഓപ്പറേഷന്‍ തീയറ്ററിലെത്തി ജോലി തുടങ്ങിയ ഡോ. ഫ്രാന്‍ചെസ്കോ കണ്ടത് ശരീരത്തിനുള്ളില്‍ നിറഞ്ഞു പടര്‍ന്നുകിടക്കുന്ന രക്തം. അത് സക്ഷന്‍ ചെയ്ത് പുറത്ത് കളഞ്ഞു. ആന്തരിക രക്തസ്രാവത്തിനു കാരണമായ മുറിവ് ഉടനടി കണ്ടെത്തി. രക്തസ്രാവം നിലച്ചതോടെ പള്‍സും രക്തസമ്മര്‍ദവും സാധാരണഗതിയിലായി. ശസ്ത്രക്രിയ നടത്താമെന്ന നിലയില്‍ കാര്യങ്ങളെത്തി. ശസ്ത്രക്രിയയില്‍ കുറെ മുറിവുകള്‍ കണ്ടെത്താനായി. ഒരെണ്ണം വെടിയുണ്ട തുളച്ചുകയറിയതിന്റെയും ബാക്കിയുള്ളവ ശരീരത്തില്‍ കയറിയ വെടിയുണ്ട ചീളുകളായി ഉള്ളില്‍ പൊട്ടിച്ചിതറിയതിന്റെയും. വന്‍കുടലില്‍ സാരമായ മുറിവുണ്ടായിരുന്നു. അതിനോടുചേര്‍ന്ന് ആന്തരികാവയവങ്ങളിലായി അഞ്ച് ചെറിയ മുറിവുകളും. ആദ്യത്തെ ശസ്ത്രക്രിയയ്ക്കുതന്നെ കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും വേണമായിരുന്നു.

രാത്രിഎട്ടുമണി സമയം. ആദ്യത്തെ ഔദ്യോഗിക പത്രക്കുറിപ്പ് ജെമെല്ലി ആശുപത്രിയില്‍ നിന്നിറങ്ങി. പ്രതീക്ഷയ്ക്ക് വകയുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നു എന്നതായിരുന്നു ഈ കുറിപ്പില്‍ ഉണ്ടായിരുന്നത്. അനേകം തീർഥാടകര്‍ അപ്പോഴും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രാർഥനയോടും കണ്ണുനീരോടുംകൂടെ നില്‍പ്പുണ്ടായിരുന്നു. ഒരു പോളിഷ് തീർഥാടകസംഘം ബ്ലാക് മഡോണയുടെ അന്നേദിനം ചിത്രം തീർഥാടകര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. അവരിലൊരാള്‍ ഇതിലൊരു ചിത്രമെടുത്ത് പരിശുദ്ധ പിതാവ് അന്ന് ഇരിക്കേണ്ടതായിരുന്ന സിംഹാസനത്തില്‍ വച്ചു. മറ്റുള്ളവര്‍ ആ ചിത്രം എടുത്തുയര്‍ത്തി പ്രാർഥിച്ചുകൊണ്ടിരുന്നു. വസന്തകാലത്തിന്റെ ഒരു ചെറുകാറ്റ് ആ ചിത്രത്തെ തഴുകി കടന്നുപോയി. അതു കണ്ടുനിന്നിരുന്ന ഒരാളുടെ കണ്ണുകളില്‍ ആ ചിത്രത്തിനു പിറകിലെഴുതിയ പ്രാർഥന ചെന്നുപതിച്ചു. അയാള്‍ ചുണ്ടുകളില്‍ അത് മന്ത്രിച്ചു: ‘പരിശുദ്ധ അമ്മേ, പരിശുദ്ധ മാര്‍പാപ്പയെ സകല തിന്മകളുടെയും ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കണമേ.’ ഒരു പക്ഷേ, പരിശുദ്ധ പിതാവ് വെടിയേല്‍ക്കുന്നതിന് ദിവസങ്ങളോ, ആഴ്ചകളോ മുമ്പ് ആ ജനം പ്രാർഥിക്കുകയും അച്ചടിച്ച് ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നതായ പ്രാർഥന.

ജോണ്‍ പോള്‍ പാപ്പ പിന്നീട് പറഞ്ഞു: “ഒരു കൈ വെടിയുതിര്‍ത്തു. എന്നാല്‍, അതിലും ശക്തമായ മറ്റൊരു കരം അതിനെ തട്ടി മാറ്റി, പരിശുദ്ധ കന്യക മറിയത്തിന്റെ കരം.”

“അലി അഗ്ക എന്ന തികച്ചും പ്രൊഫഷനലായ രാജ്യാന്തരകുറ്റവാളി നിന്നിരുന്നത് പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ്. എന്നാല്‍ ഹൃദയത്തെ സ്പര്‍ശിക്കാതെ, നട്ടെല്ലിനും അപകടം സൃഷ്ടിക്കാതെ, എല്ലാ പ്രധാന ധമനികളെയും വിട്ടുമാറിയാണ് വെടിയുണ്ട ആ മനുഷ്യശരീരത്തിലൂടെ അന്ന് സഞ്ചരിച്ചത്. യഥാർഥത്തില്‍ അത് തൊട്ടരികിലെത്തി ഗതിമാറിപ്പോവുകയായിരുന്നുവെന്ന് പരിശുദ്ധ പിതാവ് വിശ്വസിക്കുന്നു. പരിശുദ്ധ അമ്മയുടെ സാന്നിധ്യം ആ സമയം തനിക്കരികില്‍ ഉണ്ടായിരുന്നെന്നും അമ്മയുടെ കരം തനിക്ക് സംരക്ഷണം നല്‍കിയെന്നും പരിശുദ്ധ പിതാവ് പിന്നീട് പറയുകയുണ്ടായി. ശരീരം തുളച്ച് പുറത്തുകടന്ന ആ വെടിയുണ്ട താഴെവീണു. രണ്ടാമത്തെ വെടിയുണ്ട അദ്ദേഹത്തിന്റെ കൈമുട്ടിന് സ്പര്‍ശിച്ച് കടന്നുപോയി അടുത്തുനിന്നിരുന്ന രണ്ട് അമേരിക്കന്‍ തീർഥാടകര്‍ക്ക് മുറിവേല്പിച്ചു.

മെയ് 17 ന് അദ്ദേഹം പരിശുദ്ധ കുർബാന അര്‍പ്പിച്ചു. മെയ് 18 ന് അദ്ദേഹത്തിന്റെ ശബ്ദം റേഡിയോയിലൂടെ ജനങ്ങളിലേക്കെത്തി. “എനിക്കൊപ്പം മുറിവേറ്റ രണ്ടുപേരോടൊപ്പം ഞാന്‍ ഹൃദയപൂര്‍വം ചേര്‍ന്നിരിക്കുന്നു. എനിക്കുനേരെ വെടിയുതിര്‍ത്ത വ്യക്തിയോട് പരിപൂര്‍ണ്ണമായും ക്ഷമിക്കുന്നു. പുരോഹിതനും മുറിവേല്പിക്കപ്പെട്ടവനുമായ ക്രിസ്തുവിനോടുചേര്‍ന്ന് സഭയ്ക്കും ലോകത്തിനുംവേണ്ടി ഈ സഹനങ്ങള്‍ കാഴ്ചവയ്ക്കുന്നു. പരിശുദ്ധ അമ്മേ, അമ്മയോട് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. പൂര്‍ണ്ണമായും ഞാന്‍ അങ്ങയുടേതാണ്.” മെയ് 20 സർജറിക്കുശേഷമുള്ള ആദ്യത്തെ ഉച്ചഭക്ഷണം കഴിച്ചു. ആഹാരത്തിനുശേഷം അദ്ദേഹവും മോൻസിഞ്ഞോർ ജ്യൂവിറ്റ്സും ഒരുമിച്ചു സ്തോത്രഗീതം ആലപിച്ചു.

തൊട്ടടുത്ത വര്‍ഷം മെയ് 13 ന് ഫാത്തിമാ നാഥയ്ക്കരികിലെത്തി കൃതജ്ഞത പ്രകാശിപ്പിച്ചു. തന്റെ ശരീരത്തില്‍ തറച്ച വെടിയുണ്ട സ്ഥാപിച്ച കിരീടവും അമ്മയ്ക്ക് കാഴ്ചവച്ചു. അദ്ദേഹത്തിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ജന്മദേശമായ ക്രാക്കോവിലാണ് സൂക്ഷിച്ചിട്ടുള്ളത്. അലി അഗ്കയെ തടവറയില്‍ സന്ദര്‍ശിച്ച് താന്‍ നിരുപാധികം ക്ഷമിച്ചതായും വ്യക്തമാക്കി.

പരിശുദ്ധ അമ്മയും അമ്മ സ്നേഹിക്കുകയും അമ്മയെ സ്നേഹിക്കുകയും ചെയ്ത പരിശുദ്ധ പിതാവ് ജോൺ പോൾ പാപ്പയും നമുക്ക് നൽകുന്ന വിശ്വാസം ചെറുതല്ല.

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ എം. സി. ബി. എസ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.