ക്രിസ്തുമസിന്റെ ബാഹ്യമായ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്ന ഒന്നാണ് ക്രിസ്തുമസ് ട്രീ. സാധാരണഗതിയിൽ അലങ്കരിച്ചു മനോഹരമാക്കിയ ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഇതിന്റെ പുറമേയുള്ള ഭംഗിയിലാണ് നാം ശ്രദ്ധവയ്ക്കുന്നത്. ക്രിസ്തുമസിന്റെ ചെതന്യവുമായി ബന്ധപ്പെട്ട് ധാരാളം അർഥങ്ങളും പ്രതീകങ്ങളും ഒളിഞ്ഞുകിടക്കുന്ന ഒന്നാണ് ക്രിസ്തുമസ് കാലം പ്രകാശിതമാകുന്ന ക്രിസ്തുമസ് ട്രീ.
പുരാതനകാലങ്ങളിൽ ക്രിസ്തുമസ് ട്രീയെ നന്മതിന്മകളുടെ വൃക്ഷത്തിന്റെ പ്രതീകമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ക്രിസ്തുമസ് ട്രീ എന്ന ആശയം ഉടലെടുക്കുന്ന കാലത്ത് ക്രിസ്ത്യാനികൾക്കിടയിൽ ക്രിസ്തുമസിനു മുന്നോടിയായി ഒരു ആഘോഷം നടന്നിരുന്നു. ആദത്തെയും ഹവ്വായെയും പറുദീസയിൽനിന്ന് പുറന്തള്ളിയതിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു പരിപാടി. ക്രിസ്തുവിന്റെ വരവിനുമുന്നോടിയായുള്ള ബൈബിൾചരിത്രത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒരു ആഘോഷം. ഡിസംബർ 24 -നാണ് അത്തരമൊരു ആഘോഷം നടത്തിയിരുന്നത്.
ഈ ആഘോഷത്തിൽ നന്മതിന്മകളുടെ, അറിവിന്റെ വൃക്ഷത്തെ സൂചിപ്പിക്കുന്നതിനായി അവർ ഒരു എവർഗ്രീൻ മരം തിരഞ്ഞെടുക്കും. അത് നടുക്കായി വയ്ക്കും. അതിന്റെചുറ്റും പഴങ്ങൾ തൂക്കിയിട്ട് അലങ്കരിക്കും. ഈ പഴങ്ങൾ ആദവും ഹവ്വായും ഭക്ഷിച്ച അറിവിന്റെ വൃക്ഷത്തിൽനിന്നുള്ള പഴത്തെയാണ് സൂചിപ്പിക്കുക. തുടർന്ന് ആ ചെടിയുടെ മുകളിലായി നക്ഷത്രം വയ്ക്കും. ബെത്ലഹേമിലേക്കുള്ള യാത്രയിൽ വഴികാട്ടിയായിനിന്ന നക്ഷത്രത്തെയാണ് അത് സൂചിപ്പിക്കുക. ഇങ്ങനെ തുടർന്നുപോന്നു.
ഈ ഒരു ആഘോഷത്തിനുശേഷം അവർ ക്രിസ്തുസ് ട്രീ ദൈവാലയങ്ങളിലേക്കും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കൊണ്ടുപോകുന്നു. പാപം ചെയ്ത്, പറുദീസാ നഷ്ടമായ ജനതയ്ക്കായുള്ള രക്ഷകന്റെ ആഗമനത്തെ സൂചിപ്പിക്കുന്ന പ്രതീക്ഷയുടെ വൃക്ഷമായി അത് നിലകൊണ്ടു. പിന്നീട് അവർ അതിന്റെ താഴെയായി ഈശോയുടെ ജനനം സൂചിപ്പിക്കുന്ന പുൽക്കൂട് നിർമ്മിക്കാൻതുടങ്ങി. അങ്ങനെ ആദിമാതാപിതാക്കളുടെ പാപംമൂലം ശിക്ഷയിലേക്കുവീണ മനുഷ്യവംശത്തെയും അവരെ രക്ഷിക്കാൻവരുന്ന രക്ഷകന്റെയും ഒക്കെ പ്രതീകമായി ക്രിസ്തുമസ് ട്രീ നമുക്ക് മുന്നില് തെളിഞ്ഞുനിൽക്കുന്നു.