![vathikan](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/vathikan.webp?resize=696%2C435&ssl=1)
റോമിലെ വത്തിക്കാൻ കുന്നിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണ്. യേശുക്രിസ്തുവിന്റെ മുഖ്യ അപ്പോസ്തലനും ആദ്യത്തെ മാർപാപ്പയുമായ വി. പത്രോസിന്റെ നാമത്തിലുള്ള ഈ ബസലിക്കയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതും.
ഈ സ്ഥലത്ത് നിർമ്മിച്ച രണ്ടാമത്തെ ബസലിക്കയാണിത്. നൂറ്റാണ്ടുകളുടെ പീഡനങ്ങൾക്ക് ക്രിസ്തുമതം നിയമവിധേയമായതിനുശേഷം നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി സ്ഥാപിച്ചതാണ് ആദ്യത്തേത്. അപചയം കാരണം, ആദ്യത്തെ ബസിലിക്ക പൊളിക്കപ്പെട്ടു. 1626 നവംബർ 18-ന് പ്രതിഷ്ഠിക്കപ്പെട്ട ഈ ബസിലിക്ക മനുഷ്യന്റെ ഏറ്റവും മികച്ച സർഗാത്മക പ്രതിഭയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. മഹത്വത്തിന്റെയും ശക്തിയുടെയും, പ്രാർഥനയുടെയും ഭക്തിയുടെയും, ദൈവിക കൃപയുടെയും സ്ഥലമാണിത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയെയും വത്തിക്കാനെയും കുറിച്ചുള്ള പത്ത് അത്ഭുതകരമായ വസ്തുതകൾ ചുവടെ ചേർക്കുന്നു.
1. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ
ഏകദേശം 44 ഹെക്ടർ വിസ്തൃതിയുള്ള, ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ. രാഷ്ട്രീയ ഇടപെടലുകളില്ലാതെ മാർപ്പാപ്പയ്ക്ക് പഠിപ്പിക്കാനും അപ്പസ്തോലിക പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.
2. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരു ബേസ്ബോൾ ഗെയിം കളിക്കാം
1656 നും 1667 നും ഇടയിൽ ജിയാൻ ലോറെൻസോ ബെർനിനി രൂപകൽപ്പന ചെയ്ത സെന്റ് പീറ്റേഴ്സ് സ്ക്വയർ 304 മീറ്റർ നീളവും 228 മീറ്റർ വീതിയും ഉള്ളതാണ്. 250,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഇത് വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ പറ്റുന്ന ബൃഹത്തായ ഒന്നാണ്.
3. 1981 വരെ സ്ക്വയറിൽ കന്യാമറിയത്തിന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല
1981 മെയ് 13-ന് വിശുദ്ധ ജോൺ പോൾ രണ്ടാമന് നേരെയുണ്ടായ വധശ്രമത്തെത്തുടർന്ന് മാർപാപ്പ, ഫാത്തിമ മാതാവിന്റെ ഇടപെടലാണ് അദ്ദേഹത്തിന്റെ അതിജീവനത്തിന് കാരണമെന്ന് പറഞ്ഞു. അതേത്തുടർന്ന് പരിശുദ്ധ അമ്മയോടുള്ള ബഹുമാനാർഥം, 1981 ഡിസംബറിൽ മാതാവിന്റെ മൊസൈക്ക് ചിത്രം സ്ഥാപിക്കാൻ പാപ്പ ഉത്തരവിട്ടു. ഇത് സ്ക്വയറിലെ ആദ്യത്തെ മരിയൻ ചിത്രമായി മാറി.
4. ബസിലിക്കയുടെ സെൻട്രൽ നേവ്
കാർലോ മഡെർനോ രൂപകൽപ്പന ചെയ്ത ബസിലിക്കയുടെ സെൻട്രൽ നേവ് 186 മീറ്റർ നീളമുള്ളതാണ്. ഇത് ഒരു സൂപ്പർ ബൗൾ ഗെയിമിന് ആതിഥേയത്വം വഹിക്കാൻ പര്യാപ്തമാണ്. ഈ വിപുലീകരണം മൈക്കലാഞ്ചലോയുടെ പദ്ധതിയുടെ ഒരു പരിഷ്ക്കരണമായിരുന്നു.
5. ഒരു സ്‌പേസ് ഷട്ടിൽ താഴികക്കുട മേഖലയിൽ ഉൾക്കൊള്ളിക്കാനാകും
ഏകദേശം 400 അടി (122 മീറ്റർ) ഉയരത്തിലുള്ള ബസിലിക്കയുടെ താഴികക്കുടം യു.എസ്. ക്യാപിറ്റോളിനേക്കാൾ ഉയരമുള്ളതാണ്. റോക്കറ്റുകളും ബാഹ്യ ഇന്ധന ടാങ്കും ഉള്ള ഒരു ബഹിരാകാശ വാഹനത്തെ ഉൾക്കൊള്ളാൻ മാത്രം വലിപ്പമുണ്ട്.
6. വി. ജോൺ പോൾ രണ്ടാമൻ വി. സെബാസ്റ്റ്യന്റെ അൾത്താരയിൽ അന്ത്യവിശ്രമം കൊള്ളുന്നു
ബസലിക്കയുടെ കേന്ദ്ര ഭാഗത്തിന് വലതുവശത്തുള്ള ആദ്യത്തെ അൾത്താരയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം അവിടേക്ക് മാറ്റിയതായിരുന്നു. അത്‌ലറ്റുകളുടെയും സൈനികരുടെയും രക്ഷാധികാരിയായ വി. സെബാസ്റ്റ്യന് സമർപ്പിച്ചിരിക്കുന്ന ഈ ബലിപീഠത്തിൽ എല്ലാ ആഴ്ചയും ആയിരക്കണക്കിന് വിശ്വാസികളാണ് സന്ദർശനത്തിനായി എത്തുന്നത്.
7. ജൂബിലി വർഷങ്ങളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ തുറക്കുന്നത്
സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധ വാതിലുകൾ ജൂബിലി വർഷങ്ങളിൽ മാത്രമേ തുറക്കൂ. ഓരോ 25 വർഷം കൂടുമ്പോഴും കൃപയുടെയും പരിവർത്തനത്തിന്റെയും സമയമായി, ജൂബിലി വർഷമായി ആഘോഷിക്കപ്പെടുന്നു.
8. മൈക്കലാഞ്ചലോയുടെ മഹത്തായ സൃഷ്ടിയാണ് ‘പിയെത്ത’
മൈക്കലാഞ്ചലോയുടെ പ്രശസ്തമായ ശില്പം പിയെത്ത’ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നു. മൈക്കലാഞ്ചലോ തന്റെ പേര് പരിശുദ്ധ അമ്മയുടെ നെഞ്ചിൽ ക്രോസ് ചെയ്ത റിബണിൽ ഒപ്പിട്ടു. പിന്നീട് അതിൽ പശ്ചാത്തപിക്കുകയും തന്റെ മറ്റൊരു ശിൽപത്തിലും ഇപ്രകാരം ഒപ്പിടില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
9. വി. പത്രോസിന്റെ രൂപത്തിന്റെ പാദങ്ങൾ
ബസിലിക്കയുടെ വലത് കോണിൽ സ്ഥിതി ചെയ്യുന്ന വി. പത്രോസിന്റെ രൂപം ഭക്തിയുടെ അടയാളമായി നിലകൊള്ളുന്നു.
10. വി. പത്രോസിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നതിന്റെ മുകളിലാണ് ബസിലിക്ക പണിതിരിക്കുന്നത്
വി. പത്രോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ബസിലിക്കയുടെ കീഴിലാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ അവയുടെ കൃത്യമായ സ്ഥാനം അജ്ഞാതമായിരുന്നു. 1968-ൽ പോൾ ആറാമൻ മാർപാപ്പ, സമഗ്രമായ പഠനങ്ങൾക്ക് ശേഷം കണ്ടെത്തിയ അസ്ഥികൾ തീർച്ചയായും അപ്പോസ്തലന്റെതാണെന്ന് പ്രഖ്യാപിച്ചു. ആദ്യത്തെ മാർപ്പാപ്പയുടെ തിരുശേഷിപ്പിന്മേലാണ് ബസിലിക്ക നിലകൊള്ളുന്നത്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ