ചെറിയ പ്രവര്‍ത്തികളിലൂടെ വിശുദ്ധിപ്രാപിക്കുന്നതിൽ മാതൃകയായ വ്യക്തിയാണ് ലിസ്യൂവിലെ വി. കൊച്ചുത്രേസ്യ. വലിയ കാര്യങ്ങൾ ചെയ്യുന്നതിനുപകരം സ്നേഹത്തിന്റെ ചെറിയ പ്രകടനങ്ങളിലൂടെ വിശുദ്ധജീവിതം നയിച്ച ഈ വിശുദ്ധ ജീവിതത്തിൽ സന്തോഷവും സമാധാനവും നേടേണ്ടവിധത്തെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്.
ജീവിതത്തിൽ എല്ലാക്കാര്യത്തിലും നന്ദിപ്രകാശിപ്പിക്കുകയെന്നതും സ്വയം എളിമപ്പെടുകയെന്നതുമാണ് ആദ്യം ചെയ്യേണ്ടത് എന്നാണ് കൊച്ചുത്രേസ്യ തന്റെ ആത്മകഥയിലൂടെ, തന്റെ ജീവിതത്തിലെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്. പാപത്താൽ നിറഞ്ഞ ഈ ലോകത്ത് ജീവിക്കുന്നതിനിടയിൽ തെറ്റുകൾ ചെയ്തുപോയാൽ ചെയ്യേണ്ടതെന്താണെന്നും കൊച്ചുത്രേസ്യ പറഞ്ഞുതരുന്നുണ്ട്. താൻ ഏതെങ്കിലും പാപം ചെയ്തുപോയെന്ന് വി. കൊച്ചുത്രേസ്യയ്ക്കു തോന്നിയാൽ ആ നിമിഷം അവൾ ധൂർത്തപുത്രനെ സ്വീകരിച്ചവനായ ദൈവത്തിലേക്ക് ഓടിയെത്തും. അവിടുത്തോടു കരഞ്ഞ് ക്ഷമചോദിക്കും. പ്രായശ്ചിത്തം ചെയ്തയുടൻതന്നെ പഴയ സന്തോഷം വീണ്ടെടുക്കുകയും ചെയ്യും. ഇതിൽനിന്നു തന്നെ വ്യക്തമാണല്ലോ അനുതാപത്തോടെ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഓടിയണഞ്ഞാൽ ദൈവം ക്ഷമിക്കുകതന്നെ ചെയ്യുമെന്ന്; ഇത്രയും നിസ്സാരമായ പ്രവര്ത്തിമതി ദൈവത്തെ പ്രസാദിപ്പിക്കാനും.
ആയതിനാൽ ദൈവത്തിനു സ്വയം വിട്ടുകൊടുക്കുക, അവിടുന്നു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയും ചെയ്യുക. ഈ രണ്ട് കാര്യങ്ങൾ സമാധാനവും സന്തോഷവും നിങ്ങളിൽ നിറയ്ക്കുകതന്നെ ചെയ്യും. വി. കൊച്ചുത്രേസ്യ പറയുന്നു.