വി. നിക്കോളാസും കഥകളും

ക്രിസ്തുമസ് കാലം വരവായി. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുംകൊണ്ട് ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങിനിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ടകഥാപാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണോടിക്കാം

വി. നിക്കോളാസ് (സാന്താക്ലോസ്)

സാന്താക്ലോസിന്റെ കഥ ആരംഭിക്കുന്നത് നിക്കോളാസിലൂടെയാണ്. മൂന്നാം നൂറ്റാണ്ടിൽ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുർക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവന്റെ മാതാപിതാക്കൾ കൊച്ചുനിക്കോളാസിനെ അടിയുറച്ച ക്രിസ്തീയവിശ്വാസത്തിലാണ് വളർത്തിയത്. ഒരു പകർച്ചവ്യാധിമൂലം അവന്റെ മാതാപിതാക്കൾ അവന്റെ ചെറുപ്രായത്തിലേ മരണത്തിനു കീഴടങ്ങിയിരുന്നു.

“നിങ്ങൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് ദാനംചെയ്യുക” എന്ന യേശുവിന്റെ വാക്കുകൾ അക്ഷരംപ്രതി നിക്കോളാസ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. തന്റെ പിതൃസ്വത്തുമുഴുവൻ രോഗികളെയും പീഡിതരെയും ആവശ്യക്കാരെയും സഹായിക്കാൻവേണ്ടി നിക്കോളാസ് ഉപയോഗിച്ചു. ദൈവത്തിനും ദൈവജനത്തിനുംവേണ്ടി ജീവിതം സമർപ്പിച്ച നിക്കോളാസിനെ ചെറുപ്രായത്തിൽ തന്നെ മീറായിലെ (Myra) മെത്രാനാക്കി അവരോധിച്ചു. ദാനശീലത്താലും സഹജീവികളോടുള്ള കരുണയാലും നിക്കോളാസ് മെത്രാന്റെ കീർത്തി നാടെങ്ങും ദ്രുതഗതിയിൽ പരന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കപ്പൽയാത്രക്കാരോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും പ്രശസ്തമാണ്.

റോമൻ ചക്രവർത്തി ഡയോക്ലീഷന്റെ മതമർദനകാലത്ത് നിക്കോളാസ് മെത്രാൻ ക്രൈസ്തവ വിശ്വാസസംരക്ഷണത്തിനുവേണ്ടി ധാരാളം സഹിക്കുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് തടവറ അക്ഷരാർഥത്തിൽ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിവരെക്കൊണ്ടാണ് നിറഞ്ഞിരുന്നത്. ശരിയായ കുറ്റവാളികൾക്ക് അന്നവിടെ സ്ഥാനമില്ലായിരുന്നു.

ജയിൽവിമോചനത്തിനുശേഷം എ.ഡി. 325 -ൽ നടന്ന നിഖ്യാ സൂനഹദോസിൽ നിക്കോളാസ് മെത്രാൻ പങ്കെടുത്തു. എ.ഡി. 343 ഡിസംബർ മാസം ആറാം തീയതി അദ്ദേഹം മൃതിയടഞ്ഞു. മിറായിലെ കത്തീഡ്രൽ ദൈവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

വിശുദ്ധന്റെ കബറിടത്തിൽ മന്ന എന്നു വിളിക്കപ്പെടുന്ന സവിശേഷരീതിയിലുള്ള ഒരു തിരുശേഷിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ദ്രാവകരൂപത്തിലുള്ള ഈ പദാർഥം ധാരാളം സൗഖ്യത്തിന് ഹേതുവാകുന്നതായി പറയപ്പെടുന്നു. ഇത് നിക്കോളാസിനോടുള്ള ഭക്തി വർധിക്കുന്നതിന് ഒരു കാരണവുമാണ്. അദേഹത്തിന്റെ മരണദിനം നിക്കോളാസ് ദിനമായി (ഡിസംബർ 6) ലോകമെമ്പാടും കൊണ്ടാടുന്നു.

ക്ഷാമങ്ങളിൽനിന്ന് നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട്. അന്യായമായി കുറ്റമാരോപിക്കപ്പെട്ട നിഷ്കളങ്കരായ വ്യക്തികളെ വിശുദ്ധൻ രക്ഷിച്ചിട്ടുണ്ട്. ധാരാളം ഉദാരമതിയായ പ്രവർത്തികൾ യാതൊരു പ്രതിഫലവുമില്ലാതെ രഹസ്യത്തിൽ നിക്കോളാസ് ചെയ്തിട്ടുണ്ട്.

ഇന്ന് പൗരസ്ത്യസഭയിൽ നിക്കോളാസിനെ ഒരു അത്ഭുതപ്രവർത്തകനായും പാശ്ചാത്യസഭയിൽ പല കാര്യങ്ങളുടെയും മധ്യസ്ഥനായും വണങ്ങുന്നു. ഉദാഹരണത്തിന് കുട്ടികളുടെ, നാവികരുടെ, ബാങ്ക് ജോലിക്കാരുടെ, പണ്ഡിതരുടെ, യാത്രക്കാരുടെ, അനാഥരുടെ, വ്യാപാരികളുടെ, ന്യായാധിപന്മാരുടെ, വിവാഹപ്രായമായ യുവതികളുടെ, ദരിദ്രരുടെ, വിദ്യാർത്ഥികളുടെ, തടവുകാരുടെ തുടങ്ങി നീളുന്നു ആ ലിസ്റ്റ്. ചുരുക്കത്തിൽ പ്രശ്നത്തിലകപ്പെട്ടവരുടെയും ആവശ്യമുള്ളവരുടെയും സംരക്ഷകനും സുഹൃത്തുമാണ് വി. നിക്കോളാസ്.

നാവികർ വി. നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശം ഉന്നയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വി. നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചട്ടുണ്ട്. മധ്യനൂറ്റാണ്ടുകളിൽ വി. നിക്കോളാസിന്റെ കീർത്തി പരന്നതിനെതുടർന്ന് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നഗരങ്ങളുടെയും സ്വർഗീയമധ്യസ്ഥനായി നിക്കോളാസിനെ തിരഞ്ഞെടുത്തു. വി. നിക്കോളാസിന്റെ നാമധേയത്തിൽ ആയിരക്കണക്കിന് ദൈവാലയങ്ങൾ യൂറോപ്പിൽ തന്നെയുണ്ട് (ബെൽജിയം 300, റോമാ നഗരം 34, ഹോളണ്ട് 23, ഇംഗ്ലണ്ട് 400 ൽ കൂടുതൽ).

മീറായിലുള്ള നിക്കോളാസിന്റെ കബറിടം പ്രസിദ്ധമായൊരു തീർഥാടനസ്ഥലമാണ്. തീർഥാടനകേന്ദ്രങ്ങളുടെ ആത്മീയവും വാണിജ്യപരവുമായ ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഇറ്റാലിയൻ നഗരങ്ങളായ വെനീസും ബാരിയും വി. നിക്കോളാസിനെറെ തിരുശേഷിപ്പ് ലഭിക്കുന്നതിനായി പോരാടി. 1087 -ലെ വസന്തകാലത്ത് ബാരിയിൽനിന്നുള്ള നാവികർ നിക്കോളാസിന്റെ തിരുശേഷിപ്പ്  കരസ്ഥമാക്കുകയും ബാരിയിൽ മനോഹരമായ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാലയൂറോപ്പിലെ പ്രസിദ്ധമായ ഒരു തീർഥാടനകേന്ദ്രമായി മാറി. അതിനാൽ വി. നിക്കോളാസ് ‘ബാരിയിലെ വിശുദ്ധൻ’ (Saint in Bari) എന്നും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും വി. നിക്കോളാസിനെ വിശുദ്ധനായി അംഗീകരിക്കുമ്പോൾ, പ്രോട്ടസ്റ്റന്റ് സഭകൾ അദ്ദേഹത്തിന്റെ ധീരോത്തമായ മനുഷ്യസ്നേഹത്തെയും ഹൃദയവിശാലതയെയും ബഹുമാനിക്കുന്നു. വിശുദ്ധന്റെ ഉദാരതയുടെയും നന്മയുടെയും ഓർമ്മകൾ നിലനിർത്താനായി ഡിസംബർ 6 യൂറോപ്പിലെങ്ങും വി. നിക്കോളാസിന്റെ ദിനമായി ആഘോഷിക്കുന്നു. അന്നേദിനം ജർമ്മനിയിലും പോളണ്ടിലും ആൺകുട്ടികൾ ബിഷപ്പിന്റെ വേഷംധരിച്ച് പാവങ്ങൾക്കുവേണ്ടി ഭിക്ഷയാചിക്കുന്ന ഒരു പതിവുണ്ട്. ഹോളണ്ടിലും ബെൽജിയത്തും നിക്കോളാസ് ഒരു ആവികപ്പലിൽ സ്പെയിനിൽനിന്നു വരുമെന്നും പിന്നീട് ഒരു വെളുത്ത കുതിരയിൽ യാത്രചെയ്ത് എല്ലാവർക്കും സമ്മാനം നൽകുമെന്നും കുട്ടികൾ വിശ്വസിക്കുന്നു. ഡിസംബർ 6 യൂറോപ്പിൽ മുഴുവൻ സമ്മാനം കൈമാറുന്ന ദിനമാണ്.

ഹോളണ്ടിൽ സെന്റ് നിക്കോളാസ് ദിനം ഡിസംബർ അഞ്ചിന് ആഘോഷിക്കുന്നു. അന്നേദിനം വൈകിട്ട് കുട്ടികൾ ചോക്ലേറ്റും ചെറിയ സമ്മാനങ്ങളും കൈമാറുന്നു. പിന്നീട് നിക്കോളാസിന്റെ കുതിരയ്ക്കായി അവരുടെ ഷൂസിനുള്ളിൽ ക്യാരറ്റും വൈക്കോലും അവർ കരുതിവയ്ക്കുന്നു. വി. നിക്കോളാസ് അവയ്ക്കുപകരം സമ്മാനം നൽകുമെന്നാണ് കുട്ടികളുടെ വിശ്വാസം. ആഗമനകാലത്തെ ഈ പങ്കുവയ്ക്കുന്ന മനോഭാവം ക്രിസ്തുമസിന്റെ അരൂപിയിൽ വളരാൻ സഹായകരമാണ്.

ഒന്നാം കഥ സ്വർണനാണയം നൽകുന്ന നിക്കോളാസ്

വി. നിക്കോളാസിന്റെ ജീവിതവും പ്രവർത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസിലാക്കാനും അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി എന്നതിലേക്ക് വെളിച്ചംവീശുന്നതുമാണ്.

സ്ത്രീധനമായി സ്വർണനാണയം നൽകുന്ന നിക്കോളാസ്

ഒരു ദരിദ്രനായ മനുഷ്യന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വധുവിന്റെ പിതാവ് വരന് വിവാഹത്തിനു മൂല്യമുള്ള എന്തെങ്കിലും സ്ത്രീധനമായി നൽകുന്ന പതിവുണ്ടായിരുന്നു. സ്ത്രീധനം കൂടുന്നതനുസരിച്ച് യുവതികൾക്ക് നല്ല വിവാഹാലോചനകൾ വന്നിരുന്നു.

സ്ത്രീധനം കൂടാതെ ഒരു പെൺകുട്ടിയെയും വിവാഹം കഴിച്ചയയ്ക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീധനം കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ ദരിദ്രനായ ആ മനുഷ്യൻ തന്റെ പെൺമക്കളെ അടിമകളായി വിൽക്കാൻ തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ, മൂന്നു വ്യത്യസ്ത അവസരങ്ങളിൽ സ്ത്രീധനത്തിന് ആവശ്യമായ സ്വർണനാണയങ്ങൾ ഒരു ബാഗിൽ അവരുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. ജനാലയിലൂടെ വീട്ടിലേക്കെറിഞ്ഞ സ്വർണക്കിഴികൾ കാലുറയ്ക്കുള്ളിലോ (stockings), ഉണക്കാൻ വച്ചിരുന്ന ഷൂസിനുള്ളിലോ ആണ് നിപതിച്ചത്.

വി. നിക്കോളാസിന്റെ സമ്മാനം സ്വീകരിക്കാൻ കുട്ടികൾ സ്റ്റോക്കിങ്ങ്സോ, ഷൂസോ തൂക്കിയിടുന്ന പതിവ് ആരംഭിച്ചത് ഈ സംഭവത്തിൽനിന്നുള്ള പ്രചോദനത്താലാണ്. ചില കഥകളിൽ സ്വർണക്കിഴികൾക്കുപകരം സ്വർണബോളുകളാണ് നിക്കോളാസ് നൽകിയത്. അതുകൊണ്ടാണ് സ്വർണനിറത്തിലുള്ള മൂന്നു ബോളുകൾ വി. നിക്കോളാസിന്റെ ഒരു ചിഹ്നമായി ചിലപ്പോൾ ചിത്രീകരിക്കുന്നത്.

രണ്ടാം കഥ, കുട്ടികളുടെ സംരക്ഷകനായ നിക്കോളാസ്

വി. നിക്കോളാസിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയുംകുറിച്ച്‌ ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസിലാക്കാനും അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്ക് വെളിച്ചം വീശുന്നതുമാണ്.

വി. നിക്കോളാസ് കുട്ടികളുടെ രക്ഷകനാണ് എന്നു സമർഥിക്കാൻ നടന്ന സംഭവം വി. നോക്കാളാസിന്റെ മരണത്തിന് വളരെ നാളുകൾക്കുശേഷമാണ് നടന്നത്. മീറാ നഗരത്തിലെ ജനങ്ങൾ നിക്കോളാസിന്റെ തിരുനാൾ ആഘോഷിക്കുകയായിരുന്നു. പൊടുന്നനെ ഒരുകൂട്ടം അറബ് കടൽകൊള്ളക്കാർ ക്രേറ്റയിൽ (Crete) നിന്നു മീറാ നഗരത്തിലെത്തി. അവർ വി. നിക്കോളാസിന്റെ പള്ളി കൊള്ളയടിക്കുകയും വിലയേറിയ വസ്തുക്കൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു.

അവർ നഗരം വിട്ടുപോകുമ്പോൾ അടിമയാക്കാനായി ബാസിലോസ് എന്ന ബാലനെ തട്ടിയെടുത്തു. അറബി രാജാവ് ബാസിലോസിനെ അവന്റെ പാനപാത്രവാഹകനായി നിയമിച്ചു. ബാസിലോസിന്റെ മാതാപിതാക്കൾ തങ്ങളുടെ പ്രിയമകൻ നഷ്ടപ്പെട്ടതിൽ ആകെ തളർന്നുപോയി. നിക്കോളാസിന്റെ തിരുനാൾ അടുക്കുംതോറും അവരുടെ വേദനയും ആധിയും കൂടി. തന്റെ മകൻ നഷ്ടപ്പെട്ട ദിനമായതിനാൽ ബാസിലോസിന്റെ അമ്മ തിരുനാളാഘോഷങ്ങളിൽ പങ്കെടുത്തില്ല. എന്നിരുന്നാലും വീട്ടിലിരുന്നുകൊണ്ട് തന്റെ മകന്റെ സുരക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കി പ്രാർഥിച്ചു. ഇതിനിടയിൽ അങ്ങ് വിദൂരദേശത്ത് രാജാവിന് സ്വർണക്കപ്പിൽ വീഞ്ഞ് പകർന്നുനൽകുന്നതിൽ വ്യാപൃതനായിരുന്നു കുഞ്ഞു ബാസിലോസ്. പൊടുന്നനെ ആരോ അവനെ എടുത്തുമാറ്റി. പേടിച്ചിരുന്ന അവനു മുമ്പിൽ വി. നിക്കോളാസ് പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും തന്റെ ജന്മനാടായ മീറായിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. സ്വർണക്കപ്പുമായി തങ്ങളുടെ മുമ്പിൽ നിൽക്കുന്ന പൊന്നോമന മകനെ കണ്ടപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച സന്തോഷവും സമാധാനവും വാക്കുകൾക്കു വർണിക്കാനാവുന്നതല്ല.

കുട്ടികളുടെ സംരക്ഷകൻ എന്ന നിലയിൽ വി. നിക്കോളാസിനെക്കുറിച്ച് പ്രചരിച്ച ആദ്യസംഭവം 

മൂന്നു ദൈവശാസ്ത്ര വിദ്യാർഥികൾ ആഥൻസിലേക്കുള്ള പഠനയാത്രയിലാണ്. ക്രൂരനായ ഒരു സത്രംസൂക്ഷിപ്പുകാരൻ അവരെ കവർച്ചചെയ്യുകയും വധിക്കുകയും അവരുടെ മൃതശരീരങ്ങൾ വലിയ ഒരു ഭരണിയിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. നിക്കോളാസ് മെത്രാനും ആ വഴിയിലൂടെ ഒരു യാത്രയിലായിരുന്നു. വിശ്രമിക്കാനായി മൂന്നു വിദ്യാർഥികൾ താമസിച്ച അതേ സത്രത്തിൽ മെത്രാനച്ചനും കയറി. രാത്രിയിൽ നിക്കോളാസിന് കുറ്റകൃത്യത്തെക്കുറിച്ച്‌ സ്വപ്നദർശനമുണ്ടാവുകയും സത്രംസൂക്ഷിപ്പുകാരനെ വിളിച്ചുവരുത്തുകയും ചെയ്തു. നിക്കോളാസ് അവർക്കുവേണ്ടി സർവശക്തനായ ദൈവത്തോടു പ്രാർഥിച്ചപ്പോൾ മൂവരും ജീവനിലേക്കു തിരിച്ചുവന്നു എന്നാണ് പാരമ്പര്യം.

ഫ്രാൻസിൽ ഈ കഥ വേറൊരു രീതിയിലാണ് പ്രചരിക്കുന്നത്. മൂന്നു ചെറിയകുട്ടികളെ കളിസ്ഥലത്തുനിന്നും ഒരു ക്രൂരനായ കശാപ്പുകാരൻ വശീകരിച്ച്  തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞു. വി. നിക്കോളാസ് അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട് ദൈവത്തോട് ജീവനായി യാചിച്ചു. മൂന്നു കുഞ്ഞുങ്ങളും ജീവിതത്തിലേക്ക് തിരിച്ചുവന്നു. വി. നിക്കോളാസ് അവരെ മാതാപിതാക്കൾക്ക്  തിരികെനൽകി. അങ്ങനെ വി. നിക്കോളാസ് കുട്ടികളുടെ സംരക്ഷകൻ എന്നപേരിൽ പ്രശസ്തനായി.

മൂന്നാം കഥ, കടലിനെ ശാന്തമാക്കിയ നിക്കോളാസ്

വി. നിക്കോളാസിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട് .ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസിലാക്കാനും അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്ക് വെളിച്ചം വീശുന്നതുമാണ്.

നിക്കോളാസും കടലുമായി ബന്ധപ്പെടുത്തി ധാരാളം കഥകളുണ്ട്. ചെറുപ്പമായിരുന്നപ്പോൾ നിക്കോളാസ് വിശുദ്ധനാട്ടിലേക്ക് ഒരു തീർഥയാത്രയ്ക്കു  പോയി. യേശു നടന്ന വഴികളിലൂടെ നടന്നപ്പോൾ യേശുവിന്റെ ജീവിതത്തിന്റെയും പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും തീവ്രമായ അനുഭവങ്ങളാൽ നിക്കോളാസ് നിറഞ്ഞു. തിരിച്ചുള്ള കപ്പൽയാത്രയിൽ ശക്തമായ കാറ്റും കോളുംമൂലം കപ്പൽ തകരുന്ന വക്കിലെത്തി. ഈ സമയത്ത് യേശുവിനെപ്പോലെ ശാന്തത കൈവിടാതെ നിക്കോളാസ് പ്രാർഥിച്ചു. ഉടൻതന്നെ കാറ്റും കോളും ശമിച്ചു; കടൽ ശാന്തമായി. ഭയചകിതരായിരുന്ന നാവികർ നിക്കോളാസിനൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു. കപ്പൽയാത്രക്കാരുടെയും നാവികരുടെയും മധ്യസ്ഥനാണ് വി. നിക്കോളാസ്.

നാവികർ വി. നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശവാദം ഉന്നയിയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വി. നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്.

1087 -ലെ വസന്തകാലത്ത് ബാരിയിൽനിന്നുള്ള നാവികർ നിക്കോളാസിന്റെ തിരുശേഷിപ്പ് കരസ്ഥമാക്കുകയും ബാരിയിൽ മനോഹരമായ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യൂറോപ്പിലെ പ്രസിദ്ധമായ ഒരു തീർഥാടനകേന്ദ്രമായി മാറി. അതിനാൽ വി. നിക്കോളാസ് ‘ബാരിയിലെ വിശുദ്ധൻ’ (Saint in Bari) എന്നും അറിയപ്പെടുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.