വി. ജോൺപോൾ രണ്ടാമൻ – നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

ഇന്ന് ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി, പോളണ്ട് ആഗോളസഭക്കു സമ്മാനിച്ച വിശുദ്ധപുഷ്പം വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വി. പത്രോസിന്റെ പിൻഗാമായി ഇരുന്നുകൊണ്ട് ലോകത്തിന്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺപോൾ രണ്ടാമൻ പാപ്പയെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം: “അവൻ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തുസാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതമാണ്. ഏറ്റവും ആവേശകരമായ മനുഷ്യജീവിതം എന്നതിന്റെ ഉദാഹരണമാണ് പാപ്പ.”

മാർപാപ്പയുടെ ജീവിതത്തെ വീഗൽ വിശേഷിപ്പിക്കുന്നത്, “ഒരു ഹോളിവുഡ് തിരക്കഥാകൃത്തും എഴുതാൻ ധൈര്യപ്പെടാത്ത അത്ര അസാധാരണമായ ഒരു ജീവിതകഥയാണ് ഈ മനുഷ്യന്റേത്. ഈ ജീവിതകഥ അടുത്ത നൂറ് അല്ലെങ്കിൽ അടുത്ത ആയിരം വർഷങ്ങൾക്കുള്ള പാഠപുസ്തകമാണ്” എന്നാണ്.

ഒരു വിശുദ്ധന്റെ ജീവിതം സുവിശേഷം പ്രകാശിപ്പിക്കുന്ന ഒന്നാണ്. ഈ രീതിയിൽ വി. ജോൺപോൾ രണ്ടാമനിൽ സഭക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. തന്റെ ജീവിതത്തിലൂടെ മനുഷ്യരാശിക്ക് ദൈവത്തിന്റെ പിതൃസ്നേഹത്തിന്റെ പ്രഭ കാണിച്ചുകൊടുത്തു അല്ലെങ്കിൽ വി. പൗലോസ് പറയുന്നതുപോലെ, “ക്രിസ്തുവിലുള്ള ജീവിതത്തിന്റെ പുതുമ” (റോമാ 6:4) നമുക്ക് കാണിച്ചുതന്നു.

ജീവിതരേഖ

1920 മെയ്‌ 18 -ന്‌ പോളണ്ടിലെ വാഡോവീസിൽ മൂന്നു മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിന്റെ പേര്. അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു. അമ്മ എമിലിയ, ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു.

സ്നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോൾ ജനിച്ചതെങ്കിലും അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓൾഗ ശൈശവത്തിൽ തന്നെ മരിച്ചു. കരോളിന് പന്ത്രണ്ട് വയസ്സായപ്പോൾ അമ്മ എമിലിയ വൃക്കത്തകരാറിനെ തുടർന്ന് മരിച്ചു. മൂത്ത സഹോദരൻ എഡ്മണ്ട് സ്കാർലറ്റ് പനി ബാധിച്ചു മരിച്ചു.

സുഹൃത്തുക്കൾക്കിടയിൽ ലോലെക്ക് എന്നായിരുന്നു കരോൾ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 -ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.

ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരോൾ ക്രാക്കോവിലെ ജാഗിയോലോണിയൻ സർവ്വകലാശാലയിലും 1938 -ൽ നാടകം പഠിപ്പിക്കുന്ന ഒരു സ്കൂളിലും ചേർന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 -ൽ സർവ്വകലാശാല അടച്ചതിനാൽ കരോളിന് നാലു വർഷം ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941 -ൽ അന്തരിച്ചു.

പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോൾ 1942 -ൽ ക്രാക്കോവിലെ രഹസ്യ സെമിനാരിയിൽ പഠനം ആരംഭിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ പഠനം തുടർന്നു. 1946 നവംബർ 1 -ന് പുരോഹിതനായി അഭിഷിക്തനായി. 1964 ജനുവരി 13 -ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ചുബിഷപ്പായും പിന്നീട് 1967 ജൂൺ 26 -ന് കർദ്ദിനാളായും ഉയർത്തി. 1978 -ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ വോയ്റ്റില, ഇറ്റലിക്കു പുറത്തു നിന്ന് 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പയായി. 2005 -ൽ അദ്ദേഹം അന്തരിച്ചു. ഫ്രാൻസിസ് മാർപാപ്പ 2014 -ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

“ഞാൻ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു”

ജോൺപോൾ രണ്ടാമൻ പാപ്പയുടെ കാലത്ത് നാലു വർഷം സ്വിസ്സ് ഗാർഡായി സേവനം ചെയ്ത മാരിയോ എൻ‌സ്ലർ, പാപ്പയുടെ ജന്മശതാബ്ദി പ്രമാണിച്ച് ഒരു പുസ്തകം രചിക്കുകയുണ്ടായി. “ഞാൻ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു” – I Served a Saint എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്. ഈ പുസ്തകത്തിൽ പാപ്പയെ അഗാധമായ ദൈവസ്നേഹവും വീരോചിതമായ മാതൃഭക്തിയും നിറഞ്ഞ വ്യക്തിയായി മാരിയോ ചിത്രീകരിക്കുന്നു. ജപമാല പാപ്പയുടെ പ്രിയപ്പെട്ട പ്രാർഥനകളിലൊന്നായിരുന്നു. ജപമാലയുടെ പ്രകാശത്തിന്റെ രഹസ്യങ്ങൾ തിരുസഭക്കുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്.

മാരിയോ എൻ‌സ്ലർ 1989 -ൽ, ജോൺപോൾ രണ്ടാമനെ ആദ്യമായി കണ്ടുമുട്ടിയ രംഗം വിവരിക്കുന്നു. അപ്പോസ്തോലിക കൊട്ടാരത്തിന്റെ മൂന്നാം നിലയിലായിരുന്നു അവന്റെ ആദ്യ നിയമനം. സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലേക്കു പോകാൻ പരിശുദ്ധ പിതാവ് തന്റെ അപ്പാർട്ട്മെന്റിൽ നിന്നു പുറപ്പെടുകയാണെന്ന് മാരിയോക്ക് ഒരു കോൾ ലഭിച്ചു. പാപ്പ പോകുമ്പോൾ സ്വിസ്സ് ഗാർഡ് കോറിഡോറിൽ ശ്രദ്ധയോടെ നിൽക്കണം. ഇടനാഴിയിൽ ആരും ചുറ്റിക്കറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. അതാണ് പ്രോട്ടോക്കോൾ. ചിലപ്പോൾ മാർപാപ്പ കാവൽക്കാരോട് സംസാരിക്കാനായി നിൽക്കും. ഇത്തവണ മാരിയോയെ കണ്ട് പാപ്പ നിന്നു. “താങ്കൾ പുതിയ ആളാണല്ലേ” എന്നു കുശലം ചോദിച്ചു. സ്വയം പരിചയപ്പെടുത്താൻ സമയം അനുവദിച്ചു. അവസാനം കൈപിടിച്ച് “ശുശ്രൂഷകനെ സേവിക്കുന്ന മാരിയോ, നന്ദി” എന്നുപറഞ്ഞു അദേഹം പോയി. ശുശ്രൂഷനേതൃത്വം എന്ന ആശയം തന്റെ ആത്മാവിൽ പച്ചകുത്തിയ സന്ദർഭമായിരുന്നു അതെന്ന് മാരിയോ ഓർക്കുന്നു.

“ജോൺപോൾ പാപ്പ ഒരു പ്രതിഭയായിരുന്നു പ്രാർഥനയുടെ മനുഷ്യനായിരുന്നു. എന്നാൽ ആരെയും ആനന്ദിപ്പിക്കാനും അദ്ദേഹത്തിന് നല്ല കഴിവുണ്ടായിരുന്നു. അതൊരു നൊബേൽ സമ്മാനജേതാവോ അല്ലെങ്കിൽ ഭവനരഹിതനായ ഒരു വ്യക്തിയോ, ഒരു രാജ്യത്തിന്റെ പ്രസിഡന്റോ മുതൽ ഒരു കിന്റർഗാർട്ടൻ സ്‌കൂൾ അധ്യാപകനോ ആകട്ടെ, പാപ്പ അത് നല്ലതുപോലെ ചെയ്തിരുന്നു” – മാരിയോ തന്റെ പുസ്തകത്തിൽ കുറിക്കുന്നു.

“എല്ലാവരെയും സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അത് ഒരു ആംഗ്യത്തിലൂടെയോ, ഒരു വാക്കിലൂടെയോ അല്ലെങ്കിൽ ഒരു ആലിംഗനത്തിലൂടെയോ അതുമല്ലെങ്കിൽ വെറുതെ ഒരു നോട്ടത്തിലൂടെയോ അദ്ദേഹം സാധിച്ചിരുന്നു. അടുത്ത ആയിരം വർഷങ്ങൾ ലാളിത്യം കൊണ്ടു മാത്രം പാപ്പ അറിയപ്പെടും” – മാരിയോ കൂട്ടിച്ചേർത്തു.

കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് എതു പ്രതിസന്ധി കാലഘട്ടങ്ങളിലും സഭക്കും അതിന്റെ നേതാക്കൾക്കുമുള്ള ഉപദേശം മൂന്നു വാക്കുകളിൽ മാരിയോ സംഗ്രഹിക്കുന്നു. മനുഷ്യനാവുക, സ്ഥിരതയുള്ളവരാവുക, സൃഷ്ടിപരതയുള്ളവരാവുക (be human, be persistent, be creative). മാരിയോയുടെ അഭിപ്രായത്തിൽ ഈ മൂന്നു ഗുണങ്ങളും വി. ജോൺപോൾ രണ്ടാമൻ പാപ്പയിൽ സംഗമിച്ചിരുന്നു.

വിശുദ്ധരുടെ കൂട്ടുകാരൻ

ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധരുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തിൽ മാത്രമല്ല, അവരോട് വ്യക്തിപരമായ സുഹൃദ്ബന്ധവും പാപ്പക്ക് ഉണ്ടായിരുന്നു. മാർപാപ്പയായുള്ള 27 വർഷത്തിൽ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും അദ്ദേഹം പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വി. മദർ തെരേസ, ജോൺപോൾ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 -ൽ ജോൺപോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയർ ജോർജിയോ ഫ്രസതി, മാർപാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദർശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോൺപോൾ രണ്ടാമനുണ്ടായിരുന്നു.

ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയായ വി. ഫൗസറ്റീനാ, പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ മഹാനായ ജോൺപോൾ രണ്ടാമൻ പാപ്പ നടത്തിയ ശ്രമങ്ങൾ പ്രസിദ്ധമാണ്. രണ്ടാമായിരമാണ്ടിൽ സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുർബാന മധ്യേ ജോൺപോൾ രണ്ടാമൻ പാപ്പ, ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായർ ദൈവകരുണയുടെ ഞായറായി പ്രഖ്യാപിച്ചു. എല്ലാ സൃഷ്ടികൾക്കും ദൈവത്തിന്റെ അളവറ്റ കാരുണ്യവും സ്നേഹവും സംലഭ്യമാണെന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് ദൈവകരുണയുടെ ഞായർ സഭയിൽ ആലോഷിക്കാൻ ആരംഭിച്ചത്.

പാപ്പയുടെ മാതാപിതാക്കളും വിശുദ്ധപദവിയിലേക്കുള്ള നാമകരണ പ്രക്രിയിലാണ്. 2020 മാർച്ചിൽ ക്രാക്കോവിലെ ആർച്ചുബിഷപ്പ് മാരെക് ജാദ്രാസ്വെസ്കി അതിരൂപത ജോൺപോൾ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.

മറിയമേ, ഞാൻ സമ്പൂർണ്ണമായും അങ്ങയുടേത്

പരിശുദ്ധ കന്യകാമറിയവും വി. ജോൺപോൾ രണ്ടാമൻ പാപ്പയും തമ്മിലുള്ള ബന്ധം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചതാണ്. കരോൾ വോയ്റ്റിവക്ക് ഒൻപതാം വയസ്സിൽ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. ഭക്തനായ പിതാവാണ് ജോൺപോൾ പാപ്പയെ വളർത്തിയത്. ‘പ്രത്യാശയുടെ പടിവാതിൽ’ എന്ന പുസ്തകത്തിൽ (Crossing the Threshold of Hope) തന്റെ മാതൃഭക്തി വളരാനിടയായ മൂന്നു വഴികളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.

ഒന്നാമതായി, വാഡോവീസായിലെ തന്റെ ഇടവക ദേവാലയത്തിൽ, ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചിരിക്കുന്ന നിത്യസഹായ മാതാവിന്റെ ചിത്രത്തിനു മുമ്പിൽ പോയി വോയിറ്റീവാ ദിവസവും പ്രാർഥിക്കുമായിരുന്നു. ഈ ചിത്രത്തിൻ ഉണ്ണിയേശു തന്റെ പീഡാസഹനവേളയിലെ മർദ്ദന ഉപകരണങ്ങൾ മുൻകൂട്ടി കണ്ടിട്ട് പരിശുദ്ധ മറിയത്തെ മുറുകെ പിടിച്ചട്ടുണ്ട്. പരിശുദ്ധ കന്യകാമറിയത്തെ ആശ്രയിച്ചാൽ തനിക്കും സഹനങ്ങളിൽ ആശ്വാസവും സംരക്ഷണവും ലഭിക്കുമെന്ന് കുഞ്ഞുപ്രായത്തിലെ വോയ്റ്റീവ മനസ്സിലാക്കിയിരുന്നു.

രണ്ടാമതായി, കരോൾ വോയ്റ്റീവായും പിതാവും അവരുടെ വീടിനടത്തുള്ള പരിശുദ്ധ മാതാവിന്റെ തീർഥാടനകേന്ദ്രമായ കാൽവാരിയാ സെബ്രസ്സിഡോവാസ്കായിൽ, പ്രത്യേകമായി മാതാവിന്റെ സ്വർഗാരോപണ തിരുനാളിൽ തീർഥാടനത്തിനു പോവുക പതിവായിരുന്നു. കുരിശിന്റെ വഴി പ്രാർഥിച്ചു കൊണ്ടായിരുന്നു ഈ തീർഥയാത്രകൾ അധികവും. അവിടെയും ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ടുള്ള കന്യകാമറിയത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു.

ജോൺപോൾ രണ്ടാമൻ പാപ്പ ഇതിനെക്കുറിച്ച് പിന്നീട് പറയുന്നത്, “എന്റെ ചെറുപ്പം മുതലേ മറിയത്തോടുള്ള ഭക്തി ഈശോയിലുള്ള വിശ്വാസവുമായി കൂട്ടപ്പെട്ടതായിരുന്നു. അതിന് കാൽവാരിയ ചാപ്പൽ എന്നെ സഹായിച്ചട്ടുണ്ട്.” പത്തു വയസ്സു മുതൽ ഇവിടു നിന്നു ലഭിച്ച ഉത്തരീയം മാതൃസംരക്ഷണം ലഭിക്കുന്നതിനായി പാപ്പ അണിഞ്ഞിരുന്നു.

മൂന്നാമതായി, സെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിന്റെ തീർഥാടനകേന്ദ്രമാണ് (Shrine of Our Lady of Czestochowa). ഉണ്ണീശോയെ കരങ്ങളിൽ വഹിച്ചുകൊണ്ടുള്ള മറിയത്തിന്റെ ഐക്കൺ ഏതൊരു പോളണ്ടുകാരനെപ്പോലെയും കുഞ്ഞുകരോളിനെയും ചെറുപ്പത്തിലേ സ്വാധീനിച്ചിരുന്നു. 1300 മുതൽ പോളീഷ് ജനത ഈ ഛായാചിത്രം വണങ്ങുന്നു. ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളിൽ പോളീഷ് ജനത ഓടിയെത്തുന്ന സങ്കേതമാണ് ഈ മാതൃസന്നിധി. ഈ മാതാവിനോടുള്ള ഭക്തി പലതവണ ജോൺപോൾ രണ്ടാമൻ പാപ്പ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളളതാണ്.

മാർപാപ്പ ആയതിനുശേഷം ആദ്യമായി പോളണ്ട് സന്ദർശിച്ചപ്പോൾ സെസ്റ്റോചോവയിലെ മാതൃസന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു: “വി. പത്രോസിന്റെ കത്തീഡ്രലിലേക്കുള്ള പോളണ്ടിലെ ഈ മകന്റെ വിളിയിൽ, ഈ വിശുദ്ധ സ്ഥലവുമായി പ്രത്യാശയുടെ ഈ ദേവാലയവുമായി വ്യക്തവും ശക്തവുമായ ഒരു ബന്ധമുണ്ട്. സമ്പൂർണ്ണമായി ഞാൻ അങ്ങയുടേതാണ് (totus tuus) എന്ന് ഈ ചിത്രത്തിനു മുമ്പിൽ പല പ്രാവശ്യം ഞാൻ മന്ത്രിച്ചിട്ടുണ്ട്” (ജൂൺ 4, 1979).

പരിശുദ്ധ മറിയത്തിൽ നിന്നു പഠിക്കേണ്ടതായി ജോൺപോൾ പാപ്പ പറയുന്ന മൂന്നു കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.

1. എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങാനുള്ള മനസ്സ്.

2. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തിൽ ശരണപ്പെടാനുള്ള ഹൃദയവിശാലത.

3. ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശുക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കണമെന്ന്.

ക്ഷമയുടെ സുവിശേഷമായ കൊലപാതകശ്രമം

“അന്ന് എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും എനിക്ക് (ദൈവമാതാവിന്റെ) അസാധാരണമായ മാതൃസംരക്ഷണവും പരിചരണവും അനുഭവപ്പെട്ടു. അത് മാരകമായ ബുള്ളറ്റിനേക്കാൾ ശക്തമായി മാറി” – ജോൺപോൾ രണ്ടാമൻ മാർപാപ്പ, താൻ നേരിട്ട കൊലപാതകശ്രമത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ.

1981 മെയ് 13 -ന് വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിലാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പക്കു നേരെ വധശ്രമമുണ്ടായത്. 1983 -ൽ റെബിബിയ ജയിലിൽ വച്ച് ആക്രമണകാരിയായ അലി അഗ്‌കയെ പാപ്പ സന്ദർശിച്ചപ്പോൾ, അസാധാരണമായ സ്നേഹത്തിന്റെയും ക്ഷമയുടെയും പുതിയ സുവിശേഷം പിറവിയെടുക്കുകയായിരുന്നു.

മഹാജൂബിലിക്കൊരുക്കിയ നല്ലിടയൻ

“ക്രിസ്തീയജീവിതം മുഴുവൻ പിതാവിന്റെ ഭവനത്തിലേക്കുള്ള ഒരു വലിയ തീർഥാടനം പോലെയാണ്. ഓരോ മനുഷ്യസൃഷ്ടിയോടും പ്രത്യേകിച്ച് ‘ധൂർത്തനായ പുത്രനെ’ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന പിതാവിന്റെ പക്കലേക്കുള്ള യാത്ര. ഓരോ ദിവസവും നമ്മൾ പുതിയ സ്നേഹം കണ്ടെത്തുന്നു. ജൂബിലി എല്ലാവരേയും മാനസാന്തരത്തിന്റെ യാത്രക്കു പ്രോത്സാഹിപ്പിക്കണം.” രണ്ടായിരാമാണ്ടിലെ മഹാജൂബിലി ആഘോഷിക്കാൻ സഭയെ ഒരുക്കിയ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ദർശനമായിരുന്നു ഇത്.

ദൈവകാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആഘോഷമാക്കി പാപ്പ ജൂബിലിയെ മാറ്റി. വത്തിക്കാനിലെ പത്രോസിന്റെ ബസിലിക്കയിൽ കരുണയുടെ വിശുദ്ധവാതിൽ തുറന്നു. 2000 -ൽ എട്ടു ദശലക്ഷം തീർഥാടകർ പ്രാർഥനക്കായി റോമിലെത്തി. സഭയെയും മനുഷ്യരാശിയെയും മൂന്നാം സഹസ്രാബ്ദത്തിലേക്ക് അവൻ നയിച്ചു. ഈ ജൂബലി അവസരത്തിൽ, കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളിൽ സഭ ചെയ്ത തെറ്റുകൾക്ക് ലോകത്തോടു മാപ്പ് ചോദിപ്പോൾ പാപ്പ ലോകമനഃസാക്ഷിയുടെ അമരക്കാരനാവുകയായിരുന്നു.

ജോൺപോൾ രണ്ടാമൻ, സഭയും യഹൂദരുമായുള്ള സംഭാഷണത്തെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. ജൂതന്മാരും മുസ്ലീങ്ങളും മറ്റ് മതവിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധത്തിന് പുതിയ വാതായനങ്ങൾ തുറക്കുകുകയും പല സന്ദർഭങ്ങളിലും മറ്റു മതനേതാക്കളെ ലോകസമാധാനത്തിനായി പ്രാർഥിക്കാൻ ക്ഷണിക്കുകയും ചെയ്തു.

വിശുദ്ധ കുർബാനയെ സ്നേഹിച്ച ബലിവസ്തു

തിരുസഭയിൽ അസാധാരണമായ വീണ്ടെടുപ്പിന്റെ വിശുദ്ധ വർഷം, മരിയൻ വർഷം, വിശുദ്ധ കുർബാനയുടെ വർഷം എന്നിവ പ്രഖ്യാപിച്ചതുവഴി സഭയുടെ ആത്മീയനവീകരണത്തിനായി അദ്ദേഹം സ്വയം നിലകൊണ്ടു. കഴിഞ്ഞ നൂറ്റാണ്ടിൽ മാനവികത വലിയ പരീക്ഷണങ്ങൾ നേരിട്ടെങ്കിലും സഭക്ക് ധൈര്യവും പുതുചൈതന്യവും എന്നും പ്രദാനം ചെയ്യുന്ന വിശുദ്ധ കുർബാനയെ സഭയുടെ ഹൃദയത്തോടു വീണ്ടും ചേർക്കാൻ പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നു. മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന സഭയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുര്‍ബാനയുമാകുന്ന രണ്ട് സ്തൂപങ്ങങ്ങളിൽ വിണ്ടും കെട്ടിയിടാൻ പരിശുദ്ധ പിതാവ് ശ്രമിച്ചിരുന്നു.

വിശുദ്ധ കുര്‍ബാനയിലെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ ഏറെ ആഴമുളളതും കാലഘട്ടത്തിന് അനിവാര്യവുമായ കുര്‍ബാന പഠനങ്ങളാണ് സഭക്ക് തന്നത്. 2004 -ല്‍ ദിവ്യകാരുണ്യവത്സരത്തിലൂടെ വിശുദ്ധ കുര്‍ബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. വിശുദ്ധ കുര്‍ബാന വര്‍ഷത്തിനു മുന്നോടിയായി 2003 -ലെ പെസഹാക്ക് ‘സഭ വിശുദ്ധ കുര്‍ബാനയില്‍ നിന്നും’ എന്ന ചാക്രികലേഖനത്തിലൂടെ വിശുദ്ധ കുര്‍ബാനയെ മൂന്നാം സഹസ്രാബ്ദത്തിന്റെ കേന്ദ്രമാക്കി.

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേരാൻ സഭാമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാപ്പ എഴുതി, “…സഭയുടെ നോട്ടം നിരന്തരം അവളുടെ കർത്താവിലേക്ക് തിരിയുന്നു. അൾത്താരയിലെ കൂദാശയിൽ സന്നിഹിതമായ ഈശോയുടെ സാന്നിധ്യത്തിൽ സഭ അവന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ പൂർണ്ണ ആവിഷ്‌ക്കരണം കണ്ടെത്തുന്നു.”

2005 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9:37 -ന് ദൈവകാരുണ്യത്തിന്റെ തിരുനാളിന് ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാർഥന നടക്കുമ്പോൾ “ഞാൻ എന്റെ പിതാവിന്റെ വീട്ടിലേക്കു പോകട്ടെ” എന്ന വാക്കുകളുമായി പാപ്പ സ്വർഗത്തിലേക്കു യാത്രയായി. മാർപ്പാപ്പക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മൂന്നു ദശലക്ഷത്തിലധികം തീർഥാടകർ റോമിൽ എത്തി.

2005 ഏപ്രിൽ 8 -ന് ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം എന്നു കരുതുന്നു. “നമ്മുടെ പ്രിയപ്പെട്ട മാർപാപ്പ ഇന്ന് പിതാവിന്റെ വീടിന്റെ ജാലകത്തിൽ നിൽക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാണ്. അവൻ നമ്മെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.”

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.