ഒരു ആത്മാവിന്റെ ഇരുണ്ടരാത്രിയിലൂടെ: കുരിശിന്റെ വി. യോഹന്നാൻ

‘കർത്താവിനെപ്രതി സഹിക്കാനും കൂടുതൽ നിന്ദിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു’ എന്ന് ലോകത്തോട് ഏറ്റുപറഞ്ഞ കുരിശിന്റെ വി. യോഹന്നാന്റെ തിരുനാൾ ഡിസംബർ 14 ന് ആഘോഷിക്കുകയാണ്. ആരാണ് കുരിശിന്റെ വി. യോഹന്നാൻ? ആവിലായിലെ വി. അമ്മത്രേസ്യായോടൊപ്പം നിഷ്പാദുക കർമ്മലീത്താ സഭയുടെ നവീകരണ കർത്താവ്, ആത്മീയപിതാവ്, എഴുത്തുകാരൻ, മിസ്റ്റിക്കുകളുടെ മിസ്റ്റിക്, വേദപാരംഗതൻ, കവികളുടെയും ആത്മീയജീവിതത്തിന്റെയും ദൈവശാസ്ത്ര രഹസ്യങ്ങളുടെയും സ്വർഗീയമധ്യസ്ഥൻ തുടങ്ങി വിവിധ നാമങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നു.

സ്‌പെയിനിലെ കാസ്റ്റിലിയൻ എന്ന ഭൂപ്രദേശത്ത് ഗോൺസാലോ – കാറ്റലീന ദമ്പതികളുടെ മൂന്നാമത്തെ മകനായി 1542 -ലാണ് യോഹന്നാൻ ജനിച്ചത്. ചെറുപ്പംമുതൽ അദ്ദേഹത്തിന് വളരെ ദുരിതവും സഹനവും പട്ടിണിയുംനിറഞ്ഞ ജീവിതമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭുകുടുംബത്തിലാണ് ജനിച്ചതെങ്കിലും ദരിദ്രയായ ഒരു പെൺകുട്ടിയെ വിവാഹംകഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബത്തിൽനിന്ന് പുറത്താക്കുകയും കുടുംബസ്വത്തിലുള്ള അവകാശങ്ങൾപോലും നിഷേധിക്കുകയുംചെയ്തു.

തന്മൂലം തന്റെ ഭാര്യയെയും മൂന്നുമക്കളെയും സംരക്ഷിക്കാനായി വിശ്രമമില്ലാതെ കഠിനമായി ജോലിചെയ്തതുമൂലം രോഗബാധിതനായി, ചെറുപ്രായത്തിലെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. അങ്ങനെ യോഹന്നാൻ തന്റെ 17 -ാമത്തെ വയസ്സിൽ സ്പെയിനിലെ, മെദീനയിലുഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലിചെയ്തു. അതിനോടൊപ്പം ഈശോസഭക്കാരുടെ കോളേജിൽ ചേർന്ന് തന്റെ പഠനം തുടരുകയുംചെയ്തു.

തന്റെ ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം 1563 -ൽ തന്റെ 21 -ാമത്തെ വയസ്സിൽ കർമ്മലീത്താ സന്യാസ സഭയിൽ പ്രവേശിച്ചു. അത്മായ സഹോദരനായി ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നെങ്കിലും പഠനത്തിലുള്ള അദ്ദേഹത്തിന്റെ സാമർഥ്യവും ജീവിതവിശുദ്ധിയും മാതാവിനോടുള്ള ഭക്തിയും മറ്റു കഴിവുകളും തിരിച്ചറിഞ്ഞ സഭ, യോഹന്നാന് 25 -ാമത്തെ വയസ്സിൽ പൗരോഹിത്യപട്ടം നൽകി. തുടർന്ന് ആ സഭയുടെ പ്രിയോർ ആയി കുരിശിന്റെ വി. യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു.

കഠിനമായ പ്രായശ്ചിത്തപ്രവർത്തികളും ഉപവാസവും തപോജീവിതവും അദ്ദേഹം ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ കർമ്മലസഭയിൽ വേണ്ടത്ര ആത്മീയതയില്ല എന്ന തിരിച്ചറിവിൽ, കഠിനമായ സന്യാസരീതികള്‍ക്ക്‌ പേരുകേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചു. എന്നാൽ അദേഹം ആവിലായിലെ വി. ത്രേസ്യായെ കണ്ടുമുട്ടിയത് ജീവിതനിയോഗം തിരിച്ചറിയാൻ കാരണമായി. യോഹന്നാന്റെ വിശുദ്ധമായ ജീവിതം മനസ്സിലാക്കിയ ത്രേസ്യ, കർമ്മലസഭയെ നവീകരിക്കാൻ യോഹന്നാനോട് സഹായമഭ്യർഥിച്ചു. അങ്ങനെ ആവിലായിലെ വി. അമ്മത്രേസ്യയോടൊപ്പം കർമ്മലസഭ നവീകരിക്കുകയും നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആവുകയും ചെയ്തു.

ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും കര്‍ക്കശമായ പുതിയ സന്യാസരീതികള്‍മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അദ്ദേഹത്തിനെതിരായി. അവര്‍ വിശുദ്ധനെ പാഷണ്ഡത പഠിപ്പിക്കുന്നവനാണ്, സഭയുടെ വിശ്വാസങ്ങൾ ഉപേക്ഷിച്ചവനാണ് എന്നൊക്കെ മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. സമൂഹത്തിനുമുമ്പിൽ ആഴ്ചയിലൊരിക്കലെങ്കിലുമുള്ള പരസ്യമായ ചാട്ടവാറടി, ശരീരം ചലിപ്പിക്കാൻ കഷ്ടിച്ചുമാത്രം മതിയാകുമായിരുന്ന ഒരു ചെറിയ അറയിലെ താമസം എന്നിവയൊക്കെ അതികഠിനമായ ആ തടവിന്റെ ഭാഗമായിരുന്നു.

ഒൻപതുമാസം കഴിഞ്ഞ് 1578 ആഗസ്റ്റ് 15 -ാം തീയതി, അറയോടു ചേർന്നുള്ള മുറിയിലെ ഒരു ചെറിയ ജനാലവഴി അദ്ദേഹം രക്ഷപെട്ടു. ഇക്കാലത്തെ കഠിനമായ പീഡനങ്ങളും ആത്മീയപരീക്ഷണങ്ങളും യോഹന്നാന്റെ പിൽക്കാല രചനകളിലെല്ലാം കാണാവാൻ സാധിക്കും. കർമ്മല മലകയറ്റം, ആത്മാവിന് ഇരുണ്ടരാത്രി, ആത്മീയഗീതം, സ്നേഹജ്വാല തുടങ്ങി വിശ്വവിഖ്യാതമായ ആത്മീയഗ്രന്ഥങ്ങൾ രചിക്കാനും ആത്മീയതയുടെ ഉത്തുംഗശൃംഗത്തിലെത്താനും സാധിച്ചത് തടവറയുടെ ഇരുളിൽ കിടന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച ഉൾക്കാഴ്ചകളും ജീവിതദർശനങ്ങളുമായിരുന്നു.

“എങ്ങു നീ ഒളിച്ചെന്നെ കേഴുവാൻ വിട്ടു നാഥാ,
എന്നെ ഹാ, മുറിവേല്പിച്ചോടി നീ മാനെന്നപോൽ,
കരഞ്ഞുവിളിച്ചു ഞാൻ പുറകെ പുറപ്പെട്ടു,
തിരിഞ്ഞുനോക്കാതെ നീ ദൂരെവേ അകന്നുപോയി… ” ആത്മാവിന് ഇരുണ്ടരാത്രികളിൽ, സഹനങ്ങളിൽ, വി. യോഹന്നാൻ കോറിയിട്ട ഇതുപോലുള്ള വരികൾ ഈടുറ്റ ആത്മീയദർശനങ്ങൾ നൽകുന്നതായിരുന്നു.

ജയിൽമുക്തിക്കുശേഷം നവീകരണസംരംഭങ്ങളും ത്രേസ്യായോടൊപ്പം താൻ സ്ഥാപിച്ച കർമ്മലീത്താ നിഷ്പാദുക സഭയ്ക്ക് പുതിയ ആശ്രമങ്ങൾ സ്ഥാപിക്കുന്നതുമെല്ലാം അദ്ദേഹം പുനരാരംഭിച്ചു. 1591 ഡിസംബർ 14 -ന് ചർമ്മത്തെ ബാധിക്കുന്ന സെല്ലുലൈറ്റിസ് രോഗം മൂർച്ഛിച്ച് 49 -ാമത്തെ അദ്ദേഹം വയസ്സിൽ മരിച്ചു. 1726 -ൽ ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. 1926 ആഗസ്റ്റ് 24 -ന് പതിനൊന്നാം പിയൂസ് മാർപാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

കുരിശിന്റെ വി. യോഹന്നാൻ നമ്മോട് പറയുന്നു: “സഹനങ്ങളിലൂടെയും തടവറകളിലൂടെയും തിക്താനുഭവങ്ങളിലൂടെയും നീ കടന്നുപോയാലും ജീവിതത്തിൽ നീ ആഗ്രഹിച്ച സമയത്ത്, ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാത്തതുകൊണ്ട് നിന്റെ ദൈവത്തെ സംശയിക്കരുത്. കാരണം, അവിടുന്ന് വിശ്വസ്ഥനാണ്. നിന്നെ അനുഗ്രഹിക്കുക തന്നെ ചെയ്യും.”

ഈ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മളുടെ എല്ലാ സഹനങ്ങളും നൊമ്പരങ്ങളും തടവറ അനുഭവങ്ങളും കുരിശിലെ വി. യോഹന്നാന്റെ മാധ്യസ്ഥ്യംവഴി കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. കുരിശിന്റെ വി. യോഹന്നാനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.