വി. ഫ്രാൻസിസ് അസീസിയുടെ ആദ്യ പുൽക്കൂട്

ബെത്ലഹേം സന്ദർശിച്ചശേഷം ക്രിസ്തുവിന്റെ എളിയജനനം അനുകരിക്കണമെന്ന് ഫ്രാൻസിസിനു തോന്നി. 1223 ൽ അസീസിയിലെ വി. ഫ്രാൻസിസിന് ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചുനടത്തം. അതിനായി ദൈവാലയങ്ങളോ, അതിലെ രൂപങ്ങളോ അല്ല, മറിച്ച് മലമുകളിലെ മൃഗങ്ങളുടെ എളിയ കാലിത്തൊഴുത്ത് തന്നെയാണ് ഫ്രാൻസിസ് തിരഞ്ഞെടുത്തത്.

വിശുദ്ധനാട്ടിലേക്കു തീർഥാടനം നടത്തി ക്രിസ്തു ജനിച്ച യഥാർഥസ്ഥലം കണ്ടതിനുശേഷമാണ് ഫ്രാൻസിസിന് ഇപ്രകാരമൊരു ചിന്ത ഉദിച്ചത്. പുൽക്കൂടിന്റെ ദാരിദ്യമായിരുന്നു അസീസിയിലെ ആ യുവാവിനെ ഏറ്റവും സ്വാധീനിച്ചത്. ആ ദാരിദ്യമാണ് ഇപ്രകാരമൊരു ക്രിസ്തുമസ് ആഘോഷത്തിന് ഫ്രാൻസ്സിനെ പ്രേരിപ്പിച്ചത്.

ഫ്രാൻസിസ്കൻ സന്യാസിയായ ചേലാനോയിലെ തോമസ് ഇപ്രകാരം രേഖപ്പെടുത്തുന്നു: “തിരുപ്പിറവിയുടെ 15 ദിവസങ്ങൾക്കുമുമ്പ് ഫ്രാൻസിസ് ഒരു സഹോദരനോടു പറഞ്ഞു: “ബെത്ലഹേമിൽ പിറന്ന ഉണ്ണിക്ക് എനിക്കൊരു സ്മാരകം തീർക്കണം. അവന്റെ ശൈശവകാല ദുരിതങ്ങൾ കണ്ണുകൾകൊണ്ടു കാണാൻകഴിയുന്ന ഒരു സ്മാരകം. അവൻ പുൽത്തൊട്ടിലിൽ പിള്ളക്കച്ചയിൽ ആടുമാടുകൾക്കിടയിൽ ഉറങ്ങുന്നതിന്റെ ഓർമ.”

അവിടെ ലാളിത്യം ആദരിക്കപ്പെട്ടു, ദാരിദ്യം വാഴ്ത്തപ്പെട്ടു, എളിമ പ്രശംസിക്കപ്പെട്ടു. ഫ്രാൻസിസിന്റെ തുണസഹോദരൻ പുതിയ ബെത്ലഹേം ഉണ്ടാക്കി. രാത്രി പകലുപോലെ പ്രകാശമുള്ളതായി, മനുഷ്യരും മൃഗങ്ങളും ഫ്രാൻസിസിനൊപ്പം പുൽക്കൂടിനുമുമ്പിൽ സന്തോഷത്തോടെ നിന്നു. അവരുടെ നെടുവീർപ്പുകൾ ആർദ്രതയിലും സന്തോഷത്തിലും അലിഞ്ഞുപോയി. പുൽക്കൂട്ടിൽ ആഘോഷപൂർവമായ വിശുദ്ധ കുർബാന അർപ്പണം നടന്നു. പുരോഹിതൻ നവ്യമായ ഒരു ആശ്വാസം ഹൃദയത്തിൽ ഏറ്റുവാങ്ങി.”

ആ രാത്രിയിൽ ഫ്രാൻസിസിന്റെ കൈകളിൽ ഉണ്ണിശോ ഇരിക്കുന്നത് കണ്ടതയായി ചിലർ പറയുന്നതിനെപ്പറ്റി വി. ബൊനവെന്തൂര സാക്ഷ്യപ്പെടുത്തുന്നു: “ധീരനും സത്യസന്ധനുമായ ഒരു പടയാളി ഇപ്രകാരം പറയുന്നു: ‘ആ രാത്രിയിൽ പുൽത്തൊട്ടിലിൽ അതിസുന്ദരനായ ഒരു ശിശുവിനെ ഫ്രാൻസിസ് പിതാവ് ഇരുകരങ്ങളുംകൊണ്ട് ആലിംഗനം ചെയ്തു. ഉണ്ണിയേശു ഉറക്കത്തിൽ നിന്നെണീറ്റ് ഫ്രാൻസിസിനെ നോക്കി പുഞ്ചരിച്ചു. ഫ്രാൻസിസിന്റെ പുൽക്കൂടിന്റെ വാർത്ത നാട്ടിലെങ്ങും പരന്നു.”

1291 ൽ ആദ്യത്തെ ഫ്രാൻസിസ്കൻ പാപ്പയായ നിക്കോളാസ് നാലാമൻ റോമിലെ പരിശുദ്ധ മാതാവിന്റെ ബസിലിക്കയിൽ ക്രിസ്തുവിന്റെ ജനനത്തിന്റെ ദൃശ്യം സ്ഥിരമായി ഒരുക്കാൻ കൽപന പുറപ്പെടുവിച്ചു. അതിനുശേഷം പുൽക്കൂടും പുൽക്കൂട്ടിലെ ഉണ്ണിയേശുവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറമുള്ള ഭാഗമായി. ക്രിസ്മസ് പുൽക്കൂട് ദൈവത്തിന്റെ സ്നേഹക്കരുതലിന്റെ അടയാളമാണെന്ന് പുൽക്കൂടിന്റെ പ്രധാന്യത്തെയും അതിന്റെ ആത്മീയവശങ്ങളെയുംപറ്റി പ്രതിപാദിക്കുന്ന ഫ്രാൻസിസ് പാപ്പ 2019 ൽ പുറത്തിക്കിയ അദ്മിറാബിലെ സീഞ്ഞൂ ‘Admirabile signum’ എന്ന അപ്പോസ്തോലികരേഖയിൽ വ്യക്തമാക്കി പറയുന്നു: “പുൽക്കൂട് നമ്മിൽ ഇത്രമാത്രം ചലനങ്ങൾ സൃഷ്ടിക്കാൻ കാരണം ദൈവത്തിന്റെ കരുതലാർന്ന സ്നേഹമാണ്. ഫ്രാൻസിസ് അസീസിയുടെ കാലം മുതൽക്കെ പുൽക്കൂട് മനുഷ്യാവതാരത്തിൽ ദൈവപുത്രൻ സ്വീകരിച്ച ദാരിദ്യത്തെ തൊടാനും അനുഭവിക്കാനും നമ്മെ ക്ഷണിച്ചുകൊണ്ട് അത്യാവശ്യക്കാരായ നമ്മുടെ സഹോദരീസഹോദരന്മാരിൽ ഈശോയെ കണ്ട് കരുണയോടെ സഹായിക്കാൻ ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു.”

പുൽക്കൂട്ടിലെ ഉണ്ണീശോയിൽനിന്നു ഫ്രാൻസിസ് അസീസിയെപ്പോലെ ദൈവസ്നേഹത്തിന്റെ അനുഭവം സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.