കുഞ്ഞുങ്ങളിൽ ശാന്തത പരിശീലിപ്പിക്കാൻ ചില മാർഗങ്ങൾ

പെട്ടെന്ന് പൊട്ടിത്തെറിച്ച് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്ന സ്വഭാവമുള്ള വ്യക്തികളെ നമുക്ക് അറിയാമായിരിക്കും. ചിലപ്പോൾ നമുക്കും ആ സ്വഭാവമുണ്ടായിരിക്കാം. ബാഹ്യമായും ആന്തരികമായുമുള്ള നിശ്ശബ്ദത ഒരു വ്യക്തിയുടെ വ്യക്തിത്വവികസനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്; ആത്മീയജീവിതത്തിന്റെ വളർച്ചയ്ക്കും ഈ ശാന്തത അനിവാര്യമാണ്.

ചെറുപ്പം മുതൽ നമ്മുടെ കുട്ടികളെ ശാന്തരായിരിക്കാൻ ശീലിപ്പിക്കേണ്ടത് പ്രധാനപ്പെട്ട ഒന്നാണ്. ഇന്ന് മൊബൈൽ ഫോണുകളും ടെലിവിഷനുകളും സംഗീതവും മറ്റു ശബ്ദങ്ങളും അന്തരീക്ഷത്തെ ആകെമാനം ബഹളമയമാക്കുന്നു. ഇത്തരം ശബ്ദങ്ങളുടെ ആധിക്യം കുട്ടിയുടെ വളർച്ചയെയും വ്യക്തിത്വത്തെയും സാരമായി ബാധിക്കും.

സന്തുലിതമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാൻ ശാന്തത ശീലിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ച് ചെറിയപ്രായം മുതൽത്തന്നെ മാതാപിതാക്കൾ കുട്ടികൾക്ക് അതിനുള്ള പ്രത്യേക പരിശീലനം ബോധപൂർവം നൽകേണ്ടതുണ്ട്.

ശാന്തമായ കുടുംബാന്തരീക്ഷത്തിൽനിന്നാണ് നമ്മൾ നിശ്ശബ്ദത പഠിക്കാൻ തുടങ്ങുന്നത്. ഒരു വ്യക്തിയുടെ ശാന്തമായ സ്വഭാവം, അവർ സംസാരിക്കുന്ന രീതിയിലും മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്ന രീതിയിലുംനിന്ന് നമുക്ക് മനസ്സിലാക്കാം. തീർച്ചയായും, മാതാപിതാക്കൾ കുട്ടികളോടു സംസാരിക്കുന്ന ശൈലിയും കണക്കിലെടുക്കണം. ചെറിയ കാര്യത്തിനുപോലും പൊട്ടിത്തെറിച്ചും ദേഷ്യപ്പെട്ടുമെല്ലാം കുട്ടികളോടു സംസാരിക്കുമ്പോൾ അവരുടെ ഉപബോധമനസ്സിൽ, ‘നാളെ ഞാനും ഇങ്ങനെയാണ് പെരുമാറേണ്ടത്’ എന്ന് എഴുതിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മക്കളോടു സംസാരിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന ഭാഷ തീർച്ചയായും മാതാപിതാക്കൾ ഒഴിവാക്കേണ്ടതുണ്ട്. ചെറുപ്രായത്തിൽത്തന്നെ അവർക്ക് ശാന്തമായ സംസാരശൈലി അനുകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാതൃക മാതാപിതാക്കൾ നൽകണം. അതിലൂടെ കുട്ടികൾ കൂടുതൽ ക്ഷമ പരിശീലിക്കാൻ തുടങ്ങുന്നു.

കുട്ടികൾ പഠിക്കേണ്ട നിശ്ശബ്ദത

നമ്മൾ എപ്പോഴും അരാജകത്വത്തിന്റെ നടുവിലാണ് ജീവിക്കുന്നത്. ഇത് നമ്മുടെ വീടുകളിലെ കുട്ടികളുടെ സ്വഭാവത്തെ സാരമായി ബാധിക്കും. വീടുകളിൽ അനിയന്ത്രിതമായ ശബ്ദവും മറ്റ് അസ്വസ്ഥതകളും വർധിച്ചുവരികയാണ്. പല വീടുകളിലും ടെലിവിഷൻ എപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കും അല്ലെങ്കിൽ എല്ലാവരുടെയും ചെവിയിൽ ഇയർഫോൺ കാണാം. പ്രാർഥനയ്‌ക്കോ, നിശ്ശബ്ദതയ്‌ക്കോ വീട്ടിൽ സ്ഥാനമില്ല. വളർന്നുവരുന്ന തലമുറയെ അത് സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ നിശ്ശബ്ദരായിരിക്കേണ്ട സമയങ്ങളിൽ അത് പരിശീലിക്കാൻ പഠിപ്പിക്കാം.

അത്താഴത്തിനും പ്രാർഥനയ്ക്കുംശേഷമുള്ള സമയം വീടുകളിൽ പൂർണ്ണമായും നിശ്ശബ്ദത പരിശീലിക്കാം. അതുപോലെതന്നെ പ്രഭാതഭക്ഷണത്തിനു മുൻപുവരെയുള്ള സമയം ശാന്തമായും നിശ്ശബ്ദമായുമുള്ള ഒരു അന്തരീക്ഷം ഭവനങ്ങളിൽ വളർത്തിയെടുക്കാനും ശ്രമിക്കാം. ഇതൊക്കെയും ശീലമാകുമ്പോൾ മറ്റുള്ളവരോട് ഏറ്റവും സൗമ്യതയോടെ പെരുമാറാൻ നമുക്കും കുഞ്ഞുങ്ങൾക്കും സാധിക്കും.

കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് മറ്റു കാര്യങ്ങളിലേക്കു തിരിയാം. അതിനാൽ, ശാന്തമായ അന്തരീക്ഷം വീട്ടിൽനിന്ന് ആരംഭിക്കട്ടെ. ശാന്തമായി പെരുമാറാൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന പ്രധാനഘടകമാണ് നിശ്ശബ്ദത. അതിനാൽ, കുട്ടികൾ വളരുമ്പോൾ ആന്തരികനിശ്ശബ്ദത പരിശീലിപ്പിക്കുന്നത് അവരുടെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. അവർ ഉൾപ്പെട്ടിരിക്കുന്ന മേഖലകളിലെ സാഹചര്യങ്ങളോട് ശാന്തമായി പ്രതികരിക്കാനുള്ള കഴിവും ഇത് അവർക്ക് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.