പുതുവർഷത്തിൽ ആന്തരികസമാധാനത്തിൽ നിലനിൽക്കാനുള്ള ചില വഴികൾ

ആന്തരികമായ സമാധാനം നമ്മുടെ ജീവിതത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. അതിനാൽ ആരോഗ്യമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നത് വളരെ അത്യാവശ്യമാണ്. ആന്തരികസമാധാനം അനുഭവിക്കാത്ത ഒരു വ്യക്തിയുടെ ചുറ്റുമുള്ളവരുടെയും സമാധാനം നശിക്കും. ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനം നഷ്ടപ്പെടുത്താൻ ഇത്തരം ഒരൊറ്റ വ്യക്തി മതിയാകും. ആന്തരികസമാധാനം നഷ്ടപ്പെടാതിരിക്കാൻ പ്രാര്‍ഥനയിൽ ആശ്രയിക്കുക എന്നതാണ് ഒരു മാർഗം. അതിനു സഹായിക്കുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം.

ജീവിതസാഹചര്യങ്ങളിൽനിന്നും സമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്; ദൈവത്തെ നോക്കുക

യഥാർഥത്തിലുള്ള സമാധാനം നമുക്ക് ലഭിക്കുന്നത് ദൈവത്തിൽനിന്നു മാത്രമാണ്. അതിനാൽ ജീവിതത്തിന്റെ പ്രശ്നങ്ങളെ, പ്രതീക്ഷകളെ എല്ലാം അവിടുന്നിൽ സമർപ്പിക്കുക. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ദൈവത്തിൽനിന്നും നാം അകന്നുപോവുകയല്ല വേണ്ടത്, മറിച്ച് അവിടത്തോട് ചേർന്നുനിൽക്കണം. അതിനായി നമ്മെ സഹായിക്കുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്.

ജീവിതത്തിലെ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാകരുത്

ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളില്ലാത്തവരായി ആരുമില്ല. നാം അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അതിനാൽ പ്രശ്നങ്ങളെ ഒഴിവാക്കുകയല്ല, അവയെ അതിജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. അതിലൂടെ നാം കൂടുതൽ ശക്തരും ധൈര്യശാലികളുമാകും. ജീവിതത്തിൽ കടന്നുവരുന്ന കഷ്ടപ്പാടുകൾക്ക് അര്‍ഥം കണ്ടെത്തുന്നവരാകാം. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും?

ജീവിതത്തെ പ്രശ്നവല്‍ക്കരിച്ച് കാണാതിരിക്കുക

ജീവിതത്തിൽ അലട്ടുന്ന വലുതും ചെറുതുമായ പ്രശ്നങ്ങളെ മാത്രം കാണുന്നവരാകാതെ ദൈവം നൽകിയ നന്മകളെ കണ്ണുതുറന്ന് കാണുക. അവയ്ക്ക് നന്ദിപറയുക. എളിമയുള്ള മനസ്സുള്ളവർക്കുമാത്രമേ അത് സാധ്യമാവുകയുള്ളൂ. ഏതു പ്രതിസന്ധിയിലും ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുക.

ഉത്കണ്ഠാകുലരാകരുത്  

ദൈവത്തിൽ ആശ്രയിക്കാതെ നമ്മിൽതന്നെ ആശ്രയിച്ചുകഴിയുമ്പോളാണ് അമിതമായ ഉത്കണ്ഠ നമ്മെ കീഴടക്കുന്നത്. അതിനാൽ പ്രതിസന്ധികളെ ദൈവത്തിനു വിട്ടുകൊടുക്കുക. അവിടുന്ന് നമ്മെ പരിപാലിക്കും. അമിതമായ ഉത്കണ്ഠ ആരോഗ്യം നശിപ്പിക്കുന്നു, മാനസികസമ്മർദം കൂട്ടുന്നു. അതിനാൽ നമ്മുടെ പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും ദൈവത്തിനു വിട്ടുകൊടുക്കുക.

പ്രാര്‍ഥനയിൽ ആശ്രയിക്കുക

പ്രാര്‍ഥനയെ മുറുകെപ്പിടിച്ചുകൊണ്ട് പുതിയ വർഷത്തെ വരവേൽക്കാന്‍ നമുക്കു സാധിക്കട്ടെ. നമ്മെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കർത്താവിൽനിന്നും മാത്രമേ ലഭിക്കുകയുള്ളൂ എന്ന് വിശ്വസിക്കുക. ആ ദൈവത്തിൽ ആശ്രയിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.