പുതുവർഷത്തിൽ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുകയോ, തീരുമാനങ്ങൾ എടുക്കുകയോ ചെയ്യേണ്ടത് ആവശ്യമുള്ള കാര്യമാണ്. നവീകരണത്തിനുള്ള അവസരം കൂടിയാണ് പുതുവർഷം. ശരീരത്തിലും മനസ്സിലും ആത്മാവിലും നവീകരിക്കപ്പെട്ട വ്യകതികളായി മാറുന്നതിനുള്ള സമയം. അതിനാൽ, പുതുവർഷത്തിൽ നാം എടുക്കേണ്ട ചില നല്ല തീരുമാനങ്ങൾ ഇതാ.
1. നന്ദിയോടെയും പ്രാർഥനയോടെയും ആരംഭിക്കുക
കഴിഞ്ഞ വർഷത്തെ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കുകയും വരാനിരിക്കുന്ന ദിവസങ്ങൾക്കുള്ള കൃപ തേടുകയും ചെയ്തുകൊണ്ട് പുതിയ വർഷം ആരംഭിക്കുക. കത്തോലിക്കാ കുടുംബങ്ങൾ ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. അതിനാൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയ്ക്കായി ഓരോ കുടുംബങ്ങളെയും സമർപ്പിക്കുക. പുതുവർഷത്തിൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ ഒരു ലിസ്റ്റ് എഴുതി തയ്യാറാക്കിയാൽ അത് പുതുവർഷത്തിൽ കൂടുതൽ പ്രതീക്ഷയും സമാധാനവും നൽകും.
2. ആസൂത്രിതമായ തീരുമാനങ്ങൾ സജ്ജമാക്കുക
പെട്ടെന്നുള്ള തോന്നലിലും വികാരങ്ങൾക്ക് അടിമപ്പെട്ടും തയ്യാറാക്കാവുന്ന ഒരു ലിസ്റ്റിനു പകരം വിശ്വാസത്തിലും വ്യക്തിഗത വളർച്ചയിലും വേരൂന്നിയ, പൂർത്തിയാക്കാൻ സാധിക്കാവുന്ന തീരുമാനങ്ങൾ എടുക്കുക. ക്ഷമ, ഔദാര്യം അല്ലെങ്കിൽ വിനയം പോലുള്ള ഒരു സദ്ഗുണം പരിശീലിക്കാൻ തയ്യാറാകുക.
3. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുക
പുതുവർഷത്തിൽ കുടുംബവുമായും സുഹൃത്തുക്കളുമായും വീണ്ടും ബന്ധപ്പെടാൻ പറ്റിയ സമയമാണ്. ഭക്ഷണം പങ്കിടുക, ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ ഒരുമിച്ചു നടക്കുക എന്നിങ്ങനെ ബന്ധങ്ങളിൽ ഐക്യം തേടാനുള്ള ഓർമപ്പെടുത്തൽ നൽകുന്ന സമയവും കൂടിയാണിത്.
4. പുതിയ തുടക്കത്തിനായി പുറത്തിറങ്ങുക
നടക്കാൻ പോകുന്നതും പ്രകൃതിഭംഗി ആസ്വദിക്കുന്നതും പുതുവർഷത്തിൽ നല്ല ആരംഭം കുറിക്കാൻ നമ്മെ സഹായിക്കുന്നവയാണ്. പ്രാർഥിക്കാനോ, ധ്യാനിക്കാനോ, ആഴത്തിൽ ശ്വസിക്കാനോ ഒക്കെ ഈ സമയം ഉപയോഗിക്കാൻ സാധിക്കും.
7. കാരുണ്യപ്രവൃത്തികൾക്കായി ആസൂത്രണം ചെയ്യുക
പുതുവർഷത്തിൽ, ആ വർഷം നിങ്ങൾക്ക് മറ്റുള്ളവരെ എങ്ങനെ സേവിക്കാമെന്ന് ചിന്തിക്കുക. ഒരുപക്ഷേ അത് ഒരു ഫുഡ് ബാങ്കിൽ സന്നദ്ധസേവനം ചെയ്യുകയോ, നിങ്ങളുടെ ഇടവക ശുശ്രൂഷകളെ പിന്തുണയ്ക്കുകയോ, അയൽക്കാരെ സഹായിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയോ ചെയ്യുന്നതിലൂടെയാകാം
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ