പുതുവർഷത്തിൽ ഒരു കുടുംബമെന്ന നിലയിൽ എടുക്കേണ്ട ചില നല്ല തീരുമാനങ്ങൾ

ഒരു പുതുവർഷത്തിലേക്ക് പുത്തൻ തീരുമാനങ്ങളോടെ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നാം ഓരോരുത്തരും. നമ്മുടെ വ്യക്തിപരവും കുടുംബപരവും ആത്മീയവുമായ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താൻ അനുയോജ്യമായ സമയമാണ് പുതിയ വർഷം. നമ്മിൽ പലരും വ്യക്തിപരമായി പുതുവത്സര തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ, ഒരു കുടുംബമെന്ന നിലയിൽ ചില നല്ല തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന ചില നിർദേശങ്ങൾ ഇതാ.

1. ചില കാര്യങ്ങൾ പുനഃക്രമീകരിക്കുക

നമ്മുടെ വീടുകളിലെ ചില സ്ഥലങ്ങൾ, വസ്തുക്കൾ ഇവയൊക്കെ പുനഃക്രമീകരിക്കേണ്ട സമയമാണ് പുതുവർഷം. ഉപയോഗിക്കാത്ത വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വെടിപ്പോടെയും ഭംഗിയോടെയും ക്രമീകരിക്കുക. കൂടാതെ, നമ്മൾ ഉപയോഗിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്നവ ആവശ്യക്കാരിൽ എത്തിക്കാൻ പരിശ്രമിക്കുന്നതും നല്ലതാണ്.

വീട് വൃത്തിയാക്കുന്നത് ദൈനംദിന ജീവിതത്തെ ലളിതമാക്കുന്നു, പിരിമുറുക്കം കുറയ്ക്കുന്നു, സ്ഥലം ലാഭിക്കുന്നു, ഒപ്പം ആനന്ദത്തിന് ഇടം നൽകുകയും ചെയ്യുന്നു. വേണ്ടാത്തവ വലിച്ചെറിയുന്നതിനെക്കാൾ ഉപകാരപ്രദമായവരിൽ എത്തിക്കുന്നത് കുടുംബത്തിൽ നല്ല ശീലം വളരുന്നതിനും കാരണമാകും. ‘എനിക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ’ എന്ന് സ്വയം ചോദിക്കാൻ ശ്രമിക്കുക.

2. എല്ലാ ദിവസവും കുറച്ചു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ മാറ്റിവയ്ക്കുക  

കുടുംബജീവിതത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധം. ദമ്പതികൾ ഒറ്റയ്ക്ക് സമയം കണ്ടെത്തുന്നതുപോലെതന്നെ കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പവും സമയം ചെലവഴിക്കണം. അതിലൂടെ കുടുബത്തിലെ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവയ്ക്കാം. ജോലിസ്ഥലത്തെ കാര്യങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, ആത്മീയകാര്യങ്ങൾ ഇവയെക്കുറിച്ചുള്ള ഒരു വിശകലനവും കുടുബത്തിൽ ആവശ്യമാണ്. ഒന്നിച്ചുകൂടിയിരുന്ന് ബൈബിൾഭാഗം ധ്യാനിക്കുന്നതും ഒരു നല്ല കുടുബം ഉണ്ടാകാൻ അത്യന്താപേക്ഷിതമാണ്.

3. ഓരോ കുട്ടിയോടൊപ്പവും വ്യക്തിപരമായി സമയം ചിലവഴിക്കുക

വീട്ടിൽ കുടുംബത്തോടൊപ്പം സമയം കണ്ടെത്തുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഓരോ കുട്ടിയോടൊപ്പവും വ്യക്തിപരമായി കുറച്ചു സമയം ചിലവഴിക്കുക എന്നത്. അവരുടെ ചെറിയ പരിഭവങ്ങളും ആവശ്യങ്ങളും അറിയാനും അവരെ കൂടുതൽ മനസ്സിലാക്കാനും ഇത് നല്ലതാണ്.

4. പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുക

ഇന്ന് വളരെ അവശ്യം വേണ്ട ഒരു വസ്തുതയാണ് പരിസ്ഥിതിസ്നേഹവും പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധവും. അവ നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും വളർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി ചില നല്ല ശീലങ്ങൾ പരിശീലിക്കുക.

ഉദാഹരണത്തിന്, അത്യാവശ്യമില്ലാത്ത ലൈറ്റുകൾ ഉപയോഗശേഷം അണയ്ക്കുക, കുറച്ചു ജലം ഉപയോഗിക്കുക, കഴിയുന്നത്ര മലിനീകരണമില്ലാത്ത ഉൽപന്നങ്ങൾ വാങ്ങുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, ഉപയോഗശൂന്യമായ ബാറ്ററികളും ലൈറ്റ് ബൾബുകളും അവയുടെ നിർദിഷ്ടസ്ഥലങ്ങളിൽ സ്ഥാപിക്കുക, ഒരു പൂന്തോട്ടം ഉണ്ടാക്കുക. ഇവയൊക്കെ ശീലിക്കാൻ പരിശ്രമിക്കുക.

5. ഒരു കുടുംബ കലണ്ടർ രൂപപ്പെടുത്തുക

കുടുംബത്തിലെ ആത്മീയവളർച്ചയ്ക്കുതകുന്ന ഒരു കുടുംബ കലണ്ടർ തയ്യാറാക്കുകയും അതിൽ ആത്മീയജീവിതത്തെ സമ്പന്നമാക്കാനുള്ള നിർദേശങ്ങൾ ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. വിശുദ്ധ കുർബാന, സന്ധ്യാപ്രാർഥന, കൂദാശകൾ എന്നിവയിലുള്ള ഭാഗഭാഗിത്വം കൂടുതൽ സജീവമാക്കാൻ ഇത്തരം ആശയത്തിലൂടെ സാധ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.