സാമൂഹികമാധ്യമങ്ങൾ മാനസിക ആരോഗ്യത്തിന് തടസ്സമോ?

    ഡോ. സെമിച്ചൻ ജോസഫ്

    ‘ഹാഷ് ടാഗുകൾക്കോർത്തു
    ട്രെൻഡിങ്ങിൽ കയറ്റി
    നീലച്ഛായം മുങ്ങിക്കുളിച്ചൊരു
    ഫേസ്ബുക്കും ട്വിറ്ററും
    യുവാക്കൾക്ക് ഹരമാകുന്നു.

    പൊള്ളത്തരത്തിനു
    പള്ളു പറഞ്ഞു പൊളിക്കുന്നു
    പച്ചപരമാർഥം
    പതിയെത്തിരക്കാതെ
    പായുന്നു ഷെയറുകൾ
    പന്തംകൊളുത്തിപ്പടപോലെ.

    ആപ്പുകൾ പലതും
    ആപ്പിലാക്കുമ്പോൾ
    അറിയാത്ത പലതിനെയും
    അവലംബിക്കുന്നു നാം.

    മിഥ്യയിൽ വീഴാതെ
    മീഡിയമേതുമായാലും
    മിതവ്യയം പ്രാപിച്ചാൽ
    മനുഷാ നിനക്കു മനസ്സുഖം.’

    വിനീത് വിശ്വദേവിന്റെ ‘സോഷ്യൽ മീഡിയ’ എന്ന കവിത സമകാലിക ജീവിതത്തിനുനേർക്ക് തുറന്നുപിടിച്ച കണ്ണാടിയാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്ക് ടോക്ക് മുതലായ സാമൂഹികമാധ്യമങ്ങൾ നമ്മളിൽ പലരുടെയും അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ലോകമെമ്പാടും 4.9 ബില്യൺ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. ഒരു ശരാശരി വ്യക്തി പ്രതിദിനം 145 മിനിറ്റ് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതായി കാലിഫോർണിയ യൂണിവേഴ്സ്റ്റി നടത്തിയ പഠനം മുന്നോട്ടുവയ്ക്കുന്നു.

    തീർച്ചയായും അനവധി സാധ്യതകളും പ്രയോജനങ്ങളുള്ള ഒരു മേഖലയാണ് സോഷ്യൽ മീഡിയ. ലോകത്തിന്റെ ഏതു കോണിലുള്ള വ്യക്തികളുമായും എളുപ്പത്തിൽ സംവദിക്കാനും വെർച്ച്വലി കണക്ട് ആയിരിക്കാനും അതു നമ്മെ സഹായിക്കും. നമ്മുടെ ആശയങ്ങൾ എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കാനും സോഷ്യൽ മീഡിയയോളം നല്ലൊരു മാധ്യമം വേറെയില്ല എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ, ‘അമിതമായാൽ അമൃതും വിഷം’ എന്ന പഴഞ്ചെല്ല് അന്വർഥമാക്കുന്നതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഉത്കണ്ഠ, വിഷാദം, ഏകാന്തത, ഭയം എന്നിവയ്ക്ക് കാരണമാകുന്നതായും അത് നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതായും പഠനങ്ങളുണ്ട്. കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്.

    നമ്മുടെ കുടുംബ ബന്ധങ്ങളെയും അല്പം സാരമായി തന്നെ സ്ക്രീൻ ടൈം ബാധിച്ച്  തുടങ്ങിയിരിക്കുന്നു. കുട്ടികൾ പലരും പങ്കുവയ്ക്കുന്ന സങ്കടം, അവർക്ക്  മാതാപിതാക്കളുടെ സാമിപ്യം ആവശ്യത്തിനു ലഭിക്കുന്നില്ല എന്നതാണ്. മറുവശത്ത്  മാതാപിതാക്കളാകട്ടെ, കുട്ടികളുടെ മൊബൈൽ, വീഡിയോ/ കമ്പ്യൂട്ടർ ഗെയിം അഡിക്ഷനെക്കുറിച്ച് പരാതിപ്പെടുന്നു. രണ്ടുകൂട്ടരും പറയുന്നതിൽ കാര്യം ഇല്ലാതില്ല.

    സാങ്കേതികവിദ്യയുടെ വളർച്ച നമ്മളെ അറിഞ്ഞോ, അറിയാതെയോ സ്‌ക്രീനുകളിൽ തളച്ചിടുകയാണ്. അത് ഒരുപക്ഷേ, ഓഫീസിലെ കമ്പ്യൂട്ടറോ, പേർസണൽ ലാപ്‍ടോപ്പോ, പലരുടെയും ശരീരത്തിലെ ഒരു അവയവം തന്നെയായി മാറിക്കഴിഞ്ഞ മൊബൈൽ ഫോണോ, സ്വീകരണമുറിയിലെ അതികായൻ ടെലിവിഷനോ എന്തുമാകാം. ഈ സ്ക്രീൻ അഡിക്ഷൻ നമ്മെ ശാരീരികമായും വൈകാരികമായും മാനസികമായും തളർത്തുന്നു. മാതാപിതാക്കളുടെയും മറ്റു മുതിർന്നവരുടെയും സ്ക്രീൻ ഉപയോഗം കണ്ടുവളരുന്ന കുട്ടികൾ സ്വാഭാവികമായും ആ മേഖലയിൽ ആകൃഷ്ടരാകുന്നതിൽ അവരെ നമുക്കെങ്ങനെ കുറ്റപ്പെടുത്താനാകും.

    അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനപ്രകാരം ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ടൈം ഉള്ള കുട്ടികളിൽ ചിന്താശേഷിയും ഭാഷപരമായ കഴിവുകളും കുറവ് രേഖപ്പെടുത്തിയതായി കാണുന്നു.

    അതുകൊണ്ടു ഓരോരുത്തരും മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക.

    1. നിങ്ങളുടെ കുടുംബത്തിന്റെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?

    2. കുടുംബത്തിലെ സ്വാഭാവികമായ താളത്തിന് നിങ്ങളുടെ സ്ക്രീൻ ടൈം ഒരു തടസ്സമാണോ?

    3. നിങ്ങളുടെ ഉറക്കത്തെ, അതുവഴി ആരോഗ്യത്തെ സ്ക്രീൻ ഉപയോഗം എങ്ങനെയാണു ബാധിക്കുന്നത്?

    ഏവർക്കും ആത്മപരിശോധനയുടെ മണിക്കൂറുകൾ ആശംസിക്കുന്നതോടെപ്പം ചില പ്രയോഗികനിർദേശങ്ങൾ കൂടി കുറിക്കട്ടെ.

    നിങ്ങളുടെ ഫോണിൽ സോഷ്യൽ മീഡിയ ആപ്പുകൾക്ക് സമയപരിധികൾ ക്രമീകരിക്കാം. സോഷ്യൽ മീഡിയ ഉപയോഗത്തിനായി നിർദിഷ്ടസമയം നിശ്ചയിക്കുക.

    നിങ്ങളുടെ സുഹൃത്തുക്കളുടെയും ഫോളോവേഴ്‌സിന്റെയും ലിസ്റ്റിലൂടെ ഒന്ന് കണ്ണോടിക്കുക നെഗറ്റീവ് ചിന്തകൾ ഉണർത്തുന്ന വ്യക്തികളെ അൺഫ്രണ്ട് ചെയ്യാനും പേജുകൾ ബ്ലോക്ക് ചെയ്യാനും മടികാണിക്കരുത്. സോഷ്യൽ മീഡിയയ്ക്കുപുറത്ത് സംതൃപ്തിയും സന്തോഷവും കണ്ടെത്തുക.

    നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യക്തിബന്ധങ്ങൾക്കും പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുക. ഇത് സ്‌ക്രീൻ സമയം കുറയുന്നതിനും കാരണമാകും. സ്ക്രീൻ ടൈം കുറച്ചു ഫാമിലി ടൈം വർധിപ്പിക്കാൻ സാധിക്കട്ടെ.

    ഡോ. സെമിച്ചൻ ജോസഫ്

    (തുടരും)

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.