ബൈബിളിൽ പ്രതിപാദിക്കുന്നവരും വിശുദ്ധരുമായ ഏഴ് സംഗീതജ്ഞർ

സംഗീതത്തിലൂടെ ദൈവത്തെ സ്തുതിക്കുന്ന പ്രശസ്തരായ പല വ്യക്തികളെയും ബൈബിളിൽ നാം കാണുന്നുണ്ട്. കൂടാതെ, ചില വിശുദ്ധരും ദൈവം തങ്ങൾക്കു നൽകിയ സംഗീതം എന്ന ദാനത്തെ അവിടുത്തെ പ്രകീർത്തിക്കുന്നതിനായി വിനിയോഗിച്ചവരാണ്. അങ്ങനെയുള്ള ഏഴുപേരെ പരിചയപ്പെടാം.

1. വി. സിസിലി

ദൈവാലയ സംഗീതത്തിന്റെയും സംഗീതജ്ഞരുടെയും മധ്യസ്ഥയാണ് വി. സിസിലി. മരണസമയത്തുപോലും ദൈവത്തെ പാടിസ്തുതിച്ചതുകൊണ്ടാണ് സിസിലി സംഗീതജ്ഞരുടെ മധ്യസ്ഥയായത്. അവളുടെ വിവാഹവേളയിൽ സംഗീതജ്ഞർ പാടുമ്പോൾ സിസിലി ‘കർത്താവിന് സ്തുതിഗീതകം ഹൃദയത്തിൽ പാടുകയായിരുന്നു’ എന്നാണ് സഭാപാരമ്പര്യം. പരിശുദ്ധ കന്യകാമറിയം ഉൾപ്പെടെ എട്ടു സ്ത്രീകളെയാണ് ലത്തീൻ ആരാധനക്രമത്തിലെ പരിശുദ്ധ കുർബാനയിൽ പേരുപറഞ്ഞ് അനുസ്മരിക്കുന്നത്; അവരിലൊരാളാണ് സിസിലി.

2. വി. തോമസ് അക്വിനാസ്

ചരിത്രത്തിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിലൊരാളാണ് വി. തോമസ് അക്വിനാസ്. കത്തോലിക്കാ ആരാധനക്രമ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന അഞ്ച് ദിവ്യകാരുണ്യ സ്തുതിഗീതങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. 1264 ൽ കോർപ്പസ് ക്രിസ്റ്റി തിരുനാൾ ആഘോഷം സ്ഥാപിക്കുന്ന അവസരത്തിൽ ഉർബൻ നാലാമൻ മാർപാപ്പയുടെ അഭ്യർഥന മാനിച്ചാണ് അദ്ദേഹം ഈ ഗാനങ്ങൾ രചിച്ചത്. രചനകളിൽ, പാംഗെ ഭാഷ ഉപയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

3. ദാവീദ് രാജാവ്

“ഇസ്രായേലിന്റെ സ്തുതിഗീതങ്ങളുടെ മധുരഗായകൻ” (2 സാമു 23:1) എന്നു വിളിക്കപ്പെടുന്ന ദാവീദ് രാജാവ് പഴയനിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീതജ്ഞരിൽ ഒരാളാണ്. ദുരാത്മാവിനാൽ പീഡിപ്പിക്കപ്പെടുമ്പോഴെല്ലാം സാവൂൾ രാജാവ് ദാവീദിനോട് സിത്താർ വായിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്ന് ബൈബിൾ പറയുന്നു. അതുപോലെ, യഹൂദ – ക്രിസ്ത്യൻ പാരമ്പര്യങ്ങൾ ബൈബിളിലെ സങ്കീർത്തനങ്ങളുടെ രചയിതാവ് ദാവീദാണെന്ന് വിശ്വസിക്കുന്നു.

4. ജൂബൽ

ജൂബൽ എന്ന ഈ ബൈബിൾ കഥാപാത്രം പഴയനിയമത്തിലും യുബൽ എന്ന പേരിലും കായേന്റെ പിൻഗാമികളിൽ ഒരാളായും അറിയപ്പെടുന്നു. ഉൽപത്തി പുസ്തകത്തിന്റെ നാലാം അധ്യായത്തിൽ, അവനെ ‘കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവരുടെയും പിതാവ്’ എന്ന് പരാമർശിക്കുന്നു.

5. വി. അൽഫോൻസ് ലിഗോരി

വി. അൽഫോൻസ് ലിഗോരി, സഭയുടെ ഡോക്ടറും ‘ദി ഗ്ലോറീസ് ഓഫ് മേരി’, ‘ട്രീറ്റീസ് ഓൺ മോറൽ തിയോളജി’ തുടങ്ങിയ കൃതികളുടെ രചയിതാവും ഒരു സംഗീതജ്ഞനും സംഗീതസംവിധായകനും ആയിരുന്നു. റിഡംപ്റ്ററിസ്റ്റ് മിഷനറീസ് ഓഫ് കൊളംബിയയുടെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, വിശുദ്ധൻ ദരിദ്രർക്കിടയിലും പ്രഭുക്കന്മാർക്കിടയിലും തന്റെ സുവിശേഷപ്രവർത്തനം മെച്ചപ്പെടുത്താൻ തന്റെ സംഗീതകല ഉപയോഗിച്ചു. അങ്ങനെയാണ് ക്രിസ്തുമസ് ഗാനമായ ‘Tu scendi dalle stelle’, ‘Cantata de la Passione’ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹം രചിച്ചത്.

6. വാഴ്ത്ത. കാർലോ അക്കുത്തിസ്

‘ഡിജിറ്റൽ വിശുദ്ധൻ’ എന്നറിയപ്പെടുന്ന വാഴ്ത്ത. കാർലോ അക്കുത്തിസ്, പ്രോഗ്രാമിംഗിലും വീഡിയോ ഗെയിമുകളിലുമുള്ള അദ്ദേഹത്തിന്റെ താൽപര്യത്തിനു പുറമെ, സംഗീതത്തോടുള്ള ഇഷ്ടവും വളർത്തി. സാക്സഫോൺ വായിക്കാൻ ഈ കൗമാരക്കാരൻ സ്വയം പഠിച്ചു.

7. വി. മേരി ക്രസന്റ്

മരിയ ക്രെസെൻസിയ ഹോസ് ഒരു ജർമൻ ഫ്രാൻസിസ്കൻ ആയിരുന്നു. അവൾ പാടുന്നത് കേൾക്കാൻ മാത്രമായി പ്രൊട്ടസ്റ്റന്റുകാർപോലും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. “ദൈവം അവൾക്ക് മനോഹരമായ ശബ്ദം നൽകി. ചെറുപ്പത്തിൽ അവൾ ഗായകസംഘത്തിൽ പാടിയത് സ്വയം തിളങ്ങാനല്ല, മറിച്ച് ക്രിസ്തുവിനുവേണ്ടി പാടാനും കളിക്കാനുമാണ്” – വി. ജോൺ പോൾ രണ്ടാമൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 2001 നവംബർ 25 നായിരുന്നു വി. മരിയ ക്രെസെൻസിയ ഹോസ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.