അനന്തമായ കഴിവുകളോടെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. വിശാലമായ ഈ ലോകത്ത് ലഭിക്കാവുന്ന എല്ലാ സാധ്യതകളെയും നാം അവർക്കു മുൻപിൽ തുറന്നുവയ്ക്കുമ്പോഴാണ് അവരുടെ ഉള്ളിലെ കഴിവുകൾ നല്ല രീതിയിൽ വികസിക്കുകയും ലോകനന്മയ്ക്കായി അവ ഉപയോഗപ്പെടുത്താനും സാധിക്കുക.
ചെറുപ്പം മുതൽതന്നെ പല കാര്യങ്ങളിലും കുട്ടി താൽപര്യം പ്രകടിപ്പിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെങ്കിലും അവരിൽ ഏറ്റവും മികച്ചുനിൽക്കുന്നവയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് അവരെ മികച്ചവരാക്കുക. അതുകൊണ്ടുതന്നെ, കുട്ടിയുടെ അഭിരുചിക്ക് അനുയോജ്യമായ ഒരു രക്ഷാധികാരിയെ തിരഞ്ഞെടുക്കുന്നത് ഏറ്റവും ശ്രമകരമായ ഒരു ജോലിയാണ്. പ്രത്യേകിച്ച് കുട്ടിക്ക് നിരവധി താൽപര്യങ്ങളും കഴിവുകളുമുണ്ടെങ്കിൽ.
ഭാഗ്യവശാൽ, കത്തോലിക്കാ സഭയിൽ അക്ഷരാർഥത്തിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആയിരക്കണക്കിന് വിശുദ്ധന്മാരും വിശുദ്ധകളുമുണ്ട്. കത്തോലിക്കരായിരിക്കുന്നതിന്റെ മഹത്തായ കാര്യങ്ങളിലൊന്നാണ് ഇത്. എക്സ്ട്രാ ഓർഡിനറികളായ നമ്മുടെ കുട്ടികൾക്ക് അവരുടെ താൽപര്യങ്ങളിലും വളർച്ചയിലും മറ്റു മേഖലകളിലും എന്തുതന്നെയായാലും ഈ വിശുദ്ധർ തികഞ്ഞ രക്ഷാധികാരികളാണ്. ഏതൊക്കെയാണ് ആ വിശുദ്ധരെന്നു നമുക്ക് പരിചയപ്പെടാം.
ബൊലോഗ്നയിലെ വി. കാതറിൻ
15-ാം നൂറ്റാണ്ടിൽ ഒരു ധനിക പ്രഭുകുടുംബത്തിൽ ജനിച്ച കാതറിൻ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. വായന, എഴുത്ത്, ചിത്രം വര എന്നിവയോടൊപ്പം ഒരു ഗായിക കൂടിയായിരുന്നു വി. കാതറിൻ.
വി. തിയോഡോർ
നിങ്ങളുടെ കുഞ്ഞിന് മികച്ച കൈയക്ഷരം ഉണ്ടെങ്കിൽ അത് കൂടുതൽ മികച്ചതാകാനും നിലനിൽക്കാനും വി. തിയോഡോറിനോടു പ്രാർഥിക്കാം. കാരണം, ഈ വിശുദ്ധൻ പത്താം നൂറ്റാണ്ടിൽ സന്യാസവൈദികർക്കായി ഒരു കാലിഗ്രഫി സ്കൂൾ സ്ഥാപിച്ചിരുന്നു.
വി. ഉൽട്ടാൻ
കൈയെഴുത്തുപ്രതികൾ പ്രകാശിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന ഒരു ഐറിഷ് സന്യാസിയും മഠാധിപതിയുമായിരുന്നു ക്രെയ്ക്കിലെ വി. ഉൽട്ടാൻ.
ഐക്കിലെ വി. റെലിൻഡിസ്
എട്ടാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് സന്യാസിനിയായിരുന്നു ഐക്കിലെ വി. റെലിൻഡീസ്. പെയിന്റിംഗും എംബ്രോയ്ഡറിയും പരിശീലിക്കുന്നതിനായി അവർ അവരുടെ ഒഴിവുസമയം ചെലവഴിച്ചു.
വി. ആൽബർട്ട് ക്മിലോവ്സ്കി
19-ാം നൂറ്റാണ്ടിൽ സെലിബ്രിറ്റി പദവിയിലെത്തിയ ഒരു പോളിഷ് കലാകാരനായിരുന്നു വി. ആൽബർട്ട്. ഒരു ചിത്രകാരനെന്ന നിലയിലുള്ള തന്റെ ജീവിതം ഉപേക്ഷിച്ച അദ്ദേഹം ദരിദ്രർക്കായി ജീവിതം സമർപ്പിച്ചു.
വാഴ്ത്ത. മരിയ മെഴ്സിഡസ് പ്രാറ്റ്
1963 ൽ തന്റെ വിളിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച വാഴ്ത്ത. മരിയ മെഴ്സിഡസ് പ്രാറ്റ് നീഡിൽ വർക്കിലും എംബ്രോയ്ഡറിയിലും കഴിവ് തെളിയിച്ച ഒരു സ്പാനിഷ് സന്യാസിനിയായിരുന്നു.
വാഴ്ത്ത. ഫ്ര ആഞ്ചലിക്കോ
15-ാം നൂറ്റാണ്ടിലെ പ്രമുഖനും പ്രഗത്ഭനുമായ ഒരു ചിത്രകാരനായിരുന്നു ഫ്രാ ആഞ്ചലിക്കോ. അദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകമെമ്പാടുമുള്ള പള്ളികളിലും മ്യൂസിയങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്നു.
വാഴ്ത്ത. ആൻഡ്രൂ ആബെലോൺ
15-ാം നൂറ്റാണ്ടിലെ ഒരു ചിത്രകാരനും ഫ്രഞ്ച് റോമൻ കത്തോലിക്കാ പുരോഹിതനുമായിരുന്നു വാഴ്ത്ത. ആൻഡ്രൂ ആബെലോൺ. ചിത്രരചനയോടൊപ്പം അദ്ദേഹം പ്ലേഗ് ബാധിതരെ പരിപാലിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു.
സുനീഷ വി. എഫ്.