അൾത്താര ബാലന്മാരുടെയും ആദ്യകുർബാന സ്വീകരിക്കുന്നവരെടെയും മധ്യസ്ഥനാണ് വി. തർസീസിയസ്. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ച ഒരു രക്തസാക്ഷിയാണ് അദ്ദേഹം. വലേറിയൻ ചക്രവർത്തി റോമൻ സാമ്രാജ്യം ഭരിക്കുമ്പോൾ (253–259) അനേകം ക്രിസ്തീയ വിശ്വാസികൾ പീഡനത്തിന് ഇരയായിട്ടുണ്ട്.
എ.ഡി. 257-ൽ റോമൻ ദൈവങ്ങൾക്ക് ബലിയർപ്പിക്കാത്ത എല്ലാ ക്രിസ്തീയ വിശ്വാസികളെയും പൊതുസ്ഥലത്തു വച്ച് വധിക്കണമെന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു. റോമിലെ ക്രിസ്തീയ വിശ്വാസികൾ രഹസ്യമായിപ്രാർഥനക്കായി ഭൂഗർഭക്കല്ലറകളിൽ (catacombs) ഒത്തുകൂടിയിരുന്നു. അന്നത്തെ റോമൻ നിയമം അനുസരിച്ചു നഗരത്തിനുള്ളിൽ മരിച്ചവരെ ആരെയും അടക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് നഗരത്തിനു പുറത്തു അധികാരികൾ കാണാതെ വിശ്വാസികൾ ഒത്തുകൂടുകയും വി. കുർബാന ഉൾപ്പെടെയുള്ള ആരാധന നടത്തുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു ഇത്. ഇന്ന് ഇങ്ങനെ അൻപതോളം ഭൂഗർഭക്കല്ലറകൾ റോമിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും വലുതും പ്രശസ്തവുമായ ഒന്നാണ് കലിസ്റ്റസ് മാർപാപ്പയുടെ പേരിൽ അറിയപ്പെടുന്ന കല്ലറ.
തർസീസിയസ് ഇവിടെ കുർബാനയ്ക്ക് സഹായിച്ചിരുന്ന ഒരു അൾത്താര ബാലനായിരുന്നു. തന്റെ ഈ ഉത്തരവാദിത്വം അവൻ വളരെ ഗൗരവത്തോടെ കണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോൾ ചില ക്രിസ്തീയ തടവുകാർ തങ്ങൾ കൊല്ലപ്പെടുന്നതിനു മുൻപായി വി. കുർബാന സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ക്രിസ്തീയ നേതാക്കന്മാരെ അറിയിച്ചു. ഈ വിവരം കിട്ടിയപ്പോൾ ക്രിസ്തീയ വിശ്വാസികൾ ഒരുമിച്ചു കൂടി പ്രാർഥിക്കുകയും എങ്ങനെ അവർക്ക് വി. കുർബാന എത്തിച്ചുകൊടുക്കാൻ സാധിക്കുമെന്ന് ആലോചിക്കുകയും ചെയ്തു. എന്ത് സംഭവിച്ചാലും അവർക്ക് വി. കുർബാന താൻ എത്തിച്ചു നൽകാമെന്ന് തർസീസിയസ് അധികാരികളെ ബോധിപ്പിച്ചു. ഒരു കൊച്ചു കുട്ടിയായ അദ്ദേഹത്തെ ആരും സംശയിക്കില്ലാത്തതിനാലും അവന്റെ വിശുദ്ധ ജീവിതത്തെക്കുറിച്ചു അവർക്ക് അറിവുള്ളതിനാലും ഈ വലിയ ദൗത്യം അവർ തർസീസിയസിനെ ഏല്പിച്ചു.
തർസീസിയസിന്റെ ഉടുപ്പിന്റെ ഉള്ളിൽ ഹൃദയഭാഗത്തായി പ്രത്യേകമായി തുന്നിപ്പിടിപ്പിച്ച പോക്കറ്റിൽ തുണിയിൽ പൊതിഞ്ഞു വി. കുർബാനയുമായി അവൻ തടവുകാരുടെ അടുത്തേയ്ക്ക് പോയി. യേശുവിനെ വഹിക്കാൻ തനിക്ക് സാധിക്കുന്നല്ലോ എന്ന സന്തോഷത്താൽ ഈ സമയത്ത് അവന്റെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. അവൻ തന്റെ യാത്രയിൽ നിരന്തരം പ്രാർഥിച്ചു: “എന്റെ പ്രിയ ഈശോയെ, ഞാൻ അങ്ങയെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ!”
ഈ സമയത്ത് വഴിയിൽ വച്ച് പുറജാതിക്കാരായ ചില മുൻകാല സുഹൃത്തുക്കൾ അവനെ കാണുകയും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിനു അവനെ അക്രമിക്കുകയും വി. കുർബാനയെ അശുദ്ധമാക്കാൻ പരിശ്രമിക്കുകയും ചെയ്തു. മരണാസന്നനായി വഴിയിൽ കിടന്ന തർസീസിയസിനെ ഭൂഗർഭക്കല്ലറയിലെ കുർബാനയിൽ വച്ച് കണ്ടു പരിചയമുണ്ടായിരുന്ന ഒരു ക്രിസ്തീയ പട്ടാളക്കാരൻ കാണുന്നു. തർസീസിയസ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “ഞാൻ മരിക്കാൻ പോകുന്നു… എന്നാൽ വി. കുർബാനയെ ഞാൻ അവർ നശിപ്പിക്കാതെ കാത്തുസൂക്ഷിച്ചു.” അതിനുശേഷം വി. കുർബാന ആ ക്രിസ്തീയ പട്ടാളക്കാരനെ സുരക്ഷിതമായി ഏല്പിക്കുകയും അദ്ദേഹത്തിന്റെ കരങ്ങളിൽ കിടന്നു വി. തർസീസിയസ് മരിക്കുകയും ചെയ്തു.
ക്രിസ്തീയ വിശ്വാസത്തിന്റെയും കുർബാന ഭക്തിയുടെയും വലിയ മാതൃകയാണ് വി. തർസീസിയസ് നമുക്ക് കാണിച്ചുതരുന്നത്. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ യേശുവിനെ ധൈര്യത്തോടെ സാക്ഷിക്കാൻ നമുക്കും സാധിക്കണം. ക്രിസ്തു സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷികളായി നമ്മുടെ ഭവനങ്ങളിലും സ്‌കൂളിലും പൊതുവേദികളിലും നാം മാറണം. യേശു ഇന്ന് ലോകത്തിൽ ജീവിക്കുന്നതും അറിയപ്പെടുന്നതും നമ്മുടെ ജീവിത മാതൃകകളിലൂടെയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നല്ല ക്രിസ്തീയ വിശ്വാസികളായി നമുക്കും ജീവിക്കാം.
ഫാ. മാത്യു ചാർത്താക്കുഴിയിൽ