വിശുദ്ധ ബാർബറ: അചഞ്ചലമായ ധൈര്യമുള്ള ക്രൈസ്തവ രക്തസാക്ഷി

വിജാതീയനായ ഡയോസ്കോറസിന്റെ സുന്ദരിയായ മകളായിരുന്നു വി. ബാർബറ. കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിൽ ആദരിക്കപ്പെടുന്ന വിശുദ്ധയാണ് ബാർബറ. പ്രധാനമായും ലെബനനിലാണ് ഈ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ധൈര്യവും ഭക്തിയും കൈവിടാത്ത വിശുദ്ധയാണ് ബാർബറ. ഈ വിശുദ്ധയെക്കുറിച്ച് കൂടുതലായി വായിച്ചറിയാം.

അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങളിൽ വിശ്വാസത്തിനുവേണ്ടി ധീരതയോടെ നിലകൊണ്ട രക്തസാക്ഷിയായ വിശുദ്ധയാണ് വി. ബാർബറ. മൂന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ നിക്കോമീഡിയയിൽ ആണ് (ഇപ്പോൾ തുർക്കി) ബാർബറ ജീവിച്ചിരുന്നത്. ഹീലിയോപോളിസിൽ (ഇപ്പോൾ ബാൽബെക്ക്, ലെബനൻ) മാക്സിമിയൻ ചക്രവർത്തിയുടെ കീഴിൽ കടുത്ത മതപീഡനങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ബാർബറ അസാധാരണമാംവിധം സുന്ദരിയും ഉയർന്ന ബുദ്ധിശക്തിയുമുള്ളവളായിരുന്നു. ക്രിസ്തുമതം സ്വീകരിക്കാനുള്ള അവളുടെ തീരുമാനവും പിതാവിന്റെ തീരുമാനങ്ങളോടുള്ള എതിർപ്പും അവളെ അചഞ്ചലമായ വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമാക്കി മാറ്റുന്നു.

അവളുടെ പിതാവ് ഡയോസ്കോറസ് എന്ന ധനികനായ വിജാതീയനായിരുന്നു. അദ്ദേഹം ഒരു പേർഷ്യൻ രാജകുമാരന് അവളെ വിവാഹം ചെയ്തുകൊടുക്കാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും പതിനാറാമത്തെ വയസ്സിൽ ബാർബറ ക്രിസ്തുമതം സ്വീകരിച്ചു. താൻ ഒരു ക്രിസ്ത്യാനിയാണെന്ന് പിതാവ് ഡയോസ്കോറസ് അറിഞ്ഞെന്നു മനസ്സിലാക്കിയ ബാർബറ പിതാവിൽനിന്ന് രക്ഷപെടാൻ ഗോതമ്പുവയലുകളിലേക്ക് ഓടിപ്പോയി. മകളെ കണ്ടെത്തിയപ്പോൾ പിതാവ് അവളെ ഒരു ടവറിൽ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ബാർബറയെ തടവിലാക്കിയ ടവറിന് തീവച്ചു. ടവർ കത്തിനശിച്ചുവെങ്കിലും ബാർബറ ജീവനോടെ രക്ഷപെട്ടു. ഒടുവിൽ, സ്വന്തം പിതാവിനാൽതന്നെ ബാർബറ വധിക്കപ്പെട്ടു, രക്തസാക്ഷിയായി. ആ നിമിഷം തന്നെ ആകാശത്തുനിന്ന് ഒരു മിന്നൽ ഉണ്ടാവുകയും ഡിയോസ്‌കോറസ് മിന്നലേറ്റ് വെന്തുമരിക്കുകയും ചെയ്തു.

‘അഗ്നിയുടെ വിശുദ്ധ’ എന്നറിയപ്പെടുന്ന ബാർബറ ഫ്രാൻസിലെ ഖനിത്തൊഴിലാളികളുടെയും അഗ്നിശമന സേനാംഗങ്ങളുടെയും പല പാശ്ചാത്യ, കിഴക്കൻരാജ്യങ്ങളിലെ ചില എഞ്ചിനീയറിംഗ് ട്രേഡുകളുടെയും രക്ഷാധികാരിയാണ്.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.