പരിശുദ്ധ കന്യകാമറിയത്തില്‍ ആശ്രയിച്ചുകൊണ്ട് സഭയെ മുന്നോട്ടു നയിച്ച വിശുദ്ധനായ മാർപാപ്പയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവുമ്പോള്‍ ആശ്രയിക്കാനും ഈശോയിലേക്ക് യാത്ര ചെയ്യാനുമുള്ള ഒരു മാര്‍ഗമായി പരിശുദ്ധ മറിയത്തെ അദ്ദേഹം നമുക്ക് കാട്ടിത്തന്നു. അതോടൊപ്പം, ജപമാല പ്രാര്‍ഥനയുടെ ശക്തി പ്രചരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. കൂടാതെ, ലോകത്തില്‍ ജപമാലവിപ്ലവം സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു. അതിനായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്വീകരിച്ച ഏഴ് വഴികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
1. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ജപമാലയെ നൂതനവും ആവേശകരവുമാക്കി
ലോക യുവജന സമ്മേളനങ്ങളിലൂടെയും ജൂബിലി വര്‍ഷാചരണത്തിലൂടെയും ജോണ്‍ പോള്‍ പാപ്പ വിശ്വാസികളെ ക്രിസ്തുവുമായും സഭയുമായും അടുപ്പിച്ചുനിർത്തി. അവരോട് ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ പാപ്പ ആവശ്യപ്പെട്ടു. ജപമാലവര്‍ഷം ആചരിച്ചുകൊണ്ടും പ്രകാശത്തിന്റെ രഹസ്യം കൂട്ടിച്ചേര്‍ത്തുകൊണ്ടും അദ്ദേഹം ജപമാലയെ ആളുകള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കി.
2. ലോകശ്രദ്ധയാര്‍ജിച്ച സംഭവങ്ങളുമായി ജപമാലയെ യോജിപ്പിച്ചു
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് മോചിപ്പിക്കുന്നതിനായി ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം കുടുംബങ്ങള്‍ക്കും അതിന്റെ സുസ്ഥിരതയ്ക്കുമായി ജപമാല ചൊല്ലി പ്രാഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്ത്യാനികള്‍ ദിവസം ഒരിക്കലെങ്കിലും ജപമാല കൈയിലെടുക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
3. ജപമാലയെ പ്രാര്‍ഥിക്കാന്‍ എളുപ്പമുള്ളതാക്കി
ജപമാല പ്രാര്‍ഥനയെ കൂടുതല്‍ ലളിതമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. ദൈര്‍ഘ്യമുള്ള ആമുഖപ്രാര്‍ഥന ചെറുതാക്കി. കുട്ടികള്‍ക്കും പിതാക്കന്മാര്‍ക്കും ചൊല്ലാന്‍ എളുപ്പമുള്ളതാക്കി.
4. ജപമാലയെ കൂടുതല്‍ അനുഭവവേദ്യമാക്കി
ഒരാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ അദ്ദേഹം ജപമാല രൂപീകരിച്ചു. ഓരോ രഹസ്യവും ഒരോ പ്രത്യേക കാര്യത്തിനുവേണ്ടി മാറ്റിവച്ചു. ഉദാഹരണമായി, ആദ്യത്തെ രഹസ്യത്തില്‍ ഈശോയുടെ മാമോദീസ ചേര്‍ക്കുന്നു. ജപമാലയ്‌ക്കൊപ്പം തിരുവചനം ചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
5. ജപമാല വിശുദ്ധരെ പ്രോത്സാഹിപ്പിച്ചു
ജപമാലയില്‍ അടിയുറച്ചു വിശ്വസിച്ച അനേകരെ വിശുദ്ധ പദവിയിലേക്ക് പാപ്പ ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അറിയപ്പെട്ടിരുന്നത് ‘ജപമാല വിശുദ്ധന്‍’ ആയിട്ടാണ്. ജപമാല ആയുധമാക്കിയ പദ്രോ പിയോയെ അദ്ദേഹം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫാത്തിമയിലെ കുട്ടികളെ – ജസീന്ത, ഫ്രാന്‍സിസ്‌കോ മാര്‍ട്ടൊ എന്നിവരെ – വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
6. സഭയുടെ ഭാവിയെ ഫാത്തിമായിലെ പ്രത്യക്ഷീകരണവുമായി ബന്ധിപ്പിച്ചു
ഫാത്തിമയിലെ പ്രത്യക്ഷീകരണത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പാപ്പ മനുഷ്യവംശത്തിന്റെ അനുരഞ്ജനത്തിനായി ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ ലോകത്തോട് അഭ്യര്‍ഥിച്ചു. തലമുറകള്‍ക്കുശേഷവും, ഫാത്തിമയിലെ മാതാവിന്റെ ദര്‍ശനത്തെ പുതുമയോടെ കാണാന്‍ അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടു.
7. പ്രാര്‍ഥനയിലൂടെ കാര്യങ്ങളെ ലാളിത്യവത്കരിക്കാന്‍ ആവശ്യപ്പെട്ടു
ജീവിതത്തിലുടനീളം ജപമാല കൈയിലേന്തിയ വ്യക്തിയായിരുന്നു ജോൺ പോൾ പാപ്പ. എല്ലാവര്‍ക്കും മുമ്പിലായി മുട്ടുകുത്തിനിന്ന് ജപമാല ചൊല്ലുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ ഫ്രാന്‍സിസ് പാപ്പ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ജപമാലയോടുള്ള അദ്ദേഹത്തിന്റെ ഭക്തി വളരെ വലുതാണെന്ന് ഫ്രാന്‍സിസ് പാപ്പയും സാക്ഷ്യപ്പെടുത്തുന്നു.