ദൈവത്തിന്റെ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിച്ചശേഷം പ്രാർഥിക്കാൻ ഒരു സങ്കീർത്തനഭാഗമുണ്ട്. 116-ാം സങ്കീർത്തനം മനോഹരമായ നന്ദിയുടെ ഒരു പ്രാർഥന കൂടിയാണ്.
സങ്കീർത്തനം 116: കൃതജ്ഞത
‘ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു. എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു. അവിടുന്ന് എനിക്ക് ചെവി ചായിച്ചുതന്നു. ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.
മരണക്കെണി എന്നെ വലയം ചെയ്തു, പാതാളപാശങ്ങള്‍ എന്നെ ചുറ്റി, ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു. ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്ഷിക്കണമേ!
കര്‍ത്താവ് കരുണാമയനും നീതിമാനുമാണ്; നമ്മുടെ ദൈവം കൃപാലുവാണ്. എളിയവരെ കര്‍ത്താവ് പരിപാലിക്കുന്നു. ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.
എന്റെ ആത്മാവേ, നീ ശാന്തിയിലേക്കു മടങ്ങുക. കര്‍ത്താവ് നിന്റെമേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍നിന്നും ദൃഷ്ടികളെ കണ്ണീരില്‍നിന്നും കാലുകളെ ഇടര്‍ച്ചയില്‍നിന്നും മോചിപ്പിച്ചിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും. ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. മനുഷ്യരെല്ലാവരും വഞ്ചകരാണെന്ന് പരിഭ്രാന്തനായ ഞാന്‍ പറഞ്ഞു.
കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്തു പകരം കൊടുക്കും. ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിന് ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.
കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ. അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു. ഞാന്‍ അങ്ങേയ്ക്ക് കൃതജ്ഞതാബലി അര്‍പ്പിക്കും. ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിന് ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മധ്യത്തില്‍തന്നെ കര്‍ത്താവിനെ സ്തുതിക്കുവിന്‍.”