

ഇന്ന് ബെനഡിക്ട് പതിനാറാമൻ മാര്‍പാപ്പയുടെ ഓര്‍മദിനം. ജർമനിയിലെ ബവേറിയ പ്രദേശത്തുള്ള മാർക്റ്റിൽ ഗ്രാമത്തിൽ ജോസഫ് റാറ്റ്സിംഗറിന്റെയും മരിയയുടെയും മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16-ന് ജോസഫ് അലോസിയൂസ് റാറ്റ്സിംഗർ ജനിച്ചു. 2022 ഡിസംബര്‍ 31 – ന് അദ്ദേഹം മരണമടഞ്ഞു. വിശുദ്ധനും പ്രഗത്ഭനുമായിരുന്ന ബെനഡിക്ട് പാപ്പായുടെ മനോഹരമായ ജീവചരിത്രം തുടർന്നു വായിക്കുക…
ക്രിസ്തുവർഷം 2005 ഏപ്രിൽ 19 മുതൽ 2013 ഫെബ്രുവരി 28 വരെ സഭയെ നയിച്ച മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പയാണ് അദ്ദേഹം. സഭാചരിത്രത്തിൽ വിരളമായി മാത്രം സംഭവിക്കുന്നതാണ് മാർപാപ്പമാർ സ്ഥാനത്യാഗം ചെയ്യുക എന്നത്. അനാരോഗ്യം കാരണം മാർപാപ്പയുടെ വലിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ തനിക്ക് സാധിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ട് ബെനഡിക്ട് മാർപാപ്പ സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. അതിനുശേഷം വത്തിക്കാനിലെ മാത്തർ എക്ളീസിയ ആശ്രമത്തിലായിരുന്നു ബെനഡിക്ട് പതിനാറാമന്റെ വാസം.
ജർമനിയിലെ ബവേറിയ പ്രദേശത്തുള്ള മാർക്ക്റ്റിൽ ഗ്രാമത്തിൽ ജോസഫ് റാറ്റ്സിംഗറിന്റെയും മരിയയുടെയും മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16-ന് ജോസഫ് അലോസിയൂസ് റാറ്റ്സിംഗർ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. ജോസഫിന്റെ മൂത്ത സഹോദരൻ മോൺ. ജോർജ് റേഗൻസ്ബുർഗ് കത്തീഡ്രൽ ഗായകസംഘത്തിന്റെ ഡയറക്ടർ ആയിരുന്നു. സഹോദരി മരിയ അവിവാഹിതയും 1991-ൽ മരിക്കുന്നതു വരെ വരെ കർദ്ദിനാൾ റാറ്റ്സിംഗറിന്റെ ഭവനത്തിന്റെ ചുമതലക്കാരിയായി അദ്ദേഹത്തിന്റെ കൂടെ താമസിക്കുകയും ചെയ്തു.
ജോസഫ് റാറ്റ്സിംഗർക്ക് അഞ്ച് വയസുള്ളപ്പോൾ മ്യൂണിക്ക് ആർച്ചുബിഷപ് കർദിനാൾ ഫൗൾഹാബെർ അവരുടെ ഇടവക ദേവാലയം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് പുഷ്പം നൽകി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കുഞ്ഞുജോസഫും ഉണ്ടായിരുന്നു. കർദിനാളിന്റെ വസ്ത്രത്തിൽ ആകൃഷ്ടനായി, തനിക്കും വലുതാകുമ്പോൾ ഒരു കർദ്ദിനാളാകണമെന്ന് ജോസഫ് പ്രഖ്യാപിച്ചു. പിന്നീട് കർദ്ദിനാൾ ഫൗൾഹാബെർ തന്നെയാണ് റാറ്റ്സിംഗർക്ക് വൈദികപട്ടം നല്കിയതും. അഷ്ചാവ് എന്ന പ്രദേശത്ത് റാറ്റ്സിംഗർ പഠിച്ച പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം 2009-ൽ ബെനഡിക്ട് പതിനാറാമന്റെ പേരിൽ നാമകരണം ചെയ്യുകയുണ്ടായി.

റാറ്റ്സിംഗറിന്റെ പിതാവ് നാസികളെ ശക്തിയുക്തം എതിർത്തിരുന്നു. ഇക്കാരണത്താൽ ഹിറ്റ്ലറിന്റെ പോലീസുകാർ അദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും ജോലിയിൽ തരംതാഴ്ത്തുകയും ചെയ്തു. റാറ്റ്സിംഗർക്ക് പതിനാല് വയസ് പ്രായമായപ്പോൾ നാസികളുടെ യുവജന വിഭാഗത്തിലേക്ക് നിർബന്ധിതമായി ചേർക്കപ്പെട്ടെങ്കിലും അവരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. പതിനാല് വയസുള്ള തന്റെ അടുത്ത ബന്ധുവിനെ, മാനസികവൈകല്യം ഉണ്ടെന്ന കാരണത്താൽ നാസികൾ കൊന്നത് റാറ്റ്സിംഗർക്ക് വലിയ വേദനയും ആഘാതവും സമ്മാനിച്ചു. പിന്നീട് 1943-ൽ സെമിനാരി പരിശീലനം ആരംഭിച്ച ശേഷം അദ്ദേഹത്തെ സൈനിക പരിശീലനത്തിനായി നാസികൾ പിടിച്ചുകൊണ്ടു പോയി. എന്നാൽ അമേരിക്കൻ പട്ടാളക്കാർ ഈ പ്രദേശം കീഴടക്കുകയും കുറേ നാൾ റാറ്റ്സിംഗറെ യുദ്ധത്തടവുകാരനായി വച്ചതിനു ശേഷം 1945 മെയ് മാസത്തിൽ വിട്ടയക്കുകയും ചെയ്തു. സെമിനാരി പരിശീലനം പൂർത്തിയാക്കിയ ജോസഫ്, സഹോദരൻ ജോർജിനോടൊപ്പം 1951 ജൂൺ 29-ന് കർദിനാൾ മൈക്കിൾ ഫൗൾബാഹറിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
വി. അഗസ്തീനോസിന്റെ ചിന്തകളെ അധികരിച്ചു നടത്തിയ പഠനത്തിൽ 1953-ൽ ഡോക്ടർ ബിരുദം കരസ്ഥമാക്കിയ റാറ്റ്സിംഗർ വി. ബൊനവഞ്ചറിന്റെ ദൈവശാസ്ത്ര ചിന്തകളുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ചു കൊണ്ടാണ് തന്റെ പ്രൊഫസർ ജോലി ആരംഭിക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ-ജർമൻ ചിന്തകനായ റൊമാനോ ഗർഡീനിയുമായുള്ള സൗഹൃദം ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാ സഭാചിന്തകരിൽ സമാനമനസ്കരായ രണ്ടു പ്രതിഭകളുടെ കണ്ടുമുട്ടലായിരുന്നു. റാറ്റ്‌സിംഗർ തന്റെ രചനകളിൽ ഗർഡീനിയെ വളരെയധികം പ്രശംസിച്ചു സംസാരിക്കുന്നുണ്ട്.
മ്യൂണിക്കിനടുത്തുള്ള മ്യൂസാഹിലെ വി. മാർട്ടിൻ ദേവാലയത്തിലെ ചാപ്ലിൻ ജോലി ചെയ്തുകൊണ്ടാണ് റാറ്റ്സിംഗർ തന്റെ അജപാലനദൗത്യം ആരംഭിക്കുന്നത്. അതിനു ശേഷം ബോൺ സർവകലാശാലയിൽ 1959-ൽ ദൈവശാസ്ത്ര പ്രൊഫസറായി ചേരുന്നു. ഇവിടുത്തെ ഉദ്ഘാടന ദിവസം പ്രസംഗത്തിന് അദ്ദേഹം തിരഞ്ഞെടുത്ത വിഷയം “വിശ്വാസത്തിലെ ദൈവവും തത്വശാസ്ത്രത്തിലെ ദൈവവും” എന്നതായിരുന്നു. 1963-ൽ തന്റെ പ്രവർത്തനമേഖല മുൻസ്റ്റർ സർവകലാശാലയിലേക്ക് അദ്ദേഹം മാറ്റി. അവിടെ ആയിരിക്കുമ്പോഴാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോണിലെ കർദിനാൾ ഫ്രിങ്സിന്റെ ദൈവശാസ്ത്ര പര്യാലോചകനായി അദ്ദേഹത്തെ നിയമിക്കുന്നത്. അക്കാലത്ത് സഭയിൽ വലിയ മാറ്റത്തിനു വേണ്ടി വാദിച്ച ഹാൻസ് കുങ്, എഡ്‌വേഡ് ഷില്ലബെക്ക്, കാൾ റാനർ എന്നിവരുടെ ഗണത്തിൽ റാറ്റ്സിംഗറും ഉൾപ്പെട്ടിരുന്നു.
1966-ൽ റ്റൂബിങൻ സർവ്വകലാശാലയിലെ പ്രാമാണിക ദൈവശാസ്ത്ര വിഭാഗം തലവനായി റാറ്റ്സിംഗറെ നിയമിച്ചു. ഇവിടെ ആയിരിക്കുമ്പോഴാണ് തന്റെ പ്രശസ്ത ഗ്രന്ഥമായ “ക്രിസ്തീയതയ്ക്ക് ആമുഖം” (Introduction to Christianity) എന്ന കൃതി അദ്ദേഹം രചിക്കുന്നത്. ഈ സർവകലാശാലയിൽ ഉടലെടുത്ത മാർക്സിസ്റ്റ് ചിന്താഗതികളെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകയും അക്രമ മാർഗങ്ങളെ തള്ളിപ്പറയുകയും ചെയ്തു. പരമ്പരാഗത ആശയങ്ങളിൽ നിന്നുള്ള വ്യതിയാനമാണ് ഈ അരക്ഷിതാവസ്ഥക്കു കാരണമെന്നു തിരിച്ചറിഞ്ഞ റാറ്റ്സിംഗർ തന്റെ ലിബറൽ ചിന്താഗതികൾ ഇക്കാലയളവിൽ ഉപേക്ഷിക്കാൻ നിർബന്ധിതനായി. അമേരിക്കയിലെ നോട്ടർ ഡാം സർവകലാശാലയിൽ പഠിപ്പിക്കാനുള്ള അവിടുത്തെ പ്രസിഡന്റിന്റെ ക്ഷണം, തനിക്ക് ഇംഗ്ളീഷ് ഭാഷയിൽ ആവശ്യത്തിന് പ്രാവീണ്യം ഇല്ല എന്ന കാരണം പറഞ്ഞു നിരസിച്ചു.
ഹാൻസ് കുങ് ഉൾപ്പെടെയുള്ള ദൈവശാസ്ത്രജ്ഞർ റാറ്റ്സിംഗർ കൂടുതൽ യാഥാസ്ഥിതിക (conservative) ചിന്തയിലേക്കു പോകുന്നു എന്ന് ആരോപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഒരു ദൈവശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്റെ ചിന്തയിൽ യാതൊരു വ്യതിയാനവും സംഭവിച്ചിട്ടില്ല.” രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾ ശക്തിയുക്തം നടപ്പാക്കുന്നതിനാണ് തന്റെ ശ്രദ്ധ എന്നും അദ്ദേഹം വാദിച്ചു. 1969-ൽ ബവേറിയായിൽ തിരികെയെത്തി റേഗൻസ്ബുർഗ് സർവകലാശാലയിൽ പഠിപ്പിക്കാൻ തുടങ്ങി. ഇവിടെ വച്ചാണ് ഹാൻസ് ഉർസ് ഫൊൺ ബൾത്തസർ, ഓറി ദേ ലുബാക്ക്, വാൾട്ടർ കാസ്പർ എന്നിവരോട് ചേർന്ന് “കമ്മുണിയോ” എന്ന പ്രസിദ്ധീകരണം തുടങ്ങുന്നത്. ഇന്ന് പതിനേഴു ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്ര പ്രസിദ്ധീകരണമാണ് ഇത്.
റാറ്റ്സിംഗർ റേഗൻസ്ബുർഗ് സർവകലാശാലയുടെ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന സമയത്താണ് 1977 മാർച്ച് 24-ന് മ്യൂണിക്-ഫ്രയ്സിക് അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർപാപ്പ അദ്ദേഹത്തെ നിയമിച്ചത്. ആ വർഷം ജൂൺ 27-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. 1981 നവംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾ റാറ്റ്സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായി നിയമിച്ചു. ഈ ചുമതലയിൽ ഇരിക്കുന്ന സമയത്ത് തന്നെയാണ് കർദിനാൾ സംഘത്തിന്റെ വൈസ് ഡീനായും പിന്നീട് ഡീനായും കർദിനാൾ റാറ്റ്സിംഗർ സേവനമനുഷ്ഠിച്ചത്. അതുപോലെ ശാസ്ത്രവും കലയുമായി ബന്ധപ്പെട്ട യൂറോപ്യൻ അക്കാദമിയിലെ അംഗമായും ഇക്കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു.
ജനന നിയന്ത്രണം, സ്വവർഗപ്രേമം, മതാന്തര സംവാദം എന്നീ മേഖലകളിലെല്ലാം പരമ്പരാഗത കത്തോലിക്കാ വിശ്വാസങ്ങൾ പരിപാലിക്കുന്നതിന് അദ്ദേഹം പ്രാധാന്യം നല്കി. കൂടാതെ സഭാവിശ്വാസത്തിൽ നിന്നും വ്യത്യസ്തമായി പ്രസിദ്ധീകരണങ്ങളിലൂടെ ആശയങ്ങൾ സംവേദനം ചെയ്ത ചില ദൈവശാസ്ത്രജ്ഞർക്ക് ഇക്കാലയളവിൽ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം വിലക്കേർപ്പെടുത്തുകയും ചെയ്തു. മഹാജൂബിലി വർഷത്തിൽ വിശ്വാസ തിരുസംഘം പുറത്തിറക്കിയ “ദോമിനൂസ് യേശുസ്” എന്ന രേഖയിൽ ചില പരമ്പരാഗത വിശ്വാസ സത്യങ്ങൾ എടുത്തുപറഞ്ഞത് കത്തോലിക്കാ സഭക്ക് പുറത്ത് വലിയ വിമർശനങ്ങൾ നേരിട്ടു. 1997-ൽ എഴുപത് വയസായ സമയത്ത് വിശ്വാസ തിരുസംഘത്തിൽ നിന്നും തനിക്ക് വിടുതൽ നൽകി വത്തിക്കാൻ രഹസ്യ ആർക്കൈവ്സിന്റെയും ലൈബ്രറിയുടെയും ചുമതല നൽകണമെന്ന് കർദിനാൾ റാറ്റ്സിംഗർ ആവശ്യപ്പെട്ടു. എന്നാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയും പഴയ ജോലിയിൽ തന്നെ തുടരാൻ നിർദേശിക്കുകയും ചെയ്തു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാലം ചെയ്തതിനുശേഷം നടന്ന കോൺക്ലേവിൽ വച്ച് 78 വയസ്സുള്ള കർദിനാൾ റാറ്റ്സിംഗർ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ബെനഡിക്റ്റ് എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധ കാലത്ത് സഭയ്ക്ക് ശക്തമായ നേതൃത്വം നൽകിയ ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയോടും യൂറോപ്പിലെ ക്രിസ്തീയ സംസ്കാരത്തിന് വേരു പാകിയ നൂർസിയായിലെ വി. ബെനഡിക്റ്റിനോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് താൻ ഈ പേര് സ്വീകരിച്ചതെന്ന് മാർപാപ്പ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
അറുപത്തിയാറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയാണ് സഭാചരിത്രത്തിൽ ഏറ്റവുമധികം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള മാർപാപ്പ. കൂടാതെ “ദേവൂസ് കാരിത്താസ് എസ്ത്”, “സ്‌പെ സാൽവി”, “കാരിത്താസ് ഇൻ വേരിത്താത്തെ” തുടങ്ങിയ മൂന്ന് ചാക്രികലേഖനങ്ങളും മൂന്ന് അപ്പസ്തോലിക പ്രബോധനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ എഴുത്തുകളിലൂടെ തന്റെ സഭയെക്കുറിച്ചുള്ള ചിന്തകൾ മാർപാപ്പ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ ആധികാരിക ബൗദ്ധീക സംഭാവന നൽകിയ വലിയ ദൈവശാസ്ത്രജ്ഞനാണ് കർദിനാൾ റാറ്റ്സിംഗർ. ഇന്ന് “ബെനഡിക്റ്റ് മാർപാപ്പയുടെ ദൈവശാസ്ത്രം” എന്നൊരു പഠനശാഖ തന്നെ നിലവിലുണ്ട്.
ബെനഡിക്ട് മാർപാപ്പയുടെ അഭിപ്രായത്തിൽ, നമ്മുടെ ക്രിസ്തീയജീവിതം എന്നു പറയുന്നത് ക്രിസ്തുവുമായുള്ള സൗഹൃദമാണ്. നമ്മുടെ ജീവിതത്തിന്റെ ഹൃദയവാതിലുകൾ ക്രിസ്തുവിനു വേണ്ടി തുറക്കുന്നിടത്താണ് യഥാർഥ ജീവിതം നാം കണ്ടെത്തുന്നത്. ഈ ആശയം ബെനഡിക്ട് മാർപാപ്പയ്ക്ക് ഏറ്റം പ്രിയപ്പെട്ടതായിരുന്നതിനാൽ തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും അത് സ്ഥിരമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവുമായുള്ള സൗഹൃദത്തിൽ വളരുന്നതിന് സഭാമക്കളെ സഹായിക്കുന്നതിനായിട്ടാണ് “നസറത്തിലെ യേശു” എന്ന മൂന്നു വാല്യങ്ങളിലുള്ള കൃതി മാർപാപ്പ എഴുതിയത്.
ബെനഡിക്ട് മാർപാപ്പ തന്റെ വിചിന്തനത്തിന് ഏറ്റവും കൂടുതൽ വിധേയമാക്കിയ ഒരു വിഷയമാണ്, ആധുനിക പ്രവണതകളായ ‘സെക്കുലറിസവും’ (മതത്യാഗവാദം) ‘റിലേറ്റിവിസവും’ (ആപേക്ഷികതാ സിദ്ധാന്തം). ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാലം ചെയ്തതിനുശേഷം പിൻഗാമിയെ തിരഞ്ഞെടുക്കാനായി 2005-ൽ ഒത്തുകൂടിയ കർദ്ദിനാളന്മാരുടെ കോൺക്ലേവിനിടയിൽ മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ഇന്ന് ശരിയായ വിദ്യാഭ്യാസത്തിന് തടസമായി നിൽക്കുന്ന പ്രധാന കാര്യമാണ് ആപേക്ഷികതാ സിദ്ധാന്ത സംസ്കാരം. ഈ ചിന്തയനുസരിച്ച് ഒന്നിനും ആധികാരികതയില്ലയെന്നു മാത്രമല്ല ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് സത്യവും അസത്യവും മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ‘ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏകാധിപത്യം’ (dictatorship of relativism) ഇന്ന് സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ഏറ്റം വലിയ പ്രശ്നമായി വളർന്നിരിക്കുന്നു.”
ബെനഡിക്ട് മാർപാപ്പയുടെ നിരൂപണത്തിൽ ക്രിസ്തീയവിശ്വാസം ബുദ്ധി കൊണ്ട് മനസിലാക്കാവുന്ന ഒരു മതസംഹിതയാണ്. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രതിശ്ചായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവർ എന്ന നിലയിൽ സമാന രീതിയിലുള്ള ദൈവീകമഹത്വം കൈവരിച്ചിരിക്കുന്നവരാണ്. അതിനാൽ തന്നെ ബുദ്ധിയും വിശ്വാസവും തമ്മിൽ വ്യത്യസ്തമായിരിക്കുന്നു എന്നതിനേക്കാൾ പരസ്പരപൂരകങ്ങളാണ്. ബെനഡിക്ട് മാർപാപ്പ വളരെ ആധികാരികതയോടെയും വ്യക്തതയോടെയും ആശയങ്ങൾ അവതരിപ്പിക്കുന്ന അസാധാരണ ബുദ്ധിവൈഭവമുള്ള ദൈവശാസ്ത്രജ്ഞനാണ്. “ദൈവം സ്നേഹമാകുന്നു” എന്ന ഒന്നാമത്തെ ചാക്രികലേഖനത്തിൽ സ്നേഹമാകുന്ന ദൈവത്തിന്റെ സാദൃശ്യത്തിൽ മെനഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ ദൈവത്തിനും സഹോദരങ്ങൾക്കുമായി തന്നെ സമർപ്പിച്ചുകൊണ്ട് ഈ സ്നേഹത്തിന്റെ മൂർത്തീഭാവമാകാൻ സാധിക്കുമെന്ന് പറയുന്നു. ഈ സ്നേഹജീവിതം സാധ്യമെന്ന് വിശുദ്ധർ തങ്ങളുടെ മാതൃകയിലൂടെ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്.
“പ്രത്യാശയാൽ രക്ഷിതർ” എന്ന രണ്ടാമത്തെ ചാക്രികലേഖനത്തിൽ ദൈവീകപുണ്യമായ പ്രത്യാശയെക്കുറിച്ചാണ് മാർപാപ്പ സംസാരിക്കുന്നത്. “സത്യത്തിലുള്ള ഉപവി” എന്ന മൂന്നാമത്തെ ചാക്രികലേഖനത്തിൽ സഭയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മാർപാപ്പ ദീർഘമായി എഴുതുന്നു. സാമ്പത്തിക, വ്യവസായിക ബന്ധങ്ങളിൽ ധാർമ്മികമൂല്യങ്ങൾക്ക് വില കല്പിക്കണമെന്ന് ഈ തിരുവെഴുത്തിലൂടെ മാർപാപ്പ ആവശ്യപ്പെടുന്നു. ഫ്രാൻസിസ് മാർപ്പായുടെ ഒന്നാമത്തെ ചാക്രികലേഖനം “വിശ്വാസത്തിന്റെ പ്രകാശം” ബെനഡിക്ട് മാർപാപ്പ തയ്യാറാക്കിയ ആദ്യപ്രതിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണെന്ന് മാർപാപ്പ തന്നെ പറയുന്നുണ്ട്.
മുകളിൽ പറഞ്ഞവ കൂടാതെ ധാരാളം അപ്പസ്തോലിക ലേഖനങ്ങളും ഡോക്യൂമെൻറ്സും മാർപാപ്പ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടത് 2007 ജൂലൈ 7-നു പ്രസിദ്ധീകരിച്ച “ത്രന്തോസ് കുർബാന” (Tridentine Mass) സംബന്ധിച്ചുള്ളതാണ്. 1962 വരെ നിലവിലുണ്ടായിരുന്ന കുർബാന പുസ്തകത്തെ അടിസ്ഥാനമാക്കി ലത്തീൻ ഭാഷയിൽ കുർബാന ചൊല്ലാനുള്ള ഒരു പ്രത്യേക അനുവാദമായിരുന്നു ഇത്.
2006 സെപ്റ്റംബർ 12-ന് ജർമ്മനിയിലെ റേഗൻസ്ബുർഗ് സർവ്വകലാശാലയിൽ “വിശ്വാസവും യുക്തിയും സർവ്വകലാശാലയും – ഓർമ്മകളും ചിന്തകളും” എന്ന വിഷയത്തെ അധികരിച്ച് മാർപാപ്പ ഒരു പ്രഭാഷണം നടത്തി. എന്നാൽ ബെനഡിക്ട് മാർപാപ്പ നടത്തിയ ചില നിരൂപണങ്ങൾ തെറ്റായി ചിത്രീകരിക്കപ്പെടുകയും അതിന്റെ അനന്തരഫലമായി മുസ്ലിം ലോകത്തു നിന്ന് വലിയ വിമർശനങ്ങൾ ഉണ്ടാവുകയും ചെയ്തു. അവസാനത്തെ ബൈസന്റൈൻ ചക്രവർത്തി ആയിരുന്ന മാനുവേൽ രണ്ടാമൻ മുസ്ലിം സമുദായത്തിന്റെ നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചു നടത്തിയ ഒരു വിശകലനം എടുത്തുപയോഗിക്കുക മാത്രമാണ് ഈ പ്രഭാഷണത്തിൽ മാർപാപ്പ ചെയ്തത്. ഈ സംഭവത്തിനു ശേഷം മാർപാപ്പ തുർക്കിയിലെ ബ്ലൂ മോസ്‌ക്കും അമ്മാനിലെ കിംഗ് ഹുസൈൻ മോസ്‌കും സന്ദർശിക്കുകയും മുസ്ലിം സമുദായത്തോടുള്ള തന്റെ ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സഭാനേതൃത്വം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ മൂന്നു വർഷങ്ങൾ ബെനഡിക്ട് മാർപാപ്പ പല രാജ്യങ്ങളും സന്ദർശിച്ചു. ഇറ്റലിക്കു പുറമെ തന്റെ മാതൃരാജ്യമായ ജർമ്മനി രണ്ടു പ്രാവശ്യം അദ്ദേഹം സന്ദർശിച്ചു. സ്പെയിൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ വിശ്വാസികൾ വളരെ ആവേശത്തോടെയാണ് മാർപാപ്പയെ സ്വീകരിച്ചത്. തുർക്കിയിൽ സന്ദർശനം നടത്തിയപ്പോൾ റേഗൻസ്ബുർഗ് പ്രസംഗത്തിന്റെ പേരിൽ ചില എതിർപ്പുകൾ ഉണ്ടായി. എന്നാൽ മാർപാപ്പ അവിടെ സന്ദർശിച്ചപ്പോൾ അവിടുത്തെ പാത്രിയർക്കീസുമായി ഒരു സഹസ്രാബ്ദത്തോളം നീളുന്ന സഭകൾ തമ്മിലുള്ള ഭിന്നതകൾ ഇല്ലാതാക്കുന്നതിനുള്ള ചില നടപടികളിൽ ഒപ്പു വച്ചു.
2007-ൽ നടന്ന ബ്രസീൽ സന്ദർശന സമയത്ത് അവിടുത്തെ ബിഷപ്പ് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയും ഫ്രാൻസിസ്‌ക്കൻ സന്യാസി അന്തോണിയോ ഗൽവായോയെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. 2008-ലെ അമേരിക്കൻ സന്ദർശനവേളയിൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയിൽ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വാഷിംഗ്ടണിൽ അമേരിക്കയിലെ കത്തോലിക്കാ സർവ്വകാലാശാലകളുടെ പ്രതിനിധികളെ കാണുകയും മറ്റ് മതനേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭീകരാക്രമണത്തിനു വിധേയമായ വേൾഡ് ട്രേഡ് സെന്റർ സന്ദർശിക്കുകയും, ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. കൂടാതെ ഓസ്ട്രിയ, ഓസ്‌ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും മാർപാപ്പ സന്ദർശിച്ചു. 2009-ൽ ആഫ്രിക്കയിലെ കാമറൂണും അംഗോളയും സന്ദർശിക്കുകയും പശ്ചിമേഷ്യയിലെ പലസ്തീൻ, ഇസ്രയേൽ, യോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്തു. 2010 സെപ്റ്റംബർ മാസത്തിൽ ഇംഗ്ലണ്ട് സന്ദർശനവേളയിൽ ജോൺ ഹെൻഡ്രി ന്യൂമാനെ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
മാർപാപ്പ ആയി തിരഞ്ഞെടുക്കുന്നതിനു മുൻപ് 2005-ൽ ആരോഗ്യപ്രശ്നങ്ങളാൽ തന്റെ ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലേക്കു പോകണമെന്നും വായന, എഴുത്ത്, പ്രാർത്ഥന എന്നിവക്കായി മുഴുവൻ സമയവും മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആവശ്യപ്രകാരം വിശ്വാസ തിരുസംഘ അദ്ധ്യക്ഷസ്ഥാനത്ത് അദ്ദേഹം തുടർന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും മാർപാപ്പയുടെ അനുദിന ജോലികൾ മുടക്കം കൂടാതെ അദ്ദേഹം മുൻപോട്ട് കൊണ്ടുപോയി. 2009 ജൂലൈ 17 ആൽപ്സ് പർവ്വതപ്രദേശങ്ങളിൽ അവധിക്കാലം ചിലവഴിക്കുന്ന സമയത്ത് ബെനഡിക്ട് മാർപാപ്പയ്ക്ക് വീഴ്ചയിൽ വലതു കണങ്കൈക്ക് പൊട്ടൽ സംഭവിച്ചു. അതുപോലെ തന്നെ കർദ്ദിനാൾ ആയിരുന്ന കാലം മുതലേ അദ്ദേഹം ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ടി പേസ്മേക്കർ ഉപയോഗിക്കുകയും ചെയ്യുന്നു.
2013 ഫെബ്രുവരി 11-ന് ആരോഗ്യകാരണങ്ങളാൽ താൻ സ്ഥാനത്യാഗം ചെയ്യുന്നുവെന്ന് ബെനഡിക്ട് മാർപാപ്പ പ്രഖ്യാപിച്ചു. ഒരു മാർപാപ്പ രാജി വയ്ക്കുന്ന വിരളമായ സംഭവങ്ങളിലൊന്നെന്ന നിലയിൽ ഈ പ്രഖ്യാപനം എല്ലാവരെയും അമ്പരപ്പിച്ചു. 1294-ൽ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ രാജി വച്ചതിനു ശേഷം സ്വന്തമായ തീരുമാനത്തിൽ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. മാർപാപ്പയുടെ വലിയ ഉത്തരവാദിത്വമുള്ള ജോലി നിർവ്വഹിക്കുന്നതിന് തനിക്ക് ശാരീരികവും മാനസീകവുമായ ആരോഗ്യം ഇല്ലാത്തതിനാൽ രാജി വയ്ക്കുന്നെന്നും പ്രാർത്ഥനക്കായി സമർപ്പിക്കുന്ന തന്റെ ജീവിതം കൊണ്ട് തുടർന്നും സഭയെ ശക്തിപ്പെടുത്തുമെന്നും മാർപാപ്പ പറഞ്ഞു.
സ്ഥാനസത്യാഗം ചെയ്തതിനു ശേഷം 2013 മെയ് 2 മുതൽ വത്തിക്കാനുള്ളിലുള്ള മാത്തർ എക്ക്ളീസിയ ആശ്രമത്തിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കഴിയുന്നത്. തന്റെ വിശ്രമജീവിത കാലത്ത് ചുരുക്കം ചില സന്ദർഭങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയോടൊത്ത് പൊതുചടങ്ങുകളിൽ അദ്ദേഹം സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. 2014 ഫെബ്രുവരി 22-ന് നടന്ന കർദ്ദിനാളന്മാരുടെ കൺസിസ്റ്ററിയിലും ജോൺ ഇരുപത്തിമൂന്നാമൻ, ജോൺ പോൾ രണ്ടാമൻ മാർപാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ച വേളയിലും ബെനഡിക്ട് മാർപാപ്പ സന്നിഹിതനായിരുന്നു.
2020 ജൂൺ മാസത്തിൽ മരണാസന്നനായ തന്റെ സഹോദരൻ മോൺ. ജോർജിനെ ജർമ്മനിയിൽ ബെനഡിക്ട് മാർപാപ്പ സന്ദർശിച്ചു. 2020 സെപ്റ്റംബർ 4-ന്, ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മാർപാപ്പ എന്ന ലിയോ പതിമൂന്നാമന്റെ റെക്കോർഡ് ബെനഡിക്ട് മാർപാപ്പ മറികടന്നു.
2022 ഡിസംബർ 31-ാം തീയതി പ്രാദേശിക സമയം 9.34 – ന് ബെനഡിക്ട് പാപ്പാ ലോകത്തോട് വിട പറഞ്ഞു, വത്തിക്കാനിലെ മാത്തർ എക്ളീസിയ ആശ്രമത്തിൽ വച്ചായിരുന്നു മരണം.
ഫാ. മാത്യു ചാർത്താക്കുഴിയിൽ