2022-ൽ റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഉക്രൈനിൽ 1548 വിദ്യാഭ്യാസകേന്ദ്രങ്ങളും 712 ആരോഗ്യപരിപാലനകേന്ദ്രങ്ങളുമെങ്കിലും ഭാഗികമായോ പൂർണ്ണമായോ തകർക്കപ്പെട്ടുവെന്ന് യൂണിസെഫ് വ്യക്തമാക്കി. ഇപ്പോഴും തുടരുന്ന യുദ്ധവും സംഘർഷങ്ങളും, വിദ്യാഭ്യാസം നേടുവാനും, ആരോഗ്യ പരിപാലനസഹായം ലഭിക്കുവാനുമുള്ള കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് ശിശുക്ഷേമനിധി വെളിപ്പെടുത്തി.
വിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യപരിപാലനകേന്ദ്രങ്ങളും യുദ്ധമുഖത്ത് ആക്രമിക്കപ്പെടാൻ പാടില്ലാത്തതാണ്. സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി ഒന്നിന് കുറിച്ച സന്ദേശത്തിലൂടെയാണ് ഉക്രൈൻ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് യൂണിസെഫ് പരാമർശിച്ചത്. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവിധ പ്രഭാഷണങ്ങളിൽ, ഉക്രൈൻ ജനത കടന്നുപോകുന്ന ദുരിതങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പയും പരാമർശിച്ചിരുന്നു. ഉക്രൈൻ ജനതയ്ക്കായി പ്രാർഥിക്കാൻ പാപ്പ ഏവരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.