അമേരിക്കൻ വൻകരയുടെ, പ്രത്യേകിച്ച് മെക്സിക്കൻ ജനതയുടെ മാതൃഭക്തിയുടെ പ്രതീകമാണ് ഗ്വാഡലുപ്പേ മാതാവ്. 1531 ഡിസംബർ മാസത്തിൽ ഇന്ന് മെക്സിക്കൻ സിറ്റിയുടെ ഭാഗമായ ടെപിയാക് കുന്നിൻചെരുവിൽ ഹുവാൻ ഡിയോഗ എന്ന പാവപ്പെട്ട കർഷനു പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിൽ നിന്നുമാണ് ഗ്വാഡലുപ്പേ മാതാവിനോടുള്ള വണക്കത്തിന്റെ തുടക്കം. ആസ്ടെക് വംശത്തിൽ നിന്നു ക്രിസ്തുമതത്തിലേക്ക്, മാനസാന്തരപ്പെട്ട വ്യക്തിയായിരുന്നു ഹുവാൻ ഡീഗോ. ദർശനം നൽകിയ സ്ഥലത്ത് ഒരു ദൈവാലയം പണിയാൻ ഹുവാനോടു പരിശുദ്ധ കന്യകാമറിയം ആവശ്യപ്പെട്ടു. ദൈവാലയം നിർമ്മിക്കാനുള്ള അനുമതിക്കായി സ്ഥലത്തെ മെത്രാനെ സമീപിച്ചപോൾ അദ്ദേഹം ഒരു അടയാളം ആവശ്യപ്പെട്ടു. പരിശുദ്ധ കന്യാമറിയം ഡിസംബർ 12 ന് ഹുവാൻ ഡീഗോയ്ക്കും വീണ്ടും പ്രത്യക്ഷപ്പെട്ടു, ശീതകാലമാണെങ്കിലും റോസാപ്പൂക്കൾ എവിടെ വിരിഞ്ഞിരുന്നു. ഹുവാൻ ഡീഗോ തന്റെ വസ്ത്രത്തിൽ റോസാപ്പൂക്കൾ ശേഖരിച്ചു മെത്രാന്റെ വസതിയിലെത്തി റോസപ്പൂക്കൾ കാണിക്കാൻ തന്റെ മേലങ്കി തുറന്നു. ഡസൻ കണക്കിന് റോസാപ്പൂക്കൾ തറയിൽ വീണു. ഹുവാന്റെ മേലങ്കിയിൽ കന്യകാമറിയത്തിന്റെ മനോഹരമായ ചിത്രം തെളിഞ്ഞു വന്നു. അത്ഭുതം കണ്ടു വിസ്മയിച്ച മെത്രാൻ പരിശുദ്ധ മറിയത്തിന്റെ ബഹുമാനാർഥം ടെപിയാക് കുന്നിൽ ഒരു ദൈവാലയം നിർമിക്കാൻ ആരംഭിച്ചു.
ഈ സംഭവത്തിനുശേഷം മെക്സിക്കോയിലെ ധാരാളം വിശ്വാസികൾ മദ്ധ്യസ്ഥം തേടി ഗ്വാഡലൂപ്പിലെ മാതാവിന്റെ സവിധത്തിൽ എത്തി. 1737-ൽ മെക്സിക്കോ സിറ്റിയിൽ പടർന്നു പിടിച്ച പ്ലേഗ് ബാധയിൽ നിന്നു നഗരത്തെ രക്ഷിച്ചത് ഗ്വാഡലുപ്പേ മാതാവായിരുന്നു. അതേ വർഷം തന്നെ മെക്സിക്കോ സിറ്റിയുടെ രക്ഷാധികാരിയായി പരിശുദ്ധ കന്യകാമറിയത്തെ പ്രഖ്യാപിച്ചു.
മെക്സിക്കോയിലെ ദേശീയ തീർഥാടനകേന്ദ്രമാണ് ഗ്വാഡലുപ്പേ മാതാവിന്റെ ബസിലിക്ക. 1531 നും 1709 നും ഇടയിൽ നിർമിച്ചതാണ് പഴയ ബസിലിക്ക. 1709 മുതൽ 1974 വരെ ഹുവാൻ ഡിയോഗയുടെ പരിശുദ്ധ മറിയത്തിന്റെ ചിത്രം പതിഞ്ഞ മേലങ്കി (tilma) ഇവിടെ സൂക്ഷിച്ചിരുന്നു. 1974ൽ പുതിയ ബസിലിക്കയുടെ പണികൾ ആരംഭിച്ചു. ഡിസംബർ പന്ത്രണ്ടാം തീയതിയാണ് ഗ്വാഡലുപ്പേ മാതാവിന്റെ തിരുനാൾ. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഗ്വാഡലുപ്പേ മാതാവിനെ അമേരിക്കയുടെ മദ്ധ്യസ്ഥയായും നവസുവിശേഷവത്കരണത്തിന്റെ നക്ഷത്രവുമായി പ്രഖ്യാപിച്ചു. പ്രതിവർഷം ഏകദേശം ഇരുപതു മില്യൺ തീർഥാടകൾ ഈ മരിയൻ തീർഥാടനകേന്ദ്രം സന്ദർശിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS