പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടെങ്കിലും ജീവിതത്തിൽനിന്നും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ഈ വസ്തു. നാം പ്ലാസ്റ്റിക് കഴിക്കാറുണ്ടോ? ‘ഇല്ല’ എന്നായിരിക്കും നമ്മുടെ ഉത്തരം. എന്നാൽ തീർച്ചയായും നാം പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്നുണ്ട്. നമ്മൾ ചിന്തിക്കുന്നതിലും കൂടുതൽ പ്ലാസ്റ്റിക് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അവയിലൊന്ന് നാം വെള്ളം കുടിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുമാണ്. ശരാശരി ഒരു ലിറ്റർ കുപ്പിയിൽ 2,40,000 ചെറിയ പ്ലാസ്റ്റിക് കണങ്ങളുണ്ട് എന്നുള്ളതാണ്. ഇത് പലപ്പോഴും ഒരു പൊടിയെക്കാൾ ചെറുതാണ്. അവയ്ക്ക് കുടലിലൂടെയും ശ്വാസകോശങ്ങളിലൂടെയും നേരിട്ട് രക്തപ്രവാഹത്തിലേക്കും പിന്നീട് മറ്റ് അവയവങ്ങളിലേക്കും കടക്കാൻ കഴിയും.
മറ്റൊരു പഠനം, നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും ഇത്തരത്തിലുള്ള മൈക്രോപ്ലാസ്റ്റിക് ശരീരത്തിൽ എത്തിച്ചേരുന്നു എന്നതാണ്. പരിശോധിച്ച പ്രോട്ടീൻ സാമ്പിളുകളിൽ 88 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി. സീഫുഡ്, ഗോമാംസം, പന്നിയിറച്ചി എന്നിവയിലെല്ലാം പ്ലാസ്റ്റിക് ഉണ്ടായിരുന്നു.
ഇത്തരത്തിൽ മനുഷ്യാവയവങ്ങളിൽ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്കുകൾ സെർവിക്കൽ കാൻസർ, മറ്റ് രോഗങ്ങൾ എന്നിവയ്ക്കു കരണമായിത്തീരുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.
അഞ്ച് മില്ലിമീറ്ററിൽ കൂടുതൽ വലിപ്പമില്ലാത്ത ചെറിയ കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. ഇത് പൊതുവെ എല്ലായിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. നാം കുടിക്കുന്ന വെള്ളത്തിൽ, ശ്വസിക്കുന്ന വായുവിൽ, നമ്മുടെ ഹൃദയങ്ങളിൽ, ജനനേന്ദ്രിയങ്ങളിൽ തുടങ്ങി എല്ലായിടത്തും. കൂടാതെ, 2040 ഓടെ പരിസ്ഥിതിമലിനീകരണം ഇരട്ടിയാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്. അവയുടെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ, നിലവിലെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാൻ വിദഗ്ദ്ധരെ സഹായിച്ചിട്ടുണ്ടെങ്കിലും ഈ മലിനീകരണത്തിന്റെ പൂർണ്ണമായ വ്യാപ്തിയും പ്രതികൂല പ്രത്യാഘാതങ്ങളും കണ്ടെത്തേണ്ടതുണ്ട്.
ഇപ്പോൾ ചൈനീസ് അക്കാദമിക് വിദഗ്ദ്ധരിൽ നിന്നുള്ള ഒരു വിശകലനം, ടിഷ്യു കാൻസർ പോലുള്ളവയുടെ കാര്യത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സ്വാധീനം വളരെ വലുതാണ് എന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യരിലെ ഈ പ്ലാസ്റ്റിക് കണങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ കൂടുതൽ കൃത്യമായി നിർണ്ണയിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ഊന്നിപ്പറയുന്നു.
ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയുടെ പഠനത്തിൽ, പ്ലാസ്റ്റിക് കണികകൾ കുടലിൽനിന്നും വൃക്ക, കരൾ, മസ്തിഷ്കം എന്നിവയുടെ ടിഷ്യൂകളിലേക്കും സഞ്ചരിക്കുന്നതായി കണ്ടെത്തി. ഡി. എൻ. എ. തകരാറുമായും ജീൻ പ്രവർത്തനത്തിലെ മാറ്റങ്ങളുമായും അവ ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഘടകമാണ്.
മനുഷ്യകോശങ്ങളിലെ ഈ കണങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അളക്കുന്നതിനുള്ള കൂടുതൽ ഗവേഷണങ്ങളുടെയും രീതികളുടെയും ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.