നമ്മുടെ വാക്കുകൾ ഔഷധമാകട്ടെ

“ഒരു അഭിനന്ദനത്തിന്റെ ബലത്തിൽ ഞാൻ ഒരു മാസം ജീവിക്കും” എന്ന് വിഖ്യാത നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. നല്ല വാക്കുകൾ എന്നും മറ്റുള്ളവരെ സ്വാധീനിക്കുമെന്ന് നമുക്കറിയാം. ഒരു കൊടുങ്കാറ്റിന് കപ്പലിനെ തകർക്കാൻ കഴിയും. അതുപോലെ തന്നെയാണ് മനുഷ്യരുടെ കോപം. കോപത്തിന് ഒരിക്കലുമൊരു പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ക്ഷമ എന്ന ഗുണം ജീവിതത്തിന്റെ ഭാഗമാക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. ഒരു ‘മാപ്പ്’ കൊണ്ട് മുറിവുണക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു നല്ല കാര്യം വാക്കുകൾ കൊണ്ട് മറ്റുള്ളവരെ പ്രഹരിക്കാതിരിക്കുക എന്നതാണ്. ജീവിതത്തോടൊപ്പം ക്ഷമയും ചേർത്താൽ ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധിയെയും ആത്മനിയന്ത്രണത്തോടെ നേരിടാം. നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും പക്വത കൈവരിക്കണമെങ്കിൽ നമുക്ക് ക്ഷമയുണ്ടാകണം. നമ്മുടെ ക്ഷമാപൂർവമായ ഒരു വാക്ക് മറ്റൊരാളുടെ ജീവിതത്തിന് സന്തോഷം പകരുവാൻ കഴിയുമെങ്കിൽ, നാം പക്വതയോടെ മറ്റുള്ളവരോട് ക്ഷമ കാണിക്കണം.

ചില വാക്കുകൾ നിരുത്സാഹത്തിന്റെ മന്ദത നൽകുന്നതുപോലെ തന്നെ ജീവിതത്തിന് സമൃദ്ധിയുടെ പ്രഭാവലയം നൽകാനും സാധിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിൽ ഉണർവിന്റെ മെഴുകുതിരി കത്തിക്കാനും അവനിലെ വെളിച്ചം തല്ലിക്കെടുത്താനും വാക്കുകളേക്കാൾ ശക്തമായ മറ്റൊന്നില്ല.

നാം സംസാരിക്കുന്ന വാക്കുകൾ നമ്മുടെ ആയുസ്സിനേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു. ഓർക്കുക, ചില വാക്കുകൾ ജീവിതത്തെ മാറ്റിമറിക്കുന്നു. നമ്മുടെ വാക്കുകൾ കെട്ടിപ്പടുക്കാനും വളർത്താനും സഹായിക്കുന്ന വാക്കുകൾ ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. അത്തരമൊരു കൃപയ്ക്കായി നാം പ്രാർഥിക്കേണ്ടതുണ്ട്. നിങ്ങളുടെ വാക്കുകളാൽ തന്നെ നിങ്ങളും വിധിക്കപ്പെടും എന്ന ക്രിസ്തുവിന്റെ പ്രസ്താവന നാം മറക്കരുത്. ചിന്താശൂന്യമായ വാക്കുകൾ നമ്മെ ആഴത്തിൽ മുറിവേൽപ്പിക്കും – ചിലപ്പോൾ കഠിനമായ മുറിവുകൾ അവശേഷിപ്പിക്കും – അത് ഒരു കല്ലും വടിയും ഉണ്ടാക്കുന്ന പാടുകളേക്കാൾ ആഴത്തിലാക്കുകയും കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും. അതിനാൽ തന്നെ സംസാരം ആരംഭിക്കുന്നതിനു മുൻപ് ഒരു കാര്യം ഓർമയിൽ വയ്ക്കുക; നമ്മുടെ വാക്കുകൾ ഔഷധമാകട്ടെ!

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.