![cath](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/cath.jpeg?resize=696%2C435&ssl=1)
കത്തോലിക്കാ സഭയിൽ ചരിത്രപരമായ പല സംഭവങ്ങളും നടന്ന വർഷമാണ് 2024. ക്വിറ്റോയിലെ ഇന്റർനാഷണൽ യൂക്കരിസ്റ്റിക് കോൺഗ്രസ്, സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സമാപനം, 2025 ജൂബിലി വർഷത്തിന്റെ ആരംഭം എന്നിങ്ങനെയുള്ളവ അവയിൽ ചിലതാണ്.
2024 ൽ കത്തോലിക്കാ സഭയിൽ നടന്ന പ്രധാന സംഭവങ്ങൾ ചുവടെ ചേർക്കുന്നു:
1. അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്
50 വർഷത്തിനിടെ ആദ്യമായി ജൂലൈ 17 മുതൽ 21 വരെ തീയതികളിൽ അമേരിക്കയിലെ ഇൻഡ്യാനയിലെ ഇൻഡ്യാനപൊളിസിൽ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടന്നു. അതിൽ ഏകദേശം 50,000 പേർ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹ ആശീർവാദത്തോടെ ആരംഭിച്ച പരിപാടിയിൽ ബിഷപ്പ് റോബർട്ട് ബാരൺ, നടൻ ജോനാഥൻ റൂമി, ഫാ. മൈക്ക് ഷ്മിറ്റ്സ് എന്നിവർ ഭാഗമായി. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നാല് ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടന്നു.
2. ക്വിറ്റോയിലെ അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്
2024 ലെ 53-ാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ്. സെപ്തംബർ ഏഴു മുതൽ 15 വരെ ക്വിറ്റോയിലെ മെത്രാപ്പോലീത്തൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് ഈ ദിവ്യകാരുണ്യ കോൺഗ്രസ് ഭാഗമായി. ഉദ്ഘാടന വിശുദ്ധ കുർബാനയ്ക്കിടെ 1,600 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടന്നു.
3. മാർപാപ്പയുടെ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള അപ്പസ്തോലികയാത്ര
സെപ്തംബർ രണ്ടു മുതൽ 11 വരെ ഫ്രാൻസിസ് മാർപാപ്പ നടത്തിയ അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയും ക്രിസ്ത്യൻ ന്യൂനപക്ഷവുമുള്ള രാജ്യമായ ഇന്തോനേഷ്യയിൽ, മാർപാപ്പ നടത്തിയ പ്രസംഗങ്ങൾ മതാന്തരസംവാദത്തിലും സമാധാനത്തിലും ഊന്നിയുള്ളതായിരുന്നു. ഈ സന്ദർശനത്തോടെ, പോൾ ആറാമനും ജോൺ പോൾ രണ്ടാമനും ശേഷം ഈ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന മൂന്നാമത്തെ മാർപാപ്പയായി അദ്ദേഹം മാറി.
പാപ്പുവ ന്യൂ ഗിനിയയിൽ, തെരുവുകുട്ടികളെയും വികലാംഗരെയും സഹായിക്കുന്ന ചില മന്ത്രാലയങ്ങൾ അദ്ദേഹം സന്ദർശിക്കുകയും മിഷനറിമാരുമായും കാറ്റക്കിസ്റ്റുമാരുമായും സമയം ചെലവഴിക്കുകയും ചെയ്തു.
4. ഫ്രാൻസിസ് പാപ്പയുടെ ലക്സംബർഗ്, ബെൽജിയം സന്ദർശനം
ഈ വർഷം, സെപ്റ്റംബർ 26 നും 29 നുമിടയിൽ ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും ഒരു അപ്പസ്തോലികയാത്ര നടത്തി. യാത്ര ഹ്രസ്വമായിരുന്നെങ്കിലും, സന്ദർശനവേളയിൽ, യൂറോപ്പിൽ ക്രിസ്ത്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ലൂവെയ്ൻ, ലൂവെയ്ൻ-ലാ-ന്യൂവ് എന്നീ കത്തോലിക്കാ സർവകലാശാലകളുടെ അറുനൂറാം വാർഷികത്തിലും പാപ്പ അധ്യക്ഷത വഹിച്ചു.
5. കാർലോ അക്കുത്തീസിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിനുള്ള തീയതി പ്രഖ്യാപനം
നവംബർ അവസാനം, റോമിലെ കൗമാരക്കാരുടെ ജൂബിലിയിൽ 2025 ഏപ്രിൽ 27 ഞായറാഴ്ച വാഴ്ത്തപ്പെട്ട കാർലോ അക്കുത്തീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. സൈക്കിൾ അപകടത്തെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കോസ്റ്റാറിക്കൻ യുവതിയായ വലേറിയ വാൽവെർഡെയുടെ അദ്ഭുതകരമായ സൗഖ്യമാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിനു കാരണമായ അദ്‌ഭുതം.
6. നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറന്നു
2019 ഏപ്രിലിലെ തീപിടുത്തത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച നോട്രെ ഡാം കത്തീഡ്രൽ ഡിസംബർ എട്ടിന് ഗംഭീരമായ ചടങ്ങുകളോടെ വീണ്ടും തുറന്നു. പാരീസ് ആർച്ച്ബിഷപ്പ്, എം. ലോറൻ്റ് ഉൾറിച്ച് പുതിയ ബലിപീഠം പ്രതിഷ്ഠിച്ചുകൊണ്ട് ആദ്യത്തെ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസിൽ നിന്നും ലോകമെമ്പാടുമുള്ള 170 ബിഷപ്പുമാരും പാരീസിലെ ഇടവകകളിലെയും പൗരസ്ത്യ ആചാരപരമായ കത്തോലിക്കാ പള്ളികളിലെയും വൈദികരും പങ്കെടുത്തു.
7. സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സമാപനം
ഒക്ടോബർ അവസാനം, സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡ് സമാപിച്ചു. കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് മാർപാപ്പ വിളിച്ചുകൂട്ടിയ ഈ സിനഡ് സമ്മേളനം 2021 മുതൽ ഘട്ടം ഘട്ടമായി നടക്കുകയായിരുന്നു. രണ്ടുവർഷം തുടർച്ചയായി റോമിൽ ചർച്ച ചെയ്യപ്പെട്ട സിനഡൽ പ്രക്രിയയുടെ അന്തിമരേഖയ്ക്ക് പാപ്പ അംഗീകാരം നൽകി. പാസ്റ്ററൽ കൗൺസിലുകളുടെ രൂപീകരണം, കാനോനിക്കൽ മാനദണ്ഡങ്ങളുടെ പുനരവലോകനം എന്നിവ പോലുള്ള പ്രധാന ഘടനാപരമായ മാറ്റങ്ങൾ അന്തിമരേഖ നിർദേശിക്കുന്നു.
8. 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിന് തുടക്കം
2024 ലെ ക്രിസ്തുമസ് രാവിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധവാതിൽ തുറന്നുകൊണ്ട് 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിന് തുടക്കം കുറിച്ചു. ഇത് പരിവർത്തനത്തിനും അനുരഞ്ജനത്തിനും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള അതുല്യമായ അവസരമാണ്. ഈ വിശുദ്ധ വാതിലിനു പുറമേ, റോമിലെ ന്യൂ റെബിബിയ കോംപ്ലക്‌സിന്റെ ജയിലിനുള്ളിൽ ഡിസംബർ 26 ന് പരിശുദ്ധ പിതാവ് മറ്റൊരു വിശുദ്ധ വാതിലും കൂടി തുറന്നു. തുടർന്ന് ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക, സെന്റ് പോൾ ബസലിക്ക എന്നിവയുടെ വിശുദ്ധ വാതിലുകളും തുറക്കും.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ