കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെ എങ്ങനെ ബന്ധങ്ങൾ ദൃഢമാക്കാം

കുടുംബബന്ധങ്ങൾ സുദൃഢമാക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ആശയവിനിമയം. നല്ല സംസാരം കുടുംബത്തിലും സമൂഹത്തിലും കൂടുതൽ ബന്ധവും സ്നേഹവും കെട്ടുറപ്പും ഉണ്ടാക്കുമെന്നതിൽ സംശയമില്ല. അതുപോലെ, അശ്രദ്ധയും സ്നേഹരഹിതവുമായ സംസാരം ബന്ധങ്ങൾ തകരാനും ഇടയാക്കും. അതുകൊണ്ട് വീട്ടിലായാലും പുറത്ത് ജോലിസ്ഥലത്തോ, മറ്റിടങ്ങളിലോ ആയാലും സംസാരത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കുടുംബാംഗങ്ങൾക്കിടയിൽ ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള മാർഗങ്ങൾ മനസ്സിലാക്കാം.

മറ്റുള്ളവരോടു സംസാരിക്കുന്ന ഓരോ വാക്കും സൗമ്യവും സഹിഷ്ണുതയും ബഹുമാനവും ഉള്ളതാണെങ്കിൽ, സമാധാനവും സന്തോഷവുമുണ്ടാകും. ശബ്ദത്തിലുള്ള വ്യതിയാനംപോലും വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എല്ലാ സംഭാഷണങ്ങൾക്കും വൈകാരികമായ ഒരു മാനമുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്നതോ, വേദനിപ്പിക്കുന്നതോ ആയ എന്തെങ്കിലും പറയേണ്ടിവരുമ്പോൾ നമ്മുടെ സ്വരത്തിലെ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ അവസരത്തിനും അനുയോജ്യമായ സ്വരം സ്വീകരിക്കുക എന്നത് ഒരു കലയാണ്.

ഇത്തരത്തിൽ, കേൾക്കാൻ ഇഷ്ടപ്പെടാത്തതും ബുദ്ധിമുട്ടുള്ളതുമായ കാര്യങ്ങൾ പറയുമ്പോൾ ശ്രോതാവ് അതിനെ അപമാനമായോ, വിഷമമായോ കണക്കാക്കില്ല, മറിച്ച് അത് കരുതലോടും സ്നേഹത്തോടും കൂടിയുള്ള സംഭാഷണമായി സ്വീകരിക്കും. ആരോടെങ്കിലും സംസാരിക്കുമ്പോൾ, അവർ ആദ്യം ശ്രദ്ധിക്കുന്നത് സംഭാഷണത്തിന്റെ ഉള്ളടക്കമല്ല, മറിച്ച് അതിനോടൊപ്പമുള്ള സ്വരമാണ്. ഓരോ വാക്കിനും വൈകാരികമായ ഒരു വശമുണ്ട്. നമ്മുടെ വാക്കുകളിൽ സൗമ്യതയും സഹിഷ്ണുതയും ആദരവും പ്രകടമായിരിക്കണം. നമ്മൾ പറയുന്ന കാര്യങ്ങൾ സ്വീകരിക്കാനോ, നിരസിക്കാനോ ശ്രോതാവിനെ പ്രേരിപ്പിക്കുന്നത് നമ്മുടെ സംഭാഷണശൈലിയാണ്.

കുട്ടിയുടെ വളർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് അവർ വളരുന്ന കുടുംബാന്തരീക്ഷമാണ്. കുടുംബത്തിൽനിന്നു ലഭിക്കുന്ന ശീലങ്ങൾ കുട്ടികളെ വളരെയധികം ബാധിക്കും. സൗമ്യവും സ്‌നേഹപൂർവകവുമായ സംഭാഷണത്തിന്റെ അന്തരീക്ഷം അവർക്ക് ആവശ്യമാണ്. മാതാപിതാക്കൾ തമ്മിലുള്ള ശാന്തവും സൗഹൃദപരവുമായ സംഭാഷണം ഒരു കുടുംബത്തിൽ അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം, ഇത് കുട്ടികളെ വളരെ പ്രതികൂലമായി ബാധിക്കും. അതിനാൽ, കുടുംബം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രാഥമിക വിദ്യാലയമാകട്ടെ.

സുനിഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.