
നിങ്ങൾ വളരെ തിരക്കുള്ള ആളാണെങ്കിൽ, ദിവസേന പ്രാർഥിക്കാൻ സമയമില്ലാത്ത ആളാണെങ്കിൽ, തിരക്കിനിടയിലും എങ്ങനെ പ്രാർഥിക്കണം എന്നതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ജോലി തിരക്കുകൾ, മക്കളുടെ കാര്യങ്ങൾ, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഇവയെല്ലാം കൂടി പലപ്പോഴും നമ്മെ ക്ഷീണിതരാക്കാറുണ്ട്. അപ്പോൾ പലപ്പോഴും പ്രാർഥനക്കായി സമയം കണ്ടെത്തിയില്ലെന്ന ചിന്ത നമ്മെ ആശങ്കപ്പെടുത്താറുണ്ട്. തിരക്കുള്ള സമയങ്ങളിലും നമുക്കു പ്രാർഥിക്കാൻ സാധിക്കും. അത് എപ്രകാരമാണെന്ന് പരിശോധിക്കാം.
തിരക്കുള്ള ഒരു വ്യക്തിയുടെ പ്രാർഥനാ ജീവിതം എപ്രകാരമായിരിക്കണമെന്ന് വി. ഫ്രാൻസിസ് ഡി സെയിൽസ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്:
പ്രാർഥനയുടെ ഏകാന്തതയിൽ ഹൃദയം ഇടയ്ക്കിടെ വിശ്രമിക്കേണ്ടത് ആവശ്യമാണ്. അതിനു സാധിക്കാത്ത നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ബാഹ്യമായ ജോലിക്കിടയിലും വിശുദ്ധമായ ഏകാന്തത പുലർത്തുവാൻ കഴിയും. പ്രാർഥനയുടെ കുറച്ചു നിമിഷങ്ങൾ ആന്തരികമായി ഏകാന്തത അനുഭവിക്കുന്നതിനായി മാറ്റിവെയ്ക്കുക. ആന്തരികമായി ദൈവസാന്നിധ്യ സ്മരണയിൽ ജീവിക്കുവാൻ ശ്രമിക്കുക. പ്രാർഥന എന്നത് ദൈവത്തോടുകൂടി നാം ആയിരിക്കുന്ന അവസ്ഥ കൂടിയാണ്. നമ്മുടെ ചെറിയ ചിന്തകളോ പ്രവർത്തികളോ ദൈവത്തിലേക്കുള്ള ഒരു നോട്ടം പോലും പ്രാർഥനയാക്കി മാറ്റുവാൻ നമുക്ക് കഴിയും.
‘യേശുവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് മനസ്സിൽ ഉരുവിടുവാൻ ജോലി തിരക്കിലും നമുക്ക് കഴിയും. ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നുപോകരുത്.