നാളെയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ?

ഭാവിയിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ചുള്ള സമ്മർദവും ഉത്കണ്ഠയും ആളുകളിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, അത്തരത്തിലുള്ള ആശങ്കകൾ അമിതമാകുമ്പോൾ അത് ജീവിതത്തെ സാരമായി ബാധിച്ചേക്കാം. പുറമെ നിന്നുള്ള പല സംഭവങ്ങളും നമ്മുടെ ജീവിതത്തിൽ സമ്മർദത്തിന്റെ ആക്കം കൂട്ടാം. ഇത് നമ്മുടെ നിയന്ത്രണത്തിനതീതമായി ഭാവിയിലെ സംഭവങ്ങളെക്കുറിച്ച് ആകുലപ്പെടാൻ കാരണമാകുന്നു.

‘എന്റെ വിവാഹത്തിനു തൊട്ടുമുമ്പ് എനിക്ക് അസുഖം വന്നാലോ,’ ‘എനിക്ക് എന്റെ അവധിക്കാലം ബുക്ക് ചെയ്യണം; പക്ഷേ ഒരു ചുഴലിക്കാറ്റ് ഉണ്ടായാലോ,’ ‘ഞാൻ വായിച്ച ആ പുതിയ വൈറസ് കോവിഡിനെക്കാൾ മോശമായാലോ.’ തീർച്ചയായും, ഈ ആശങ്കകളിൽ പലതും യാഥാർഥ്യത്തിൽ അധിഷ്ഠിതമാണ്; എന്നിരുന്നാലും താൽക്കാലികമാണ്. യുദ്ധങ്ങൾ, സാമ്പത്തികമാന്ദ്യങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിവ പതിവാണ്. എന്നാൽ ഇവയൊന്നും സ്ഥിരമായുള്ളതല്ല.

മുൻകൂട്ടിയുള്ള ഉത്കണ്ഠയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, താൻ വളരെയധികം വിഷമിക്കുന്നു എന്ന അവബോധം, ഫോക്കസ് ചെയ്യുന്നതിൽ പ്രശ്നം, ഉത്കണ്ഠാകുലമായ ചിന്തകളും വികാരങ്ങളും നിയന്ത്രണത്തിലാക്കാൻ ബുദ്ധിമുട്ട്, തലവേദന, അമിതമായ വിയർപ്പ്, ക്ഷീണം തുടങ്ങിയ ശാരീരികലക്ഷണങ്ങളും രോഗികളിൽ അനുഭവപ്പെടാം. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ, മോശം വാർത്തകളല്ലാതെ മറ്റൊന്നുമില്ലെന്നു തോന്നുമ്പോൾ, അതിനെ അതിജീവിക്കുന്നത് ഒരു വെല്ലുവിളിയാണ്. എങ്കിലും അത്തരം ചിന്തകളെ പ്രതിരോധിക്കാൻ സഹായകരമാകുന്ന മൂന്ന് കാര്യങ്ങൾ ചുവടെ വിശദമാക്കുന്നു.

1. ഉത്കണ്ഠകൾ സാധാരണമാണ് എന്ന് മനസ്സിലാക്കുക

ചില സമ്മർദങ്ങളും ഉത്കണ്ഠകളും സാധാരണവും ആരോഗ്യകരവുമാണ്. വരാനിരിക്കുന്ന ജോലി, കുടുംബത്തിന്റെ ഭാവി, സാമ്പത്തികസ്ഥിതി മുതലായ കാര്യങ്ങളിൽ ആശങ്കകൾ അനുഭവപ്പെടുന്നതും തികച്ചും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ സമയവും ഊർജവും കൂടുതലായി വിനിയോഗിക്കാൻ തുടങ്ങുമ്പോൾ, ഒരു വിദഗ്ദ്ധസഹായം തേടേണ്ടതിന്റെ സൂചനയാണ് ഇത് കാണിക്കുന്നത്. 2019 ലെ ഒരു പഠനമനുസരിച്ച്, നാം വിഷമിക്കുന്ന കാര്യങ്ങളിൽ 90 ശതമാനവും ഒരിക്കലും ഒരു രൂപത്തിലും നടക്കില്ല എന്നറിയുന്നതിൽ നമുക്ക് കുറച്ച് ആശ്വാസം ലഭിച്ചേക്കാം.

2. മോശം വാർത്തകൾ സൃഷ്ടിക്കുന്നത് ഒരു വ്യവസായമാണ്

ടെലിവിഷനിലോ, സോഷ്യൽ മീഡിയയിലൂടെയോ ഒക്കെ ദിനംപ്രതി ധാരാളം മോശം വാർത്തകൾ നാം കാണുന്നു. അത്തരം വാർത്തകൾ പലപ്പോഴും സത്യമാണെങ്കിൽക്കൂടിയും അവ അമിതമായി പ്രചരിപ്പിക്കപ്പെടുന്നു. മറ്റുള്ളവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് കാര്യമായി ചിന്തിക്കാതെ നമ്മളെ കഴിയുന്നത്ര ആശങ്കാകുലരാക്കുന്നത് പലപ്പോഴും ഇത്തരം വാർത്തകൾ പടച്ചുവിടുന്നവരുടെ അജണ്ടയാണെന്നു മനസ്സിലാക്കുകയാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത്. അത് മനസ്സിലാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളുമായി നമുക്കുള്ള ബന്ധം ഇടയ്ക്കിടെ വിച്ഛേദിക്കുന്നത് തികച്ചും യുക്തിസഹജവും സ്വീകാര്യവുമാണ്.

ഒരു ദിവസത്തേക്ക് നമ്മുടെ സ്മാർട്ട്ഫോൺ ഒഴിവാക്കുക, നടക്കുകയോ, പൂന്തോട്ടപരിപാലനം നടത്തുകയോ ചെയ്യുക. അങ്ങനെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതുവഴി, ലോകം ഇപ്പോൾ തകർന്നുകൊണ്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും, സൂര്യൻ ഇപ്പോഴും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു, കുട്ടികൾ ഇപ്പോഴും പുറത്ത് കളിക്കുന്നു, പക്ഷികൾ ഇപ്പോഴും പാടുന്നു എന്നും നാം അറിഞ്ഞതും കേട്ടതുമായ കാര്യങ്ങൾ അത്ര ഭയാനകമല്ലെന്നും നമുക്ക് മനസ്സിലാകും.

3. ഉത്കണ്ഠയെ ചെറുക്കാൻ പ്രാർഥന അനിവാര്യമാണ്

ഉത്കണ്ഠയെക്കുറിച്ചുള്ള അവസാന വാക്ക് യേശു പറഞ്ഞതാണ്: “ഉത്കണ്ഠ മൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?” (മത്തായി 6:27). ഈ ഒരു വാചകത്തിന് രണ്ടായിരം വർഷത്തെ ചരിത്രമുണ്ട്. പ്രത്യക്ഷത്തിൽ, രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ആളുകൾ നമ്മെപ്പോലെതന്നെ നാളയെക്കുറിച്ച് ആശങ്കാകുലരായിരുന്നു.

നാം പ്രാർഥിക്കേണ്ട രീതിയെക്കുറിച്ചും കർത്താവ് നമ്മെ ഓർമപ്പെടുത്തുന്നുണ്ട് – “പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണംവഴി തങ്ങളുടെ പ്രാർഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു” (മത്തായി 6: 7-8).

ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളെ നേരിടാൻ ക്രിസ്തു നമുക്കു നൽകുന്ന സഹായമാണ് കർതൃപ്രാർഥന. ഭാവിയെക്കുറിച്ച് വളരെയധികം ആകുലപ്പെടുന്ന നമുക്ക് അത്യന്താപേക്ഷിതമായ ഒരു പ്രാർഥനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.