പിരിമുറുക്കം മാറാൻ അരിമുറുക്ക് തിന്നാൽ മതിയോ ?

ഡോ. സെമിച്ചൻ ജോസഫ്

തലക്കെട്ട് വായിച്ചിട്ട് ആകെ മൊത്തം കൺഫ്യൂഷനായോ? അൽപ്പം വിശദമായി തന്നെ പറയേണ്ടതുണ്ട്. മുകളിലെ ചോദ്യം ഏറെ നാളത്തെ പരിചയമുള്ള സുഹൃത്തിന്റേതാണ്. നിസാരമെന്നുതോന്നുന്ന കാര്യങ്ങൾപോലും കക്ഷിയെ ടെൻഷനടിപ്പിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നിരന്തരമായി അരിമുറുക്കുപോലുള്ള പലഹാരങ്ങൾ കഴിക്കാൻ തോന്നുന്നു എന്നാണ് സുഹൃത്ത് പങ്കുവെച്ചത്. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും നമ്മിൽ പലരും ഇത്തരം പ്രശ്നങ്ങൾ അഭിമുഖികരിക്കുന്നവല്ലേ? ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ കഴിയുന്ന ഒരവസ്ഥയാണ് മാനസീക പിരിമുറുക്കം ( stress). തിരക്കുപിടിച്ച നമ്മുടെ അനുദിന ജീവിതത്തിന്റെ തന്നെ ഭാഗമാണത്.

ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള വളരെ പോസിറ്റീവായ സാഹചര്യങ്ങളിൽ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വൈകാരികവുമായ വ്യതിയാനങ്ങൾ വ്യക്തിക്ക് ഉണ്ടാകുന്നു.

പിരിമുറുക്കം നിരന്തരമായി അനുഭവപ്പെടുന്ന സ്ട്രെസ്സ്, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അർബുദം, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുക മാത്രമല്ല രോഗപ്രതിരോധശേഷി കുറയാനും കാരണമാകുന്നു. നിരന്തരമായ മാനസിക പിരിമുറുക്കം മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും അതുവഴി ഉത്ക്കണ്ഠ (anxiety) വിഷാദം (Depression) അടക്കമുള്ള മറ്റ് ഗുരുതര മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

ലക്ഷണങ്ങൾ അവഗണിക്കരുത്

സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നുക, മനസ്സിനെ സമാധാനിപ്പിക്കാൻ കഴിയാതെ വരിക,
ഉറക്കത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ, ഭക്ഷണ കാര്യത്തിൽ ഏറ്റക്കുറച്ചിൽ, കൈകളിൽ തണുപ്പോ വിയർപ്പോ അനുഭവപ്പെടുക, ഉത്തരവാദിത്തങ്ങളിൽ നിന്നും ഓടി ഒളിക്കുക, ശാരികമായ തളർച്ച,
തലവേദന, അസ്വസ്ഥത ഉണ്ടാകുക, ശരീരവേദന, ഹൃദയമിടിപ്പ് കൂടുക, ചുണ്ട് വരണ്ട് പോകുക, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ അമിതമായി ഉപയോഗിക്കുക, പരിഭ്രമാവസ്ഥയിലെ പോലെ നഖം കടിക്കുക, പല്ല് കടിക്കുക, ലൈംഗിക പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങൾ മാനസീക പിരിമുറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു

എങ്ങനെ മറികടക്കാം?

നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിരിമുറുക്കത്തെ ഫലപ്രദമായി നേരിടുന്നതിന്, അതിന്റെ സ്രോതസ്സ് (Identify the source of stress) തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലാവാന്‍ ബുദ്ധിമുട്ടാണ്. ഒഴിച്ചുകൂടാന്‍ കഴിയാത്ത മാറ്റങ്ങളെയും സംഭവങ്ങളെയും അംഗീകരിക്കുക മാത്രമാണ് ആശ്വാസം ലഭിക്കാനുള്ള മാര്‍ഗം. മാറ്റങ്ങളെ എത്രത്തോളം പ്രതിരോധിക്കുന്നോ അത്രത്തോളം പിരിമുറുക്കത്തെ ക്ഷണിച്ചുവരുത്തുന്നു, നിങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയതും മാറ്റമില്ലാത്തതുമായ സാഹചര്യത്തില്‍ തുടരേണ്ടിവരികയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പുതിയൊരു വീട്ടിലേക്ക് താമസം മാറ്റി എന്ന് കരുതുക. നിങ്ങള്‍ എത്രത്തോളം അനിഷ്ടം പ്രകടിപ്പിക്കുന്നോ, അത്രത്തോളം പിരിമുറുക്കം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിനു പകരം, ഇത് സംഭവിക്കേണ്ടതായിരുന്നു എന്ന് ചിന്തിക്കുകയും തുടര്‍ന്നുള്ള കാര്യങ്ങളില്‍ സജീവമാവുകയും ചെയ്യുകയാണ് വേണ്ടത് .

പിരിമുറുക്കം നല്‍കുന്ന കാര്യങ്ങളില്‍ നിന്ന് എത്രത്തോളം അകന്നു നില്‍ക്കാന്‍ നാം ശ്രമിക്കുന്നോ അത്രത്തോളം കൂടുതല്‍ അധ്വാനിക്കേണ്ടിവരും. അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാവുക. പിരിമുറുക്കം നല്‍കുന്ന സംഗതിയെ നേരിടാന്‍ നിങ്ങള്‍ക്കുള്ള ശക്തിയെക്കുറിച്ച്‌ മാത്രം ചിന്തിക്കുക, പോരായ്മകളെ അവഗണിക്കുക. സംഗതികള്‍ എപ്പോഴും നമ്മുടെ പദ്ധതിക്ക് അനുസൃതമായി വരണമെന്നില്ല, നിങ്ങള്‍ ശരിയായ പാതയില്‍ അല്ലെന്ന് മനസ്സിലാവുന്ന അവസരങ്ങളിലെല്ലാം സ്വയം നിഷേധാത്മകമായി കുറ്റപ്പെടുത്താതിരിക്കുക. നിങ്ങള്‍ക്ക് ഒരവസരം കൂടി ആവശ്യമാണ്. പിരിമുറുക്കമുള്ള അവസരങ്ങളില്‍ പോസിറ്റീവായി സ്വന്തം മനസ്സുമായി സംവദിക്കുന്നത് നിഷേധാത്മക ചിന്തകളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കുന്നതിനും പിരിമുറുക്കം സൃഷ്ടിക്കുന്ന കാരണങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സഹായിക്കും.

അതോടൊപ്പം യോഗ, കായികവിനോദങ്ങള്‍, നൃത്തം തുടങ്ങി നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇത് നിങ്ങളുടെ ശരീരത്തിനു മാത്രമല്ല മനസ്സിനും ഊര്‍ജം പകരും. ദിവസവും കുറച്ചു നേരമെങ്കിലും ഇതിനായി മാറ്റിവയ്ക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. ചുരുക്കത്തിൽ മനോരോഗങ്ങളിലെ ജലദോഷപ്പനിയാണ് മാനസീക പിരിമുറുക്കം. എന്നാൽ മുകളില്‍ പറഞ്ഞ രീതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കില്‍ എത്രയും വേഗം പ്രഫഷണല്‍ സഹായം തേടാൻ മടികാണിക്കരുതെന്ന് മാത്രം.
(തുടരും)

ഡോ. സെമിച്ചൻ ജോസഫ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.