കൃപയുടെ നിറകുടമായ അമലോത്ഭവ മാതാവ്

“ഓ അമലോത്ഭവ മറിയമേ ഞാൻ പൂർണ്ണമായും നിന്റേതാണ്” – വി. ലൂയി മോൺഫോർട്ട് കൂടെക്കൂടെ ഉരുവിട്ടിരുന്ന വാക്കുകളാണിത്.

പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്ന വിശ്വാസസത്യങ്ങളിലൊന്നാണ് അവൾ അലോത്ഭവയാണ് എന്നത്. ഒൻപതാം പീയൂസ് മാർപാപ്പ 1854 ഡിസംബർ 8 -നു പുറപ്പെടുവിച്ച അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷനായ ‘അവർണനീയനായ ദൈവം’ (ഇൻഫാബിലിസ് ദേവൂസ്) വഴി ഈ വിശ്വാസസത്യം പ്രഖ്യാപിച്ചു. അതിന്റെ പ്രധാനഭാഗം ഇങ്ങനെയാണ്: “ദൈവപുത്രൻ മനുഷ്യനായി കാലത്തിന്റെ അനുഗ്രഹീത പൂർണ്ണതയിൽ ആരിൽനിന്നു ജനിക്കേണ്ടിയിരുന്നുവോ ആ അമ്മയെ നിത്യപിതാവ് ആരംഭംമുതലേ, സമയം തുടങ്ങുന്നതിനുമുൻപേ തെരഞ്ഞെടുക്കുകയും ഒരുക്കുകയും ചെയ്തു.”

പലരും വിചാരിക്കുന്നതുപോലെ ദൈവപുത്രന് പിറക്കാൻ സമയമായപ്പോൾ അന്ന് ജീവിച്ചിരുന്ന ബാലികമാരിൽ നല്ലവളായി കണ്ട ഒരാളെ അവന്റെ അമ്മയാക്കുകയല്ലായിരുന്നു അവിടുന്ന്. പരിശുദ്ധ അമ്മയെ അമലോത്ഭവയായി സൃഷ്ടിച്ചത് ദൈവപിതാവിന്റെ പ്രവൃത്തിയാണെന്നും അത് അനാദിയിലെ ഉള്ള ദൈവപദ്ധതി ആയിരുന്നെന്നും രേഖ വ്യക്തമാക്കുന്നു.

“ഈ അമ്മ പാപത്തിന്റെ എല്ലാ കറകളിൽനിന്നും എന്നേക്കും തികച്ചും സ്വതന്ത്രയായി സർവാംഗസുന്ദരിയും പൂർണ്ണയുമായി നിർമ്മലതയുടെയും വിശുദ്ധിയുടെയും പൂർണ്ണത നേടുന്നതിനുവേണ്ടി ദൈവം അവളെ സ്വർഗീയദാനങ്ങളുടെ സമൃദ്ധികൊണ്ട് നിറച്ചു. മറിയത്തിന്റെ ഉത്ഭവം അസാധാരണവും അത്ഭുതകരവും ഉയർന്നതോതിൽ പരിശുദ്ധവും മറ്റെല്ലാ മനുഷ്യരുടെയും ഉത്ഭവത്തിൽനിന്ന് വ്യത്യസ്തവുമായി കണ്ട് വണങ്ങണം” – പ്രമാണരേഖ പറയുന്നു.

ഇത്രയും പരിശുദ്ധിയുള്ള അമ്മ അങ്ങനെയായിരിക്കുന്നതിൽ അത്ഭുതമില്ല എന്ന് പണ്ട് ചിന്തിച്ചിട്ടുണ്ട്. കാരണം അമ്മ ജന്മനാൽ പാപക്കറ ഏശാത്തവളാണല്ലോ. അപ്പോൾപിന്നെ അത്രയും കൃപാവരവും എളിമയുമൊക്കെ അമ്മയ്ക്ക് ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ആ ചിന്ത ബാലിശവും തെറ്റായതുമായ ഒരു ചിന്താഗതി ആയിരുന്നെന്ന് പിന്നീട് മനസിലായി. കാരണം ആദവും ഹവ്വയും സൃഷ്ടിക്കപ്പെട്ടതും ഉത്ഭവപാപത്തോടുകൂടി ആയിരുന്നില്ല എന്നതുതന്നെ. പക്ഷേ, അവർ എത്ര പെട്ടെന്ന് പ്രലോഭനത്തിലേക്കു വീണുപോയി. രണ്ടാം ഹവ്വ എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയം എല്ലാവിധത്തിലും ദൈവപുത്രന്റെ അമ്മയാകാൻ യോഗ്യതയുള്ളവളായി. സാത്താന്റെ പ്രലോഭനങ്ങളിൽ വീണില്ലെന്നുമാത്രമല്ല, സാത്താനുമായി നിത്യശത്രുതയിലാണവൾ. ഏതെങ്കിലും ഒരുനിമിഷമെങ്കിലും അവൾ പാപത്തിലായിരുന്നെങ്കിൽ നിത്യശത്രുത ഉണ്ടാകുമായിരുന്നില്ല.

അഹങ്കാരത്തിന്റെയും അനുസരണക്കേടിന്റെയും ആദ്യപടിയാണ് അമിതകൗതുകം. ഹവ്വയ്ക്കു വിലക്കപ്പെട്ട വൃക്ഷത്തിന്റെ അരികിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നില്ല. സർപ്പത്തിനാൽ പ്രലോഭിക്കപ്പെട്ടപ്പോൾ ദൈവകല്പന നിറവേറ്റപ്പെടാനുള്ളതാണ്, അതിനെതിരെ ഒരു മറുചോദ്യമോ, ചിന്തയോ ആവശ്യമില്ല എന്ന് അവനോടു പറഞ്ഞോ അല്ലെങ്കിൽ ചിന്തിച്ചോ ഒഴിഞ്ഞുമാറാമായിരുന്നു. അതും ചെയ്തില്ല. ഹവ്വയുടെ അനുസരണക്കേടിന്റെ നേർവിപരീതമായിരുന്നു പരിശുദ്ധ അമ്മ. ദൈവം പറഞ്ഞ ഒന്നിനെയും ചോദ്യംചെയ്യാതെ അവൾ വിശ്വസിച്ചു, അനുസരിച്ചു, ഉള്ളിൽ സംഗ്രഹിച്ചു നിശ്ശബ്ദയായി, അങ്ങേയറ്റം എളിമപ്പെട്ടു, വിശ്വസ്തതയുള്ളവളായി.

ദൈവത്തിന്റെ അമ്മയുടെ ആത്മാവാകാൻ സൃഷ്ടിക്കപ്പെട്ട ഒരു ആത്മാവ്. ജന്മപാപരഹിതമായ ആത്മാവ്. അത് പരിശുദ്ധ ത്രിത്വത്തിന്റെ ആനന്ദമായിരുന്നു. രക്ഷകനെ വഹിക്കേണ്ടവൾ, പ്രിയങ്കരിയായ പുത്രി, ഏറ്റം നിർമ്മലയായ അമ്മ, സ്നേഹമുള്ള മണവാട്ടി, അത്യുദാത്തമായ നിലയിലേക്കു ഒരു മനുഷ്യസൃഷ്ടിയെ ഉയർത്തി സാത്താനോടുള്ള ദൈവത്തിന്റെ പ്രതികാരം. മൃദുലമായ, റോസാദളംപോലെ സുന്ദരമായ കാലുകൊണ്ട് അവൾ സാത്താന്റെ തലയെ ചവിട്ടിഞെരിക്കും. സൈന്യങ്ങളെ ഭയപ്പെടാത്ത അവൻ അവളെ കാണുന്നമാത്രയിൽ ഓടിമറയും.

ഒൻപതാം പീയൂസ് പാപ്പാ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിനു നാലുവർഷങ്ങൾക്കുശേഷം ലൂർദിൽ ബെർണ്ണദീത്തയ്ക്കു പ്രത്യക്ഷപ്പെട്ട അമ്മ മംഗളവാർത്താദിനത്തിൽ പറഞ്ഞു: “ഞാൻ അമലോഭവയാണ്” (I’m the Immaculate Conception).

പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ബെർണ്ണദീത്തയുടെ കൊച്ചുനാവിന് അതൊരു വലിയ വർത്താനമായിരുന്നു. മറന്നുപോകാതിരിക്കാൻ ഒരുപാട് പ്രാവശ്യം അവൾ അത് ഉരുവിട്ടു. അവളിൽനിന്ന് ആ വാക്കുകേട്ട ദൈവശാസ്ത്രജ്ഞന്മാർ ആനന്ദതുന്ദിലരായി. കാരണം പരിശുദ്ധ പിതാവ് പ്രഖ്യാപിച്ച സത്യത്തിന് സ്വർഗം നൽകിയ സാക്ഷ്യപ്പെടുത്തലായിരുന്നു അത്.

വി. ആൻസലെം പറയുന്നു: “എല്ലാവിധ പാപക്കറകളിൽനിന്നും സ്വതന്ത്രമാക്കി തന്റെ പുത്രനു വസിക്കാൻ പരിശുദ്ധമായ ഒരു വാസസ്ഥലമൊരുക്കാൻ ദൈവത്തിന്റെ ജ്ഞാനത്തിനു കഴിയാതിരിക്കുമോ?” വി. അൽഫോൻസ് ലിഗോരി പറയുന്നു: “ഹവ്വയ്ക്കുപോലും ജന്മപാപരഹിതയായി ലോകത്തിലേക്കു വരാനുള്ള അനുഗ്രഹം ദൈവം കൊടുത്തെങ്കിൽ പരിശുദ്ധ കന്യകാമറിയത്തിന് ആ കൃപ ദൈവം കൊടുക്കാതിരിക്കുമോ? തീർച്ചയായും ദൈവം അത് കൊടുത്തു.” ഒരു പടികൂടി കടന്ന് അദ്ദേഹം പറയുന്നു: ‘അനുഗ്രഹീതകന്യകയിൽ പരിപുഷ്ടിപ്പെടാത്ത ഒരു കൃപപോലും വേറൊരു സൃഷ്ടിക്കും നല്കപ്പെട്ടിട്ടില്ല. എല്ലാ വിശുദ്ധർക്കും മാലാഖാമാർക്കുമുള്ള കൃപയെ ഒന്നിച്ചുചേർത്താലും അവൾ സ്വീകരിച്ച കൃപ അവയെ അതിശയിച്ചുനിൽക്കും.”

ആത്മീയസമരത്തിൽ, സാത്താനുമായുള്ള യുദ്ധത്തിൽ ഈശോ കഴിഞ്ഞാൽ നമുക്ക് ഏറ്റവും ഉറപ്പും ശക്തവുമായ സങ്കേതമാണ് പരിശുദ്ധ കന്യകാമറിയം. നാം പരിശുദ്ധ അമ്മയെ ആശ്രയിക്കുന്നതും മാധ്യസ്ഥം തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കുന്നു. നാം നേരായ പാതയിലാണെന്ന് സാത്താൻ അറിയുന്നത് അവനെ ഭയചകിതനാക്കുന്നു.

വി. എവുപ്രാസ്യാമ്മയോട് സാത്താൻ പറഞ്ഞ വാക്കുകൾ ഇത് വ്യക്തമാക്കുന്നു: “നീ ഈശോയെയും മറിയത്തെയും ഉപേക്ഷിച്ചാൽ നിന്നെ ഞാൻ ശല്യപെടുത്തില്ല.” മറ്റൊരുവിധത്തിൽ പറഞ്ഞാൽ പരിശുദ്ധ കന്യകാമറിയത്തെ ഉപേക്ഷിച്ച ആത്മാവിനെ എളുപ്പം കീഴ്പ്പെടുത്താമെന്ന് സാത്താൻ അറിയുന്നു എന്നുസാരം. തന്റെ മക്കളെ കാത്തുസൂക്ഷിക്കാൻ അമ്മക്ക് പ്രത്യേകസിദ്ധി സ്വർഗം  നൽകിയിട്ടുണ്ട്.

മരണവേളയിൽ മനുഷ്യമക്കൾക്ക് ഉറപ്പാർന്ന സങ്കേതവും ആശ്രയവുമാണ് പരിശുദ്ധ കന്യകാമറിയം. വി. ഡൊമിനിക് സാവ്യോ മരിച്ചിട്ടു കുറച്ചു നാളുകൾക്കുശേഷം ഡോൺ ബോസ്കോയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഡോൺ ബോസ്‌കോ ചോദിച്ചു: “ജീവിതകാലത്ത് ഇവിടെ ആയിരുന്നപ്പോൾ അനേകം പുണ്യങ്ങൾ അങ്ങ് അഭ്യസിച്ചിരുന്നല്ലോ. മരണവേളയിൽ ഏതാണ് ഏറ്റവും കൂടുതൽ സഹായകമായത്?”

സാവ്യോ മറുചോദ്യം ചോദിച്ചു: “അങ്ങ് എന്തു വിചാരിക്കുന്നു?”

“ശുദ്ധത. അതുമാത്രമല്ല, നിർമ്മല മനഃസാക്ഷി? പ്രത്യാശ? നീ ചെയ്ത സുകൃതങ്ങൾ?”

“അതെല്ലാം നല്ലതുതന്നെ. എന്നാൽ ഏറ്റവും ഉപകാരമായതു അതല്ല.”

“പിന്നെയെന്താണ്?”

സാവ്യോ ഇങ്ങനെ മറുപടി നൽകി: “സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്റെ അമ്മയുമായ മറിയത്തിന്റെ സഹായമാണ് എന്നെ ഏറ്റവുമധികം സഹായിച്ചത്.”

അതെ, അതു തന്നെയാണ് സത്യം. നാം സമ്പാദിച്ച എല്ലാ സുകൃതങ്ങളേക്കാളും നമ്മെ സഹായിക്കാൻ കഴിയുന്നവളാണ് നമ്മുടെ അമ്മ. സ്വർഗത്തിലേക്കുള്ള യാത്രയിൽ നാം പിടിക്കേണ്ട കരം പരിശുദ്ധ അമ്മയുടേതാണ്. ആ കരം പിടിച്ചാൽ യാത്ര സുഗമവും ലക്ഷ്യപ്രാപ്തി സുനിശ്ചിതവുമായിരിക്കും.

യുഗാന്ത്യസഭ സാത്താന്റെ കെണിയിൽ നിന്ന് സുരക്ഷിതമാകാൻ അമലോത്ഭവ മറിയത്തിന്റെ വിമലഹൃദയത്തിൽ അഭയംപ്രാപിക്കണം. സാത്താനോട് ഒരിക്കലും ബന്ധംപുലർത്താതിരുന്ന മറിയത്തെപ്പോലെ ആയിരിക്കണം സഭയും. അങ്ങനെയെങ്കിൽ യുഗാന്ത്യയുദ്ധത്തിൽ മറിയത്തോടൊപ്പം നമ്മളും വിജയം വരിക്കും. സ്വർഗത്തിന്റെ പരിശുദ്ധിയുടെ സാക്ഷ്യമാണ് മറിയം. സ്വർഗീയപരിശുദ്ധി നോക്കിപ്പാർക്കുന്ന സഭാമക്കൾക്ക് അമലോത്ഭവ മറിയം വിശുദ്ധിയുടെ മാർഗം തെളിക്കുന്ന സമുദ്രതാരമാണ്.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.