വി. ഫ്രാൻസിസ് സേവ്യർ കാബ്രിനി: കുടിയേറ്റക്കാരുടെ സ്വർഗീയ മധ്യസ്ഥ

കുടിയേറ്റക്കാരുടെ സ്വർഗീയ മധ്യസ്ഥയാണ് വി. ഫ്രാൻസിസ് സേവ്യർ കാബ്രിനി. നവംബർ 13 നാണ് ഈ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നത്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പൗരയാണ് വി. ഫ്രാൻസിസ് സേവ്യർ കാബ്രിനി. ഇറ്റലിക്കാരിയും അമേരിക്കൻ പൗരത്വം സ്വീകരിച്ചവളുമായ ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ വായിച്ചറിയാം

കാബ്രിനി 1850 ജൂലൈ 15-ന് ഇറ്റലിയിലെ ലോംബാർദിയിലുള്ള സെന്റ് ആഞ്ചലോ ലോഡിജിയാനോയിൽ ജനിച്ചു. മാസം തികയാതെ ജനിച്ച അവൾ പതിമൂന്നു മക്കളിൽ ഇളയവളായിരുന്നു. നിർഭാഗ്യവശാൽ, അവളുടെ മൂന്നു സഹോദരങ്ങൾ മാത്രമേ കൗമാര കാലഘട്ടം വരെ അതിജീവിച്ചുള്ളൂ. കാബ്രിനി, അവളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും വളരെ ദുർബലമായ ആരോഗ്യാവസ്ഥയിൽ ജീവിച്ചു.

ചെറുപ്പം മുതലേ സന്യാസിനിയാകാൻ ആഗ്രഹിച്ചു ജീവിച്ചതാണ് ഈ വിശുദ്ധ. തിരുഹൃദയ പുത്രിമാർ നടത്തുന്ന കോൺവെന്റ് സ്കൂളിൽ വിദ്യാഭ്യാസം നേടിയ അവർ പഠനത്തിൽ മിടുക്കിയായിരുന്നു. അങ്ങനെ കാബ്രിനി ഉയർന്ന ബഹുമതികളും ടീച്ചിംഗ് സർട്ടിഫിക്കറ്റും നേടി.

കാബ്രിനിക്ക് 18 വയസ്സുള്ളപ്പോൾ, അവൾ ഡോട്ടേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ട് എന്ന സന്യാസ സമൂഹത്തിൽ പ്രവേശനത്തിന് അപേക്ഷിച്ചു. എന്നാൽ, അവളുടെ മോശം ആരോഗ്യം കാരണം നിരസിച്ചു. പകരം, ഇറ്റലിയിലെ കാഡഗോനോയിലെ ഹൗസ് ഓഫ് പ്രൊവിഡൻസ് ഓർഫനേജിൽ പഠിപ്പിക്കാൻ ഒരു പുരോഹിതൻ അവളോട് ആവശ്യപ്പെട്ടു. ഗേൾസ് സ്കൂളിൽ ആറുവർഷം പഠിപ്പിക്കുകയും സന്യാസസമൂഹ ജീവിതരീതിയിലേക്ക് സ്ത്രീകളുടെ ഒരു സമൂഹത്തെ ആകർഷിക്കുകയും ചെയ്തു. അങ്ങനെ 1877-ൽ, അവൾ സന്യാസിനിയായി മാറി. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ബഹുമാനാർഥം തന്റെ പേരിനൊപ്പം സേവ്യർ എന്നപേരും ചേർത്തു.

ഹൗസ് ഓഫ് പ്രൊവിഡൻസ് ഓർഫനേജ് അടച്ചുപൂട്ടിയപ്പോൾ, അവളുടെ ബിഷപ്പ് അവളോടും കഡഗോനോയിലെ അവളുടെ അനാഥാലയത്തിലെ മറ്റ് ആറു സ്ത്രീകളോടും സ്‌കൂളുകളിലും ആശുപത്രികളിലും പാവപ്പെട്ട കുട്ടികളെ പരിചരിക്കാൻ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ടിനെ കണ്ടെത്താൻ ആവശ്യപ്പെട്ടു. അങ്ങനെ തന്റെ സന്യാസ സമൂഹത്തിന്റെ നിയമഘടന കാബ്രിനി എഴുതി.

ആദ്യത്തെ അഞ്ചു വർഷങ്ങളിൽ, ഇവരുടെ സന്യാസിനീ സമൂഹം ഏഴു ഭവനങ്ങളും സൗജന്യ സ്കൂളും നഴ്സറിയും സ്ഥാപിച്ചു. കാബ്രിനി ചൈനയിൽ തന്റെ മിഷൻ ദൗത്യം തുടരാൻ ആഗ്രഹിച്ചു. എന്നാൽ ലിയോ പതിമൂന്നാമൻ മാർപാപ്പ അവളെ അമേരിക്കയിലേക്കു പോകാൻ പ്രേരിപ്പിച്ചു. അവിടെ വർധിച്ചു വന്ന ഇറ്റാലിയൻ കുടിയേറ്റക്കാർക്ക് അവരെ ആവശ്യമുണ്ടായിരുന്നു.

1889 മാർച്ച് 31 ന് കാബ്രിനി തന്റെ പുതിയ ദൗത്യം ആരംഭിക്കാൻ തയ്യാറായ മറ്റ് ആറു സഹോദരിമാരോടൊപ്പം ന്യൂയോർക്ക് നഗരത്തിലെത്തി. എന്നിരുന്നാലും, തുടക്കം മുതൽ അവൾക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. പുതിയ അനാഥാലയത്തിനായി ഒരു വീട് ലഭ്യമല്ലായിരുന്നു. അതിനാൽ സി. കാബ്രിനിയോട് ഇറ്റലിയിലേക്ക് മടങ്ങാൻ ആർച്ച്ബിഷപ്പ് നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല. അതേത്തുടർന്ന് ആർച്ചുബിഷപ്പ് മൈക്കൽ കോറിഗൻ അവർക്ക് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി മഠത്തിൽ താമസസ്ഥലം കണ്ടെത്തി നൽകി. ഇപ്പോൾ ന്യൂയോർക്കിലെ വെസ്റ്റ് പാർക്കിലുള്ള ‘സെന്റ്‌ കാബ്രിനി ഹോം’ എന്നറിയപ്പെടുന്ന അനാഥാലയം ആരംഭിക്കാനുള്ള അനുമതി സി. കാബ്രിനിക്ക് ലഭിച്ചു.

ദൈവത്തിലുള്ള അഗാധമായ വിശ്വാസത്താൽ നിറഞ്ഞ കാബ്രിനി, 35 വർഷത്തിനുള്ളിൽ അനാഥാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ 67 സ്ഥാപനങ്ങൾ ആരംഭിച്ചു. പാവപ്പെട്ടവർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും രോഗികൾക്കും ഉപേക്ഷിക്കപ്പെട്ടവർക്കും പ്രത്യേകിച്ച് ഇറ്റാലിയൻ കുടിയേറ്റക്കാർക്കും വേണ്ടിയാണ് അവ നൽകിയത്. അവരുടെ സ്ഥാപനങ്ങൾ ന്യൂയോർക്ക്, കൊളറാഡോ, ഇല്ലിനോയിസ് എന്നിവയുൾപ്പെടെ അമേരിക്കയിലെ എല്ലായിടത്തും വ്യാപിച്ചു.

പ്രാർഥനയിൽ ആഴപ്പെട്ട ജീവിതമായിരുന്നു സി. കാബ്രിനി നയിച്ചിരുന്നത്. അവരുടെ സ്ഥാപനങ്ങൾക്കായി പണവും സമയവും പിന്തുണയും സംഭാവന ചെയ്യാൻ ആളുകളെ കണ്ടെത്താനും കഴിഞ്ഞു. സി. കാബ്രിനി 1909-ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. എട്ടു വർഷത്തിനു ശേഷം, 1917 ഡിസംബർ 22-ന്, ഇല്ലിനോയിസിലെ ചിക്കാഗോയിലുള്ള സ്വന്തം ആശുപത്രികളിലൊന്നായ കൊളംബസ് ഹോസ്പിറ്റലിൽ വച്ച്, 67-ാം വയസ്സിൽ സി. കാബ്രിനി മരിച്ചു.

സി. കാബ്രിനിയുടെ മൃതദേഹം ആദ്യം സെന്റ് കാബ്രിനി ഹോമിൽ വച്ചിരുന്നുവെങ്കിലും 1931-ൽ അവളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന പ്രക്രിയയുടെ ഭാഗമായി പുറത്തെടുത്തു. അവളുടെ തല റോമിലെ സന്യാസ സഭയുടെ മാതൃഭവനത്തിലെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്നു. വിശുദ്ധയുടെ ഒരു കൈ ചിക്കാഗോയിലെ ദേവാലയത്തിലും ബാക്കി ശരീരഭാഗം ന്യൂയോർക്കിലെ ഒരു ആരാധനാലയത്തിലുമാണ്.

വിശുദ്ധ കാബ്രിനി വഴിയായി രണ്ട് അദ്‌ഭുതങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്ധത ബാധിച്ച ഒരു കുട്ടിക്ക് വിശുദ്ധയുടെ മധ്യസ്ഥതയിൽ കാഴ്ച തിരികെ ലഭിച്ചു. മറ്റൊന്ന്, വിശുദ്ധ കാബ്രിനിയുടെ തന്നെ സന്യാസിനീ സമൂഹത്തിലെ മാരകരോഗിയായ ഒരു അംഗത്തിനു ലഭിച്ച സൗഖ്യം.

വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനിയെ 1938 നവംബർ 13-ന് പയസ് പതിനൊന്നാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും 1946 ജൂലൈ 7-ന് പയസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പൗരയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനി.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.