ഡൗൺ സിൻഡ്രോം ബാധിച്ചവരെയും അല്ലാത്തവരെയും ഒരുപോലെ സന്യാസാർഥിനികളായി സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യത്തേതും നിലവിലുള്ളതുമായ ഒരേയൊരു സന്യാസ സമൂഹമാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപ്പിൾസ് ഓഫ് ദി ലാംബ്. ദൈവം എല്ലാ ഹൃദയങ്ങളോടും ഒരുപോലെ സംസാരിക്കുന്നു എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഫ്രാൻസിലെ ഈ സന്യാസ സഭയുടെ പ്രവർത്തനങ്ങൾ.
ഡൗൺ സിൻഡ്രോം ബാധിതയായ വെറോണിക്ക എന്ന പെൺകുട്ടി ഒരു സന്യാസിനിയാകണമെന്ന ആഗ്രഹത്തോടെ നിരവധി മഠങ്ങളെ സമീപിച്ചെങ്കിലും അവരെല്ലാം അവളുടെ ആവശ്യത്തെ നിരാകരിച്ചു. അങ്ങനെയാണ് ലിറ്റിൽ സിസ്റ്റേഴ്സിന്റെ സന്യാസഭവനത്തിൽ വെറോണിക്ക എത്തിച്ചേർന്നത്. അവിടെ സുപ്പീരിയറായ മദർ ലൈൻ അവരെ സ്വീകരിക്കുകയും 1999 ൽ ടൂറിനിലെ ഒരു സന്യാസഭവനത്തിൽ ഇരുവരും തങ്ങളുടെ പ്രാർഥനയും പ്രവർത്തനവും ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇവർ ലെ ബ്ലാങ്കിലേക്ക് താമസം മാറി. നിലവിൽ ഒൻപതു സന്യാസിനിമാരും ഒരു അമേരിക്കൻ പോസ്റ്റുലന്റും ഉൾപ്പെടെ പത്തുപേർ ഇവർക്കുണ്ട്. ഡൗൺ സിൻഡ്രോം ബാധിതരായ സ്ത്രീകളെയും മഠത്തിലെ ജോലികൾക്കായി ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്. വി. കൊച്ചുത്രേസ്യായും വി. ബെനെഡിക്റ്റുമാണ് സന്യാസ സമൂഹത്തിന്റെ സ്വർഗീയമധ്യസ്ഥർ.
കമ്മ്യൂണിറ്റിയുടെ ജീവിതത്തിലെ ഒരു ദിവസത്തിൽ ദൈനംദിന കുർബാനയും പ്രാർഥനകളും മറ്റു ജോലികളും ഉൾപ്പെടുന്നു. ക്രിയാത്മകമായ നിരവധി പ്രവർത്തനങ്ങൾ ഇവർ ഇവിടെ ചെയ്തുവരുന്നു. പൂന്തോട്ടങ്ങൾ കൃഷി ചെയ്യുന്നതിലും സ്കാർഫുകളും ബാഗുകളും നെയ്യുന്നതിലും ഹെർബൽ ടീ ഉണ്ടാക്കുന്നതിലും ഒക്കെയായി തിരക്കിലാണ് ഇവിടുത്തെ സിസ്റ്റേഴ്സ്. അവർക്ക് ഒരു തേനീച്ച ഫാം ഉണ്ട്. കൂടാതെ, തേനും മൺപാത്രങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. അവർ ഈ വർഷം അവരുടെ ഏറ്റവും പുതിയ ഉൽപന്നം പുറത്തിറക്കി – ചർമസംരക്ഷണത്തിന്റെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഒരു നിര.
“ഞങ്ങൾ ഔഷധസസ്യങ്ങളുടെ കൃഷി വികസിപ്പിച്ചെടുക്കുകയും ഉയർന്ന നിലവാരമുള്ള സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയൊക്കെയും നൂറു ശതമാനം ഓർഗാനിക്കാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇവ കയറ്റി അയയ്ക്കുന്നു” – മദർ ലൈൻ പറഞ്ഞു.
ഈ വർഷം ആദ്യം ലൂർദ് മാതാവിന്റെ തിരുനാളിൽ ‘നിങ്ങളുടെ ചർമത്തോടുള്ള സ്‌നേഹത്തിന്റെ തുള്ളി’ എന്ന ടാഗ്‌ലൈനോടെ സഹോദരിമാർ അവരുടെ ചർമസംരക്ഷണ ഉൽപന്നങ്ങളുടെ വിപണനം ആരംഭിച്ചു; അതിൽ ബാമുകളും സെറവും ഉൾപ്പെടുന്നു. ഇത് ഇവരുടെ ദൗത്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നില്ലെങ്കിലും ഇവരുടെ വെബ്‌സൈറ്റിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിൽക്കുന്നത് ആശ്രമത്തെ കൂടുതൽ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഇവർക്ക് ജോലിയുടെയും പ്രാർഥനയുടെയും സന്തുലിതാവസ്ഥ സൃഷ്ടിക്കാനും സാധിക്കുന്നു.
700 ഡമാസ്കസ് റോസ് ചെടികളും മറ്റ് സുഗന്ധസസ്യങ്ങളുമൊക്കെയാണ് ഇവരുടെ മഠത്തിൽ വളർത്തുന്ന അസംസ്കൃതവസ്തുക്കൾ.
“ഞങ്ങളുടെ ബ്രാൻഡിനെ സ്റ്റിൽ അമോറിസ് എന്നാണ് വിളിക്കുന്നത്, അതിനർഥം ‘സ്നേഹത്തിന്റെ തുള്ളി’ എന്നാണ്” – മദർ ലൈൻ പറഞ്ഞു. “ഡൗൺ സിൻഡ്രോമുള്ള ആളുകൾ ലോകത്തിലേക്കു കൊണ്ടുവരുന്ന സ്നേഹം പ്രചരിപ്പിക്കാൻ ഇത് ലിറ്റിൽ സിസ്റ്റേഴ്സിനെ അനുവദിക്കുന്നു. ഇത് ഏറ്റവും പ്രധാനപ്പെട്ട സ്നേഹമാണെന്ന് ലോകത്തെ ഓർമിപ്പിക്കുന്നു. യൂറോപ്പിൽ, ഡൗൺ സിൻഡ്രോമുള്ള മിക്ക ആളുകളും മറ്റു സ്ഥാപനങ്ങളിൽ താമസിക്കാൻ പോകുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലാകട്ടെ, ഡൗൺ സിൻഡ്രോമുള്ള ആളുകൾ അവരുടെ കുടുംബത്തിൽത്തന്നെയാണ് താമസിക്കുന്നത്” – മദർ ലൈൻ കൂട്ടിച്ചേർത്തു.
എങ്കിലും ഗർഭാവസ്ഥയിലെ സ്കാനിങ്ങുകൾ കൂടുതൽ പ്രചാരത്തിലായതിനാൽ, കഴിഞ്ഞ ദശകങ്ങളിൽ ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ എണ്ണം 11% കുറഞ്ഞു. “യൂറോപ്പിലും ഫ്രാൻസിലും ഗർഭച്ഛിദ്രം സർവസാധാരണമാണ്, പ്രത്യേകിച്ച് ഡൗൺ സിൻഡ്രോം ഉള്ള കുട്ടികളിൽ. അവർക്ക് ഇനി ഫ്രാൻസിലും യൂറോപ്പിലും ജീവിക്കാൻ അവകാശമില്ല” – മദർ ലൈൻ പറഞ്ഞു. “ഡൗൺ സിൻഡ്രോമുള്ള കുട്ടി, മുഴുവൻ കുടുംബത്തെയും ഒന്നിപ്പിക്കുമ്പോൾ അത് കുടുംബത്തിന് ഒരു ഭാരമാകുമെന്ന് മെഡിക്കൽ ടീം പറയുന്നത് എന്തൊരു ലജ്ജാകരമാണ്: അവർ സ്നേഹം കൊണ്ടുവരുന്നതിനാൽ അവർ ഒരു സമ്മാനമാണ്” – മദർ പറയുന്നു. ഡൗൺ സിൻഡ്രോമുള്ള കുട്ടികൾക്ക് ലോകത്തോട് ഒരു സന്ദേശം പറയാനുണ്ട്. “ദൈവം ഒരിക്കലും കൊച്ചുകുട്ടികളെ കൈവിടില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ” – മദർ കൂട്ടിച്ചേർത്തു.