സകല വിശുദ്ധരുടെയും ദിനം കുഞ്ഞുങ്ങളോടൊപ്പം അർഥപൂർണ്ണമായി ആഘോഷിക്കാൻ അഞ്ച് മാർഗങ്ങൾ

സ്വർഗത്തെക്കുറിച്ച് ചിന്തിക്കാനും അവിടെ എത്തിച്ചേർന്ന വിശുദ്ധരെ അനുകരിക്കാനും സ്വർഗം ഒരുക്കിയിരിക്കുന്ന ഒരു ദിനമാണ് സകല വിശുദ്ധരുടെയും ഓർമ്മദിവസം. തിരുസഭയിൽ അനേകം വിശുദ്ധരുണ്ടെങ്കിലും നാമകരണം ചെയ്യപ്പെടാത്ത അതിലേറെ വിശുദ്ധർ ഈ ലോകത്ത് ജീവിച്ച് കടന്നുപോയിട്ടുണ്ട്. അവരെയും അനുസ്മരിക്കുന്ന ദിനമാണ് നവംബർ ഒന്ന്. സ്വർഗത്തിൽ എത്തിച്ചേർന്ന വിശുദ്ധരെപ്പോലെ നന്മയുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച് വിശുദ്ധി പ്രാപിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽകൂടി സകല വിശുദ്ധരുടെയും തിരുനാൾ ദിനം നമ്മെ കടമപ്പെടുത്തുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം ഈ വിശുദ്ധദിനം അർഥപൂർണ്ണമായി ആചരിക്കുന്നതിനുള്ള അഞ്ചു മാർഗങ്ങൾ പരിചയപ്പെടാം.

1. പരിശുദ്ധ കുർബാനയ്ക്ക് ഒരുമിച്ചു പോകുക

ഈ ഭൂമിയിലായിരിക്കുമ്പോൾ നാം സ്വർഗത്തോട് കൂടുതൽ ഐക്യപ്പെടുന്നത് പരിശുദ്ധ കുർബാനയിലൂടെയാണ്. പരിശുദ്ധ കുർബാനയിൽ ഈശോയെ സ്വീകരിച്ചുകൊണ്ട് ഹൃദയത്തിൽ ദൈവത്തെ ആരാധിക്കുമ്പോൾ നാമും വിശുദ്ധരോടൊപ്പം ചേരുന്നു എന്ന തിരിച്ചറിവ് നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാം. മാലാഖമാരോടും വിശുദ്ധരോടുംചേർന്ന് ഉള്ളിൽ എഴുന്നള്ളിവരുന്ന ഈശോയെ ഏതാനും നിമിഷങ്ങൾ ശാന്തമായി ആരാധിക്കാനും അവരെ പരിശീലിപ്പിക്കാം.

2. വിശുദ്ധരെപ്പറ്റി പഠിപ്പിക്കുക

വിശുദ്ധരെക്കുറിച്ച് കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാൻ ഇന്ന് നിരവധി അവസരങ്ങളുണ്ട്. സകല വിശുദ്ധരുടെയും ഓർമ്മദിനത്തിൽ ഏതെങ്കിലുമൊരു വിശുദ്ധന്റെ കഥ കുഞ്ഞുങ്ങളെ കാണിക്കുകയോ, വായിച്ചുകൊടുക്കുകയോ, ജീവചരിത്രം സമ്മാനമായി നൽകുകയോ ചെയ്യാം. കുഞ്ഞുങ്ങളുമായി കൂടുതൽ ബന്ധം പുലർത്തുന്ന വിശുദ്ധരെ പരിചയപ്പെടുന്നതിലൂടെ നിത്യജീവിതത്തിൽ വിരോചിതമായി പുണ്യം സമ്പാദിക്കാൻ ഇത് കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കുന്നു.

3. വിശുദ്ധരാകുന്നതിനെക്കുറിച്ചു സംസാരിക്കുക

എന്താണ് വിശുദ്ധി എന്നും എങ്ങനെയാണ് വിശുദ്ധമായ ജീവിതം നയിക്കുക എന്നുമുള്ള കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ  പങ്കുവയ്ക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ വിശുദ്ധിക്കുവേണ്ടിയുള്ള ആഗ്രഹം രൂപപ്പെടാൻ കാരണമാകും. നിത്യജീവിതത്തിലെ അനുഭവങ്ങളിൽ ‘ഒരു വിശുദ്ധനാണെങ്കിൽ ഇത് എങ്ങനെ ചെയ്യും’ എന്ന ഓർമ്മപ്പെടുത്തലോടെ വഴക്കുകളെയും പരിഭവങ്ങളെയും പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതും കുഞ്ഞുങ്ങളെ വിശുദ്ധിയിൽ വളർത്താൻ സഹായിക്കുന്നു. സകല വിശുദ്ധരുടെയും ഓർമ്മദിനത്തിൽ വിശുദ്ധിയെക്കുറിച്ച് കുടുംബത്തിൽ സംസാരിച്ചുതുടങ്ങാൻ നമുക്ക് ആരംഭിക്കാം.

4. പേരിന് കാരണഭൂതരായ വിശുദ്ധരെ സ്നേഹിക്കാൻ പ്രചോദിപ്പിക്കുക

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച നമുക്കോരോരുത്തർക്കും ഓരോ വിശുദ്ധന്റെയും പ്രത്യേക സംരക്ഷണം ലഭിക്കുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ പേരിനു കാരണമായ വിശുദ്ധരുടെ ജീവിതത്തെ പരിചയപ്പെടുത്തിക്കൊടുക്കാം. ആ വിശുദ്ധൻ പ്രാർഥിച്ചിരുന്ന പ്രത്യേക പ്രാർഥനയോ, സുകൃതങ്ങളോ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ ശ്രമിക്കാം.

5. വിശുദ്ധരുടെ മാധ്യസ്ഥ്യം തേടാൻ പരിശീലിപ്പിക്കുക

വിശുദ്ധർ മരിച്ച് സ്വർഗത്തിൽ പ്രവേശിച്ചെങ്കിലും അവർ നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാൻ, വിശുദ്ധരുടെ മാധ്യസ്ഥ്യം തേടാൻ അവരെ പരിശീലിപ്പിക്കാം. വിശുദ്ധർ നമ്മുടെ സ്വർഗീയസുഹൃത്തുക്കളാണെന്ന മനോഭാവം കുഞ്ഞുങ്ങളിൽ വളർത്തിക്കൊണ്ട് അവരോടൊപ്പം സ്വർഗത്തിൽ എത്തിച്ചേരാനുള്ള ആഗ്രഹം അവരിൽ ഉജ്വലിപ്പിക്കാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.