ദിവ്യകാരുണ്യ വിചാരങ്ങൾ 32: ഞാൻ ഈശോയുടെ പക്കൽ നിന്നും ഈശോയുടെ പക്കലേക്കു പോകുന്നു

ഉപവി പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡീ പോളിന്റെ തിരുനാൾ ദിനമാണല്ലോ സെപ്റ്റംബർ 27. ഒരിക്കൽ വിശുദ്ധ വിൻസെന്റ് ഡീ പോൾ വിശുദ്ധ കുർബാനയ്ക്കു മുമ്പിലിരുന്നു പ്രാർഥിക്കുകയായിരുന്നു. അപ്പോൾ ആശ്രമവാസികളിൽ ഒരാൾ പറഞ്ഞു, അങ്ങയെകാണാൻ തെരുവിൽനിന്ന് ഒരു ദരിദ്രൻ വന്നിട്ടുണ്ട്: വിൻസെന്റ് പുണ്യവാൻ ആ സഹോദരനോടു പറഞ്ഞു, ഞാൻ ഈ ഈശോയുടെ പക്കൽനിന്ന് മറ്റൊരു ഈശോയുടെ പക്കലേക്കു പോവുകയാണ്.

തന്റെ ഉപവി പ്രവർത്തനങ്ങളുടെ ഉറവിടവും കേന്ദ്രവുമായി വിശുദ്ധൻ കണ്ടെത്തിയത് വിശുദ്ധ കർബാനയെ ആയിരുന്നു. ദിവ്യകാരുണ്യത്തെ മനുഷ്യജീവിതത്തിന്റെ സർവ്വ മേഖലകളിലേക്കു വലിച്ചിറക്കിയ വിശുദ്ധനായിരുന്നു വി.വിൻസെന്റ്. വിശുദ്ധ കുർബാന അനുഭവം ഒരുവനെ കടന്നുപോകുന്ന കാറ്റിനെക്കാൾ കൂടുതൽ അനുദിന ജീവിതത്തിൽ നമുക്ക് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ആശ്ചര്യപ്പെടാതിരിക്കാൻ പഠിപ്പിക്കുന്നു, കാരണം അൽപ്പം ക്ഷമയോടെ സഹിച്ചാൽ അവ അപ്രത്യക്ഷമാകുന്നത് ഒരു വിശ്വാസിക്ക് കാണാൻ കഴിയും.

വിശുദ്ധ കുർബാനയിൽ വിരിയുന്ന ആദ്ധ്യാത്മികത അപര കേന്ദ്രീകൃതമാണ്. അപരനിലെ ഈശ്വര സാന്നിധ്യം അനുഭവിക്കാൻ അതു പര്യാപ്തമാണ്. കുർബാന അനുഭവം ഒരുവനെ ആർദ്രതയും അനുകമ്പയും ഉള്ളവനാക്കുന്നു. ഉള്ളുലക്കുന്ന ലക്ഷ്യങ്ങളും കാർമേഘം പരത്തുന്ന പ്രതീക്ഷകളും കൊടുങ്കാറ്റിൽ തകർന്നടിയുമ്പോൾ സ്ഥിരതയോടെ നമുക്കു നിൽക്കാൻ കഴിയണമെങ്കിൽ തൊട്ടടുത്ത് നാഥനുണ്ടെന്ന ജീവസത്യം നാം തിരിച്ചറിയണം.

മറ്റൊരിക്കൽ എന്റെ അയൽക്കാരെ ഞാൻ സ്നേഹിക്കുന്നില്ലെങ്കിൽ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ട് കാര്യമില്ലന്നും ഞാൻ ദൈവത്തിനും ദരിദ്രർക്കും അവകാശപ്പെട്ടവനാണന്നും വിശുദ്ധ വിൻസെന്റ് പഠിപ്പിക്കുന്നു.

ഉപവിയുടെ ഉടമ്പടിയും കൂദാശയുമായ വിശുദ്ധ കുർബാന അപരിനിലെ ക്രിസ്തുമുഖം നമ്മിൽ തെളിയിപ്പിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.