അമേരിക്കയിൽനിന്നും കത്തോലിക്ക സഭ വിശുദ്ധയായി നാമകരണം ചെയ്ത ആദ്യ തദ്ദേശീയവ്യക്തി: എലിസബത്ത് ആൻ ബെയ്‌ലി സീറ്റൻ

“അവസാനം ദൈവം എന്റേതും ഞാൻ അവന്റേതുമായി. ഭൂമിയുടേതായതെല്ലാം ഇനി പൊയ്‌ക്കോട്ടെ. അല്ലെങ്കിലും അതെല്ലാം കടന്നുപോവാനുള്ളതല്ലേ. ഞാൻ അവനെ സ്വീകരിച്ചു. എന്റെ ദൈവമേ! എന്റെ ജീവിതത്തിലെ അവസാനശ്വാസം വരെ എനിക്ക് മറക്കാൻ പറ്റുമോ. നേരം പുലരാനായി കഴിഞ്ഞ രാത്രി ഞാൻ നോക്കിനോക്കിയിരുന്നത്?” – അഞ്ചു മക്കളുണ്ടായിരുന്ന വിധവ, എലിസബത്ത് ആൻ സീറ്റൻ, മുപ്പത്തിയൊന്നാം വയസ്സിൽ കത്തോലിക്കാസഭയെ ആശ്ലേഷിച്ചതിനും തന്റെ ആദ്യകുർബാന സ്വീകരണത്തിനുശേഷം അന്റോണിയോ ഫിലിച്ചിയുടെ ഭാര്യയ്ക്കെഴുതി.

അന്നത്തെ അതേ ആവേശം, നാല്പത്തിയാറാം വയസ്സിൽ മരിക്കുന്നതിനുമുൻപ് അവസാന ദിവ്യകാരുണ്യസ്വീകരണസമയത്തും അതേപോലെതന്നെ ഉണ്ടായിരുന്നു. തന്റെ അടുത്തുനിന്നിരുന്ന കന്യാസ്ത്രീയോട് അവൾ ഉത്സാഹത്തോടെ പറഞ്ഞു: “ഒരു കുർബാനസ്വീകരണംകൂടി – പിന്നെ നിത്യത.” അവൾക്ക് അപ്പോൾ ഈശോയെ കൊടുത്ത വൈദികൻ പിന്നീട് പറഞ്ഞു: “സ്നേഹത്താൽ കത്തിക്കൊണ്ടിരുന്ന, അവന്റെ ദിവ്യകാരുണ്യസാന്നിധ്യത്തിൽ കണ്ണീരായി ഉരുകിയ ആ മുഖം ഞാൻ എന്നെങ്കിലും മറക്കുമോ? അവസാനനേരത്ത് മരണം തളർത്തിയിരുന്ന ആ മുഖം, അവിടുന്ന് വന്നപ്പോൾ – അവനോട്‌ എന്നേക്കുമായിട്ടുള്ള ഒന്നുചേരലിനായി വിവരണാതീതമായി ആഗ്രഹിച്ചുകൊണ്ട് ആകെ ഉജ്വലിക്കുകയും തീവ്രസ്നേഹത്താൽ ചുവന്നുതുടുക്കുകയും ചെയ്തു.”

അമേരിക്കയിൽനിന്നും കത്തോലിക്ക സഭ വിശുദ്ധയായി നാമകരണം ചെയ്തിട്ടുള്ളവരിൽ ആദ്യത്തെ തദ്ദേശീയവ്യക്തിയാണ് എലിസബത്ത് ആൻ ബെയ്‌ലി സീറ്റൻ. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസ സഭയുടെ സ്ഥാപകയായ അവൾതന്നെയാണ് അമേരിക്കയിലെ ആദ്യ പാരിഷ് സ്‌കൂളും ആദ്യത്തെ കത്തോലിക്കാ അനാഥമന്ദിരവും സ്ഥാപിച്ചത്.

എപ്പിസ്‌കോപ്പൽ സഭാവിഭാഗത്തിലായിരുന്നു അവളുടെ ജനനം. 1774 ആഗസ്റ്റ് 28-ന്, അനാട്ടമി പ്രൊഫസ്സറും ഡോക്ടറുമായ റിച്ചാർഡ് ബെയ്ലിയുടെയും എപ്പിസ്കോപ്പൽ റെക്ടറുടെ മകളായ കാതറിന്റെയും മകളായി ന്യൂയോർക്കിൽ അവൾ ജനിച്ചു. മൂന്നുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. മികച്ച വിദ്യാഭ്യാസവും ധാർമ്മിക-മതപരകാര്യങ്ങളിൽ ഉത്തമപരിശീലനവും അവൾക്കു കൊടുക്കാൻ പിതാവ് ശ്രദ്ധിച്ചു. സുന്ദരിയും മിടുക്കിയും ഫ്രഞ്ച് ഭാഷാനിപുണയും സംഗീതജ്ഞയും ഒക്കെയായിരുന്ന അവളെ വില്യം സീറ്റൻ 1794-ൽ വിവാഹംകഴിച്ചു.

ആദ്യവർഷങ്ങൾ ഒന്നിനുംകുറവില്ലാതെ സന്തോഷകരമായി പോയി. അഞ്ചുമക്കളാണ് അവർക്കുള്ളത്. 1798-ൽ വില്യമിന്റെ പിതാവ് മരണപ്പെട്ടു. സമ്പത്തും വില്യമിന്റെ ആരോഗ്യസ്ഥിതിയും മോശമായി. 1803 ഒക്ടോബർ രണ്ടിന് വില്യം എലിസബത്തിനെയും എട്ടുവയസ്സുള്ള മകൾ അന്ന മരിയയെയുംകൊണ്ട് ഇറ്റലിയിലേക്കുപോയി. കാലാവസ്ഥ മാറുന്നത് ആരോഗ്യം നന്നാക്കുമെന്നു വിചാരിച്ചെങ്കിലും പക്ഷേ, അവിടെവച്ച് വില്യം മരിച്ചു. തിരിച്ചുപോകാനുള്ള സൗകര്യം ആകുന്നതുവരെ എലിസബത്തും മകളും വില്യമിന്റെ സുഹൃത്തായ അന്റോണിയോ ഫിലിച്ചിയുടെ വീട്ടിൽ താമസിച്ചു.

അവിടെ താമസിക്കുമ്പോഴാണ് ആ ഭവനത്തിലുള്ളവരുടെ കത്തോലിക്ക വിശ്വാസത്തിൽ അവൾ ആകൃഷ്ടയായത്. പ്രാർഥനയ്ക്ക്‌ വലിയ പ്രാധാന്യംകൊടുത്തിരുന്ന ആ വീട്ടിലുള്ളവരുടെ ഒരുദിവസം ആരംഭിച്ചിരുന്നത് പരിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടായിരുന്നു. നിത്യേന ജപമാല ചൊല്ലിയിരുന്നു. അതിന്റെയെല്ലാം ഫലം വലിയ ഉപവിയുടെയും സൗമ്യതയുടെയും സമാധാനത്തിന്റെയും അന്തരീക്ഷമായിരുന്നു. പ്രത്യേകിച്ച്, ദിവ്യകാരുണ്യത്തിലെ ഈശോയുടെ യഥാർഥമായ സാന്നിധ്യത്തിൽ അവർക്കുള്ള വിശ്വാസവും പരിശുദ്ധ കന്യമറിയത്തോടുള്ള ഭക്തിയും എലിസബത്തിനെ ഏറെ സ്വാധീനിച്ചു.

എലിസബത്തും മകൾ അന്ന മരിയയും 1804 ജൂണിൽ ന്യൂയോർക്കിലേക്ക് മടങ്ങിയെത്തി. ഭർത്താവിനുണ്ടായിരുന്ന ഭാരിച്ച സമ്പത്തെല്ലാം അന്യാധീനപ്പെട്ടുപോയിരുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചാൽ ബന്ധുക്കളുടെയെല്ലാം പിന്തുണയും സഹതാപവും നഷ്ടപ്പെടുമെന്ന് അവൾക്ക്‌ നന്നായി അറിയാമായിരുന്നു. എങ്കിലും അവൾ പിന്തിരിഞ്ഞില്ല. 1805 ഫെബ്രുവരി 27-ന് ഒരു വിഭൂതിദിനത്തിൽ അന്ന് ന്യൂയോർക്കിലുണ്ടായിരുന്ന ഏക കത്തോലിക്കാപള്ളി, ബർക്ളേ സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലേക്ക് നിശ്ചയദാർഢ്യത്തോടെ കടന്നുചെന്നു. മാർച്ചിൽ വിശ്വാസംപ്രഖ്യാപനം നടത്തി, കുമ്പസാരിച്ചു. മംഗളവാർത്ത തിരുനാളിന്റെ അന്ന് ആദ്യകുർബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. എലിസബത്ത് സന്തോഷത്താൽ മതിമറന്നു.

1808 ജൂണിൽ പെൺകുട്ടികൾക്കായി എലിസബത്ത് ബാൾട്ടിമോറിൽ സെന്റ് മേരീസ് സെമിനാരിക്കടുത്ത് ഒരു കത്തോലിക്കവിദ്യാലയം ആരംഭിച്ചു. സെമിനാരിയുടെ പ്രസിഡന്റായ ഫാ. വില്യം, ബിഷപ്പുമാരുമായി കൂടിയാലോചിച്ചതിനുശേഷമായിരുന്നു അവളെ അങ്ങോട്ട് ക്ഷണിച്ചത്. അമേരിക്കയിൽ അങ്ങനെയൊന്ന് ആദ്യത്തേതായിരുന്നു. കന്യാസ്ത്രീകളാവാൻ ആഗ്രഹിച്ച കുറച്ചു പെൺകുട്ടികൾ എലിസബത്തിന്റെ കൂടെക്കൂടി.

ചെറിയ ആ സമൂഹം വ്രതവാഗ്ദാനം നടത്തി, വിധവ ആയതിനുശേഷം എലിസബത്ത് ധരിച്ചിരുന്നപോലുളള വസ്ത്രം ധരിക്കാൻ തീരുമാനമായി. എലിസബത്തിനെ അവരെല്ലാം മദർ സീറ്റൻ എന്ന് വിളിച്ചു. സഭാസമൂഹം എമ്മിറ്റ്സ്ബർഗിലേക്കു മാറി, സെന്റ് ജോസഫിന്റെ ഉപവിയുടെ പുത്രിമാർ എന്ന പേര് സ്വീകരിച്ചു; സെന്റ് വിൻസെന്റ് ഡി പോളിന്റെ നിയമാവലിയും. കത്തോലിക്കാ സഹോദര്യത്തിലുണ്ടായ ആദ്യ തദ്ദേശിയസഭാസമൂഹമായിരുന്നു അത്.

1810-ൽ മദർ സീറ്റൻ, എമ്മിറ്റ്സ്ബർഗിൽ ആദ്യത്തെ പാരിഷ് സ്കൂൾ ആരംഭിച്ചു. 1814-ൽ ഫിലാഡെൽഫിയയിലേക്ക് ഒരു ഓർഫനേജ് നടത്താനായി സന്യാസിനികളെ അയച്ചു. രാജ്യത്തിലെതന്നെ അത്തരത്തിലുള്ള കത്തോലിക്കാ സ്ഥാപനങ്ങളിൽ ആദ്യത്തേത്. 1817-ൽ രണ്ടാമത്തെ ഓർഫനേജ് ന്യൂയോർക്കിലും തുടങ്ങി.

1820 ആയപ്പോഴേക്ക് മദർ സീറ്റന്റെ തുടർച്ചയായ പനി അവളെ വല്ലാതെ ശോഷിപ്പിച്ചു. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹം ദിവ്യകാരുണ്യത്തിലെ ഈശോയോടായിരുന്നു. 1821 ജനുവരി 2-ന് അന്ത്യകൂദാശ സ്വീകരിച്ചു. 1821 ജനുവരി 4-ലെ ആദ്യമണിക്കൂറുകൾ. ശ്വാസത്തിനും ശ്വാസംമുട്ടലിനുമിടയിൽ ബുദ്ധിമുട്ടി മദർ സീറ്റൻ പറഞ്ഞു: “ഏറ്റം പരിശുദ്ധമായ, ഏറ്റം ബലവത്തായ, ഏറ്റം പ്രിയങ്കരമായ ദൈവഹിതം എന്നേക്കും നിറവേറട്ടെ.” എന്നിട്ട് സമൂഹത്തിലെ അംഗങ്ങളോടു പറഞ്ഞു: “സഭയുടെ മക്കളായിരിക്കുക, സഭയുടെ മക്കൾ.” ഈശോയുടെ നാമം ചുണ്ടിൽ ഉരുവിട്ട് മദർ സീറ്റൻ മരിച്ചു.

ഉപവിയുടെ പുത്രിമാർ, ആഭ്യന്തര യുദ്ധകാലത്ത് യുദ്ധക്കളത്തിൽ മുറിവേറ്റുകിടക്കുന്നവരെ എടുത്തും ശുശ്രൂഷിച്ചും അമേരിക്കയിലുടനീളം സ്‌കൂളുകളിൽ പഠിപ്പിച്ചും ആശുപത്രികൾ സ്ഥാപിച്ചും പ്രായമായവർക്ക് ഭവനങ്ങൾ തുറന്നും ഓർഫനേജുകളും ബധിരർക്ക് സ്‌കൂളുകളും സ്ഥാപിച്ചും പരസ്നേഹപ്രവൃത്തികൾ തുടർന്നു.

ന്യൂയോർക്കിലെ സെന്റ് പാട്രിക്ക് കത്തീഡ്രലിൽ എലിസബത്ത് ആൻ സീറ്റണിന്റെ വെങ്കലപ്രതിമ തിളങ്ങിനില്പുണ്ട്. അവൾ ന്യൂയോർക്ക് നഗരത്തിലെ മാത്രമല്ല, രാജ്യം മുഴുവന്റെയും മഹത്വമാണ്. 1963 മാർച്ച്‌ 17-ന് അവളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ ജോൺ ഇരുപത്തിമൂന്നാം പാപ്പ പറഞ്ഞു: “ഔപചാരികമായി അംഗീകരിച്ചുകൊണ്ട് വിശുദ്ധിയുടെ ഈ ആദ്യപുഷ്പത്തെ അമേരിക്കൻ ഐക്യനാടുകൾ ലോകത്തിനു സമർപ്പിക്കുന്നു..” പോൾ ആറാമൻ പാപ്പ 1975 സെപ്റ്റംബർ 14-ന് അവളെ വിശുദ്ധ വണക്കത്തിലേക്കുയർത്തി.

ഭാര്യ, അമ്മ, വിധവ, അധ്യാപിക, സന്യാസിനി, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം സ്തുത്യർഹമായി നല്ല ഓട്ടം ഓടിയ എലിസബത്ത് ആൻ ബെയ്‌ലി സീറ്റന്റെ തിരുനാൾ ആശസകൾ.

ജിൽസ ജോയ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.