മാമ്മോദീസ സ്വീകരിച്ച നാമെല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. മാമ്മോദീസായിലൂടെ ദൈവം നൽകിയ കൃപാവരങ്ങളോട് പൂർണ്ണഹൃദയത്തോടെ സഹകരിച്ച് ജീവിച്ചുകൊണ്ട് വിശുദ്ധി നേടിയവരാണ് ഓരോ വിശുദ്ധരും. തിരുസഭയുടെ അലങ്കാരങ്ങളായ ഈ വിശുദ്ധരിൽ, കുട്ടികളായ വിശുദ്ധർ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഈ ഭൂമിയിലെ ചെറിയ ജീവിതത്തിൽ ദൈവകൃപയോട് പൂർണ്ണമായി സഹകരിച്ചതുകൊണ്ടുതന്നെ അവർ വിശുദ്ധി കൈവരിച്ചു. ഭക്തിയുടെയും വിശ്വസ്തതയുടെയും ദൈവസ്നേഹത്തിന്റെയും ആഴമാർന്ന സാക്ഷ്യജീവിതത്തിലൂടെ വിശുദ്ധി നേടിയ എട്ട് കുട്ടികളായ വിശുദ്ധരെ പരിചയപ്പെടാം.
1. വിശുദ്ധരായ ഫ്രാൻസിസ്കോയും ജസീന്തായും
1908 ജൂൺ 11 -നും 1910 മാർച്ച് അഞ്ചിനും ജനിച്ച ഫ്രാൻസിസ്കോയും ജസീന്തായും സഹോദരങ്ങളാണ്. ഇവർ ഇരുവരും ഇവരുടെ ബന്ധുവായ ലൂസിയയോടൊപ്പം പോർച്ചുഗലിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യംവഹിച്ചു. ആട്ടിടയരായ ഈ കുട്ടികൾ നിരവധി തെറ്റിധാരണകൾക്കും അപവാദങ്ങൾക്കും ഇരയായിട്ടുണ്ട്.
പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദേശം ലഭിച്ചതനുസരിച്ച്, മാനവരാശിയുടെ പാപങ്ങൾക്കു പരിഹാരമായി ദൈവത്തെ ആശ്വസിപ്പിക്കാനും ചെറിയചെറിയ സുകൃതങ്ങളിലൂടെയും പ്രായശ്ചിത്തങ്ങളിലൂടെയും പ്രാർഥനകൾ സമർപ്പിക്കാനും ഈ കുഞ്ഞുവിശുദ്ധർ സദാ ശ്രദ്ധിച്ചിരുന്നു. ദിവസവും ദിവ്യബലിക്കു പോകാനും അത് പാപികൾക്കായി സമർപ്പിക്കാനും അവർ പരസ്പരം ഓർമ്മപ്പെടുത്തി. ഒടുവിൽ ഫ്രാൻസിസ്കോയും ജസീന്തായും ബ്രോങ്കോ ന്യൂമോണിയ എന്ന പകർച്ചവ്യാധി പിടിപെട്ടാണ് മരണമടയുന്നത്. 1919 ഏപ്രിൽ നാലിന് ഫ്രാൻസിസ്കോയും ഒരു വർഷത്തിനുശേഷം 1920 ഫെബ്രുവരി 20 -ന് ജസീന്തായും മരണമടഞ്ഞു. 2017 മെയ് 13 -ന് ഫ്രാൻസിസ് മാർപാപ്പ അവരെ വിശുദ്ധരായി നാമകരണംചെയ്തു.
2. വി. ഡോമിനിക് സാവിയോ
ചെറുപ്പം മുതലേ ഒരു വൈദികനാകാൻ ആഗ്രഹിച്ച ഒരു വിശുദ്ധനാണ് ഡോമിനിക് സാവിയോ. ചെറുപ്പത്തിൽതന്നെ, വി. ഡോൺ ബോസ്കോയെ കണ്ടുമുട്ടിയശേഷം ഡൊമിനിക് സാവിയോ ഇറ്റലിയിലെ ടൂറിനിലുള്ള സെന്റ് ഫ്രാൻസിസ് ഡി സെയിൽസിന്റെ ഓറട്ടറിയിൽ പ്രവേശിച്ചു. ഡൊമിനിക് സാവിയോയുടെ ആത്മീയജീവിതവും അവന്റെ മുഖത്ത് കളിയാടിയിരുന്ന ആനന്ദവും മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും അവനെ മറ്റു കുട്ടികളിൽ വേറിട്ടുനിർത്തി. ‘എനിക്കൊരു വിശുദ്ധനാകണം’ എന്ന് പലപ്പോഴും ഡൊമിനിക് സാവിയോ പറയാറുണ്ടായിരുന്നു. എന്നാൽ ആരോഗ്യം തീരെ മോശമായിരുന്നതിനാൽ സാവിയോയ്ക്ക് ഓറട്ടറിയിൽനിന്ന് വീട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു. 15 വയസ്സ് തികയുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 1857 മാർച്ച് 9 -ന് ഡൊമിനിക് മരണമടഞ്ഞു.
3. വി. ജോസ് സാഞ്ചസ് ഡെൽ റിയോ
20 -ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ജീവിച്ചിരുന്ന വിശുദ്ധനായിരുന്നു ജോസ് സാഞ്ചസ് ഡെൽ റിയോ. മെക്സിക്കോയിൽ നടന്ന മതപീഡനത്തിൽ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിച്ച ആയിരക്കണക്കിന് കത്തോലിക്കരുടെ സായുധസംഘമായ ക്രിസ്റ്ററോസിൽ ചേർന്ന ഒരു ആൺകുട്ടിയായിരുന്നു ജോസ് സാഞ്ചസ് ഡെൽ റിയോ. അവൻ ചെറുപ്പമായിരുന്നതിനാലും നേരിടേണ്ടിവരുന്ന അപകടങ്ങളുടെ ഭീകരതയാലും ആദ്യം ക്രിസ്റ്ററോസ് സംഘടന അവനെ സ്വീകരിക്കാൻ മടിച്ചെങ്കിലും പിന്നീട് അവനെ സ്വീകരിച്ചു.
സായുധ ഏറ്റുമുട്ടലുകൾ നടക്കുന്ന സമയങ്ങളിൽ ഗ്വാഡലൂപ്പിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിന്റെ വാഹകനായിരുന്നു ജോസ് സാഞ്ചസ്. തന്റെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് ജോസ് സാഞ്ചസിന് 14 വയസ്സുള്ളപ്പോൾ ‘ജോസെലിറ്റോ’ എന്ന സ്ഥലത്തുവച്ച് പീഡനങ്ങൾ നേരിടേണ്ടിവരികയും ഒടുവിൽ മരണമടയുകയും ചെയ്തു. 1928 ഫെബ്രുവരി 10 -നായിരുന്നു വിശുദ്ധമായ ആ മരണം. 2016 ഒക്ടോബർ 16 -ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
4. വി. മരിയ ഗൊരേത്തി
ലൗകികമായ കാഴ്ചപ്പാടിൽ ദരിദ്രമായ കുടുംബത്തിലാണ് വി. മരിയ ഗൊരേത്തി ജനിച്ചതെങ്കിലും വിശ്വാസത്തിൽ വളരെ സമ്പന്നമായ ഒരു കുടുംബമായിരുന്നു അവളുടേത്.
അവൾക്ക് 11 വയസ്സുള്ളപ്പോൾ ലൈംഗികമായി പാപംചെയ്യാൻ വിസമ്മതിച്ചതിനാൽ അലസ്സാൻഡ്രോ സെറെനെല്ലി എന്ന 19 -കാരനായ യുവാവ് അവളെ കുത്തിക്കൊന്നു. മരിക്കുന്നതിനുമുമ്പ്, 1902 ജൂലൈ 6 -ന്, അവൾ തന്റെ കൊലപാതകിയായ അലസ്സാൻഡ്രോയോട് ക്ഷമിച്ചു. ഇത് അദ്ദേഹത്തെ മനസ്താപത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ചു. പിന്നീട് ജയിൽമോചിതനായ അദ്ദേഹം മരിയ ഗൊരേത്തിയുടെ അമ്മയെ കണ്ട് മാപ്പുപറഞ്ഞു. മരിയ ഗൊരേത്തിയെ നാമകരണം ചെയ്യുന്ന ചടങ്ങിൽ അദ്ദേഹവുമുണ്ടായിരുന്നു.
5. വിശുദ്ധരായ ക്രിസ്റ്റോബൽ, ആന്റണി, ജുവാൻ
1527 -നും 1529 -നുമിടയിൽ മെക്സിക്കോയിൽവച്ച് രക്തസാക്ഷികളായിത്തീർന്ന ഇവർ മൂവരും അമേരിക്കയിലെ ആദ്യത്തെ രക്തസാക്ഷികളായി കണക്കാക്കപ്പെടുന്നു. 1524 -നും 1527 -നുമിടയിൽ ഫ്രാൻസിസ്കൻ സന്യാസിമാർ ഈ പ്രദേശത്തു നടത്തിയ സുവിശേഷപ്രവർത്തനത്തിന്റെ ഫലമായാണ് ക്രിസ്റ്റോബൽ വിശ്വാസത്തിലേക്ക് കടന്നുവന്നത്. മാമ്മോദീസ സ്വീകരിച്ചശേഷം, ക്രിസ്റ്റോബൽ കുടുംബത്തിന്റെ പരിവർത്തനത്തിനായി പ്രവർത്തിച്ചു. പിതാവ് ക്രിസ്റ്റോബല്ലിന്റെ നിലപാടിൽ പ്രകോപിതനായി. പന്ത്രണ്ടാം വയസ്സിൽ വിശ്വാസം സ്വീകരിച്ചതിനെപ്രതി നേരിടേണ്ടിവന്ന നിരവധി പ്രഹരങ്ങളുടെയും പീഡനങ്ങളുടെയും ഒടുവിൽ ക്രിസ്റ്റോപ്പിൽ മരിച്ചു.
അന്റോണിയോയും ജുവാനും ഫ്രാൻസിസ്ക്കൻമാരിൽ നിന്നും ഡൊമിനിക്കൻസിൽ നിന്നും പരിശീലനം നേടിയതിനുശേഷം തങ്ങളുടെ പട്ടണമായ ടിസാറ്റ്ലനിലും സമീപഗ്രാമങ്ങളിലും വിഗ്രഹാരാധന ഇല്ലാതാക്കാൻ ശ്രമിച്ചു. ഇവരുടെ പ്രവർത്തനത്തിൽ പ്രകോപിതരായ അവിടുത്തെ നിവാസികൾ അവരെ ഇരുവരെയും അടിച്ചുകൊന്നു.1990 മേയ് 6 -ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 2017 ഒക്ടോബർ 15 -ന് ഇവർ വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ടു.