ദിവ്യകാരുണ്യ വിചാരങ്ങൾ 44: മുട്ടുകുത്തിനിന്ന് വിശുദ്ധ കുർബാന നൽകിയിരുന്ന ഫ്രാൻസിസ് സേവ്യർ

ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ, പൗരസ്ത്യ ലോകത്തിന്റെ അപ്പസ്തോലൻ എന്നൊക്കെ അറിയപ്പെടുന്ന ഫ്രാൻസിസ് സേവ്യറിനെ അപ്പസ്തോലന്മാർക്കുശേഷം വന്ന മഹാനായ പ്രേഷിതനായി പരിഗണിക്കുന്നു. ആ വിശുദ്ധന്റെ ഓർമദിനത്തിൽ പരിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ഭക്തിയെക്കുറിച്ച് നമുക്കു ചിന്തിക്കാം.

വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹം ഫ്രാൻസിസിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുക മാത്രമല്ല പ്രേഷിതപ്രവർത്തനത്തിന് അടിത്തറ പാകുകയും ചെയ്തു. ഈശോയെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്ത വിദൂരസ്ഥലങ്ങളിൽ പോയി ദൈവരാജ്യം പ്രഘോഷിച്ച് അവിടെ പരിശുദ്ധ കുർബാന അർപ്പിച്ച് ക്രിസ്തീയസമൂഹം കെട്ടിപ്പടുക്കുന്നതിൽ ഫ്രാൻസിസ് പുണ്യവാൻ ബദ്ധശ്രദ്ധനായിരുന്നു. പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും തരണം ചെയ്യാൻ അദ്ദേഹത്തിനു പ്രേരണയായത് ഈശോയുടെ സജീവസാന്നിധ്യമായിരുന്നു.

ഫാ. സ്റ്റൊഫാനോ മാനെല്ലിയുടെ ‘ഈശോ നമ്മുടെ ദിവ്യകാരുണ്യനാഥൻ’ എന്ന ഗ്രന്ഥത്തിൽ ഫ്രാൻസിസ് സേവ്യറിനെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “വിശുദ്ധ കുർബാന വിതരണം ചെയ്യുന്ന സമയത്ത് ചില അവസരങ്ങളിൽ ഫ്രാൻസിസ് തന്റെ കൈകളിലിരിക്കുന്ന നമ്മുടെ കർത്താവിനോടുള്ള ആരാധനയാൽ വിവശനാകുമായിരുന്നു. അപ്പോൾ മുട്ടുകുത്തിനിന്നാണ് അദ്ദേഹം വിശുദ്ധ കുർബാന നൽകിയിരുന്നത്. അത് സ്വർഗത്തിനു യോഗ്യമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യം നൽകലായിരുന്നു.”

പരിശുദ്ധ കുർബാനയുടെ മുമ്പിൽ മണിക്കൂറുകളോളം രാത്രിയോ, പകലോ എന്ന ഭേദമില്ലാതെ സമയം ചെലവഴിച്ചാണ് പ്രേഷിതപ്രവർത്തനത്തിനുള്ള ഊർജം കണ്ടെത്തേണ്ടത്. ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടാൻ അവനിൽനിന്നുതന്നെ ശക്തി സംഭരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ‘നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക, അപ്പോൾ നിങ്ങളുടെ സമൂഹവും ശുദ്ധീകരിക്കപ്പെടും’ എന്നതും ഫ്രാൻസിസ് പുണ്യവാന്റെ ജീവിതാദർശമായിരുന്നു.

ഫ്രാൻസിസ് പുണ്യവാന്റെ തിരുനാൾദിനത്തിൽ വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നവരായി നമുക്കു മാറാം.

ഫാ. ജയ്സസൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.