ചേര്‍ത്തുനിര്‍ത്തലും നേര്‍വഴി നടത്തലുമാണ് ശിക്ഷണം

അഡ്വ. ചാര്‍ളി പോള്‍

വിലക്ക് ലംഘിച്ച് സ്കൂളില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് പ്രിന്‍സിപ്പലിനുനേരെ വധഭീഷണി മുഴക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീഡിയോ ദൃശ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആനക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ, അധ്യാപകരെ, കുടുംബങ്ങളെ, പുതുതലമുറയെ ഒക്കെ തങ്ങളാലാകുംവിധം സമൂഹം കുറ്റവിചാരണ നടത്തി. എന്നാല്‍ സ്‌കൂളില്‍ ചേര്‍ന്ന അധ്യാപക-രക്ഷാകതൃസമിതി (പി ടി എ) കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും കുട്ടിയുടെ പെരുമാറ്റപ്രശ്‌നത്തിന് സ്കൂളിന്റെ ഭാഗത്തുനിന്ന് സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും തീരുമാനിച്ചു. ഇതാണ് ഉചിതമായ തീരുമാനം. കുട്ടിയെ നഷ്ടപ്പെടുത്താതെ ചേര്‍ത്തുപിടിക്കലും നേര്‍വഴി നടത്തലുമാണ് രക്ഷാകരമായ സമീപനം. ഇതു തന്നെയാണ് ശിക്ഷണസമീപനവും.

ഫോണ്‍ വാങ്ങിവച്ച് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും ആവര്‍ത്തിക്കില്ലെന്നും തൃത്താല പൊലീസ് സ്റ്റേഷനില്‍വച്ച് രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥി പറഞ്ഞു. സംഭവിച്ച കാര്യങ്ങളില്‍ പശ്ചാത്താപമുണ്ടെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഒരു നിമിഷത്തിന്റെ ക്രോധത്തില്‍ പിറന്ന ജല്‍പനങ്ങളായി കരുതി തെറ്റ്
ഏറ്റുപറഞ്ഞ കുട്ടിക്ക് മാപ്പ് കൊടുക്കാവുന്നതേയുള്ളൂ. അവന്‍ തെറ്റ് തിരുത്തി, നല്ല പാഠങ്ങള്‍ പഠിച്ച്, നല്ല പൗരനായി വളരട്ടെ.

എഴുത്തുകാരനായ സി വി ബാലകൃഷ്ണന്റെ ‘വംശധാര’ എന്ന ചെറുകഥയില്‍ തെറ്റ്  പറ്റിപ്പോയ മകനെ അപ്പന്‍ തിരുത്തുന്ന സന്ദര്‍ഭമുണ്ട്. തെറ്റ് പറ്റിപ്പോയതിന്റെ പേരില്‍ അപ്പന്റെ മുന്നില്‍ കുറ്റബോധത്തോടെ വിങ്ങിനില്‍ക്കുന്ന മകന്‍. അവനെ നോക്കി അപ്പന്‍ ചോദിച്ചു:

“നീ എന്തായിത്തീര്‍ന്നിരിക്കുന്നു മോനേ.”

സങ്കടം സഹിക്കാതെ അവന്‍ പറഞ്ഞു: “ഒരു പരട്ട ചെറ്റ.”

ഉടനെ അപ്പന്‍ എഴുന്നേറ്റ് മകനെ മുറുകെ കെട്ടിപ്പിടിച്ചു. അപ്പന്റെ ദൃഢാശ്ലേഷത്തില്‍ മകന് ശ്വാസംമുട്ടി.

“നീ എനിക്ക് പ്രിയപ്പെട്ടവനാടാ.”

അപ്പന്‍ ഉറക്കെപ്പറഞ്ഞു. അപ്പോള്‍ ഒരു പ്രാവ് തന്റെ ചുമലിലേക്ക് പറന്നിറങ്ങിയതായി മകനു തോന്നി. ഇതാണ് ശിക്ഷണശാസ്ത്രം.

റൗഡികളായ കുട്ടികളെ ആട്ടിന്‍കുട്ടികളാക്കി മാറ്റിയ കഥ പ്രൊഫ എം കെ സാനു പങ്കുവയ്ക്കുന്നുണ്ട്. ആലപ്പുഴ സനാതന ധര്‍മ ഹൈസ്‌കൂളിലാണ് സാനുമാസ്റ്റര്‍ അധ്യാപകനായി ആദ്യം ജോലിയില്‍ പ്രവേശിക്കുന്നത്. അവിടെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ പിച്ചാത്തിയുമായി ഹെഡ്മാസ്റ്റര്‍ വി എസ് താണു അയ്യരെ കുത്താന്‍ ചെന്നിട്ടുള്ളവരാണ്. അവരെ ശരിയാക്കാനുള്ള ദൗത്യം ഹെഡ്മാസ്റ്റര്‍ ഏൽപിച്ചപ്പോള്‍ അത് വിജയകരമായി സാനുമാസ്റ്റര്‍ നിര്‍വഹിച്ചു. അവരെ നന്നാക്കിയത് എങ്ങനെ എന്ന ഹെഡ്മാസ്റ്റരുടെ ചോദ്യത്തിന് സാനുമാസ്റ്ററുടെ മറുപടി ഇങ്ങനെ:

“ഞാന്‍ ഒന്നുമാത്രം ചെയ്തു സാര്‍, അവരുടെ മനുഷ്യത്വം അംഗീകരിച്ചു; അത്രമാത്രം. റൗഡികള്‍ എന്നുപറഞ്ഞ കുട്ടികള്‍ ഇപ്പോള്‍ ആട്ടിന്‍കുട്ടികളെപ്പോലെയാണ്.”

സ്‌നേഹംകൊണ്ട് കുട്ടികളെ സ്വാധീനിച്ച് മന:പരിവര്‍ത്തനം സാധ്യമാക്കുകയാണ് സാനുമാസ്റ്റര്‍ ചെയ്തത്. ഒരുപക്ഷേ ഇന്ന് സ്‌നേഹം കൊണ്ടുമാത്രം അവരെ നല്ലവരാക്കാന്‍ കഴിഞ്ഞെന്നുവരില്ല. അവർ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പെരുമാറ്റ വൈകല്യങ്ങള്‍ക്കും മന:ശാസ്ത്ര സമീപനങ്ങളും ചികിത്സയും വേണ്ടിവന്നേക്കാം. വ്യത്യസ്തമായ വൈകാരിക-മാനസിക-ബിഹേവിയറല്‍ അവസ്ഥകള്‍ ഉള്ളവരെ പ്രത്യേകം പ്രത്യേകമായി സമീപിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തേണ്ടിവരും. കുടുംബങ്ങളിലെ പാരന്റിംഗ് വീഴ്ചകള്‍, ലൈംഗീകചൂഷണം, മൊബൈല്‍ അഡിക്ഷന്‍, ലഹരി ഉപയോഗം, നിഷേധാത്മകശൈലി, തിരസ്‌കരണചിന്ത, മറ്റ് പ്രതിസന്ധികള്‍, പരാജയങ്ങള്‍ എന്നിവ കുട്ടികളിലുണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. പാരമ്പര്യം,
സാഹചര്യങ്ങളുടെ സ്വാധീനം, വൈയക്തികപ്രകൃതം എന്നിവയാണ് ഒരു വ്യക്തിയുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍. ശിക്ഷ വിധിക്കുംമുമ്പ് ഇക്കാര്യങ്ങളെ ശാസ്ത്രീയമായും മന:ശാസ്ത്രപരമായും സമീപിച്ച് രക്ഷയുടെ സമീപനങ്ങളാണ് മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കേണ്ടത്.

കൗണ്‍സിലിംഗ്, തെറാപ്പികള്‍, ചികിത്സ എന്നിവയെല്ലാം വേണ്ടിവന്നേക്കാം. കുട്ടികളെ ശിക്ഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചിലര്‍ പറയുന്നുണ്ട്. തെറ്റിധാരണയാണത്. വളരാനും വളര്‍ത്താനുമുള്ള സാഹചര്യം ഒരുക്കലും ശരി-തെറ്റുകളെക്കുറിച്ചുള്ള ബോധ്യാവബോധം പകരലുമാണ് ശിക്ഷണശാസ്ത്രം. ‘ശിക്ഷ’ എന്ന വാക്കിന് ബോധനം, പരിശീലനം എന്നാണ് അര്‍ഥം. തെറ്റ് ബോധ്യപ്പെടുക, ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക അതാണ് ശിക്ഷകൊണ്ട് ഉദ്ദേശിക്കുക; അല്ലാതെ ശാരീരികമായും മാനസികമായും മുറിവേല്‍പിക്കലല്ല.

പല ശാരീരികശിക്ഷകളും കോപത്തിന്റെ ആവിഷ്‌കാരമാണ്. അത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, മറിച്ച് നിരവധി ദോഷങ്ങള്‍ക്ക് ഇടവരുത്തും. വേദനിപ്പിച്ചും മുറിവേൽപിച്ചും ഒരിക്കലും ഒരാളെയും നന്നാക്കിയെടുക്കാന്‍ കഴിയില്ലെന്ന് നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട വസ്തുതയാണ്. ശിക്ഷണം എന്നാല്‍ വളരാന്‍, വളര്‍ത്താന്‍ സഹായിക്കലാണ്. അതിന് സ്‌നേഹവും സ്‌നേഹപൂര്‍വകമായ തിരുത്തലും പങ്കുവയ്ക്കലുമാണ് വേണ്ടത്. കുട്ടികളെ തളര്‍ത്താതെ, തെറ്റ് തിരുത്താനും നേര്‍വഴി തേടാനും പ്രേരിപ്പിക്കുന്നതാകണം ശിക്ഷണ സമീപനം. തിരുത്തലും ഉള്‍ക്കാഴ്ചയും നല്‍കാനാണ് ശിക്ഷണം ഉപകരിക്കേണ്ടത്. ചുരുക്കത്തില്‍ കുട്ടിയെ വീണ്ടെടുക്കാന്‍ സാധിക്കുന്നതാകണം ശിക്ഷണസമീപനങ്ങള്‍.

അഡ്വ. ചാര്‍ളി പോള്‍, ട്രെയ്‌നര്‍, മെന്റര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.