ഈ വിശുദ്ധരോടൊപ്പം ക്രിസ്തുമസ് വിരുന്നൊരുക്കിയാലോ?

കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ നമുക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ക്രിസ്തുമസ് വിരുന്ന്. വീടുകളിലുണ്ടാക്കുന്ന വിവിധതരം ഭക്ഷണങ്ങൾ എല്ലാവരുമൊന്നിച്ചു കഴിക്കുമ്പോൾ പരസ്പരമുണ്ടാകുന്ന വലിയ സ്‌നേഹവും സന്തോഷവും ദൈവവുമായി നമ്മെ കൂടുതൽ അടുപ്പിക്കുന്നു. എങ്കിലും വിശേഷദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കാൻ പല സ്ത്രീകളും ഭയപ്പെടുന്നു. എന്നാൽ, പാചകകലയിൽ വിദഗ്ദ്ധരായ വിശുദ്ധരോടൊപ്പം ഈ ക്രിസ്തുമസിന് വിരുന്നൊരുക്കിയാലോ?

1. ബാരിയിലെ വിശുദ്ധ നിക്കോളാസ്

ഡിസംബർ ആറിന് തിരുനാൾ ആഘോഷിക്കുന്ന ഈ വിശുദ്ധൻ പലഹാരങ്ങളുടെയും മധുരപലഹാരങ്ങളുടെയും ചോക്ലേറ്റിന്റെയും രക്ഷാധികാരിയാണ്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബിഷപ്പ് വി. നിക്കോളാസിസ്, കുട്ടികളുമായും ക്രിസ്മസുമായുള്ള ബന്ധത്തിന്റെ ഫലമായി എല്ലാ മധുരപലഹാരങ്ങളുടെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നു.

2. വിശുദ്ധ ഫ്രാൻസിസ് കരാസിയോലോ

ഇറ്റാലിയൻ പാചകക്കാരുടെയും ഇറ്റാലിയൻ ഭക്ഷണത്തിന്റെയും രക്ഷാധികാരിയാണ് ഈ വിശുദ്ധൻ. ജൂൺ നാലിനാണ് അദ്ദേഹത്തിന്റെ തിരുനാൾ ദിനം. രോഗികളെ സുഖപ്പെടുത്തുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ ഭക്ഷണവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഇറ്റാലിയൻ പാചകരീതിയുടെ രക്ഷാധികാരിയായി അദ്ദേഹത്തെ ഉയർത്തി.

3. വി. ആന്റണി ആബട്ട്

കശാപ്പുകാർ, കാർഷികമൃഗങ്ങൾ, മാംസഭുക്കുകൾ, ബേക്കൺ, എന്നിവയുടെ രക്ഷാധികാരിയാണ് ഈ വിശുദ്ധൻ. ജനുവരി 17 ആണ് അദ്ദേഹത്തിന്റ തിരുനാൾ ദിനം. കർഷകർക്ക് ഏറെ പ്രിയപ്പെട്ട ഈജിപ്ഷ്യൻ സന്യാസിയായിരുന്നു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. അന്തോണി.

4. ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

നവംബർ 17 ന് തിരുനാൾ ആഘോഷിക്കുന്ന ഈ വിശുദ്ധ ബേക്കറികളുടെയും പലഹാരങ്ങളുടെയും രക്ഷാധികാരിയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ എല്ലാ ദിവസവും പാവപ്പെട്ടവർക്ക് അപ്പം വിതരണം ചെയ്തിരുന്നു.

5. ലാംഗ്രെസിലെ വി. ഊർബൻ

ഫ്രാൻസിൽനിന്നുള്ള ബിഷപ്പായ ഈ വിശുദ്ധൻ വൈൻ നിർമാതാക്കളുടെ രക്ഷാധികാരിയാണ്. ജനുവരി 23 നാണ് അദ്ദേഹത്തിന്റ തിരുനാൾദിനം. രാഷ്ട്രീയപ്രതിസന്ധികൾ മൂലം 374 ൽ അദ്ദേഹത്തിന് തന്റെ രൂപത വിട്ട് ഒരു മുന്തിരിത്തോട്ടത്തിൽ ഒളിവുജീവിതം നയിക്കേണ്ടതായിവന്നു. അവിടെയുള്ള ജോലിക്കാരെ ക്രൈസ്തവ വിശ്വാസത്തിലേക്കു കൊണ്ടുവരാനും ഈ വിശുദ്ധന് സാധിച്ചു.

6. റോമിലെ വിശുദ്ധ ലോറൻസ്

അടുക്കളയുടെയും പാചകക്കാരുടെയും ഹാസ്യനടന്മാരുടെയും രക്ഷാധികാരിയാണ് വി. ലോറൻസ്. ആഗസ്റ്റ് പത്തിനാണ് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. ക്രിസ്ത്യാനികളെ വെറുത്ത പുറജാതീയ റോമാക്കാർ അപലപിച്ച ഈ വിശുദ്ധനെ കത്തുന്ന ഇരുമ്പ് ഗ്രില്ലിൽ പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പാരമ്പര്യമനുസരിച്ച്, ഗ്രില്ലിൽ കിടന്നുകൊണ്ട് അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇതായിരുന്നു: “എന്നെ തിരിച്ചുകിടത്തുക; ഈ വശം പാകപ്പെട്ടു.”

7. വിശുദ്ധ ഇസിഡ്രോ ലാബ്രഡോർ

മെയ് 15 ന് തിരുനാൾ ആഘോഷിക്കുന്ന ഈ വിശുദ്ധൻ സ്പാനിഷ് കർഷകരുടെയും പച്ചക്കറി വ്യാപാരികളുടെയും രക്ഷാധികാരിയാണ്.

8. ബെഥനിയിലെ വിശുദ്ധ മർത്ത

പാചകക്കാരുടെയും പരിചാരകരുടെയും രക്ഷാധികാരിയാണ് ബെഥനിയിലെ വി. മർത്ത. ജൂലൈ 29 നാണ് ഈ വിശുദ്ധയുടെ തിരുനാൾ.

പാരമ്പര്യമനുസരിച്ച് മാർത്തയും മറിയയും ലാസറും പലപ്പോഴും യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ അത്താഴം കഴിച്ചിരുന്നു. മറിയം അടുക്കളയിലെ തന്റെ ചുമതലകളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായി സംശയിച്ച് മാർത്ത, തന്നെ സഹായിക്കാൻ സഹോദരിയോട് ആവശ്യപ്പെടാൻ യേശുവിനെ പ്രേരിപ്പിച്ചു. യേശു മാർത്തയെ സൗമ്യമായി ഉദ്‌ബോധിപ്പിച്ചു: “കർത്താവ് അവളോടു പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല” (ലൂക്കാ 10: 38-42).

9. അമിയൻസിലെ വി. ഹോണറേറ്റ്

ബേക്കർമാർ, പേസ്ട്രി പാചകക്കാർ, ഓസ്തി നിർമിക്കുന്നവർ എന്നിവരുടെ രക്ഷാധികാരിയാണ് അദ്ദേഹം. മെയ് 16 നാണ് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. ആയിരം വർഷത്തിലേറെയായി വി. ഹോണോറാറ്റോ ബ്രെഡുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി പേസ്ട്രി ഷോപ്പുകളും ബേക്കറികളും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. പാരീസിൽ, അദ്ദേഹത്തിന്റെ തിരുനാൾ ദിനം മൂന്നു ദിവസത്തെ ആഘോഷങ്ങളോടെയാണ് കൊണ്ടാടുന്നത്. വി. ഹോണോറാറ്റോ കേക്ക് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇത് ക്രീം നിറച്ച പഫ് പേസ്ട്രിയാണ്. ഇത് ഇപ്പോഴും ഫ്രാൻസിൽ ആദ്യത്തെ കമ്മ്യൂണിയൻ കേക്ക് ആയി ഉപയോഗിക്കുന്നു.

10. ബിംഗനിലെ വിശുദ്ധ ഹിൽഡെഗാർഡ്

പോഷകാഹാര വിദഗ്ദ്ധർ, പാചകക്കുറിപ്പുകൾ ശേഖരിക്കുന്നവർ, പാചകക്കാർ എന്നിവരുടെ രക്ഷാധികാരിയാണ് ഈ വിശുദ്ധ. സെപ്റ്റംബർ 17 നാണ് തിരുനാൾ ദിനം. സഭയിലെ ഈ ഡോക്ടർ പാചകക്കുറിപ്പുകൾ എഴുതുകയും പോഷകാഹാര ശാസ്ത്രത്തിൽ സ്വയം സമർപ്പിക്കുകയും ചെയ്തു. ഭക്ഷണത്തിന് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്ത ഈ വിശുദ്ധ നല്ല ആരോഗ്യവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള ‘ജോയ് കുക്കികൾ’ സൃഷ്ടിച്ചു. അവ രക്തം വർധിപ്പിക്കുകയും ഞരമ്പുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്ന് പറയപ്പെടുന്നു.

വിവർത്തനം: സുനിഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.