ഉണ്ണീശോയെ സ്വന്തമാക്കാൻ: 25 പ്രാർഥനകൾ – ഡിസംബർ 19, പത്തൊമ്പതാം ദിനം: സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ

വചനം

“സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു” (ലൂക്കാ 2:31).

വിചിന്തനം

ലോകരക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തുകൊണ്ട് ശിമയോൻ പാടിയ സ്തുതിഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണിമിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യമക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു. ദിവ്യകാരുണ്യത്തിലൂടെ ആ രക്ഷാനുഭവം ലോകാവസാനം വരെ തുടരുകയും ചെയ്യും.

രക്ഷകനെ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവയാണ്. ആഗമനകാലം രക്ഷകനെ കൺകുളിർക്കെ കാണാനും ഹൃദയം കൊണ്ട് അനുഭവിക്കാനും ഒരുങ്ങുന്ന സമയമാണ്. ആഗമനകാലത്തിന്റെ അവസാന ആഴ്ചയിൽ രക്ഷകനെ കാണാൻ തീവ്രമായി നമുക്കൊരുങ്ങാം, അതിനായി പരിശ്രമിക്കാം.

പ്രാർഥന

സ്വർഗീയപിതാവേ, ലോകരക്ഷകനെ ദർശിക്കാനായി ഞങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു. സകലജനതകൾക്കും രക്ഷകനായവനെ എനിക്ക് സ്വീകരിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധിയുള്ള ഹൃദയവും നിർമലമായ മനഃസാക്ഷിയും ആവശ്യമാണന്നു ഞാൻ മനസ്സിലാക്കുന്നു. ആഗമനകാലത്തിന്റെ അവസാന ദിനങ്ങളിൽ പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഉപവിപ്രവർത്തികളിലൂടെയും രക്ഷകനായി എന്റെ ഹൃദയം ഒരുക്കാൻ എനിക്ക് കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും, ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയേ, എന്റെ ഹൃദയത്തിന്റെ നാഥനാകണമേ!

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.