ക്രിസ്തുമസ് സുകൃതങ്ങൾ 23: സ്ഥിരത

സി. റെറ്റി എഫ്. സി. സി.

“സ്വാതന്ത്യ്രത്തിലേക്കു ക്രിസ്‌തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട്‌ നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന്‌ ഇനിയും നിങ്ങള്‍ വിധേയരാകരുത്‌” (ഗലാ. 5:1).

നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച കാര്യങ്ങൾ അവസാനം വരെ തുടരുകയും അതിനിടയ്ക്ക് ഉണ്ടാകുന്ന ക്ലേശങ്ങൾക്കും അധൈര്യത്തിനും അലസതയ്ക്കും അധീനരാകാതിരിക്കാനും ഒരു വിശ്വാസിയെ സഹായിക്കുന്ന സുകൃതമാണ് സ്ഥിരത. പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചുനിൽക്കാൻ ദൈവം നൽകുന്ന കഴിവാണ് സ്ഥിരത.

ആത്മീയജീവിതത്തിന്റെ ഗ്രാഫ് നിശ്ചയിക്കുന്നതിൽ സ്ഥിരത എന്ന സുകൃതത്തിന് വലിയ പങ്കുണ്ട്. സ്ഥിരതയുണ്ടെങ്കിൽ ആത്മീയപക്വത കൈവരുന്നതിന് വേഗം സാധിക്കും. വിഷമകരമായ കാര്യത്തിൽ ദീർഘനാൾ ഏർപ്പെട്ടിരിക്കുക ക്ലേശകരമാണ്. തുടർച്ചയായി അധ്വാനിക്കുന്നതുമൂലം നമ്മുടെ ഊർജസ്വലത മന്ദീഭവിക്കുന്നു. തൽഫലമായി മനസ്സിടിവും ധൈര്യമില്ലായ്മയും കടന്നുവരുന്നു. അത്തരം സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ സുഖാസക്തി നമ്മില്‍ തലപൊക്കുകയും ആത്മീയമന്ദതയിലേക്കും ആത്മീയമരണത്തിലേക്കും നാം അറിയാതെതന്നെ വഴുതിവീഴുകയും ചെയ്യും. ഈ അപകടത്തിൽപെടാതിരിക്കാനായി മരണം വരെ സ്ഥിരമായി അധ്വാനിച്ച് കർത്താവിനോട് യോജിച്ചു നിന്നുകൊണ്ട് സ്ഥിരത എന്ന ദാനത്തിനായി നമുക്ക് പ്രാർഥിക്കാം.

വി. അഗസ്റ്റിനോസിനോടു കൂടി നമുക്കും പ്രാർഥിക്കാം, “കർത്താവേ, അവിടുന്ന് കൽപിക്കുന്നത് നിർവഹിക്കുവാനുള്ള കഴിവ് തരിക. എന്നിട്ട് അവിടുന്ന് അഭിലഷിക്കുന്നത് കൽപിക്കുക.”

ദൈവത്തിന്റെ ശക്തിയേറിയ കൃപയുടെ പിന്തുണയോടെ നാം നമ്മുടെ ദൗത്യം ധൈര്യത്തോടെ ചെയ്യണം. ആധ്യാത്മികജീവിതത്തിലും നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നാം പുരോഗതി പ്രാപിക്കാതിരിക്കാനുള്ള ഒരു കാരണം സ്ഥിരതയില്ലായ്മയാണ്. ഏതൊരു കാര്യത്തിലും അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേരണമെങ്കിൽ നമുക്ക് സ്ഥിരത ആവശ്യമാണ്. അതുകൊണ്ടാണ് വി. പൗലോസ് ശ്ലീഹ പറയുന്നത്: “പ്രത്യാശയിൽ സന്തോഷിക്കുവിൻ; ക്ലേശങ്ങളിൽ സഹനശീലരായിരിക്കുവിൻ. പ്രാർഥനയിൽ സ്ഥിരതയുള്ളവരായിരിക്കവിൻ” (റോമ 12:12).

ദൈവപുത്രന്റെ മനുഷ്യവതാരം മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ സ്ഥിരമായ സ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്. ഈശോ നൽകുന്ന രക്ഷയും സമാധാനവും സന്തോഷവും സ്ഥിരമാണ്. മനുഷ്യസ്വഭാവത്തിന്റെ ഭാവഭേദങ്ങൾക്കനുസരിച്ച് ദൈവത്തിന്റെ സ്വഭാവം മാറുന്നില്ല. അവന്റെ സ്നേഹത്തിന് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നില്ല. ഉണ്ണീശോയും ക്രിസ്തുമസും ദൈവസ്നേഹത്തെ സ്ഥിരതയോടെ ഓർക്കാനും ആത്മീയസുകൃതങ്ങളിൽ സ്ഥിരതയോടെ വളരാനും നമ്മെ സഹായിക്കട്ടെ.

സുകൃതജീവിതത്തിൽ ഈശോ എന്ന നിധി സ്വന്തമാക്കാൻ നമുക്ക് കഴിയണമെങ്കിൽ സ്ഥിരത എന്ന ഇടുങ്ങിയ പാതയിലൂടെ വിശ്വസ്തയോടെ നാം സഞ്ചരിരിക്കണം. ദൈവം വിലമതിക്കുന്ന സ്ഥിരത എന്ന സുകൃതത്താൽ വളരാൻ ഉണ്ണീശോയോടുചേർന്ന് നമുക്ക് ആഗ്രഹിക്കാം, പരിശ്രമിക്കാം.

ഉണ്ണീശോയേ, ദൈവസ്നേഹത്തിന്റെ സ്ഥിരത എനിക്ക്‌ മനസ്സിലാക്കിത്തരണമേ.

സി. റെറ്റി ജോസ് FCC

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.