![Day-9](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/Day-9.jpg?resize=696%2C435&ssl=1)
![](https://i0.wp.com/www.lifeday.in/wp-content/uploads/2024/07/sr-retti-1.jpg?resize=110%2C110&ssl=1)
“കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും” (മത്തായി 5:7).
കരുണ കാണിക്കുന്നവരെ ദൈവം പ്രത്യേകം ചേർത്തുപിടിക്കുമെന്ന് സൂചന നൽകുന്ന ഒരു കഥ ഇങ്ങനെയാണ്. ദൈവാലയത്തിന്റെ വലിയ മുറ്റത്തേക്കു നയിക്കുന്ന 101 പടികളിൽ ആദ്യത്തെതിൽ നിന്നുകൊണ്ട് അയാൾ മാറത്തടിച്ച് വിളിച്ചുപറഞ്ഞു: “ദൈവമേ, ഞാൻ ആർക്കും ഒന്നും കൊടുത്തിട്ടില്ല; കരുണ തോന്നണം.” ഇടിമുഴക്കം പോലൊരു ഉത്തരം അയാൾ കേട്ടു: “നിന്നോട് കരുണ കാണിക്കാൻ ആവശ്യത്തിലേറെ കാരണങ്ങളുണ്ട് എനിക്ക്. മൂന്നുദിവസം പട്ടിണിയിലായിരുന്ന നിനക്ക് കിട്ടിയ ഒരുപിടി ചോറിൽനിന്ന് രണ്ടുദിവസം പട്ടിണിയിലായിരുന്നവന് നിന്റെ ചൂണ്ടുവിരൽ കൊണ്ട് എടുത്തുകൊടുത്ത ആ മൂന്ന് വറ്റ് ചോറിന്റെ രുചി എന്റെ നാവിലുണ്ട്.”
“കാരുണ്യമിഴികൾ തുറക്കുമ്പോൾ ജീവവഴികൾ തെളിയുന്നു. കാരുണ്യമിഴികൾ അടയുമ്പോൾ കാലം കണ്ണീർ വാർക്കുന്നു” എന്ന കവിത പകൽവെളിച്ചം പോലെ സത്യമാണ്. നാം ഹൃദയത്തിൽ സൂക്ഷിക്കുന്നവരുടെ എല്ലാം മുഖമുദ്ര കാരുണ്യമാണ്. ക്രിസ്തുവിന്റെ പര്യായം തന്നെ കരുണ എന്നാണ്. അവന്റെ മിഴികളിൽനിന്നും ഒഴുകിയിരുന്നത് കണ്ണീരല്ല, കാരുണ്യമായിരുന്നു. അവന്റെ വാക്കിലും നോക്കിലും ഒന്നേ നിഴലിച്ചുള്ളൂ – അനന്തമായ കാരുണ്യം.
ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തിൽ കരുണ ദൈവത്തിന്റെ ഭാഷയാണ്. കാരുണ്യവാനായ ദൈവം മനുഷ്യനായി ഈ മണ്ണിൽ പിറന്നപ്പോൾ മനുഷ്യർക്ക് ആ ദൈവത്തെ സ്വന്തമാക്കാൻ കഴിയുന്നു. കരുണയാൽ നമ്മളെ സ്വന്തമാക്കാനാണ് അവൻ എമ്മാനുവേലായി നമ്മോടൊപ്പമുള്ളത്. നിരന്തരം കാരുണ്യം കാണിച്ചുകൊണ്ട് കരുണ കാണിക്കാൻ അവൻ നമ്മെ പ്രചോദിപ്പിക്കുന്നു. പുൽക്കൂട്ടിൽ പിറന്ന ദിവ്യ ഉണ്ണി നമ്മോടു പറയുന്നത് ഒന്നുമാത്രമേയുള്ളൂ – കരുണ കാണിക്കുക.
ഉണ്ണീശോയേ, കരുണയുള്ളവരാകാൻ എന്നെ പഠിപ്പിക്കണമേ.
സി. റെറ്റി ജോസ് FCC