“മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്?” (മിക്കാ 6:8).
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥപ്രകാരം മനുഷ്യന്റെ പ്രവർത്തനങ്ങളെ നയിക്കുന്ന ഒരു പുണ്യമാണ് നീതി (CCC:1803-1847). ഓരോരുത്തർക്കും അവന്റെ അവകാശം നൽകുന്ന ഒരു പുണ്യമാണിത്. ദൈവപുത്രന്റെ പിതാവാകാൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന നിലയിൽ ജോസഫിന് ന്യായമായും ലഭിക്കേണ്ട നീതി ദൈവംപോലും നൽകുന്നില്ലല്ലോ എന്ന് നമുക്ക് ചിലപ്പോൾ തോന്നാം. മനസ്സിലാക്കാനാവാതെ വിഷമിച്ച മറിയത്തിന് സംശയനിവാരണത്തിന് അവസരം നൽകുകയും സമ്മതത്തിനായി കാത്തുനിൽക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ നാം കാണുന്നു. എന്നാൽ ജോസഫാകട്ടെ, സ്വപ്നത്തിൽ ലഭിക്കുന്ന നിർദേശം ഒരു കുഞ്ഞിനെപ്പോലെ ചോദ്യങ്ങൾ ഒന്നുമില്ലാതെ നിരുപാധികം വിശ്വസിക്കാനും അനുസരിക്കാനുമുള്ള നിയോഗം ഏറ്റുവാങ്ങുന്നു.
നീതിമാനായ ഒരു രാജാവിന്റെ, ഒരു ഭരണാധികാരിയുടെ സവിശേഷതകളാണ് സങ്കീർത്തനം 101 ൽ കാണുക. ഏതു മനോഭാവത്തോടെയാണ് താൻ രാജ്യം ഭരിക്കാൻ പോകുന്നതെന്നും മറ്റുള്ളവരോടുള്ള തന്റെ സമീപനരീതി എന്തായിരിക്കുമെന്നും ദാവീദ് ഇവിടെ വ്യക്തമാക്കുന്നു. സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നീതിമാനായ ഒരു ഭരണാധികാരിയുടെ ചുമതലകളെപ്പറ്റിയും പറയുന്നു. അർഹരായവർക്ക് അർഹതപ്പെട്ടത് നൽകുക എന്നതാണല്ലോ നീതി.
നമ്മുടെ ജീവിതത്തിൽ നീതി പുഷ്പികേണ്ട സമയമാണ് മംഗളവാർത്താക്കാലം.
എല്ലാവർക്കും നീതി നൽകുന്ന നീതിസൂര്യനാണ് ഈശോ. ഈശോയെ ഹൃദയത്തിൽ പുൽക്കൂടൊരുക്കി സ്വീകരിക്കാൻ നാം ഒരുങ്ങുമ്പോൾ നമ്മുടെ ചുറ്റുമുള്ളവർക്ക് അർഹതപ്പെട്ടത് നൽകി നീതിയോടെ എല്ലാവരോടും പെരുമാറാൻ പുൽക്കൂട്ടിലെ ഉണ്ണിശോ നമ്മെ അനുഗ്രഹിക്കട്ടെ.
ഉണ്ണീശോയേ, ശരിയായ നീതിബോധം എനിക്കു നൽകണമേ.
സി. റെറ്റി ജോസ് FCC