ക്രിസ്തുമസ് സുകൃതങ്ങൾ 10: പ്രാർഥന

സി. റെറ്റി എഫ്. സി. സി.

“പ്രാർഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ; ലഭിക്കുക തന്നെ ചെയ്യും” (മർക്കോ. 11:24).

ജീവിതം വച്ചുനീട്ടുന്ന സങ്കടസന്ധ്യകളുടെ കുറുകെ കടക്കാൻ ഒരാളെ സഹായിക്കുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് പ്രാർഥന. ഒരുക്രിസ്ത്യാനിക്ക് പ്രാർഥന ആത്മീയ ജീവശ്വാസമാണ്. പഴയ നിയമത്തിലെ മോശയെ ഒന്ന് ധ്യാനിച്ചാൽ ചെകുത്താനും കടലിനും നടുവിൽ എന്ന ചൊല്ലിനു തുല്യമായ സംഘർഷങ്ങളിലൂടെ മോശ കടന്നുപോകുമ്പോൾ ഇസ്രായേൽ മക്കളെ രക്ഷിക്കാനുള്ള ശ്രമം അതിന്റെ പൂർണ്ണരൂപത്തിൽ എത്തിനിൽക്കുമ്പോൾ നികത്താനാവാത്ത, അതിജീവിക്കാനാവാത്ത പ്രശ്നം കണക്കെ ചെങ്കടൽ മുന്നിൽനിൽക്കുന്നു. എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്ന ചിന്തയിൽ മുഴുകിനിൽക്കുന്ന മോശ ഈ സങ്കടങ്ങളെ അതിജീവിക്കാൻ പ്രാർഥനയിൽ ആശ്രയിക്കുന്നു.

പ്രാർഥക്കുന്ന മനുഷ്യനേ സങ്കടങ്ങളെ നിഷ്പ്രയാസം കുറുകെ കടക്കാനാവു എന്നാണ് ഇടയബാലനായ ദാവീദിന്റെ ജീവിതം വരച്ചുകാണിക്കുന്നത്. പ്രാർഥന ഈശോയോടുള്ള സ്നേഹപ്രകടനമാണല്ലോ. വി. കൊച്ചുത്രേസ്യ നവമാലികയിൽ പറയുന്നു: “ഞാൻ എപ്പോഴും എന്റെ ഈശോയോട് സുഖമാണോ എന്നു ചോദിക്കും.” ആവിലായിലെ വി.അമ്മത്രേസ്യായും പറയുന്നു: “എനിക്ക് നിന്നോടുള്ള ആഴമായ സ്നേഹം ഞാൻ പ്രകടിപ്പിക്കുന്നത് എന്റെ പ്രാർഥനയിലൂടെയാണ്.” പ്രാർഥിക്കുമ്പോൾ ഞാൻ എന്റെ ഈശോയുടെ സൗഹൃദം ഒരു പ്രാണവായു പോലെ തിരിച്ചറിയുന്നുവെന്ന് കുരിശിലെ വിശുദ്ധ യോഹന്നാനും പങ്കുവയ്ക്കുന്നുണ്ട്.

പകൽ മുഴുവൻ അധ്വാനിച്ചിട്ട് രാത്രിയിൽ തന്റെ പിതാവിനോടൊപ്പം ആയിരിക്കുന്ന ഈശോയും നമുക്ക് മാതൃകയാണ്. വചനം മാംസമായി നമ്മുടെ ഇടയിൽ അവതരിച്ച ഈശോ നമ്മെയും പ്രാർഥിക്കാൻ പ്രേരിപ്പിക്കുന്നു. പ്രാർഥനയോടെ ഒരു വലിയ മാതൃക തന്നെ പുൽക്കൂട്ടിലെ ഈശോയും തിരുക്കുടുംബവും നമുക്ക് നൽകുന്നു. വചനം മാംസമാകുന്നിടത്തേ മനുഷ്യാവതാരം നടക്കുന്നുള്ളൂ. അവൻ മാംസമായത് അവനോട് മുഖത്തുനോക്കി കാര്യങ്ങൾ ചോദിക്കാനുള്ള അവകാശം നൽകുന്നതിനു വേണ്ടിയായിരുന്നു.

ദൈവത്തിന്റെ തന്നെ പ്രകാശം സന്നിഹിതമായിരിക്കുന്ന നമ്മിലെ ആഴമേറിയ സത്യത്തെ സ്പർശിക്കാനുളള വഴിയാണ് പ്രാർഥന അതിനാൽ ഉണ്ണീശോയുടെ പിറവിത്തിരുനാളിനായി ഒരുങ്ങുമ്പോൾ പ്രാർഥന എന്ന സുകൃതം അവനിൽനിന്ന് നമുക്ക് പഠിക്കാം.

ഉണ്ണീശോയെ നിന്നോടു പ്രാർഥക്കാനും നിന്നിൽനിന്നു പ്രാർഥന പഠിക്കാനും ഞങ്ങളെ അനുവദിക്കണമേ.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.