അലപ്പോയിലെ ക്രിസ്ത്യൻ സമൂഹം നിലനിൽപ്പിനായുള്ള അവസാനശ്രമത്തിലാണ്. ആ ജനതയ്ക്ക് രണ്ടു മാർഗങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഒന്നുകിൽ അവരുടെ വീടുകളിൽ താമസിക്കുക, അല്ലെങ്കിൽ പലായനം ചെയ്യുക. രണ്ടിന്റെയും അനന്തരഫലം ഒന്നുതന്നെയാകാനാണ് സാധ്യത – മരണം! ഇതിനിടയിൽ ജിഹാദികളായ വിമതരുടെ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്താൽ തങ്ങളുടെ ഭാവി എന്താകുമെന്ന ഭയവും. അത് സംഭവിച്ചാൽ ഒരുപക്ഷേ, സിറിയയിലെ ക്രൈസ്തവർ എന്നന്നേയ്ക്കുമായി ഇല്ലാതാകാം. തുടർന്നു വായിക്കുക.
ഇറാൻ, ഉക്രൈൻ, ഇസ്രായേൽ… സമാധാനം നഷ്ടപ്പെട്ടുപോയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പഴയതും എന്നാൽ ഏറ്റവും പുതിയതുമായ മറ്റൊന്നുകൂടി ചേർക്കപ്പെട്ടിരിക്കുന്നു – സിറിയ. 2024 നവംബർ 27 എന്ന ദിനം കൂടി ഇനി ലോകചരിത്രത്തിൽ അടയാളപ്പെടുത്തും. സർക്കാരിനെതിരെ ജിഹാദി വിമതസേന നടത്തിവന്നിരുന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയതും രൂക്ഷവുമായ ആക്രമണമായിരുന്നു ഇക്കഴിഞ്ഞ നവംബർ 27 നു നടന്നത്. സിറിയയിലെ എണ്ണപ്പാടങ്ങളിൽ ആധിപത്യം പുലർത്താനുള്ള ശ്രമങ്ങളോടൊപ്പംതന്നെ പൂർണ്ണമായ ഇസ്ലാമികഭരണം സ്ഥാപിക്കാനും ഇറാനിയൻ സൈന്യത്തെ രാജ്യത്തുനിന്നും പുറത്താക്കാനുമാണ് വിമതരുടെ ശ്രമം. രാഷ്ട്രീയസാഹചര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സിറിയയിലെ ക്രൈസ്തവരുടെ ജീവിതം ഏറെ ദുസ്സഹമായിത്തീരുകയാണ്.
ക്രിസ്ത്യൻ പാരമ്പര്യം തുളുമ്പിയിരുന്ന സിറിയൻ ചരിത്രം
ബി. സി. 64 ൽ റോമാക്കാർ അന്ത്യോക്യ നഗരം പിടിച്ചെടുത്തതിനുശേഷം ഇത് ഒരു റോമൻ പ്രവിശ്യയായി മാറി. എ. ഡി. ഒന്നാം നൂറ്റാണ്ട് മുതലുള്ള, ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ സമൂഹങ്ങളിലൊന്നാണ് സിറിയയിലെ സമൂഹം. വി. പൗലോസിന്റെയും പത്രോസിന്റെയും സുവിശേഷപ്രവർത്തനങ്ങളുടെ ഫലമായി ആദ്യകാല ക്രിസ്തുമതത്തിന്റെ ഒരു പ്രധാനകേന്ദ്രമായി സിറിയ മാറുകയും നിരവധി പ്രമുഖ ദൈവശാസ്ത്രജ്ഞരെയും സഭാനേതാക്കളെയും പ്രദാനം ചെയ്ത പുണ്യ ഇടമായി ഉയർന്നുവരികയും ചെയ്തു.
എന്നാൽ, പിന്നീടുള്ള കാര്യങ്ങൾ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായിരുന്നില്ല. ഇസ്ലാമിക അധിനിവേശവും ക്രൈസ്തവപീഡനങ്ങളും മാറിമാറി വന്ന യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും ആക്രമണങ്ങളും ഈ പ്രദേശത്തെ ക്രൈസ്തവരുടെ സാന്നിധ്യത്തെ തച്ചുടയ്ക്കുന്നതിലേക്കു നയിച്ചു. എങ്കിലും ഈ പീഡനങ്ങളിലും തളരാതെ പിടിച്ചുനിൽക്കാൻ ഈ ക്രൈസ്തവസമൂഹം ആവുന്നത്ര ശ്രമിച്ചു. പക്ഷേ, കാര്യങ്ങൾ അവർക്ക് എളുപ്പമായിരുന്നില്ല. അതിനാൽതന്നെ, ജീവൻ മുറുകെപ്പിടിച്ചു പലരും ക്രിസ്ത്യൻ നഗരങ്ങളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി.
ജിഹാദികൾ പിടിച്ചടക്കിയ അലപ്പോയും ഭീതിയുടെ നിഴലിൽ കഴിയുന്ന ക്രൈസ്തവരും
യുദ്ധം ആരംഭിച്ചതുമുതൽ ക്രമാനുഗതമായി കുറയുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ചുള്ള ആശങ്കകളാണ് ഇപ്പോൾ ഉയരുന്നത്. “2011 ൽ അലപ്പോയിൽ ഏകദേശം 1,50,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. ഇന്ന് 20,000 മുതൽ 25,000 വരെ മാത്രമേ അവശേഷിക്കുന്നുള്ളൂ” – കിഴക്കൻ ക്രിസ്ത്യാനികളെ സഹായിക്കുന്ന കത്തോലിക്കാ സഹായസംഘടനയായ ലുവ്രെ ഡി ഓറിയന്റിന്റെ ലെബനൻ ആൻഡ് സിറിയ പ്രൊജക്ട് മാനേജർ വിൻസെന്റ് ഗെലോട്ട് വെളിപ്പെടുത്തുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയിൽ, ക്രിസ്ത്യാനികളുടെ അനുപാതം യുദ്ധത്തിനുമുമ്പുള്ള 12 ശതമാനത്തിൽ നിന്ന് 1.4% ആയി കുറഞ്ഞു എന്ന് 2023 ലെ റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നു. ക്രൈസ്തവർ കൂടുതൽ താമസിച്ചിരുന്ന ഇദ്ലിബ് നഗരത്തിലെ ക്രിസ്ത്യൻ ജനസംഖ്യ ഇസ്ലാമിക ഭരണത്തിൻകീഴിൽ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു.
ഇത് നാളുകൾക്കുമുൻപ് നടന്നതല്ലേ എന്നാണ് എന്നും പലരും ചിന്തിക്കുന്നത്. എങ്കിലും ഇപ്പോൾ വർധിച്ചുവരുന്ന സംഘർഷങ്ങളും വിമതരുടെ കടന്നുകയറ്റവുമെല്ലാം അവശേഷിക്കുന്ന ക്രൈസ്തവരെ തുടച്ചുമാറ്റുന്ന അല്ലെങ്കിൽ പലായനം ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന, ക്രൈസ്തവസാന്നിധ്യം അവശേഷിക്കാത്ത ഒരു നഗരമാക്കി മാറ്റപ്പെടാനുള്ള ഒരു സാഹചര്യത്തിലേക്ക് അലപ്പോയെ കൊണ്ടെത്തിക്കുകയാണ്.
“സിറിയയിലെ മറ്റു ജനങ്ങളെപ്പോലെ ക്രിസ്ത്യാനികളും ബോംബാക്രമണം, ക്ഷാമം, ഉപരോധം, 2023 ലെ ഭൂകമ്പം എന്നിവയാൽ ദുരിതമനുഭവിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിൽനിന്ന് രക്ഷപെടാൻ നിരവധി കുടുംബങ്ങൾ നാടുവിട്ടു. അവശേഷിക്കുന്നവരെ സംബന്ധിച്ച്, വിമതരും ജിഹാദികളും നഗരം പിടിച്ചെടുക്കുന്നത് ‘അവസാന പ്രഹരം’ ആയിരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്” – ഗെലോട്ട് വെളിപ്പെടുത്തുന്നു.
അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കപ്പെടുന്ന, രക്ഷപെടാൻപോലും കഴിയാത്ത ജനത
അലപ്പോയിലെ ക്രിസ്ത്യൻ സമൂഹം നിലനിൽപ്പിനായുള്ള അവസാനശ്രമത്തിലാണ്. ആ ജനതയ്ക്ക് രണ്ടു മാർഗങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഒന്നുകിൽ അവരുടെ വീടുകളിൽ താമസിക്കുക, അല്ലെങ്കിൽ അപകടസാധ്യതയുള്ള ബദൽമാർഗത്തിലൂടെ പലായനം ചെയ്യുക. എന്നാൽ രണ്ടിന്റെയും അനന്തരഫലം ഒന്നുതന്നെയാകാനാണ് സാധ്യത – മരണം! പ്രമുഖനായ ഒരു പ്രാദേശിക ഡോക്ടർ ഡോ. അർവന്ത് അർസ്‌ലാനിയൻ അലപ്പോ വിടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെട്ടതായി അർമേനിയൻസ് ഓഫ് സിറിയ ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്തത് രക്ഷപെടാൻപോലും കഴിയാതെ കുരുങ്ങിക്കിടക്കുന്ന ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയി മാറുകയാണ്.
അടിസ്ഥാനസൗകര്യങ്ങൾ ഇല്ല, ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥ, കർഫ്യു, ലഭ്യമായ ഭക്ഷ്യവസ്തുക്കൾക്കായി എത്തുന്നവരുടെ നീണ്ട നിര, അവരിലും മരണം ഭയക്കുന്ന കണ്ണുകൾ, ഉറങ്ങാൻ പോലും കഴിയാതിരിക്കുന്നവർ, എങ്ങും മുഴങ്ങുന്ന വെടിയൊച്ചകൾ… സിറിയയിലെ ജനങ്ങളുടെ ഭീകരമായ അവസ്ഥകൾ ഇങ്ങനെ നീളുകയാണ്. അതിനിടയിൽ നാളെ ജിഹാദികളായ വിമതരുടെ സൈന്യം നിയന്ത്രണം ഏറ്റെടുത്താൽ തങ്ങളുടെ ഭാവി എന്താകുമെന്നറിയാതെ ഭയന്നിരിക്കുന്ന ക്രൈസ്തവർ. അവരുടെ കണ്ണിൽ സമീപസ്ഥമായ മരണം ദർശിക്കുകയാണ്. അത് സംഭവിച്ചാൽ ഒരുപക്ഷേ, സിറിയയിലെ ക്രൈസ്തവർ എന്നന്നേക്കുമായി ഇല്ലാതാകാം.