വി. നിക്കോളാസിന്റെ ജീവിതവും പ്രവർത്തനങ്ങളെയുംകുറിച്ച് ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസിലാക്കാനും അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്ക് വെളിച്ചംവീശുന്നതുമാണ്. ലൈഫ് ഡേ ഇന്ന് പങ്കുവയ്ക്കാനാഗ്രഹിക്കുന്നത് വി. നിക്കോളാസ് കുട്ടികളുടെ സംരക്ഷകനാണ് എന്ന വസ്തുതയാണ്.
വി. നിക്കോളാസ് കുട്ടികളുടെ രക്ഷകനാണ് എന്നു സമർഥിക്കാൻ നടന്ന സംഭവം വിശുദ്ധന്റെ മരണത്തിന് കുറച്ചുനാളുകൾക്കുശേഷമാണ് നടന്നത്. മീറാ നഗരത്തിലെ ജനങ്ങൾ നിക്കോളാസിന്റെ തിരുനാൾ ആഘോഷിക്കുകയായിരുന്നു. പൊടുന്നനെ ഒരുകൂട്ടം അറബ് കടൽകൊള്ളക്കാർ ക്രേറ്റയിൽ (Crete) നിന്നു മീറാ നഗരത്തിലെത്തി. അവർ വി. നിക്കോളാസിന്റെ പള്ളി കൊള്ളയടിക്കുകയും വിലയേറിയ വസ്തുക്കൾ എടുത്തുകൊണ്ടു പോവുകയും ചെയ്തു. അവർ നഗരം വിട്ടുപോകുമ്പോൾ അടിമയക്കാനായി ബാസിലോസ് എന്ന ബാലനെ തട്ടിയെടുക്കുകയും ചെയ്തു. അറബി രാജാവ് ബാസിലോസിനെ അവന്റെ പാനപാത്രവാഹകനായി നിയമിച്ചു. ബാസിലോസിന്റെ മാതാപിതാക്കൾ തങ്ങളുടെ പ്രിയമകൻ നഷ്ടപ്പെട്ടതിൽ ആകെ തളർന്നുപോയി. നിക്കോളാസിന്റെ തിരുനാൾ അടുക്കുന്തോറും അവരുടെ വേദനയും ആധിയും കൂടി. തന്റെ മകൻ നഷ്ടപ്പെട്ട ദിനമായതിനാൽ ബാസിലോസിന്റെ അമ്മ തിരുനാളാഘോഷങ്ങളിൽ പങ്കെടുത്തില്ല. എന്നിരുന്നാലും വിട്ടിലിരുന്നുകൊണ്ട് തന്റെ മകന്റെ സുരക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കി പ്രാർഥിച്ചു.
ഇതിനിടയിൽ അങ്ങ് വിദൂരദേശത്ത് രാജാവിനു സ്വർണക്കപ്പിൽ വീഞ്ഞു പകർന്നുനൽകുന്നതിൽ വ്യാപൃതനായിരുന്നു കുഞ്ഞു ബാസിലോസ്. പൊടുന്നനെ ആരോ അവനെ എടുത്തുമാറ്റി. വി. നിക്കോളാസ്, പേടിച്ചിരുന്ന അവനുമുമ്പിൽ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും തന്റെ ജന്മനാടായ മീറായിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സ്വർണക്കപ്പുമായി തങ്ങളുടെ മുമ്പിൽ നിൽക്കുന്ന പൊന്നോമന മകനെ കണ്ടപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച സന്തോഷവും സമാധാനവും വാക്കുകൾക്കു വർണിക്കാനാവുന്നതല്ല. കുട്ടികളുടെ സംരക്ഷകൻ എന്ന നിലയിൽ വി. നിക്കോളാസിനെക്കുറിച്ച് പ്രചരിച്ച ആദ്യസംഭവം ഇതാണ്.
മറ്റൊരു സംഭവം ആഥൻസിലേക്കുള്ള പഠനയാത്രയിൽ മൂന്നു ദൈവശാസ്ത്ര വിദ്യാർഥികൾക്കു സംഭവിച്ച വിപത്തുമായി ബന്ധപ്പെടുത്തിയാണ്. യാത്രാവേളയിൽ വിശ്രമിക്കാനായി അവർ ഒരു സത്രത്തിൽ കയറി. പക്ഷേ, ക്രൂരനായ സത്രംസൂക്ഷിപ്പുകാരൻ അവരെ കവർച്ചചെയ്യുകയും വധിക്കുകയും അവരുടെ മൃതശരീരങ്ങൾ വലിയ ഒരു ഭരണിയിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. നിക്കോളാസ് മെത്രാനും ആ വഴിയിലൂടെ ഒരു യാത്രയിലായിരുന്നു. വിശ്രമിക്കാനായി മൂന്നു വിദ്യാർഥികൾ താമസിച്ച അതേ സത്രത്തിൽ മെത്രാനച്ചനും കയറി. രാത്രിയിൽ നിക്കോളാസിന് കുറ്റകൃത്യത്തെക്കുറിച്ച് സ്വപ്നദർശനമുണ്ടാവുകയും സത്രംസൂക്ഷിപ്പുകാരനെ വിളിച്ചുവരുത്തുകയും ചെയ്തു. നിക്കോളാസ് അവർക്കുവേണ്ടി സർവശക്തനായ ദൈവത്തോടു പ്രാർഥിച്ചപ്പോൾ മൂവരും ജീവനിലേക്കു തിരിച്ചുവന്നു എന്നാണ് പാരമ്പര്യം.
ഫ്രാൻസിൽ ഈ കഥ വേറൊരു രീതിയിലാണ് പ്രചരിക്കുന്നത്. മൂന്നു ചെറിയ കുട്ടികളെ കളിസ്ഥലത്തുനിന്നും ക്രൂരനായ ഒരു കശാപ്പുകാരൻ വശീകരിച്ചു തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞു. വി. നിക്കോളാസ് അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട് ദൈവത്തോട് ജീവനായി യാചിച്ചു. മൂന്നു കുഞ്ഞുങ്ങളും ജീവിതത്തിലേക്കു തിരിച്ചുവന്നു. വി. നിക്കോളാസ് അവരെ മാതാപിതാക്കൾക്കു തിരികെ നൽകി. അങ്ങനെ വി. നിക്കോളാസ് കുട്ടികളുടെ സംരക്ഷകൻ എന്ന പേരിൽ പ്രശസ്തനായി.
കുട്ടികളെ തട്ടിക്കൊണ്ടു പോയതിന്റെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ പിടികൂടിയതിന്റെയും ഒത്തിരി വാർത്തകൾ ഈ ദിവസങ്ങളിൽ നമ്മൾ കേൾക്കുന്നു, വായിക്കുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കുട്ടികളുടെ സംരക്ഷകനായ വി. നിക്കോളാസിനു സമർപ്പിച്ചു പ്രാർഥിക്കാം.